Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം സമുദായം ഇന്ന് പരിഭ്രാന്തിയിലാണ്, ഈ പരിഭ്രാന്തിക്ക് കേന്ദ്രസർക്കാർ മറുപടി നൽകുന്നുമില്ല: അതുകൊണ്ട് എന്റെ സമുദായത്തെ ദുഃഖത്തിലാക്കി ഈ പാർട്ടിയിൽ നിൽക്കാൻ എനിക്ക് താത്പര്യമില്ല: പൗരത്വ നിയമത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട് ന്യൂനപക്ഷ മോർച്ചാ നേതാവിന്റെ രാജി: രാജിവെച്ചത് മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ബാഫഖി തങ്ങളുടെ കൊച്ചു മകൻ

മുസ്ലിം സമുദായം ഇന്ന് പരിഭ്രാന്തിയിലാണ്, ഈ പരിഭ്രാന്തിക്ക് കേന്ദ്രസർക്കാർ മറുപടി നൽകുന്നുമില്ല: അതുകൊണ്ട് എന്റെ സമുദായത്തെ ദുഃഖത്തിലാക്കി ഈ പാർട്ടിയിൽ നിൽക്കാൻ എനിക്ക് താത്പര്യമില്ല: പൗരത്വ നിയമത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട് ന്യൂനപക്ഷ മോർച്ചാ നേതാവിന്റെ രാജി: രാജിവെച്ചത് മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ബാഫഖി തങ്ങളുടെ കൊച്ചു മകൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ കത്തി ജ്വലിക്കുന്നതിനിടെ കേരളത്തിലും ബിജെപിക്ക് തിരിച്ചടി നേരിടുന്നു. ന്യൂനപക്ഷ മോർച്ച നേതാവ് ബിജെപിയിൽ നിന്ന് രാജിവെച്ചു. ന്യൂനപക്ഷ മോർച്ചാ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ അബ്ദു റഹിമാൻ ബാഫഖി തങ്ങളുടെ കൊച്ചുമകനുമായ സയ്യിദ് താഹ ബാഫഖി തങ്ങളാണു രാജിവെച്ച് നിയമഭേദഗതിക്കെതിരായി പ്രതിഷേധം അറിയിച്ചത്.

ബാഫഖി തങ്ങൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ സയ്യിദ്. മുസ്ലിം ലീഗ് അംഗത്വം രാജി വച്ച് അഞ്ച് മാസം മുൻപ്, 2019 ഓഗസ്റ്റിലാണ് താഹ ബാഫഖി തങ്ങൾ ബിജെപിയിൽ ചേർന്നത്. ന്യൂനപക്ഷങ്ങളെ കൂടുതൽ പാർട്ടിയിലേക്കെത്തിക്കും എന്ന പ്രഖ്യാപനവുമായി കോഴിക്കോട് സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ എം അബ്ദുൾ സലാം അടക്കമുള്ളവർ അന്ന് ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. ഇവർക്ക് പുറമേ മുൻ സേവാദൾ നേതാവ് മുഹമ്മദ് ഷിയാസ്, ആം ആദ്മി പാർട്ടി നേതാവ് ഷെയ്ഖ് ഷാഹിദ് തുടങ്ങി വിവിധ സംഘടനകളിലും പാർട്ടികളിലും പ്രവർത്തിച്ചിരുന്നവരും അന്ന് ബിജെപിയിൽ അംഗത്വമെടുത്തു. ദേശീയ നേതൃത്വവും കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിരുന്നതാണ്.

എന്നാൽ ഇതിന് ശേഷം വന്ന പൗരത്വ നിയമഭേദഗതി വരികയും, ഇതിനെതിരെ രാജ്യത്ത് ജനരോഷം ഇരമ്പുകയും ചെയ്തതോടെയാണ് സംസ്ഥാന ബിജെപിയിലും നിയമഭേദഗതിയെച്ചൊല്ലിയുള്ള ഭിന്നത മറ നീക്കി പുറത്തുവരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ''ഞാനൊരു പൂർണ ഇസ്ലാം മത വിശ്വാസിയാണ്. എന്ന് കരുതി മറ്റ് മതക്കാരുമായി എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുമില്ല. എനിക്ക് മറ്റ് മതക്കാരുമായി നല്ല ബന്ധം തന്നെയാണുള്ളത്. മുസ്ലിം സമുദായം പക്ഷേ ഇന്ന് പരിഭ്രാന്തിയിലാണ്. എന്നിട്ടും കേന്ദ്രസർക്കാർ ഒരു സർവകക്ഷിയോഗം പോലും വിളിക്കുന്നില്ല.

ഈ പരിഭ്രാന്തിക്ക് മറുപടി നൽകുന്നുമില്ല. അതുകൊണ്ട് എന്റെ സമുദായത്തെ ദുഃഖത്തിലാക്കി ഈ പാർട്ടിയിൽ നിൽക്കാൻ എനിക്ക് താത്പര്യമില്ല. ഒന്നു രണ്ടാഴ്ച ഞാൻ എന്തെങ്കിലും തരത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കുമോ, സർവകക്ഷിയോഗം വിളിക്കുമോ എന്നെല്ലാം കാത്തിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. നമ്മുടെ രാജ്യത്ത് പല അക്രമങ്ങളും ഇതിന്റെ പേരിൽ നടക്കുകയാണ്. രാജ്യസഭയിലും ലോക്‌സഭയിലും ബില്ല് പാസ്സായി എന്ന് കരുതി, ജനങ്ങളുടെ വികാരം കണക്കെടുക്കാതിരിക്കുന്നത് എന്ത് നീതിയാണ്? അതും ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം തീരെ കണക്കിലെടുക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പാർട്ടിയിൽ നിന്ന് രാജി വയ്ക്കാനാണ് എന്റെ തീരുമാനം'', എന്ന് താഹ ബാഫഖി തങ്ങൾ.

അതേസമയം ഇന്നലെ പൗരത്വ നിയമത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽനിന്ന് ബിജെപി നേതാക്കൾ ഇറങ്ങിപ്പോയിരുന്നു. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം ജനാധിപത്യ വിരുദ്ധമാണെന്നും പാർലമെന്റ് അംഗീകരിച്ച ഭരണഘടന ഭേദഗതിക്കെതിരേ സംസ്ഥാന സർക്കാരിന് യോഗം ചേരാൻ അധികാരമില്ലെന്നും പറഞ്ഞാണ് ബിജെപി നേതാക്കൾ യോഗം ബഹിഷ്‌കരിച്ചത്. ഞായറാഴ്ച രാവിലെ യോഗത്തിനെത്തിയ ബിജെപി പ്രതിനിധികൾ യോഗം ചേരുന്നതിലെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കേരള ഗവർണർക്കെതിരെയും കർണാടക മുഖ്യമന്ത്രിക്കെതിരെയും കേരളത്തിൽ നടന്ന അക്രമങ്ങൾക്കെതിരെ യോഗത്തിൽ പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ലെന്നും അതിനാലാണ് യോഗം ബഹിഷ്‌കരിച്ചതെന്നും ബിജെപി നേതാക്കളായ എംഎസ് കുമാറും ജെ.പത്മകുമാറും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രാജ്യസഭയും ലോകസഭയും പാസാക്കിയ നിയമ ഭേദഗതിക്കെതിരേ യോഗം ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ സർക്കാരിന് അധികാരമില്ല. ഇത്തരത്തിൽ യോഗം ചേർന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാൻ രാഷ്ട്രീയ പാർട്ടിയെ പോലെ സർക്കാർ പ്രവർത്തിക്കരുത്. പൊതുഖജനാവിൽനിന്ന് പണമെടുത്ത് സമരം ചെയ്യാൻ സർക്കാരിന് സാധിക്കില്ലെന്നും എം.എസ്.കുമാർ വിശദീകരിച്ചിരുന്നു. അതിനിടെ, യോഗത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ ഗോ ബാക്ക് വിളികളുയർന്നിരുന്നു. ബിജെപി നേതാക്കൾ പ്രസംഗിക്കാൻ എഴുന്നേറ്റതോടെയാണ് യോഗത്തിനെത്തിയ ചില സംഘടനകളുടെ പ്രതിനിധികൾ ഗോ ബാക്ക് വിളികളുമായി എത്തിയത്്. ഇതിനെ ബിജെപി നേതാക്കൾ എതിർത്തതോടെ അല്പസമയം വാക്കേറ്റവുമുണ്ടായി.

അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധത്തിൽല ബിജെപി മുൻഗണയുള്ള സംസ്ഥാനങ്ങളിൽ കൊഴിഞ്ഞ് പോക്ക് തുടരുന്നതായി റിപ്പോർട്ടുകൾ നൽകുന്നത്. ചില പ്രാദേശിക നേതാക്കൾ അടക്കം കേന്ദ്രസർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ, പൗരത്വ ഭേദഗതി ബില്ലിനെ തുടരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാൻ മോദിയും അമിത് ഷായും കർമപദ്ധതികൾക്ക് രാംലീല മൈതാനിയിൽ തുടക്കമിട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രതിഷേധത്തിൽ ഇതുവരെ 22 പേരോളം മരിച്ചതായി റിപ്പോർട്ടുകളും പുറത്തു വന്നു.

അതേസമയം പ്രതിഷേധത്തിനിടയിൽ പള്ളിയിൽ നിസ്‌ക്കരിക്കാൻ പോയവരെ പൊലീസ് തടഞ്ഞ പാക്കിസ്ഥാനിലേക്ക് പോകു എന്ന് എസ്‌പിയുടെ പരാമർശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ അനുകൂലിച്ച് എഡിജിപി രംഗത്ത് വന്നതോടെ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങൾ തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരിക്കുന്നത്. കൂടാതെ തമിഴ്‌നാട്ടിൽ പ്രതിഷേധിച്ച അഞ്ച് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെ നേതാവ്‌സ്റ്റാലിൻ അടക്കം ആയ്യായിരം പേർക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യമെമ്പാടും പ്രതിഷേധത്തിനിടയിൽ ബിജെപിയിൽ കൊഴിഞ്ഞു പോക്ക് തുടരുകയാണ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP