Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുമ്മനത്തിന് ഉന്നത പദവി നൽകി ആദരിക്കണമെന്ന വികാരം കണക്കിലെടുക്കുമ്പോൾ സുരേഷ് ഗോപിയുടെ കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നു; സംസ്ഥാന പ്രസിഡന്റാകാനുള്ള നിർദ്ദേശത്തോട് താൽപ്പര്യം കാട്ടാതെ സിനിമാ താരം; സുരേന്ദ്രനും എംടി രമേശിനുമായി ആർഎസ്എസ് ചേരി തിരിഞ്ഞപ്പോൾ അമിത് ഷായുടെ മനസ്സിൽ സുരേഷ് ഗോപി തന്നെ; സുരേഷ് ഗോപി വഴങ്ങിയില്ലെങ്കിൽ കൂടുതൽ സാധ്യത ശോഭാ സുരേന്ദ്രന്; ശ്രീധരൻ പിള്ള ഒഴിഞ്ഞ തസ്തികയിൽ ആളെ നിയമിക്കാൻ കഴിയാതെ വെള്ളം കുടിച്ച് ബിജെപി

കുമ്മനത്തിന് ഉന്നത പദവി നൽകി ആദരിക്കണമെന്ന വികാരം കണക്കിലെടുക്കുമ്പോൾ സുരേഷ് ഗോപിയുടെ കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നു; സംസ്ഥാന പ്രസിഡന്റാകാനുള്ള നിർദ്ദേശത്തോട് താൽപ്പര്യം കാട്ടാതെ സിനിമാ താരം; സുരേന്ദ്രനും എംടി രമേശിനുമായി ആർഎസ്എസ് ചേരി തിരിഞ്ഞപ്പോൾ അമിത് ഷായുടെ മനസ്സിൽ സുരേഷ് ഗോപി തന്നെ; സുരേഷ് ഗോപി വഴങ്ങിയില്ലെങ്കിൽ കൂടുതൽ സാധ്യത ശോഭാ സുരേന്ദ്രന്; ശ്രീധരൻ പിള്ള ഒഴിഞ്ഞ തസ്തികയിൽ ആളെ നിയമിക്കാൻ കഴിയാതെ വെള്ളം കുടിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുമ്മനം രാജശേഖരന് വികാരം സംസ്ഥാന ബിജെപിയിൽ അതിശക്തമാണ്. വട്ടിയൂർക്കാവിൽ കുമ്മനത്തെ വെട്ടിയ ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് നൽകിയ കനത്ത വിലയായിരുന്നു ഉപതെരഞ്ഞെടുപ്പിലെ പരാജയം. ഇപ്പോഴും പരിവാറുകാർ കുമ്മനത്തിനൊപ്പമാണ്. ഈ സാഹചര്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാൻ തടസ്സമാകുന്നത്. ബിജെപിയിലെ സംഘടനാ തെരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാകും. അതിന് ശേഷം ദേശീയ തലത്തിൽ അഴിച്ചു പണി. കുമ്മനത്തെ ദേശീയ വൈസ് പ്രസിഡന്റാക്കുന്നതിനെ കുറിച്ചാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ ഉടനൊരു തീരുമാനം എടുക്കാനും കഴിയുന്നില്ല. സുരേഷ് ഗോപിയെ പാർട്ടിയുടെ സംസ്ഥാന നേതൃത്വം ഏൽപ്പിക്കാനാണ് ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് താൽപ്പര്യം. എന്നാൽ ഗ്രൂപ്പിസം കാർന്ന് തിന്നുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദത്തോട് സുരേഷ് ഗോപിക്ക് താൽപ്പര്യക്കുറവുണ്ട്.

പിപി മുകുന്ദനെ സംഘടനാ ചുമതല ഏൽപ്പിച്ചാൽ പ്രസിഡന്റാകാമെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. എന്നാൽ പ്രചാരകനല്ലാത്ത മുകുന്ദനെ ജനറൽ സെക്രട്ടറിയാക്കാൻ കഴിയില്ല. ഇതാണ് അമിത് ഷായെ വെട്ടിലാക്കുന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ, താത്പര്യമില്ലെന്ന് അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാനും സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നതാണ്. താത്പര്യമില്ലെന്നറിയിച്ച് പിന്മാറിയ അദ്ദേഹത്തിന് അവസാനം തൃശ്ശൂരിൽ മത്സരിക്കേണ്ടിവന്നു. പി.എസ്. ശ്രീധരൻപിള്ള മിസോറം ഗവർണറായതോടെ ഒഴിവുവന്ന അധ്യക്ഷസ്ഥാനത്തേക്ക് ഒട്ടേറെ പേരുകൾ ഉയർന്നിട്ടുണ്ട്. ഗ്രൂപ്പിസം പിടിമുറുക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. അതിനിടെ സേവ് ബിജെപി ഫോറവും അതിശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയെ രക്ഷിക്കൂവെന്ന മുദ്രാവാക്യമാണ് സേവ് ബിജെപി ഫോറത്തിന്റേത്.

സുരേഷ്‌ േഗാപിക്കു പുറമേ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, നിലവിലുള്ള ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം ടി. രമേശ്, ശോഭാ സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവരാണ് ഒടുവിലത്തെ സാധ്യതാപ്പട്ടികയിലുള്ളത്. അവസാനവാക്ക് അമിത് ഷായുടേതാണെങ്കിലും ആർ.എസ്.എസിന്റെ താത്പര്യംകൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ. ആർ.എസ്.എസിൽ രണ്ടുവിഭാഗങ്ങൾ കെ. സുരേന്ദ്രനും എം ടി. രമേശിനുമായി രംഗത്തുണ്ട്. അടുത്തയാഴ്ച കൊച്ചിയിൽ ആർഎസ്എസ്. നേതൃത്വവും ബിജെപി. ദേശീയ നേതാക്കളും തമ്മിൽ ചർച്ചനടക്കുന്നുണ്ട്. കുമ്മനത്തിന് സംസ്ഥാന അധ്യക്ഷപദവിയോ ദേശീയനേതൃത്വത്തിൽ മുന്തിയ സ്ഥാനമോ നൽകണമെന്ന അഭിപ്രായമാണ് ആർ.എസ്.എസിനുള്ളത്. ഇത് ദേശീയ നേതൃത്വം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. കുമ്മനത്തെ പാർട്ടി പദവിയിൽ എത്തിക്കാനാണ് സാധ്യത. അതിനിടെ സുരേഷ് ഗോപി പിന്മാറിയാൽ ശോഭാ സുരേന്ദ്രന് അവസരം നൽകണമെന്നാണ് അമിത് ഷായുടെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനമാണ് ശോഭാ സുരേന്ദ്രന് തുണയാകുന്നത്. എന്നാൽ കേരളത്തിലെ ഗ്രൂപ്പുകൾക്കൊന്നും ശോഭയോട് താൽപ്പര്യവുമില്ല.

തനിക്ക് പറയാനുള്ള കാര്യങ്ങൾ അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു. പാർട്ടി പറയുന്നത് അനുസരിക്കും. കാര്യങ്ങൾ പാർട്ടി പറയുന്നതിന് മുമ്പ് താൻ വെളിപ്പെടുത്തുന്നത് ശരിയല്ല. കാര്യങ്ങൾ പാർട്ടി തീരുമാനിച്ച് പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ സിനിമകൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.അതേസമയം അമിതാ ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സുരേഷ് ഗോപിയെ പരിഗണിക്കുന്നത് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് തന്നെയെന്ന് സംസ്ഥാന നേതാക്കൾക്കും ലഭിച്ചിട്ടുള്ള സൂചന. ഇതോടെ കെ സുരേന്ദ്രന്റെ സാധ്യത അടയുകയാണ്. സുരേഷ് ഗോപി മാറിയാൽ കേരളത്തിലെ പാർട്ടിയെ വനിതാ നേതാവ് നയിക്കട്ടേ എന്നതാണ് നിലപാട്. ഇതുകൊണ്ടാണ് ശോഭാ സുരേന്ദ്രന് സാധ്യത കൂടുന്നത്. എന്നാൽ ആർഎസ്എസ് നിലപാട് ഇതിൽ നിർണ്ണായകമാകും.

സുരേഷ് ഗോപിക്ക് മുകുന്ദനെ സംഘടനാ സെക്രട്ടറിയാക്കാനാണ് താൽപ്പര്യം. തന്റെ തിരക്കുകൾക്കിടയിൽ പാർട്ടിയെ നയിക്കാൻ കരുത്തനായ വ്യക്തി വേണമെന്നതാണ് ഇതിന് കാരണം. വോട്ട് മറിച്ചു വിൽക്കൽ അടക്കമുള്ള മുകുന്ദനെതിരായ ആരോപണങ്ങൾ ഭാവനാ സൃഷ്ടിയാണെന്നും സുരേഷ് ഗോപി വിലയിരുത്തുന്നു. താൻ നേതാവായാൽ മുകുന്ദൻ സജീവമായി ബിജെപിയിൽ ഉണ്ടാകണമെന്നാണ് സുരേഷ് ഗോപിയുടെ ആഗ്രഹം. കേരളത്തിന് പുറത്ത് നിന്നുള്ള എ ജയകുമാറിനേയും ബിജെപി അധ്യക്ഷനാക്കാൻ അമിത് ഷാ പരിഗണിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ ആർഎസ്എസ് പ്രചാരകനായി പ്രവർത്തനം തുടരാനാണ് ജയകുമാറിന് താൽപ്പര്യം. രാഷ്ട്രീയ പ്രവർത്തനം തൽകാലം ജയകുമാർ ആഗ്രഹിക്കുന്നില്ല. ഇതോടെയാണ് സുരേഷ് ഗോപി വീണ്ടും ചർച്ചകളിൽ ഒന്നാമനാകുന്നത്. അടുത്ത് കേരളത്തിൽ നടക്കുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പും ഒന്നര വർഷത്തിന്നിടെ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് ദേശീയ നേതൃത്വം നടത്തുന്നത്.

കേരളത്തിലെ ബിജെപി.യെ ആരുരക്ഷിക്കുമെന്ന ചോദ്യവുമായും സംസ്ഥാന, ജില്ലാ നേതാക്കളെയും ഗ്രൂപ്പ് പ്രവർത്തനങ്ങളെയും നിശിതമായി വിമർശിച്ചും പാർട്ടിക്കുള്ളിൽ കത്ത് പ്രചരിക്കുന്നുണ്ട്. ഗ്രൂപ്പ് തർക്കം തീർക്കാൻ ശ്രമിച്ച്, 'തർക്കപരിഹാര കോടതി'യായ ആർ.എസ്.എസിന് മതിയായി. പാർട്ടിയിൽ അടിമുടി മാറ്റമുണ്ടായേ തീരൂവെന്നു പറഞ്ഞ് 'സേവ് ബിജെപി. ഫോറം മിഷൻ 2020' എന്ന പേരിലാണ് നേതാക്കൾക്ക് കത്തുകിട്ടുന്നത്. മിസോറം സംസ്ഥാനം കേരളത്തിനുവേണ്ടി കേന്ദ്രം സംവരണം ചെയ്തിരിക്കുകയാണെന്നും ഇതിൽ പറയുന്നു. ഉപതിരഞ്ഞടുപ്പ് നടന്നപ്പോൾ പ്രവർത്തകർ അവരുടെ മനഃസാക്ഷിയോട് ചോദിക്കുന്ന ചോദ്യമാണ് പാർട്ടിയെ ആരു രക്ഷിക്കുമെന്ന്. ഗ്രൂപ്പുപോര് മുൻപെങ്ങുമില്ലാത്തവിധം പാർട്ടിയുടെ അടിവേരിളക്കി. സംസ്ഥാന പ്രസിഡന്റാകാൻ കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള നേതാക്കൾ ഗ്രൂപ്പടിസ്ഥാനത്തിൽ യോഗം ചേരുന്നു. ഇതിന്റെ വീഡിയോ ദേശീയ നേതൃത്വത്തിന് അയച്ചുകൊടുത്ത യൂദാസുമാർ പാർട്ടിയിലുണ്ട്.

വിഭാഗീയത യുവമോർച്ചയിലും മഹിളാമോർച്ചയിലും വരെയെത്തി. ജില്ലകളിലെ സ്ഥിതി സ്‌ഫോടനാത്മകമാണ്. തിരുവനന്തപുരത്ത് മൂന്നു പ്രമുഖ നേതാക്കളാണ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ചില നേതാക്കളുടെ പ്രവർത്തനം. ദേശീയനേതാക്കൾക്കും സാമ്പത്തിക ഇടപാടിൽ പങ്കുണ്ടെന്നും കത്തിൽ പരാമർശമുണ്ട്. കേസുകൾ ഒത്തുതീർത്ത് നേതാക്കളിൽ ചിലർ പണമുണ്ടാക്കുന്നു. കേസുകളിൽപ്പെടുന്ന പ്രവർത്തകരെ ഒളിവിൽപ്പോകാൻ പറയുകയും സ്ഥലം കൃത്യമായി പൊലീസിന് ചോർത്തിക്കൊടുക്കുകയും ചെയ്യുന്ന നേതാക്കളുണ്ട്. ആർ.എസ്.എസിന്റെ ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പാർട്ടിയുടെ ശവമടക്ക് ഉടനുണ്ടാകുമെന്നു പറയുന്ന കത്തിൽ സംസ്ഥാനത്തെ ഒട്ടുമിക്ക പ്രധാന നേതാക്കളുടെയും പേരും പ്രവർത്തനവും പരാമർശിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP