Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മളാണോ ഈ പോസ്റ്റ് ഉണ്ടാക്കിയത്... പോരുന്നോ.... എന്ന സാൾട്ട് ആൻഡ് പെപ്പർ സ്റ്റൈൽ ക്ഷണവുമായി സിപിഎം സോഷ്യൽമീഡിയ വളണ്ടിയർ രജിസ്‌ട്രേഷൻ; കമ്പ്യൂട്ടറിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് എന്ന് തൊട്ടുപിന്നാലെ തിരിച്ച് ട്രോളി വളണ്ടിയർമാരെ ക്ഷണിച്ച് കോൺഗ്രസും; ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏറെ മുന്നേ സൈബർ യുദ്ധത്തിന് കളമൊരുക്കി കേരളത്തിലെ മുന്നണി വല്യേട്ടന്മാർ; ആന്റണിയുടെ മകൻ അനിൽ കേരള ഐടി സെൽ തലവനായതിന്റെ ഊർജത്തിൽ കോൺഗ്രസ്

നമ്മളാണോ ഈ പോസ്റ്റ് ഉണ്ടാക്കിയത്... പോരുന്നോ.... എന്ന സാൾട്ട് ആൻഡ് പെപ്പർ സ്റ്റൈൽ ക്ഷണവുമായി സിപിഎം സോഷ്യൽമീഡിയ വളണ്ടിയർ രജിസ്‌ട്രേഷൻ; കമ്പ്യൂട്ടറിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് എന്ന് തൊട്ടുപിന്നാലെ തിരിച്ച് ട്രോളി വളണ്ടിയർമാരെ ക്ഷണിച്ച് കോൺഗ്രസും; ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏറെ മുന്നേ സൈബർ യുദ്ധത്തിന് കളമൊരുക്കി കേരളത്തിലെ മുന്നണി വല്യേട്ടന്മാർ; ആന്റണിയുടെ മകൻ അനിൽ കേരള ഐടി സെൽ തലവനായതിന്റെ ഊർജത്തിൽ കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരഞ്ഞെടുപ്പുകാലമാകുമ്പോൾ ഉണ്ടാകുന്ന ഒരു ആൾക്കൂട്ടം മാത്രമാണ് കോൺഗ്രസ് എന്നത് എല്ലാക്കാലവും ആ പാർട്ടിയും പ്രവർത്തകരും കേട്ടുകൊണ്ടിരുന്ന ഒരു ചീത്തപ്പേരാണ്. കാലം ഒട്ടേറെ മാറി, സൈബർ ലോകവും നവമാധ്യമങ്ങളുമെല്ലാം ഫലപ്രദമായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമ്പോഴും അതിൽ പ്രത്യേകിച്ചും കോൺഗ്രസും ബിജെപിയുമെല്ലാം ബഹുദൂരം മുന്നിലെത്തിയപ്പോഴും കോൺഗ്രസ് കാര്യമായി ഉണർന്നിരുന്നില്ല. അങ്ങിങ്ങ് ചെറിയ കൂട്ടങ്ങളായി ഒത്തൊരുമയില്ലാത്ത സൈബർ പോരാട്ടം മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ കേരളതലത്തിൽ നടന്നത്.

എന്നാൽ ഇക്കുറി സ്ഥിതി മാറുകയാണെന്ന ആദ്യ സൂചനകൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. പ്രത്യേകിച്ചും കഴിഞ്ഞ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ തലത്തിൽ സോഷ്യൽ മീഡിയയിലെ താരമായ ശശി തരൂർ എത്തിയതിന് പിന്നാലെ വലിയൊരു മാറ്റം ദേശീയ തലത്തിൽ പ്രകടമായി. ഇതിന്റെ ചുവടുപിടിച്ച് കഴിഞ്ഞദിവസം എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കെപിസിസി ഐടി സെൽ തലവൻ ആയതോടെ കേരളത്തിലും ആ ഉണർച്ചയെത്തുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പു ചൂടിലേക്ക് സംസ്ഥാനം എത്തുന്നതോടെ സോഷ്യൽ മീഡിയയിൽ ഉരുളയ്ക്കുപ്പേരികളുമായി പ്രചരണരംഗം കൊഴുപ്പിക്കാൻ സോഷ്യൽ മീഡിയ വൊളന്റിയേഴ്‌സിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി അറിയിച്ച് സിപിഎം ഫേസ്‌ബുക്കിൽ അറിയിപ്പ് നൽകി മണിക്കൂറുകൾ പിന്നിടും മുമ്പ് കോൺഗ്രസും അതിന് തക്ക മറുപടിയുമായി വൊളന്റിയേഴ്‌സിനെ ക്ഷണിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് നൽകിക്കഴിഞ്ഞു. ഒ

ട്ടും വിട്ടുകൊടുക്കുന്നില്ലെന്ന സൂചനകളുമായാണ് സിപിഎമ്മിന്റെ പോസ്റ്റർ എന്നതാണ് ശ്രദ്ധേയം. പോസ്റ്റ് ആൻഡ് പേപ്പർ എന്ന ശീർഷകത്തിൽ, 'സാൾട്ട് ആൻഡ് പെപ്പർ' മോഡലിലാണ് സിപിഎമ്മിന്റെ 'ക്ഷണപ്പത്രം'. നമ്മളാണോ ഈ പോസ്റ്റ് ഉണ്ടാക്കിയതെന്ന് ലാൽ ബാബുരാജിനോട് ചോദിക്കുന്നതും അതെയെന്ന മറുപടി കേൾക്കുമ്പോൾ പോരുന്നോ.. എന്ന് ക്ഷണിക്കുകയും ചെയ്യുന്ന കാർഡുമായി രസകരമായൊരു ക്ഷണം...

ഇതിന് ഉരുളയ്ക്കുപ്പേരി പോലെ ഒരു ട്രോൾ രൂപത്തിലാണ് കോൺഗ്രസ് വോളന്റിയർമാരെ ക്ഷണിക്കുന്നത്. 'സന്ദേശം' സിനിമയിൽ സഖാവ് ശ്രീനിവാസൻ ഉത്തരം മുട്ടുമ്പോൾ പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന് ജയറാമിനോട് കയർക്കുന്ന മോഡലിൽ 'കമ്പ്യൂട്ടറിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്' എന്ന ടൈറ്റിലുമായാണ് കെപിസിസി പോസ്റ്റ്. ഡിജിറ്റൽ വിപ്‌ളവം രാജ്യത്തിന് സമ്മാനിച്ച ഞങ്ങളോടൊപ്പം സോഷ്യൽ മീഡിയ വൊളന്റിയറാകാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചാണ് ക്ഷണം. കമ്പ്യൂട്ടർവിപ്‌ളവത്തെ എതിർത്ത സിപിഎം നയത്തെ ഒന്നുകൂടി 'വാരുകയും' അതോടൊപ്പം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനംകാട്ടരുത് എന്ന ട്രോളും കൂടി ഉൾപ്പെടുത്തി രസികൻ മറുപടികൂടിയാകുന്നു കോൺഗ്രസിന്റേത്.

രണ്ടു പോസ്റ്റുകൾക്കും കീഴെ രസികൻ കമന്റുകളും എത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ വൽക്കരണത്തെ എതിർത്തവരിൽ ഉമ്മൻ ചാണ്ടിയും ഉണ്ടായിരുന്നുവെന്ന വാർത്താ ലിങ്കാണ് കോൺഗ്രസിന്റെ പോസ്റ്റിന് ഒരാളുടെ പ്രതികരണം. ലിങ്ക് ഓപ്പൺ ചെയ്തപ്പോൾ 'അഭിനന്ദനങ്ങൾ ! താങ്കൾ ഇപ്പോൾ ബിജെപി മെമ്പറായിരിക്കുകയാണ് ' എന്ന മെസേജ് വന്നത് എനിക്ക് മാത്രമാണോ .... ? എന്നാണ് മറ്റൊരു വിരുതന്റെ ചോദ്യം (സത്യത്തിൽ ലിങ്ക് ഓപ്പണാവുന്നത് കെപിസിസി ഐടി സെല്ലിന്റെ സൈറ്റിലേക്ക് തന്നെയാണെങ്കിലും)...ഡിജിറ്റൽ മീഡിയ വിപ്‌ളവം ഇന്ത്യയിൽ കൊണ്ടുവന്ന രാജീവ് ഗാന്ധിയുടെ പടം പോസ്റ്റിൽ വേണമായിരുന്നെന്ന് മറ്റൊരാൾ.. കോൺഗ്രസിന് വോട്ടുചെയ്താൽ നിങ്ങൾ ബിജെപിക്കൊപ്പം പോകില്ലെന്ന് ഉറപ്പുണ്ടോ എന്ന് മറ്റു ചിലർ... ഇത്തരത്തിലാണ് കോൺഗ്രസിന്റെ പോസ്റ്റുകളുടെ പ്രതികരണങ്ങൾ.

ആർക്കും കയറി രജിസ്റ്റർ ചെയ്യാവുന്ന അവസ്ഥയാണെന്നും രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നുമൊക്കെയാണ് സിപിമ്മിന്റെ ക്ഷണം കണ്ട പാർട്ടി പ്രവർത്തകരിൽ ചിലരുടെ ആശങ്ക. പാർട്ടിയിലോ പോഷക സംഘടനയിലോ ഉള്ള സ്ഥാനമെല്ലാം അപേക്ഷാ ഫോമിൽ ഉൾപ്പെടുത്തണമായിരുന്നുവെന്നും അല്ലെങ്കിൽ സംഘികൾ വലിഞ്ഞുകയറുമെന്നും ചിലർ പാർട്ടിയെ 'തിരുത്തുന്നു'മുണ്ട്.

ഇത്തരം ആശങ്ക കണ്ട മറ്റൊരു കമന്റ് ഇങ്ങനെ: 'പല സഖാക്കളുടേയും കമന്റ് കണ്ടിട്ട് പറയുകയാണ്, ആണവകരാർ രഹസ്യങ്ങൾ പറയാനല്ല പാർട്ടി ഇതു ചെയ്യുന്നത്, ഇതിന്റെ ലക്ഷ്യവും ഉദ്ധേശ്യവും പാർട്ടി പിന്നീട് വ്യക്തമാക്കുന്നതാണ്, തൽക്കാലം നമ്മൾ ഇതിൽ രജിസ്റ്റർ ചെയ്തു മറ്റുള്ള സഖാക്കളെക്കൊണ്ട് രജിസ്റ്റർ ചെയ്യിപ്പിക്കുക...'.. ഒരു വിശദീകരണം പോലും തരാതെ പോരുന്നോ കൂടെന്ന് ചോദിക്കുമ്പോഴേക്കും ചാടി വരാൻ ഞങ്ങൾ എന്താ സങ്കികളാണോ എന്നിങ്ങനെ രസികൻ കമന്റുകളുമുണ്ട്.

ഏതായാലും ഇത്തരത്തിൽ തിരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ എത്തുന്നതിന് ഏറെ മുന്നേ തന്നെ കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സൈബർ ലോകം ഉണർന്നുവെന്നതിന്റെ സൂചനകൾ ഇതോടെ പുറത്തുവരികയാണ്. പക്ഷേ, കഴിഞ്ഞ തവണത്തേതുപോലെ സിപിഎമ്മിന് കോൺഗ്രസിനെ വെട്ടിച്ച് സൈബർ ലോകത്ത് 'ബഹുദൂരം അതിവേഗം' മുന്നേറാനാവില്ലെന്ന സൂചനയാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. മുമ്പെല്ലാം ഓരോ നേതാക്കളുമായി ബന്ധപ്പെട്ടും മറ്റും അവരുടെ അണികളുടേതായ സൈബർ ഗ്രൂപ്പുകൾ മാത്രമായിരുന്നു സോഷ്യൽ മീഡിയയിൽ സജീവം.

എന്നാൽ ഇക്കുറി ആന്റണിയുടെ മകൻ അനിൽ കെപിസിസി ഐടിസെല്ലിന്റെ തലപ്പത്ത് എത്തിയതോടെ ഫലപ്രദമായ ഏകോപനവും സൈബർ ലോകംവഴിയുള്ള പ്രചരണവും കൂടുതൽ ഊർജിതമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. സംസ്ഥാനത്ത് സീറ്റ് മോഹിച്ച് ആണ് അനിലിന്റെ വരവെന്ന പ്രചരണം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായെങ്കിലും തന്റേത് രാഷ്ട്രീയ ദൗത്യമല്ലെന്നും പുതിയ കാലത്തിന്റെ സാധ്യതകൾക്ക് അനുസരിച്ച് പാർട്ടിയെ പ്രാപ്തമാക്കുക മാത്രമാണ് ലക്ഷ്യമെന്നും ഡിജിറ്റൽ മീഡിയ കൺവീനറായി ചുമതലയേൽക്കുന്നത് ശശി തരൂരിന്റെ നിർദ്ദേശപ്രകാരം ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP