Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി തിരുത്തപ്പെടുമോ? ബിജെപിയുടെ പ്രതീക്ഷ മുഴുവൻ റിവ്യൂ പെറ്റീഷനിൽ; യുവതികൾ കയറിയിട്ടും സമരം അവസാനിപ്പിക്കാത്തത് കോടതിയിൽ വിധി അനുകൂലമാകുമെന്ന പ്രതീക്ഷിൽ; ഓർഡിനൻസ് എളുപ്പമല്ലെന്ന് ബോധ്യത്തൽ പാർട്ടി കേന്ദ്ര നേതൃത്വം; മോദിയും ഷായും എത്തുന്നത് മുതലെടുപ്പ് സാധ്യത മുന്നിൽ കണ്ട് തന്നെ; കേരളത്തിലെ തെരുവുകളിൽ കലാപാഗ്നി അടുത്തെങ്ങും അണയില്ലെന്ന് വ്യക്തം

ശബരിമല യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി തിരുത്തപ്പെടുമോ? ബിജെപിയുടെ പ്രതീക്ഷ മുഴുവൻ റിവ്യൂ പെറ്റീഷനിൽ; യുവതികൾ കയറിയിട്ടും സമരം അവസാനിപ്പിക്കാത്തത് കോടതിയിൽ വിധി അനുകൂലമാകുമെന്ന പ്രതീക്ഷിൽ; ഓർഡിനൻസ് എളുപ്പമല്ലെന്ന് ബോധ്യത്തൽ പാർട്ടി കേന്ദ്ര നേതൃത്വം; മോദിയും ഷായും എത്തുന്നത് മുതലെടുപ്പ് സാധ്യത മുന്നിൽ കണ്ട് തന്നെ; കേരളത്തിലെ തെരുവുകളിൽ കലാപാഗ്നി അടുത്തെങ്ങും അണയില്ലെന്ന് വ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമരവുമായി ഇറങ്ങിയ ബിജെപി പുലിവാല് പിടിച്ചോ? ശബരിമലയിലെ യുവതീ പ്രവേശനത്തിനും ആചാര ലംഘനത്തിനും എതിരെ ഡിസംബർ മൂന്നിന് തുടങ്ങിയ സമരം നോൺ സ്റ്റോപ്പ് ആയി ഇപ്പോഴും മുന്നോട്ടു പോകവേയാണ് ശബരിമല പ്രശ്‌നത്തിൽ ബിജെപി രം പുലിവാല് പിടിച്ചോ എന്ന ചോദ്യം മുഴങ്ങുന്നത്. ശബരിമലയിൽ യുവതീ പ്രവേശനം പാടില്ല, നിരോധനാജ്ഞ പിൻവലിക്കണം, ശബരിമലയിലെ ആചാരലംഘനങ്ങൾ സർക്കാർ അവസാനിപ്പിക്കണം ഇതൊക്കെയായിരുന്നു സമരത്തിലെ മുഖ്യ ആവശ്യങ്ങൾ.

ബിജെപിയുടെ ഈ സമരം അത്യാവേശമില്ലാതെ പുരോഗമിക്കുമ്പോൾ തന്നെ സമരത്തിലെ എല്ലാ ആവശ്യങ്ങളും സമരപ്പന്തലിനെ സാക്ഷിനിർത്തി സർക്കാർ കാറ്റിൽപ്പറത്തി. ശബരിമലയിൽ യുവതീ പ്രവേശനം സർക്കാർ സ്‌പോൺസേഡ് പരിപാടിയായി പൊടിപാറിച്ച് നടത്തി. ശബരിമലയിലെ നിരോധനാജ്ഞ ഇപ്പോഴും തുടരുന്നു. ആചാരലംഘനവും സർക്കാർ സ്‌പോൺസേഡ് ആയി തന്നെ നടത്തി. ആചാരലംഘനത്തിനു ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം സർക്കാർ തീരുമാനമാണ്. അല്ലാതെ ശബരിമല ദേവസ്വം ബോർഡ് തീരുമാനമല്ല.

ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ എതിർത്തിട്ടും ശങ്കരദാസ് അടക്കമുള്ള മറ്റു രണ്ടു അംഗങ്ങളും ഉറച്ചു നിന്നതോടെയാണ് ആചാരലംഘനത്തിനു ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രി കണ്ഠരര് രാജീവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ബോർഡ് തീരുമാനിച്ചത്. ഈ ദേവസ്വം ബോർഡ് തീരുമാനം സർക്കാർ തീരുമാനമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ തീരുമാനങ്ങളും ബിജെപി ഇപ്പോൾ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് എതിരാണ്.

സമരത്തെ പിച്ചി ചീന്തുന്ന നിലപാടാണ് ബിജെപിയുടെ ശബരിമല സമരത്തിന്നെതിരെ സർക്കാർ എടുക്കുകയും നടപ്പാക്കുകയും ചെയ്തത്. ജനുവരി രണ്ടിന് അർദ്ധ രാത്രി യുവതികളെ എത്തിച്ചതും ഈ സർക്കാർ നിലപാടിന്റെ ബാക്കിപത്രമായിരുന്നു. എന്നിട്ടും ബിജെപി എന്തിനു സമരം നടത്തുന്നു. അപഹാസ്യമായ രീതിയിലല്ലേ സമരത്തിന്റെ പോക്ക് എന്നാണ് ബിജെപിയുടെ ശബരിമല സമരത്തിന്നെതിരെ ഉയരുന്ന ചോദ്യം. എന്താണ് ഈ സമരത്തിന്റെ ലക്ഷ്യം. ഡിസംബർ മൂന്നിന് തുടങ്ങിയ നിരാഹാരം സമരത്തിൽ പങ്കെടുത്ത് അവശരായ ബിജെപിയുടെ പ്രമുഖ നേതാക്കളെ പലരെയും നിരാഹാരത്തിനിടയിൽ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം നിരാഹാരം തുടങ്ങിയ എ.എൻ.രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, സി.കെ.പത്മനാഭൻ, എൻ.ശിവരാജൻ തുടങ്ങിയവർ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധൻ ആണ് ഇപ്പോൾ നിരാഹാരം കിടക്കുന്നത്. ശബരിമല യുവതികൾ കയറിയ വാർത്ത അറിഞ്ഞിട്ടും ഇപ്പോഴും നിരാഹാരം തുടരുകയാണ്. കുലുക്കമില്ലാതെ, ആവേശമില്ലാതെ തുടരുന്ന നിരാഹാരം ഇടതു വൃത്തങ്ങളെ അടക്കം അമ്പരപ്പിക്കുന്നുണ്ടെങ്കിലും ബിജെപി ലക്ഷ്യമാക്കുന്നത് സർക്കാരിനെയല്ല സുപ്രീംകോടതിയെയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. സർക്കാർ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചാലും ഇല്ലെങ്കിലും സമരം ജനുവരി 22 വരെ നീട്ടിക്കൊണ്ടുപോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. 16 നു മകരവിളക്ക് ആണെങ്കിലും സമരം ജനുവരി 22 വരെ നീട്ടും.

അന്നാണ് ശബരിമല യുവതീ പ്രവേശനത്തിലെ റിവ്യൂ പെറ്റിഷൻ സുപ്രീംകോടതി പരിഗണിക്കുന്നത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നൽകാതെയാണ് സുപ്രീംകോടതി റിവ്യൂ പെറ്റിഷൻ പരിഗണിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിനെ നയിച്ചത് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു. ദീപക് മിശ്രയും ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായിരുന്നു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ അനുകൂലിച്ചപ്പോൾ ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിരഭിപ്രായം രേഖപ്പെടുത്തിയത്. പക്ഷെ ഇപ്പോൾ സാഹചര്യം മാറിയിട്ടുണ്ട്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ദീപക് മിശ്രയുടെ മനോഭാവമല്ല ശബരിമല പ്രശ്‌നത്തിൽ കൈക്കൊള്ളുന്നത്.

അനുകൂലിക്കാൻ ജസ്റ്റിസ് ഇന്ദു മൽഹോത്രയുമുണ്ട്. ഇതേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് റിവ്യൂ പെറ്റിഷൻ പരിഗണിക്കാൻ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വേണമെങ്കിൽ റിവ്യൂ പെറ്റിഷൻ തള്ളാമായിരുന്നു. സാധാരണ ഗതിയിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നാൽ റിവ്യൂ പെറ്റിഷൻ പരിഗണിക്കുന്ന രീതിയില്ല. അത് തള്ളിപ്പോവുകയാണ് ചെയ്യുന്നത്. പക്ഷെ അസാധാരണമായ രീതിയിലുള്ള തീരുമാനം വഴിയാണ് റിവ്യൂ പെറ്റിഷൻ പരിഗണിക്കാൻ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്. ഇത്തരം ഒരു രീതി വന്നാൽ മുൻ തീരുമാനം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തന്നെ തിരുത്തുന്നതിന്റെ സൂചനകളായാണ് ഡൽഹിയിലെ നിയമവൃത്തങ്ങൾ ബിജെപിയിലെ മുതിർന്ന നേതാക്കളോട് വിശദീകരിച്ചത്. അതിനർത്ഥം ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ഒരു പക്ഷെ ജനവരി 22 നു തിരുത്തപ്പെട്ടേക്കും എന്ന സൂചനകൾ ശക്തമാണ്.

ബിജെപിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും ഈ റിവ്യൂ പെറ്റിഷനിൽ പ്രതീക്ഷയർപ്പിച്ചാണ് നീങ്ങുന്നത്. റിവ്യൂ പെറ്റിഷനിൽ വിധി അനുകൂലമായാൽ എല്ലാ പ്രക്ഷോഭവും അവസാനിക്കും, ഇന്നലെ പാർലമെന്റിൽ ബിജെപി വക്താവായ മീനാക്ഷി ലേഖിയും മറ്റു ബിജെപി നേതാക്കളും ശബരിമല സുപ്രീം കോടതിവിധിക്ക് എതിരെയാണ് സംസാരിച്ചത്. മീനാക്ഷി ലേഖി ഇന്നലെ കുറച്ച് കൂടുതൽ കടത്തിപറയുകയും ചെയ്തു. മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടുന്നത് ശരിയല്ല. 41 ദിവസം വ്രതമെടുത്താണ് ശബരിമലയ്ക്ക് പോകുന്നത്. വ്രതമെടുക്കേണ്ട ദിവസങ്ങളുടെ ദൈർഘ്യം കുറയ്ക്കാൻ കോടതിക്ക് കഴിയുമോ? മീനാക്ഷി ചോദിച്ചു. ക്രിസ്തു ജനിച്ച സ്ഥലം സുപ്രീംകോടതിക്ക് നിശ്ചയിക്കാൻ കഴിയില്ലെന്നും വിശ്വാസികൾ ഉപവാസം നടത്തുന്നതിനിടെ ഭക്ഷണം കഴിക്കണമെന്ന് നിർബന്ധിക്കാൻ കഴിയുമോയെന്നും അവർ ചോദിച്ചു.

പാർലമെന്റിൽ ഇന്നലെ നടന്ന പ്രശ്‌നങ്ങൾ മുഴുവൻ സുപ്രീംകോടതിക്ക് മുന്നിലുണ്ട്. കേരളത്തിൽ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ടു ഇപ്പോൾ നടക്കുന്ന കലാപം അന്താരാഷ്ട്ര മാധ്യമങ്ങൾ മുഴുവൻ ഏറ്റുപിടിക്കുന്നു. ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പേരിൽ കേരളം കലാപഭൂമിയായിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടലാണ് സിപിഎമ്മും ബിജെപിയും നടത്തുന്നത്. ബിജെപിയുടെ സംസ്ഥാന നേതാക്കൾ മിക്കവരും വിശ്വാസ സംരക്ഷണത്തിനായി നിരാഹാരം ഇരിക്കുന്നു. പ്രക്ഷോഭവും കലാപവും ഒക്കെ വേറെയും. ഇതെല്ലാം സുപ്രീംകോടതിക്ക് മുൻപാകെയുണ്ട്. അതേസമയം സംസ്ഥാന സർക്കാർ സുപ്രീംകോടതി വിധി നിർബന്ധപൂർവം നടപ്പാക്കാൻ ശ്രമിച്ചതും അതിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ടതാണ് ഇപ്പോഴത്തെ കലാപവും എന്ന വാദവും സുപ്രീം കോടതിക്ക് മുൻപാകെ വരും.

ഇരുട്ടിന്റെ മറവിൽ ആക്ടിവിറ്റ്സുകളെ ശബരിമലയിൽ എത്തിക്കണം എന്ന് വിധിയിൽ സുപ്രീംകോടതി പറഞ്ഞിട്ടുമില്ല. വിധി സർക്കാർ ദുരുപയോഗിച്ചു എന്നും സുപ്രീംകോടതിയിൽ വാദം വരും. അപ്പോൾ കലാപം സർക്കാർ സൃഷ്ടിയാണ് എന്ന വാദവും പിറകെ വരും. ഇതെല്ലാം തന്നെ പരിഗണിച്ചാവും ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധി വരുക. ഈ വിധിയിലാണ് ശബരിമല പ്രശ്‌നത്തിന്റെ പേരിൽ സമരമുഖത്തുള്ള, നിരാഹാരം തുടരുന്ന ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. ബിജെപി സംസ്ഥാന നേതൃത്വം മാത്രമല്ല കേന്ദ്ര നേതൃത്വവും ഈ വിധിയിൽ പ്രതീക്ഷയുമായി നിൽക്കുകയാണ്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്തോടെ ബിജെപി നിരാഹാരം നീട്ടിക്കൊണ്ടു പോകുന്നത്.

ഈ സമരം കേരള സർക്കാരിന് മുൻപാകെയോ അല്ലെങ്കിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനു എതിരോ ആയല്ല സമരം ബിജെപി നീട്ടിക്കൊണ്ടു പോകുന്നത്. ഈ സമരം സുപ്രീംകോടതിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയുള്ളതാണ്. ആക്രമണ പരമ്പരകളും ഇതേ ലക്ഷ്യം മുൻ നിർത്തി തന്നെ ആത്യന്തികമായി റിവ്യൂ പെറ്റിഷൻ അനുകൂലമാക്കുക ലക്ഷ്യം വെച്ചുള്ളതാണ്. അതേസമയം സമരം കടുപ്പിക്കാനും കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് ശബരിമല സമരം ശക്തമാക്കുന്നത്. ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും , ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള നേതാക്കളും കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും കേരളത്തിലേക്ക് വരാനിരിക്കുന്ന. നരേന്ദ്ര മോദി 15, 27 തിയതികളിൽ കേരളത്തിലെത്തും.

മോദിക്കു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും എത്തും. അതുകൂടാതെ ഈ മാസം 18നു നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിലും ബിജെപി ദേശീയ നേതാക്കൾ പങ്കെടുക്കും. എല്ലാം ശബരിമല സമരത്തിന് കരുത്തു പകരാൻ. ശബരിമല യുവതീപ്രവേശത്തിൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമാക്കാൻ കൊച്ചിയിൽ ചേർന്ന ആർഎസ്എസ്- ബിജെപി നേതൃയോഗവും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ ബിജെപി നേതാക്കളും അണികളും അറസ്റ്റിലാകുന്നത് ബിജെപിയെ അലട്ടുന്നുമുണ്ട്. 1108 കേസുകളിലായി 1718 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1009 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുമുണ്ട്. കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളത് സജീവമായ ബിജെപി അംഗങ്ങൾ ആണെന്നുള്ളത് പാർട്ടിക്കുള്ളിൽ കനത്ത ആശങ്കയ്ക്ക് വകവെച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP