Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിസ്ഡ് കോൾ അടിച്ച് 'അംഗങ്ങളായ' കാൽ കോടിയിലേറെ വരുന്ന അജ്ഞാതരെ കണ്ടെത്താൻ യജ്ഞവുമായി ബിജെപി; മിസ്ഡ് കോൾ ചെയ്ത് അംഗങ്ങളായവർക്കെല്ലാം കോളുകൾ വന്നു തുടങ്ങി; നമസ്തേ...താങ്കൾ ബിജെപി അംഗമല്ലേ... എന്ന് ആദ്യം ചോദ്യം; അതെ എന്നാണ് ഉത്തരമെങ്കിൽ പിന്നെ ചോദ്യങ്ങളുടെ പ്രവാഹം; ലക്ഷ്യം അംഗങ്ങളുടെ കണക്കെടുക്കൽ

മിസ്ഡ് കോൾ അടിച്ച് 'അംഗങ്ങളായ' കാൽ കോടിയിലേറെ വരുന്ന അജ്ഞാതരെ കണ്ടെത്താൻ യജ്ഞവുമായി ബിജെപി; മിസ്ഡ് കോൾ ചെയ്ത് അംഗങ്ങളായവർക്കെല്ലാം കോളുകൾ വന്നു തുടങ്ങി; നമസ്തേ...താങ്കൾ ബിജെപി അംഗമല്ലേ... എന്ന് ആദ്യം ചോദ്യം; അതെ എന്നാണ് ഉത്തരമെങ്കിൽ പിന്നെ ചോദ്യങ്ങളുടെ പ്രവാഹം; ലക്ഷ്യം അംഗങ്ങളുടെ കണക്കെടുക്കൽ

കെ എം അക്‌ബർ

തൃശൂർ: മിസ്ഡ് കോൾ കാംപയിനിലൂടെ അംഗങ്ങളായ പാർട്ടി പ്രവർത്തകരെ പരിശോധിച്ചുറപ്പിക്കൽ യജ്ഞവുമായി ബിജെപി. പാർട്ടിക്ക് മിസ് കോൾ അടിച്ച് 'അംഗങ്ങളായ' കാൽ കോടിയിലേറെ വരുന്ന അജ്ഞാതരെ കണ്ടെത്തലാണ് ബിജെപി ഐടി സെല്ലിന്റെ ഇപ്പോഴത്തെ പണി. മിസ് കോൾ ചെയ്ത് ബിജെപി അംഗങ്ങളായവർക്കെല്ലാം ബിജെപി ഐടി സെല്ലിലെ 7971503386 എന്ന നമ്പറിൽ നിന്നും കോളുകൾ വന്നു തുടങ്ങി. നമസ്തേ...താങ്കൾ ബിജെപി അംഗമല്ലേ.... എന്നാണ് ആദ്യം ചോദ്യം.

അതെ എന്നാണ് ഉത്തരമെങ്കിൽ പേര്, മേൽവിലാസം, ജില്ല, മണ്ഡലം തുടങ്ങിയ ചോദ്യങ്ങളുടെ പ്രവാഹമാണ്. അതേ സമയം, മിസ് കോൾ കാംപയിൻ സമയത്ത് കോൾ ചെയ്ത് അംഗമാവുകയും പിന്നീട് ഈ നമ്പർ ഉപയോഗിക്കാത്തതിനെ തുടർന്ന് ഈ നമ്പർ എടുത്തവർക്കും ബിജെപി ഐടി സെല്ലിൽ നിന്നും കോളുകൾ എത്തുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി അംഗങ്ങളുടെ കണക്കെടുക്കാനാണ് പരിശോധിച്ചുറപ്പിക്കൽ യജ്ഞവുമായി ബിജെപി രംഗത്തെത്തിയത്.

എന്നാൽ, യജ്ഞം ഉദ്ദേശിച്ചത്ര ഫലം കാണുന്നില്ലെന്നാണ് വിവരം. വെരിഫിക്കേഷൻ കോളിലെ ആദ്യ ചോദ്യം കേൾക്കുമ്പോൾ തന്നെ പലരും ചീത്ത വിളിച്ച് ഫോൺ കട്ട് ചെയ്യുകയാണെന്നാണ് വിവരം. ഇതോടെ പരിശോധിച്ചുറപ്പിക്കൽ യജ്ഞം നിറുത്തി വെച്ചേക്കുമെന്നാണ് സൂചന. 2014ലാണ് മിസ്ഡ് കോൾ കാംപയിനുമായി ബിജെപി രംഗത്തെത്തിയത്. പാർട്ടി അംഗമാകാൻ ആഗ്രഹിക്കുന്നവർ 18002662020 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യാനായിരുന്നു പാർട്ടിയുടെ ആഹ്വാനം.

തുടർന്ന് ലോകത്തെ ഏറ്റവും വലിയ പാർട്ടിയെന്ന റെക്കോർഡ് ബിജെപി സ്വന്തമാക്കിയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്നിലാക്കിയായിരുന്നു ബിജെപി ഈ നേട്ടം കരസ്ഥമാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങളുടെ എണ്ണമായ 8.67 കോടി മറികടന്നെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ, ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളിനാണ് ഇടവരുത്തി. ഇങ്ങനേയായിരുന്നു ട്രോളുകളിലൊന്ന്. 'ചെറുക്കൻ അമ്മയുടെ ഫോൺ എടുത്ത് ഏതോ ഒരു നമ്പറിലേക്ക് മിസ് കോൾ അടിച്ചു. നോക്കുമ്പോൾ മുറ്റത്തൊരാൾ. പിള്ള മാമനാ വാടാ മക്കളെ...' ഇത്തരത്തിൽ ബിജെപിയുടെ മിസ് കോൾ മെംബർഷിപ്പിനെ കൊന്നു കൊലവിളിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്.

സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ അതിവേഗം അംഗങ്ങളെ ചേർക്കുന്ന ബിജെപി പദ്ധതിയായിരുന്നു മിസ്ഡ് കോൾ അംഗത്വം. ഇതുവഴി അംഗത്വം നേടിയവരുടെ കണക്കുകളും ബിജെപി അടുത്തിടെ പുറത്തുവിട്ടിരുന്നു. ഡിജിറ്റൽ സഹായത്തോടെ അംഗങ്ങളായവരെ നേരിട്ടു കാണാനാണ് ഇപ്പോൾ ബിജെപി നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്.

കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെയും മിസ്ഡ് കോൾ അംഗങ്ങളെയും നേരിട്ടു കാണുന്ന മഹാസമ്പർക്ക പരിപാടി തന്നെ നടത്തുകയാണ്. ബിജെപി പ്രവർത്തകർക്കാണ് മിസ്ഡ് കോൾ അംഗങ്ങളെ കണ്ടെത്താനുള്ള ചുമതല. മിസ്ഡ് കോൾ ഒഴിവാക്കാമെന്നു കരുതിയാൽ പാർട്ടി ഐടി സെൽ പിടികൂടുകയും ചെയ്യും. 15 ലക്ഷം ഗുണഭോക്താക്കളെയും 22 ലക്ഷം മിസ്ഡ് കോൾ അംഗങ്ങളെയുമാണു പാർട്ടി നേതാക്കൾക്കു നേരിട്ടു കാണേണ്ടത്. ഗുണഭോക്താക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ, പദ്ധതിയുടെ പേര്, ഏരിയ, ബൂത്ത് നമ്പർ എന്നിവ ഉൾപ്പെടുന്ന വിശദമായ പട്ടിക കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിനു കൈമാറി കഴിഞ്ഞു.

ഇവ ഏറ്റുവാങ്ങുന്നതു മുതൽ പാക്കറ്റുകളാക്കി ബൂത്ത് ഭാരവാഹികളെ ഏൽപ്പിക്കുന്നതു വരെയുള്ള നടപടികൾ ഫോട്ടോ എടുത്തു മേൽഘടകങ്ങൾക്ക് അയയ്ക്കുന്നതാണ് ആദ്യപടി. പട്ടിക ഏറ്റുവാങ്ങുന്ന ജില്ലാ നേതാക്കൾ കേന്ദ്രകമ്മിറ്റി നൽകിയ മൊബൈൽ നമ്പറിലേക്കു മിസ്ഡ് കോൾ ചെയ്യണം. ഇവരിൽ നിന്നു പട്ടിക ഏറ്റുവാങ്ങുന്ന മണ്ഡലം പ്രസിഡന്റുമാരും പിന്നീട് അവ സ്വീകരിക്കുന്ന ബൂത്ത് പ്രസിഡന്റുമാരും ഇതേ നമ്പറിലാണു മിസ്ഡ് കോൾ ചെയ്യേണ്ടത്. ഇല്ലെങ്കിൽ ഈ ഘടകങ്ങളിൽ പ്രചാരണം നടക്കുന്നില്ലെന്നു രേഖപ്പെടുത്തി തുടർ നടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്.

അവിടെയും തീരുന്നില്ല, ഗുണഭോക്താക്കളുടെയും അംഗങ്ങളുടെയും വീട്ടിലെത്തി പദ്ധതിയെക്കുറിച്ചുള്ള വിലയിരുത്തലും വിമർശനവും കേൾക്കണം. ശേഷം അവരുടെ മൊബൈലിൽ നിന്നു തന്നെ വേണം കേന്ദ്ര മൊബൈലിലേക്കു മിസ്ഡ് കോൾ കൊടുക്കാൻ. പ്രവർത്തകർ വീടുകളിലെത്തി എന്ന് ഉറപ്പാക്കാനാണിത്. ഗുണഭോക്താവ് നേരിടുന്ന തടസ്സങ്ങളും അവരുടെ ആവശ്യങ്ങളും നിശ്ചിത ഫോമിൽ രേഖപ്പെടുത്താനും വ്യവസ്ഥയുണ്ട്.

ബിജെപി അധികാരത്തിലെത്തിയശേഷം അംഗസംഖ്യ കൂട്ടുന്നതിനായി നേരത്തേ മിസ്ഡ് കോൾ പദ്ധതി ഏർപ്പെടുത്തിയിരുന്നു. ഇതു തട്ടിപ്പാണെന്നു കാണിച്ചു കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നോട്ടുവന്നിരുന്നു. കേരളത്തിൽ മിസ്ഡ്‌കോൾ അംഗങ്ങളും പദ്ധതി ഗുണഭോക്താക്കളും ഉൾപ്പെടുന്ന കൂടുംബങ്ങളിൽ നിന്ന് കുറഞ്ഞത് നാലു വോട്ടു വീതം കണക്കാക്കിയാൽ സംസ്ഥാനത്തു പാർട്ടി ശ്രദ്ധ ചെലുത്തുന്ന 11 മണ്ഡലങ്ങൾ നേടാൻ പ്രയാസമില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP