Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മട്ടിൽ മാത്രം ഉത്തരം! ബ്രൂവറി ഇടപാടിൽ കൃത്യമായ മറുപടികളില്ലാതെ ഒഴിഞ്ഞുമാറി പിണറായി സർക്കാർ; മലബാർ ബ്രൂവറീസ് ആരംഭിക്കാൻ അനുമതി നൽകിയത് നായനാർ സർക്കാരെന്ന് രേഖകൾ; ചാരായം നിരോധിച്ച ആന്റണിയാണ് അനുമതി നൽകിയതെന്ന വാദം വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തല; കോടികളുടെ അഴിമതിയിൽ സമഗ്രാന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്

അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മട്ടിൽ മാത്രം ഉത്തരം! ബ്രൂവറി ഇടപാടിൽ കൃത്യമായ മറുപടികളില്ലാതെ ഒഴിഞ്ഞുമാറി പിണറായി സർക്കാർ; മലബാർ ബ്രൂവറീസ് ആരംഭിക്കാൻ അനുമതി നൽകിയത് നായനാർ സർക്കാരെന്ന് രേഖകൾ; ചാരായം നിരോധിച്ച ആന്റണിയാണ് അനുമതി നൽകിയതെന്ന വാദം വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തല; കോടികളുടെ അഴിമതിയിൽ സമഗ്രാന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: ബ്രൂവറി ഇടപാടിൽ പിണറായി സർക്കാർ പ്രതിരോധത്തിലേക്ക് നീങ്ങുമ്പോൾ, പ്രതിപക്ഷം ആക്രമണം ശക്തമാക്കി. പ്രതിപക്ഷ നേതാവ് ഉന്നയിച്ച 10 ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എക്‌സൈസ് മന്ത്രിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അഴിമതി നടന്നുവെന്ന് ആരോപണം തള്ളുന്ന മന്ത്രി ടി.പി.രാമകൃ്ഷണൻ രമേശ് ചെന്നിത്തല ചോദ്യം ഉന്നയിച്ച് 48 മണിക്കൂർ പിന്നിട്ടിട്ടും മറുപടി പറയാൻ തയ്യാറായില്ല. അതേസമയം ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം കോടികളുടെ അഴിമതിയാണെന്നും സമഗ്രാന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

1998 ൽ മലബാർ ബ്രൂവറിസ് ആരംഭിക്കാൻ അനുമതി നൽകിയത് ഇ.കെ.നായനാർ സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യം മറച്ചുവച്ച് പിന്നീട് വന്ന യു.ഡി.എഫ് സർക്കാരാണ് ബ്രൂവറി അനുവദിച്ചതെന്ന് എൽ.ഡി.എഫ് പ്രചരിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
1998 സെപ്റ്റംബർ 28നാണ് ബ്രൂവറി ആരംഭിക്കാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിറങ്ങിയത്. അന്നത്തെ നികുതി വകുപ്പ് സെക്രട്ടറി നടരാജനാണ് ഈ ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്. ബ്രൂവറി ആരംഭിക്കുന്നതിനായി ഷാവാലസ് അസിസ്റ്റന്റ് മാനേജർ ഇടത് സർക്കാരിന് അപേക്ഷ നൽകിയത് 1997 ജൂൺ 15ന് ആയിരുന്നു. എക്‌സൈസ് കമ്മിഷണർ 1998 മെയ്‌ 21ന് അനുകൂല റിപ്പോർട്ട് നൽകി. തുടർന്ന് അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന ടി.ശിവദാസമേനോൻ അനുമതി നൽതി. ബ്രൂവറിക്ക് അനുമതി നൽകിക്കഴിഞ്ഞാൽ പിന്നീടുള്ളതെല്ലാം സാങ്കേതിക കാര്യങ്ങളാണ്. കെട്ടിടം നിർമ്മിക്കണം, മെഷിനറി സ്ഥാപിക്കണം, മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ബ്രൂവറി പ്രവർത്തന സജ്ജമാക്കണം.അതിന് കുറഞ്ഞത് നാല് വർഷമെടുക്കും.

ഉത്തരവിൽ പറഞ്ഞിരിക്കുന്നത് പ്രകാരമുള്ള അബ്കാരി നിയമത്തിലെ നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് ലൈസൻസ് കൊടുക്കുന്ന കാര്യം മാത്രമേ പിന്നീട് നടക്കുന്നുള്ളൂ. 2003ൽ എ.കെ.ആന്റണിയുടെ കാലത്ത് നടന്നത് അതാണ്. ഇതിനെയാണ് ബ്രൂവറിക്ക് അനുമതി നൽകിയത് ആന്റണി സർക്കാരാണെന്ന തരത്തിൽ എൽ.ഡി.എഫ് പ്രചരിപ്പിക്കുന്നത്. സംശുദ്ധ പൊതുജീവിതത്തിന് ഉടമയായ ആന്റണിയെ അപമാനിക്കാനുള്ള ശ്രമമാണിത്. ചാരായം നിരോധിച്ച ആന്റണി ബ്രൂവറിക്ക് അനുമതി നൽകിയെന്ന് പറഞ്ഞാൽ അദ്ദേഹത്തെ അറിയാവുന്ന ആരെങ്കിലും വിശ്വസിക്കുമോ. ഒരു ബ്രൂവറിക്ക് ലൈസൻസ് നൽകണമെങ്കിൽ നാലഞ്ച് വർഷം മുമ്പെങ്കിലും അനുമതി കിട്ടിയിട്ടുണ്ടാവും എന്ന സാമാന്യ വിവരം ഇല്ലാത്തായാളാണോ ഇപ്പോഴത്തെ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെന്നും അദ്ദേഹം ചോദിച്ചു.

പരമ രഹസ്യമായി മുന്നണിയേയോ, മന്ത്രിസഭയേയോ അറിയിക്കാതെ ഇഷ്ടക്കാർക്ക് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച് കോടികൾ വാങ്ങിയത് കൈയോടെ പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാനായി കച്ചിത്തുരുമ്പിലും കയറിപിടിക്കുകയാണ് ഇടതു മുന്നണി കൺവീനർ എ.വിജയരാഘവവനും മന്ത്രിയും. പക്ഷേ ആ കച്ചിത്തുരുമ്പും ഇപ്പോൾ പൊട്ടിപ്പോയിരിക്കുകയാണ്. താൻ ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്ക് 48 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല. ഇപ്പോൾ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചു കൊണ്ടു പുറത്തിറക്കിയ ഉത്തരവുകളിൽ മുഴുവൻ ക്രമക്കേടാണ്. രണ്ടെണ്ണത്തിൽ സ്ഥലത്തിന്റെ കാര്യത്തിൽ പോലും അവ്യക്തത. കിൻഫ്രയിൽ ഇല്ലാത്ത സ്ഥലത്താണ് ബ്രൂവറി അനുവദിച്ചത്. കിൻഫ്രയിൽ ഭൂമി കൊടുത്തിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറയുന്നു. കൊടുത്തു എന്ന് പറഞ്ഞ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉത്തരവിറക്കുന്നു. ആരെയാണ് വിശ്വസിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.

എക്‌സൈസ് മന്ത്രിയോട് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾ

1. സംസ്ഥാനത്ത് 1999 മുതൽ നിർത്തി വച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസൻസ് നൽകൽ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരവിന്റെ പകർപ്പ് പുറത്തു വിടാമോ?

2. അബ്കാരി രംഗത്ത് ഏത് ലൈസൻസിനും ഒരു വർഷമാണ് കാലാവധി എന്നതിനാൽ സർക്കാരുകൾ വർഷാവർഷം മാർച്ച് 31 ന് മുൻപായി പുതുക്കിയ അബ്കാരി നയം പുറപ്പെടുവിക്കാറുണ്ട്. അതനുസരിച്ച് എപ്പോഴത്തെ അബ്കാരി നയമനുസരിച്ചാണ് സംസ്ഥാനത്ത് മൂന്ന് ബ്രുവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത്? ആ അബ്കാരി നയത്തിന്റെ പകർപ്പ് പരസ്യപ്പെടുത്താമോ?

3. 1999 മുതൽ നിലനിൽക്കുന്ന സുപ്രധാനമായ ഒരു നയം മാറ്റുമ്പോൾ ഭരണമുന്നണിയുടെ നയരൂപീകരണ സമിതിയായ ഇടതു മുന്നണി ഏകോപന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നോ?

4. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ വ്യതിയാനം വരുത്തുമ്പോൾ അക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കണമെന്ന റൂൾസ് ഓഫ് ബിസിനസിലെ സെക്ഷൻ 20 അനുസരിച്ചുള്ള നിബന്ധന ഇക്കാര്യത്തിൽ പാലിച്ചിട്ടുണ്ടോ? എങ്കിൽ ഏത് മന്ത്രിസഭാ യോഗത്തിലാണ് അക്കാര്യം ചർച്ച ചെയ്തത്?

5. ബ്രൂവറികളും ഡിസ്റ്റിലറിയും വൻതോതിൽ ജലം ഉപയോഗിക്കുന്നവയാണ്. ഓരോ ബ്രൂവറിക്കും എന്തു മാത്രം ജലം ആവശ്യമാണെന്നും ഇവ അനുവദിച്ച സ്ഥലങ്ങളിൽ ജലലഭ്യത ഉണ്ടോ എന്ന കാര്യത്തിൽ പഠനം നടത്തിയിട്ടുണ്ടോ? ഇത് സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ?

6. പുതുതായി ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ പോകുന്ന വിവരം ഇപ്പോൾ അവ ലഭിച്ച നാല് പേർ മാത്രം എങ്ങനെ അറിഞ്ഞു?

7.1975 ലെ കേരളാ ഫോറിൻ ലിക്കർ (കോംപൗണ്ടിങ്, ബ്‌ളെൻഡിങ് ആൻഡ് ബോട്ടിലിങ്) റൂൾ അനുസരിച്ച് അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ പളാൻ, മെഷിനറിയുടെ വിശദാംശം ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം ഉൾക്കൊള്ളിക്കണമെന്ന് നിബന്ധന ഉണ്ട്. ഇവിടെ അപേക്ഷകളിൽ അവ നൽകിയിട്ടുണ്ടോ? അനുമതി നൽകി കഴിഞ്ഞ സ്ഥിതിക്ക് ഇനി എക്‌സൈസ് കമ്മീഷണർ ലൈസൻസ് നൽകുന്നത് ഏറ്റവും ഒടുവിലത്തെ സാങ്കേതിക കാര്യം മാത്രമാണെന്ന വസ്തുത മന്ത്രി എന്തിനാണ് മറച്ചു വയ്ക്കുന്നത്?

8. ജി.ഒ.(ആർ.ടി) നമ്പർ 507/2018 / നികുതി വകുപ്പ് ആയി 12/7/2018 ലെ ഉത്തരവ് അനുസരിച്ച് ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് വിദേശ മദ്യത്തിന്റെ കോംപൗണ്ടിങ്, ബ്‌ളെൻഡിങ് ആൻഡ് ബോട്ടിലിങ് യൂണിറ്റ് തുടങ്ങാൻ തൃശ്ശൂർ ജില്ലയിൽ എവിടെയാണ് അനുമതി നൽകിയത്? ആ സ്ഥലത്തിന്റെ സർവ്വേ നമ്പർ വെളിപ്പെടുത്താമോ?

9. വിദേശ മദ്യത്തിന്റെ കോംപൗണ്ടിങ്, ബ്‌ളെൻഡിങ് ആൻഡ് ബോട്ടിലിങ് യൂണിറ്റ് തുടങ്ങാൻ ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപേക്ഷയിന്മേൽ തൃശ്ശൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എക്‌സൈസ് കമ്മീഷണർക്ക് ശുപാർശ നൽകിയിരുന്നോ? എങ്കിൽ അതിന്റെ പകർപ്പ് പുറത്തു വിടാമോ?

10. പുതുതായി ഡിസ്റ്റിലറികൾ അനുവദിക്കേണ്ടതില്ല എന്ന 1999 ലെ ഉത്തരവ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിന് പ്രാധാന്യമില്ലെന്നുമാണെങ്കിൽ 2006ലെ ഇടതു മുന്നണി സർക്കാരിന്റെ കാലത്ത് പോലും ആ ഉത്തരവ് അനുസരിച്ച് നിരവധി ഡിസ്റ്റിലറിക്കുള്ള അപേക്ഷകൾ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP