Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തോലിക്കാ കോൺഗ്രസിലൂടെ രാഷ്ട്രീയ ഇടപെടൽ ലക്ഷ്യമാക്കി സീറോ മലബാർ സഭയും; സമുദായം രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് മാർ ആലഞ്ചേരിയുടെ ഇടയലേഖനം

കത്തോലിക്കാ കോൺഗ്രസിലൂടെ രാഷ്ട്രീയ ഇടപെടൽ ലക്ഷ്യമാക്കി സീറോ മലബാർ സഭയും; സമുദായം രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് മാർ ആലഞ്ചേരിയുടെ ഇടയലേഖനം

കൊച്ചി: കേരളാ രാഷ്ട്രീയത്തിൽ എല്ലാകാലത്തും സാമുദായിക ഇടപെടൽ ഉണ്ടായിട്ടുണ്ട്. മന്ത്രിമാരെ നിശ്ചയിക്കാനും സ്ഥാനാർത്ഥി നിർണയത്തിലുമൊക്കെ ഈ പരിഗണന കടന്നുവരുന്നു. ഇങ്ങനെയുള്ള രാഷ്ട്രീയപാർട്ടികളിൽ സാമുദായിക സംഘടനകൾ നടത്തുന്ന ഇടപെടലിൽ എതിർപ്പുള്ള ഒരുവിഭാഗം യുവ നേതാക്കളും വളർന്നു വരുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ പ്രസ്‌ക്തി നഷ്ടമാകരുത് എന്ന പക്ഷക്കാരനാണ് സീറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സഭ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പള്ളികളിൽ വായിക്കുന്ന ഇടയലേഖനത്തിലാണ് രാഷ്ട്രീയ, സാമൂഹിക ഇടപെടലിന് സഭ തയ്യാറാകുമെന്ന വ്യക്തമാക്കിയത്.

അന്യസമുദായങ്ങളെല്ലാം രാഷ്ട്രീയത്തിൽ പരസ്യമായി ഇടപെടുന്ന സാഹചര്യത്തിലാണ് സഭയും രാഷ്ട്രീയത്തിൽ ഇടപെടണമെന്ന് ആഹ്വാനം ചെയ്യുന്ന പുതിയ ഇടലേഖനം പുറത്തുവന്നത്. സമുദായ സംഘടനകളുടെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചു സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്ന വേളയിലാണു ഇക്കാര്യം സഭ അർഥശങ്കയില്ലാത്ത വിധം നിലപാടു വ്യക്തമാക്കുന്നതെന്നാണ് അഭിപ്രായപ്പെടുന്നത്. സഭയുടെ അൽമായ പ്രസ്ഥാനമായ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പരാമർശിക്കുന്ന ഭാഗത്താണു സമുദായ സംഘടനകൾ സ്വീകരിക്കേണ്ട നിലപാടിനെപ്പറ്റി പറയുന്നത്. കത്തോലിക്കാ കോൺഗ്രസിനെ കടുതൽ ശക്തിപ്പെടുത്തി രാഷ്ട്രീയ ഇടപെടൽ ലക്ഷ്യമിട്ടുകൊണ്ടാണ് മാർ ആലഞ്ചേരിയുടെ ഇടയലേഖനം.

അന്യസമുദായങ്ങൾ അവരുടെ സമൂഹങ്ങലെ ശക്തിപ്പെടുത്തി അവശതയനുഭവിക്കുന്നവരെ അർഹിക്കുന്ന പരിഗണനയും സഹായവും കൊടുത്തു പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതുവഴി രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കു ചേരുകയാണു ചെയ്യുന്നതെന്ന് ഇടയലേഖനം തുടരുന്നു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങൾക്കു സഭയുടേതായ സാക്ഷ്യം നൽകാൻ അൽമായർക്കു സാധിക്കണം.

വ്യക്തികൾ സ്വന്തം നിലയിൽ പ്രവർത്തിക്കുന്നതിനേക്കാൾ കൂടുതൽ ഫലം സംഘ പ്രവർത്തനങ്ങളിലൂടെ ഉളവാകും. മനുഷ്യ മഹത്വം ഉയർത്താനും മൂല്യബോധം വളർത്താനും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. തൊണ്ണൂറു വർഷത്തിലേറെ ചരിത്രമുള്ള കത്തോലിക്ക കോൺഗ്രസ് സഭാ നേതൃത്വത്തിന്റെ സജീവ പിന്തുണയോടെ നവോന്മേഷം വീണ്ടെടുത്തിരിക്കുകയാണെന്നു പറയുന്ന ഇടയലേഖനം, സമുദായാംഗങ്ങളും പ്രായപൂർത്തിയായവരുമായ എല്ലാ സ്ത്രീപുരുഷന്മാർക്കും സംഘടനയിൽ അംഗത്വമെടുക്കാവുന്നതാണെന്നും നിർദേശിക്കുന്നു.

ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടിലെയും തീരദേശ സംരക്ഷണ നിയമത്തിലെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും റബർ വിലയിടിവിനെതിരെയും കത്തോലിക്ക കോൺഗ്രസ് ഉയർത്തിയ ശബ്ദം ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റാൻ ഇടയാക്കിയെന്നും ഇടയലേഖനം പറയുന്നു. കത്തോലിക്കാ കോൺഗ്രസിലൂടെ സജീവമായ രാഷ്ട്രീയ ഇടപെടൽ ലക്ഷ്യമിട്ടാണ് സഭയുടെ ഇടയലേഖനമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായാണ് തൃശ്ശൂർ മെത്രാൻ കോൺഗ്രസിനെ വിമർശിച്ച് കത്തെഴുതിയതും എന്നാണ് അറിയുന്നത്. ഇടുക്കിയിൽ കത്തോലിക്കാ സഭയുടെ രാഷ്ട്രീയമാണ് വിജയിച്ചതെന്ന അഭിപ്രായമാണ് സഭാ നേതത്വത്തിന് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP