Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് വകുപ്പിലെ പർച്ചേസ് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ജുഡീഷ്യൽ കമ്മീഷൻ; നടപടി സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ; പഠനത്തോടൊപ്പം തൊഴിൽ നയത്തിന് അംഗീകാരം; പുനർഗേഹം പദ്ധതിക്ക് 200 കോടി; മെത്രാൻ കായൽ: ഉത്തരവ് റദ്ദാക്കി; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

പൊലീസ് വകുപ്പിലെ പർച്ചേസ് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ജുഡീഷ്യൽ കമ്മീഷൻ; നടപടി സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ;  പഠനത്തോടൊപ്പം തൊഴിൽ നയത്തിന് അംഗീകാരം; പുനർഗേഹം പദ്ധതിക്ക് 200 കോടി; മെത്രാൻ കായൽ: ഉത്തരവ് റദ്ദാക്കി; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാർത്ഥികൾക്ക് തൊഴിൽ എടുക്കാവുന്ന സംസ്‌കാരം വളർത്തിയെടുക്കുന്നത് നയമായി അംഗീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയിൽ ഉൾപ്പെട്ടതാണ് 'പഠനത്തോടൊപ്പം തൊഴിൽ'. ഇത്തരത്തിൽ ഒരു സംസ്‌കാരം വളർത്തിയെടുക്കുന്നതിന് സമയബന്ധിതമായി നടപടികൾ സർക്കാർ സ്വീകരിക്കും. പഠനത്തിന് തടസ്സം വരാത്ത രീതിയിൽ സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും ഒരു ധനകാര്യ വർഷത്തിൽ 90 ദിവസം വിദ്യാർത്ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ സംരംഭങ്ങളും വേതനത്തിനുവേണ്ടി വകയിരുത്തുന്ന തുകയുടെ 15 ശതമാനം പാർട്ട്‌ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഓണറേറിയം നൽകുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു.

പഠനത്തോടൊപ്പം തൊഴിൽ പദ്ധതിയുടെ നോഡൽ വകുപ്പായി തൊഴിലും നൈപുണ്യവും വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. പഠനത്തോടൊപ്പം പാർട്ട്‌ടൈം ജോലികൾ ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നത് ഭാവിയിൽ അവർക്ക് തൊഴിൽ പരിചയം നേടാനും തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും സഹായിക്കും. 18-നും 25-നും ഇടയ്ക്ക് പ്രായമുള്ള വിദ്യാർത്ഥികളുടെ സേവനമാണ് ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.

മഴമറയ്ക്ക് 75 ശതമാനം സബ്‌സിഡി

പുതുവർഷത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച 12 ഇന പരിപാടിയിലുൾപ്പെട്ട 'മഴമറകൾ' എന്ന പദ്ധതി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാൻ തീരുമാനിച്ചു. ഓരോ കൃഷിഭവനു കീഴിലും ചുരുങ്ങിയത് ഒരു മഴമറ ഉണ്ടാകും (ആകെ കുറഞ്ഞത് 1076 മഴമറകൾ). 75 ശതമാനം സബ്‌സിഡി നൽകിക്കൊണ്ട് 'ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന പച്ചക്കറിവികസന പദ്ധതിയിൻ കീഴിൽ ഇത് നടപ്പാക്കും.

വെണ്ട. വഴുതിന, ചീര, പയർ, തക്കാളി, കാബേജ്, പച്ചമുളക് മുതലായ പച്ചക്കറികളും ഇലവർഗ്ഗ പച്ചക്കറികളും മഴക്കാലത്തും കൃഷിചെയ്യാൻ മഴമറ സഹായിക്കും. സ്ഥലപരിമിതിയുള്ള സാഹചര്യത്തിൽ മട്ടുപ്പാവിലും മഴമറ സ്ഥാപിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഓരോ മഴമറയും 50 ചതുരശ്രമീറ്റർ മുതൽ 100 ചതുരശ്രമീറ്റർ വരെ വിസ്തൃതിയിൽ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരള പുനർനിർമ്മാണ പദ്ധതി

കേരള പുനർനിർമ്മാണ പരിപാടിയുടെ (ആർ.കെ.ഐ) ഉന്നതാധികാര സമിതി ശുപാർശ ചെയ്ത പദ്ധതികൾ ലോകബാങ്കിന്റെ വികസന വായ്പയിൽ നിന്ന് തുക കണ്ടെത്തി നടപ്പാക്കുന്നതിന് അംഗീകാരം നൽകാൻ തീരുമാനിച്ചു.

1.പ്രളയത്തിൽ തകർന്ന ശാർങ്ങക്കാവ് പാലം പുനർനിർമ്മിക്കുന്നതിന് 12.5 കോടി രൂപ.

2.ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഭിത്തികളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്ക് 1.5 കോടി രൂപ.

3.കുട്ടനാട്ടിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് മൂന്ന് പദ്ധതികൾ - 42.6 കോടി രൂപ.

4.മൃഗസംരക്ഷണ മേഖലയിലെ ഉപജീവന മാർഗങ്ങൾക്ക് 77 കോടി രൂപ.

5.കുടുംബശ്രീ, കേരള പൗൾട്രി ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ, ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി, മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ, കേരള വെറ്റിറിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി. എന്നിവ സഹകരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ കോഴിയിറച്ചി വിപണിയിലിറക്കുന്നതിനുള്ള കേരള ചിക്കൻ പദ്ധതി - 63.11 കോടി രൂപ.

6.പ്രളയസാധ്യതാ പ്രദേശങ്ങളിൽ കാലിത്തീറ്റ ഉൽപാദന ഹബ്ബുകൾ സ്ഥാപിക്കുന്നതിന് 5.4 കോടി രൂപ.

7.തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പ്രളയത്തിൽ തകർന്ന 195 കിലോമീറ്റർ റോഡ് പുനർനിർമ്മിക്കുന്നതിന് 67.9 കോടി രൂപ.

പുനർഗേഹം പദ്ധതിക്ക് 200 കോടി

തീരദേശ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിന് മത്സ്യബന്ധന തുറമുഖ വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതിക്ക് നടപ്പ് സാമ്പത്തിക വർഷം 200 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.

പൊലീസ് വകുപ്പിലെ പർച്ചേസ് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ജുഡീഷ്യൽ കമ്മീഷൻ

പൊലീസ് വകുപ്പിന്റെ പർച്ചേസുകൾക്കും സേവനകരാറുകൾക്കും പ്രത്യേകം മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചു. നിലവിൽ പൊലീസ്, ജയിൽ വകുപ്പുകളിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷനായ റിട്ട. ഹൈക്കോടതി ജഡ്ജി സി.എൻ. രാമചന്ദ്രൻ നായരെ ഈ കമ്മീഷന്റെ അധ്യക്ഷനായി നിയമിക്കും. മുൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരെ ഈ കമ്മീഷനിൽ അംഗങ്ങളായി ഉൾപ്പെടുത്തും.

പൊലീസ് വകുപ്പിലെ പർച്ചേസുകൾ മറ്റു വകുപ്പുകളിൽ നിന്ന് വ്യത്യസ്തവും സവിശേഷതകൾ ഉള്ളതുമാണ്. സുരക്ഷാ കാര്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പല പർച്ചേസുകളും പൊലീസ് വകുപ്പിന് നടത്തേണ്ടിവരുന്നത്. നിലവിലെ ചട്ടങ്ങൾ അക്ഷരാർത്ഥത്തിൽ പാലിക്കുന്നത് സുരക്ഷയുടെ കോണിൽ നിന്ന് നോക്കുമ്പോൾ പലപ്പോഴും കാലതാമസം വരുത്തുന്നതാണ്. സി.ആൻഡ് എജിയുടെ പരാമർശങ്ങൾക്കും ഇത് ഇടയാക്കുന്നുണ്ട്. ഇക്കാരണങ്ങളാൽ പൊലീസ് വകുപ്പിന്റെ പർച്ചേസുകൾക്കും സേവനങ്ങൾ സ്വീകരിക്കുന്ന കരാറുകൾക്കും പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കണമെന്ന് സർക്കാർ കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്.

ടി.എസ്‌പി പരിശോധിക്കാൻ കമ്മിറ്റി

സർക്കാർ വകുപ്പുകളിൽ പർച്ചേസുകൾ നടത്താനും സേവനകരാറുകൾ ഉറപ്പിക്കാനും ടോട്ടൽ സൊലുഷൻ പ്രൊവൈഡേഴ്‌സിനെ (ടിഎസ്‌പി) നിയോഗിക്കുന്ന രീതി സംബന്ധിച്ച് വിശദമായി പരിശോധന നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്ന് സീനിയർ സെക്രട്ടറിമാരുടെ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. ധനകാര്യം, ആഭ്യന്തരം വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാരും പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പിന്റെ സെക്രട്ടറിയും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ മുഖേനയാണ് ടിഎസ്‌പി രീതിയിൽ പർച്ചേസുകൾ നടത്തുന്നതും സേവനകരാറുകൾ ഉറപ്പിക്കുന്നതും. കെൽട്രോൺ, സിഡ്‌കോ എന്നീ സ്ഥാപനങ്ങൾ ടിഎസ്‌പിയായി പ്രവർത്തിച്ചിട്ടുള്ള കരാറുകൾ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിക്കാനും തീരുമാനിച്ചു.

കർഷകർക്ക് നഷ്ടപരിഹാരത്തിന് 26 കോടി

2018-ലെ പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരമായി നൽകാൻ ബാക്കിയുള്ള 26 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.

കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിൽ ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന 205 തസ്തികകൾ റദ്ദാക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു. ഭവനനിർമ്മാണ ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 2020 മാർച്ച് 28 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കാൻ തീരുമാനിച്ചു.

കിൻഫ്രയിലെ ഓഫീസർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

സംസ്ഥാന പിന്നോക്ക വികസന കമ്മീഷന്റെ ശുപാർശയനുസരിച്ച് ചക്രവർ സമുദായത്തെ എസ്.ഇ.ബി.സി പട്ടികയിൽ സക്രവർ (കാവതി) സമുദായത്തോടൊപ്പം ഉൾപ്പെടുത്താൻ തീരുമാനിച്ചു.

ഡിസൈൻ നയരേഖ രൂപീകരിക്കാൻ കമ്മിറ്റി

കേന്ദ്രസർക്കാരിന്റെ ഡിസൈൻ നയരേഖയുടെ പോരായ്മകളും കേരളത്തിന്റെ സവിശേഷതകളും പഠിച്ച് സംസ്ഥാനത്തിന് തനതായ ഡിസൈൻ നയരേഖ രൂപീകരിക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ കൺവീനറായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. തൊഴിൽ, തദ്ദേശസ്വയംഭരണം, ഐടി, പൊതുമരാമത്ത് വകുപ്പുകളുടെ സെക്രട്ടറിമാർ ഇതിൽ അംഗങ്ങളായിരിക്കും.

ഡിസൈനിങ്ങിൽ വിദഗ്ധ പരിശീലനവും ഗവേഷണവും നടത്താൻ ഉതകുന്ന മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഐടി വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. 2020-ൽ ആഗോളതലത്തിലുള്ള ഡിസൈൻ മേള കേരളത്തിൽ സംഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഐടി വകുപ്പിനെ ചുമതലപ്പെടുത്തി.

മെത്രാൻ കായൽ: ഉത്തരവ് റദ്ദാക്കി

കുമരകം വില്ലേജിലെ മെത്രാൻ കായൽ പാടശേഖരത്തിൽ ടൂറിസം പദ്ധതി നടപ്പാക്കാൻ റക്കിൻഡോ കുമരകം റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകിക്കൊണ്ട് 2016 മാർച്ച് 1 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചു. ടൂറിസം പദ്ധതിക്ക് നൽകാൻ തീരുമാനിച്ച സ്ഥലം നെൽകൃഷി ചെയ്തുവരുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.

നിയമനങ്ങൾ, മാറ്റങ്ങൾ

സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റിനിയമിക്കാൻ തീരുമാനിച്ചു. പിന്നോക്ക വികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് (അർബൻ) എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് പ്രിന്റിങ് ആൻഡ് സ്റ്റേഷനറി സെക്രട്ടറിയുടെയും സൈനികക്ഷേമ വകുപ്പ് സെക്രട്ടറിയുടെയും അധിക ചുമതല നൽകാൻ തീരുമാനിച്ചു.

അർബൻ അഫയേഴ്‌സ് ഡയറക്ടർ ആർ. ഗിരിജയെ സർവ്വെ ആൻഡ് ലാന്റ് റിക്കോർഡ്‌സ് ഡയറക്ടറായി മാറ്റിനിയമിക്കാൻ തീരുമാനിച്ചു. ഹൗസിങ് കമ്മീഷണറുടെയും ഹൗസിങ് ബോർഡ് സെക്രട്ടറിയുടെയും അധിക ചുമതല അവർ വഹിക്കും.

സഹകരണ രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീയെ പഞ്ചായത്ത് ഡയറക്ടറായി മാറ്റിനിയമിക്കാൻ തീരുമാനിച്ചു.

രജിസ്‌ട്രേഷൻ ഐജി ഡോ. എ. അലക്‌സാണ്ടറിനെ സഹകരണ രജിസ്ട്രാറായി മാറ്റി നിമിക്കാൻ തീരുമാനിച്ചു.

ജിഎസ്ടി ജോയിന്റ് കമ്മീഷണർ കെ. ഇമ്പാശേഖറിനെ രജിസ്‌ട്രേഷൻ ഐജിയായി മാറ്റി നിയമിക്കും.

ബി.എസ്.എൻ.എല്ലിൻ നിന്നു റിട്ടയേർഡ് ചെയ്ത എസ്. ഹരികുമാറിനെ ധനകാര്യവകുപ്പിൽ ചീഫ് ടെക്‌നിക്കൽ എക്‌സാമിനറായി നിയമിക്കാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP