Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് ഡിസിസി പുനഃസംഘടന: സുധീരന്റെ അടുപ്പക്കാരെ തടയാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് കൈകോർത്തു; മേധാവിത്വം പോകാതിരിക്കാൻ തയ്യാറാക്കുന്നത് അമ്പത് പേർ അടങ്ങിയ ജംബോ കമ്മിറ്റിയുടെ ലിസ്റ്റ്

കോഴിക്കോട് ഡിസിസി പുനഃസംഘടന: സുധീരന്റെ അടുപ്പക്കാരെ തടയാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് കൈകോർത്തു; മേധാവിത്വം പോകാതിരിക്കാൻ തയ്യാറാക്കുന്നത് അമ്പത് പേർ അടങ്ങിയ ജംബോ കമ്മിറ്റിയുടെ ലിസ്റ്റ്

എം പി റാഫി

കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഭാരവാഹി ലിസ്റ്റിൽ എ,ഐ ഗ്രൂപ്പുകളെ തഴഞ്ഞ് സുധീരൻ വിഭാഗത്തെ തിരുകിക്കയറ്റിയതിനെ ചൊല്ലി കോൺഗ്രസിൽ കലഹം. കോഴിക്കോട് ഡിസിസിയിൽ സ്വന്തക്കാരെ കയറ്റി വ്യക്തമായ പ്രതിനിധ്യം ഉറപ്പിക്കുന്നതിനായി കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായി അടുപ്പമുള്ള ചിലർ ശ്രമിക്കുന്നതായാണ് ഇരു ഗ്രൂപ്പുകളുടെയും ആക്ഷേപം. പുനഃസംഘടന നടത്തുന്നതിനായി കഴിഞ്ഞ ആറു മാസം മുമ്പ് തയ്യാറാക്കിയ ലിസ്റ്റിൽ 32 ഭാരവാഹികളുടെ പേരായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.

എന്നാൽ എ, ഐ ഗ്രൂപ്പുകൾ വീതം വെപ്പ് നടത്തി തയ്യാറാക്കിയ ലിസ്റ്റ് സുധീരൻ വിഭാഗത്തിനു വേണ്ടി വിപുലപ്പെടുത്തുകയായിരുന്നു. ഇപ്പോൾ അമ്പതോളം പേരുകളാണ് ഭാരവാഹി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോടിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരായ സുബ്രമണ്യൻ, കെ.പി അനിൽകുമാർ, ഡിസിസി പ്രസിഡന്റ് കെ.സി അബു എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായിട്ടായിരുന്നു അമ്പതു പേരടങ്ങുന്ന ഭാരവാഹി ലിസ്റ്റ് തയ്യാറാക്കിയത്.

എന്നാൽ യോഗ്യതയും പ്രവർത്തന പരിചയവും ഇല്ലാത്തവരാണ് സുധീരന്റെ അടുപ്പക്കാരെന്ന പേരിൽ മാത്രം ഭാരവാഹി സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ കോഴിക്കോട്ടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കലാപക്കൊടി ഉയർത്തും. വി എം സുധീരന്റെ വിശ്വസ്തനും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.പി അനിൽകുമാറാണ് സുധീരൻ ഗ്രൂപ്പിനു വേണ്ടി മുഖ്യ ചരടുവലി നടത്തുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷൻ സ്ഥാനാർത്ഥി നിർണയത്തിലും അനിൽ കുമാർ ഇഷ്ടക്കാരെ തിരുകാനുള്ള ശ്രമം നടത്തിയിരുന്നു.

ഇതിനായി സുധീരനിൽ നിന്നും പിന്തുണയും ലഭിച്ചതോടെ മറ്റു ഗ്രൂപ്പുകൾക്ക് ഇത് അംഗീകരിക്കേണ്ടി വരികയായിരുന്നു. എന്നാൽ കോർപ്പറേഷൻ സീറ്റ് തർക്കം പരസ്യമായ ഗ്രൂപ്പ് പോരുകളിലേക്കു വരെ എത്തുന്ന സ്ഥിതി കോഴിക്കോട്ടുണ്ടായി. ഗ്രൂപ്പില്ലാത്തവരെ ഉയർത്തുകയെന്നു കാണിച്ചാണ് സുധീരൻ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള അതീവ ശ്രമങ്ങൾ നടത്തുന്നതെന്നാണ് മറ്റു ഗ്രൂപ്പുകാരുടെ ആക്ഷേപം.

നേരത്തെ തയ്യാറാക്കി ഭാരവാഹി ലിസ്റ്റ് അട്ടിമറിച്ചായിരുന്നു പുതിയ ലിസ്റ്റിന് രൂപം നൽകിയത്. ഇതിൽ പ്രവർത്തന പരിചയമില്ലാത്തവരും പ്രവാസികളെയുമടക്കം ഗ്രൂപ്പ് വിപുലപ്പെടുത്താനായി സുധീരൻ വിഭാഗം തിരുകിക്കയറ്റിയെന്നത് വ്യക്തമാണ്. നിലവിൽ എ ഗ്രൂപ്പിന്-18, ഐ ഗ്രൂപ്പിന്-14, മൂന്ന് എംപിമാരുടെ പ്രതിനിധികൾ, പത്ത് സുധീരൻ നോമിനികൾ എന്നിങ്ങനെയാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. കെ.സി അബു വീണ്ടു പ്രസിഡന്റായി തുടരും. കൂടാതെ ഒരു ട്രഷററും ആറു വൈസ് പ്രസിഡന്റുമാരും ബാക്കി ജനറൽ സെ്ക്രട്ടറിമാരുമായിരിക്കും ഭാരവാഹികളിൽ ഉണ്ടാവുക.

എന്നാൽ 45ൽ അധികം പേരുടെ ജംബോ കമ്മറ്റിക്കാണ് ഇപ്പോൾ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഇ്ത് സാധാരണ കോൺഗ്രസ് പ്രവർത്തരിൽ പോലും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സുധീരൻ നോമിനികളായി ലിസ്റ്റിൽ ഇടം പിടിച്ചവരെ ഒഴിവാക്കാനുള്ള നീക്കങ്ങളും ജില്ലയിലെ പ്രമുഖ എ, ഐ ഗ്രൂപ്പ് നേതാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ലിസ്റ്റ് കെപിസിസി പ്രസിഡന്റിനു വീടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് സുധീരന്റെ സാന്നിധ്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്നാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ പ്രസിഡന്റിന്റെ ഈ നിർദ്ദേശം ഇരു ഗ്രൂപ്പുകളും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. തങ്ങളുടെ ഗ്രൂപ്പുകാരെ തഴഞ്ഞ്് സ്വന്തക്കാരെ നിലനിർത്താനുള്ള തന്ത്രമാണ് ഇതിന്റെ പിന്നിലെന്നാണ് ഇരുഗ്രൂപ്പുകാരുടെയും ആരോപണം.

അതേസമയം എ, ഐ ഗ്രൂപ്പുകാർക്ക് വീതിച്ചു നൽകിയതും ഗ്രൂപ്പിനകത്തെ ഉപ ഗ്രൂപ്പുകൾക്ക് വീണ്ടും വീതം വെയ്‌പ്പ് നടത്തിയതുമാണ് ജംബോ കമ്മിറ്റിയിൽ എത്താൻ ഇടയാക്കിയതെന്ന് സുധീരൻ വിഭാഗക്കാർ പറഞ്ഞു. ഐഗ്രൂപ്പിനുള്ളിലെ വിവിധ ഗ്രൂപ്പുകളും ഉപ ലേബലുകളും അവകാശ വാദമുന്നയിച്ചതോടെ ഭാരവാഹി ലിസ്റ്റിൽ സമവായമുണ്ടാക്കുന്നതിന് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ഐ ഗ്രൂപ്പിന്റെ ഏകോപനത്തിനായി രമേശ് ചെന്നിത്തല ഇടപെട്ട് പ്രശ്‌ന പരിഹാര ശ്രമങ്ങൾ നടത്തിയിരുന്നു. ക്രിത്യമായ പ്രതിനിധ്യം വേണമെന്നും തങ്ങളുടെ ഒഴിവ് മറ്റാർക്കും നൽകില്ലെന്നും വ്യക്തമാക്കി എ ഗ്രൂപ്പും ഉറച്ചു നിന്നു.

എന്നാൽ സുധീരൻ വിഭാഗക്കാർ കൂടുതൽ പിടിമുറുക്കുകയും ഇരു ഗ്രൂപ്പുകളും വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വന്നതോടെ അമ്പത് പേരടങ്ങുന്ന ജംബോ കമ്മിറ്റിയുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. അമ്പത് പേർ ഭാരവാഹികൾ മത്രമാണ്. ഇതിനു പുറമെ 25 പേരുടെ പ്രവർത്തക സമിതി അംഗങ്ങളുടെ ലിസ്റ്റുകൂടി വേറെയുണ്ട്. ഇങ്ങനെ വന്നാൽ 75ഓളം പേരടങ്ങുന്നതാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പൂർണ രൂപമെന്ന് ചേർത്ത് വായിക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP