Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമവായമുണ്ടാകുന്നില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കുമെന്ന് ജോസ് കെ മാണി; സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് മറ്റ് കമ്മിറ്റികൾ വിളിക്കണമെന്ന് പി ജെ ജോസഫ്; വിഭാഗീയത അനുവദിക്കില്ലെന്ന ജോസ് കെ മാണിയുടെ കർശന നിലപാടിന് മുന്നിൽ വഴങ്ങണോ വഴിപിരിയണോ എന്ന് ഇനിയും തീരുമാനിക്കാനാകാതെ പി ജെ ജോസഫ്

സമവായമുണ്ടാകുന്നില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കുമെന്ന് ജോസ് കെ മാണി; സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് മറ്റ് കമ്മിറ്റികൾ വിളിക്കണമെന്ന് പി ജെ ജോസഫ്; വിഭാഗീയത അനുവദിക്കില്ലെന്ന ജോസ് കെ മാണിയുടെ കർശന നിലപാടിന് മുന്നിൽ വഴങ്ങണോ വഴിപിരിയണോ എന്ന് ഇനിയും തീരുമാനിക്കാനാകാതെ പി ജെ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ എം മാണിയുടെ മരണത്തെ തുടർന്ന് കേരള കോൺഗ്രസിൽ ഉടലെടുത്ത അധികാര തർക്കം രൂക്ഷമാകുന്നു. ചെയർമാൻ സ്ഥാനം സംബന്ധിച്ച് സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് നിലപാട് കടുപ്പിച്ച് ജോസ് കെ മാണി. പാർട്ടിയെ സ്‌നേഹിക്കുന്നവർ വിഭാഗീയ പ്രവർത്തനം നടത്തില്ലെന്ന് ജോസ് കെ മാണി വിശദമാക്കി. വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ജോസ് കെ മാണി നൽകുന്നത്.

അതേസമയം സംസ്ഥാന കമ്മറ്റിക്ക് മുമ്പ് മറ്റ് കമ്മറ്റികൾ വിളിക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യത്തിൽ തെറ്റില്ലെന്നും തർക്കം സമവായത്തിലൂടെ പരിഹരിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

പാർട്ടി ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണമാണ് പുതിയ അധ്യക്ഷനെയും പാർലമെന്ററി പാർട്ടി ലീഡറെയും കണ്ടെത്തുന്നതിലേക്ക് പാർട്ടിയെ എത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാർ മാണി വിഭാഗത്തിനൊപ്പമാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയോഗം ചേർന്നാണ് ചെയർമാനെ കണ്ടെത്തേണ്ടത്. ഈ കമ്മിറ്റിയിലുൾപ്പെടെ പാർട്ടിയിലെ നിർണായക സ്ഥാനങ്ങളിലെല്ലാം മാണി വിഭാഗത്തിനാണ് ആധിപത്യം. പാർട്ടി ചെയർമാന് പുറമേ പാർലമെന്ററി പാർട്ടി ലീഡറെയും തിരഞ്ഞെടുക്കേണ്ടതുണ്ട്.

പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനെ ചെയർമാനാക്കണമെന്ന ആവശ്യം അദ്ദേഹത്തിനൊപ്പമുള്ളവർ ഉന്നയിച്ചിട്ടുണ്ട്. ഇത് നടക്കില്ലെന്ന സൂചന ജോസ് കെ മാണി നൽകി കഴിഞ്ഞു. പാലായിൽ യൂത്ത് ഫ്രണ്ട് നടത്തിയ കെ.എം. മാണി അനുസ്മരണത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ജോയ് എബ്രഹാം നടത്തിയ പ്രതികരണം ശ്രദ്ധനേടി. പാർട്ടി ചെയർമാന്റെ അഭാവത്തിൽ വർക്കിങ് ചെയർമാനായ പി.ജെ. ജോസഫിന് തീരുമാനങ്ങളെടുക്കാൻ കഴിയുമെന്നായിരുന്നു ഈ പ്രതികരണം. എന്നാൽ, താൻ പാർട്ടി ഭരണഘടന വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്ന് ജോയ് എബ്രഹാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് മാറിയെന്ന പ്രചാരണം നടത്തുന്നത് ചില കുബുദ്ധികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി അനുഭാവ പ്രസിദ്ധീകരണമായ 'പ്രതിച്ഛായ'യിൽ പ്രസിദ്ധീകരിച്ച ലേഖനം തർക്കങ്ങളുടെ വ്യക്തമായ സൂചനയായി. പ്രതിസന്ധി ഘട്ടത്തിൽ പി.ജെ. ജോസഫ്, കെ.എം. മാണിയെ കൈവിട്ടെന്ന വിമർശം ലേഖനത്തിലുണ്ടായിരുന്നു. പാലായിലും ജോസ് കെ മാണിക്ക് താൽപ്പര്യമുള്ളവർ തന്നെ മത്സരിക്കും. കെ.എം.മാണി വഹിച്ചിരുന്ന ചെയർമാൻ, ലീഡർ പദവികൾ രണ്ടും മാണി ഗ്രൂപ്പിനു തന്നെ അവകാശപ്പെട്ടതാണെന്ന അഭിപ്രായത്തിലാണ് ആ വിഭാഗം.

മാണി-ജോസഫ് ലയനത്തിനു മുൻപു ചെയർമാൻ സി.എഫ്.തോമസും മാണി പാർട്ടി ലീഡറും എന്ന നിലയിലാണ് അധികാരം പങ്കിട്ടത്. ജോസഫ് വന്നപ്പോൾ മാണി ചെയർമാനായി, നിയമസഭയിൽ ജോസഫിനു കീഴിലല്ല, അദ്ദേഹത്തിന്റെ സ്ഥാനം എന്നതുകൊണ്ടു മാണി തന്നെ ലീഡറുമായി. പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും സി.എഫ്. തോമസ് ഡപ്യൂട്ടി ലീഡറുമായി. ഇപ്പോൾ മാണിയുടെ അസാന്നിധ്യത്തിൽ ചെയർമാൻ, ലീഡർ പദവികൾ രണ്ടുപേർക്കാകും. ഇത് രണ്ടും പിടിച്ചെടുക്കാനാണ് ജോസഫിന്റെ നീക്കം.

മാണിയുടെ സ്വാഭാവിക പിൻഗാമി ജോസ് കെ. മാണിയാണെന്നു തന്നെ വിശ്വസിക്കുന്ന പാർട്ടിയിലെ വലിയ വിഭാഗം ഇതിനോടു യോജിക്കുന്നില്ല. ഇത് കേരളാ കോൺഗ്രസിലെ പുതിയൊരു പിളർപ്പിന് വഴിയൊരുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പിജെ ജോസഫിന് യുഡിഎഫ് വിടേണ്ടി വരുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ ജോസഫിനെ ഒപ്പം കൂട്ടാൻ ഇടതുപക്ഷം തയ്യാറായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP