Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണിയെ നിലം തൊടീക്കില്ലെന്ന് ഉറപ്പിച്ച് സിപിഎമ്മും ബിജെപിയും; ബജറ്റ് അവതരണം ഉറപ്പുവരുത്താൻ ചാണക്യതന്ത്രം പ്രയോഗിക്കാൻ ഉറച്ച് ഉമ്മൻ ചാണ്ടി: മാർച്ച് 13ന് എന്തു സംഭവിക്കും?

മാണിയെ നിലം തൊടീക്കില്ലെന്ന് ഉറപ്പിച്ച് സിപിഎമ്മും ബിജെപിയും; ബജറ്റ് അവതരണം ഉറപ്പുവരുത്താൻ ചാണക്യതന്ത്രം പ്രയോഗിക്കാൻ ഉറച്ച് ഉമ്മൻ ചാണ്ടി: മാർച്ച് 13ന് എന്തു സംഭവിക്കും?

തിരുവനന്തപുരം: ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി കെ എം മാണിയെ അനുവദിക്കില്ല എന്നുറപ്പിച്ചു തന്നെയാണ് സിപിഎമ്മിന്റെ നീക്കങ്ങൾ. അടുത്ത വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനെത്തുന്ന മന്ത്രി മാണിക്കെതിരെ നിയമസഭാ മന്ദിരം കേന്ദ്രീകരിച്ച് പതിനായിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തിയാണ് സിപിഐ(എം) നേതൃത്വത്തിൽ ഇടതുമുന്നണി പ്രതിരോധ മാർച്ച് സംഘടിപ്പിക്കുക. പ്രതിരോധവുമായി ബിജെപിയും മുന്നിലുണ്ടാകുമെന്ന അറിയിപ്പു ലഭിച്ചതോടെ നിയമസഭാ മന്ദിരത്തിനു മുന്നിൽ സർവസന്നാഹവും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.

സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ മാതൃകയിൽ നിയമസഭാ മന്ദിരവും വളയുകയാണോ എന്നതുൾപ്പടെ സമരത്തിന്റെ വിശദാംശം വെളിപ്പെടുത്തിയിട്ടില്ല. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ഇടതു മുന്നണി കഴിയുന്ന വിധത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്ന് മാത്രമാണ് യോഗത്തിന് ശേഷം കൺവീനർ വൈക്കം വിശ്വൻ പറഞ്ഞത്. സമരത്തിന്റെ തന്ത്രങ്ങൾ മെനയാൻ കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, ഉഴവൂർ വിജയൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മാത്യു ടി തോമസ്, വൈക്കം വിശ്വൻ എന്നിവരടങ്ങിയ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. സമരത്തിന്റെ തന്ത്രങ്ങൾ ഇപ്പോഴേ നിശ്ചയിച്ചാൽ ചോരുമെന്നതിനാൽ അവസാനം നിശ്ചയിച്ചാൽ മതിയെന്നാണ് തീരുമാനം.

അതേസമയം, ബജറ്റ് അവതരണത്തിന് ഒരു തടസവും ഉണ്ടാകില്ല എന്ന ആത്മവിശ്വാസത്തിൽ തന്നെയാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹം കണ്ടെത്തിയ പ്രതിരോധ നടപടി എന്താണെന്ന് മന്ത്രിമാർക്കു പോലും അറിയില്ല.

ബജറ്റ് അവതരണ ദിവസം രാവിലെ 6 മണിക്ക് നിയമസഭാ മന്ദിരത്തിന് മുന്നിലെത്താനാണ് ഇടതുമുന്നണി പ്രവർത്തകരോട് നിർദ്ദേശിച്ചിട്ടുള്ളത്. തലേന്ന് രാത്രി ഉപസമിതി ചേർന്ന് സമരം എങ്ങനെ വേണമെന്ന് തീരുമാനിക്കും. നിയമസഭാ ഉപരോധത്തിന് പുറമെ, തിരുവനന്തപുരം ഒഴികെ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരോ സർക്കാർ ഓഫീസിലേക്ക് അന്ന് മാർച്ച് നടത്തി ഉപരോധിക്കും. 12ന് സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടത്തും.

ബാർ കോഴ വിവാദത്തിൽപ്പെട്ട മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കരുതെന്ന് ഇടതുമുന്നണി നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. മറ്റാരെക്കൊണ്ടെങ്കിലും ബജറ്റ് അവതരിപ്പിച്ചാലും മതി. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയ്ക്കത്തും പുറത്തും സമരം നടക്കുമെന്ന് വൈക്കം വിശ്വൻ അറിയിച്ചു.

ഇതിനിടെയാണ് ബിജെപിയും മാണിയുടെ ബജറ്റ് അവതരണത്തിനിടെ രംഗത്തു വന്നത്. ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചിട്ടും മന്ത്രിസഭയും യു.ഡി.എഫും കെ.എം.മാണിയെ സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ പറഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതു പോലെയാണ് സംസ്ഥാന ഭരണം. ബാർകോഴ കേസിൽ ആരോപണവിധേയനായ കെ.എം. മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ ബിജെപിയുടെ സംസ്ഥാന നേതാക്കൾ കഴിഞ്ഞ ദിവസം കൂട്ടസത്യാഗ്രഹം നടത്തിയിരുന്നു. 13ന് മാണി ബഡ്ജ?റ്റ് അവതരിപ്പിക്കുന്നതിനെ ഏതുവിധേനയും തടയുമെന്ന നിലപാടിലാണ് ബിജെപി. കൂട്ട സത്യാഗ്രഹം വരാനിരിക്കുന്ന ദീർഘമായ സമരപരിപാടികളുടെ തുടക്കമാണെന്ന് മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP