Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സജി ചെറിയാനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ചരടുവലിച്ച് സിപിഎമ്മിലെ ഒരു വിഭാഗം; സുജാതയെ പരീക്ഷിക്കണമെന്ന് മറുവിഭാഗവും; വിഷ്ണുനാഥ് ഒഴിഞ്ഞതോടെ കോൺഗ്രസ് പരിഗണിക്കുന്നവരിൽ മുമ്പിൽ എം മരുളി; വിജയകുമാറിനെ ഉയർത്തിക്കാട്ടി ബിജെപിയെ നേരിടാമെന്ന ആത്മവിശ്വാസവുമായി മറ്റൊരു കൂട്ടർ; ശ്രീധരൻപിള്ളയെ തന്നെ ഇറക്കിയാലും വൻതോതിൽ വോട്ട് കുറയുമെന്ന് ഭയന്ന് ബിജെപി

സജി ചെറിയാനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ചരടുവലിച്ച് സിപിഎമ്മിലെ ഒരു വിഭാഗം; സുജാതയെ പരീക്ഷിക്കണമെന്ന് മറുവിഭാഗവും; വിഷ്ണുനാഥ് ഒഴിഞ്ഞതോടെ കോൺഗ്രസ് പരിഗണിക്കുന്നവരിൽ മുമ്പിൽ എം മരുളി; വിജയകുമാറിനെ ഉയർത്തിക്കാട്ടി ബിജെപിയെ നേരിടാമെന്ന ആത്മവിശ്വാസവുമായി മറ്റൊരു കൂട്ടർ; ശ്രീധരൻപിള്ളയെ തന്നെ ഇറക്കിയാലും വൻതോതിൽ വോട്ട് കുറയുമെന്ന് ഭയന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത്-വലതു മുന്നണികൾക്ക് ഇനിയും സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കഴിയുന്നില്ല. സിപിഎം സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്നത് ജില്ലാ സെക്രട്ടറിയായ സജി ചെറിയാൻ പേരാണ്. ഇതിനൊപ്പം മുൻ എംപി സുജാതയും. കോൺഗ്രസ് ക്യാമ്പിലും അന്തിമ തീരുമാനം ഉണ്ടാകുന്നില്ല. പിസി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആഗ്രഹിച്ചിരുന്നത്. എന്നാൽ മത്സരത്തിൽ നിന്ന് വിഷ്ണുനാഥ് അപ്രതീക്ഷിതമായി പിന്മാറുന്നത് കോൺഗ്രസിന് വെല്ലുവിളിയായി. മാവേലിക്കരയിലെ മുൻ എംഎൽഎ എം മുരളിക്കാണ് പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനം. പക്ഷേ അയ്യപ്പസേവാ സംഘം നേതാവ് വിജയകുമാറിനായും ചരടുവലികൾ സജീവമാണ്.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ചെങ്ങന്നൂർ. രാമചന്ദ്രൻ പിള്ളയുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്. അതുകൊണ്ട് തന്നെ സിപിഎമ്മിന് സീറ്റ് ജയിച്ചേ മതിയാകൂ. മഞ്ജു വാര്യരെ പോലും സ്ഥാനാർത്ഥിയായി സിപിഎം പരിഗണിച്ചിരുന്നു. എന്നാൽ മത്സരത്തിനില്ലെന്ന് മഞ്ജു അറിയിക്കുകയായിരുന്നു. സജി ചെറിയാന്റെ സ്വന്തം സ്ഥലമാണ് ചെങ്ങന്നൂർ. അതുകൊണ്ട് തന്നെ ഇവിടെ മത്സരിക്കണമെന്ന് സജി ചെറിയാന് അതിയായ ആഗ്രഹമുണ്ട്. എന്നാൽ നായർ വോട്ടുകളുടെ മുൻതൂക്കം സജി ചെറിയാൻ തടസ്സമാണ്. മുൻ എംപി സുജാതയെ മത്സരിപ്പിക്കണമെന്നാണ് സിപിഎമ്മിലെ മറ്റൊരു വിഭാഗത്തിന്റെ താൽപ്പര്യം. എന്നാൽ വി എസ് അച്യുതാനന്ദനുമായി ഏറെ അടുപ്പമുള്ള സുജാതയോട് ഔദ്യോഗിക വിഭാഗത്തിന് വലിയ താൽപ്പര്യമില്ല.

ചെങ്ങന്നൂരിലെ പ്രാദേശിക നേതാവായിരുന്നു രാമചന്ദ്രൻ നായർ. ഈ സ്വാധീനമാണ് രാമചന്ദ്രൻ നായരെ വിജയത്തിലേക്ക് എത്തിച്ചതും. ഈ മാതൃകയിൽ ചെങ്ങന്നൂരിൽ അറിയപ്പെട്ടുന്ന പി വിശ്വംഭരപണിക്കരെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായവും സജീവമാണ്. അങ്ങനെ സജി ചെറിയാനും സുജാതയും വിശ്വംഭര പണിക്കരും സ്ഥാനാർത്ഥിയാകാൻ സാധ്യതയുമായി ഇടത് പട്ടികയിലുണ്ട്. ഇതിൽ ഒരാളെ തെരഞ്ഞെടുക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകും. മന്ത്രിമാരെ നിറച്ചുള്ള പ്രചരണം ചെങ്ങന്നൂരിൽ സജീവമാക്കാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്. എന്നാൽ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമല്ലെന്ന ആശങ്ക സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്.

വിഷ്ണുനാഥിന്റെ പിന്മാറ്റം കോൺഗ്രസിനേയും വെട്ടിലാക്കി. ബിജെപിക്ക് ഇത്തവണ വോട്ട് കുറയുമെന്നും വിഷ്ണുനാഥിലൂടെ വീണ്ടും ജയിച്ചു കയറാമെന്നും പ്രദേശിക നേതൃത്വം കണക്ക് കൂട്ടിയിരുന്നു. ഇതാണ് വിഷ്ണുനാഥിന്റെ തീരുമാനത്തോടെ പൊളിഞ്ഞത്. മാവേലിക്കരയുടെ മുൻ എംഎൽഎ എം മുരളി ജനകീയനായ നേതാവാണ്. മാവേലിക്കര സംവരണ മണ്ഡലമായതോടെ സീറ്റ് നഷ്ടമായി. മുരളി ചെങ്ങന്നൂരിൽ സജീവമായി പ്രവർത്തിക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ മുരളി തന്നെയാണ് മികച്ച സ്ഥാനാർത്ഥിയെന്ന് കോൺഗ്രസിലെ വലിയൊരു വിഭാഗം കണക്ക് കൂട്ടുന്നു. എ ഗ്രൂപ്പ് നേതാവുമാണ് മുരളി. എന്നാൽ പ്രാദേശിക തലത്തിൽ അതി ശ്ക്തനായ എ ഗ്രൂപ്പ് നേതാവ് എബി കുര്യാക്കോസാണ്. അദ്ദേഹത്തിന്റെ പേരും എ ഗ്രൂപ്പ് ചർച്ചയാക്കുന്നുണ്ട്.

യുഡിഎഫ് ഭരണകാലത്ത് എബിയെ വിവരാവകാശ കമ്മീഷണറാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അത് നടന്നില്ല. ഇതോടെ ഉമ്മൻ ചാണ്ടിയിൽ നിന്ന് അകന്ന് എബി വി എം സുധീരനൊപ്പം നിന്നു. ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ അനുനയ തന്ത്രത്തിൽ വീണ് എബി എഗ്രൂപ്പിനൊപ്പമുണ്ട്. അതിനാൽ എബിക്ക് സീറ്റ് നൽകിയാലോ എന്ന ചിന്ത ചില ഗ്രൂപ്പ് മാനേജർമാർക്കുണ്ട്. ഇവിടേയും സാമുദായിക സമവാക്യം മുരളിക്ക് അനുകൂലമാണ്. യു.ഡി.എഫിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരിൽ അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി.വിജയകുമാറിന്റെ പേരുമുണ്ട്. പലവട്ടം പട്ടികയിൽവന്നു തള്ളിപ്പോയ പേരാണ് വിജയകുമാറിന്റേത്. ജനകീയനായ കോൺഗ്രസ് നേതാവായി നിൽക്കുമ്പോഴും അദ്ദേഹം ക്ഷേത്രങ്ങൾ, എൻ.എസ്.എസ്., പള്ളിയോടം, വിവിധ സമുദായങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മണ്ഡലത്തിൽ സജീവമാണ്. സംഘപരിവാർ അനുഭാവി വോട്ടുകളിലും വിജയകുമാറിന് സ്വാധീനം ചെലുത്താനാകും. കോൺഗ്രസിലെ ഹൈന്ദവ മുഖമാണ് വിജയകുമാറിന്റേത്.

ചെങ്ങന്നൂരുകാരൻ എന്ന വികാരം ആളിക്കത്തിച്ചാണ് കഴിഞ്ഞ തവണ ശ്രീധരൻ പിള്ള വമ്പൻ മുന്നേറ്റം ബിജെപിക്കായി നടത്തിയത്. എന്നാൽ ആ തെരഞ്ഞെടുപ്പിന് ശേഷം ചെങ്ങന്നൂരുകാർ ശ്രീധരൻ പിള്ളയെ കണ്ടിട്ടില്ല. ചെങ്ങന്നൂരാണ് ജനിച്ചതെങ്കിലും ശ്രീധരൻ പിള്ളയുടെ താമസം കോഴിക്കോട്ടാണ്. കർമ്മ മണ്ഡലം കൊച്ചിയിലും. കേരളത്തിലെ തിരിക്ക് പിടിച്ച ക്രിമിനൽ അഭിഭാഷകനാണ് ശ്രീധരൻ പിള്ള. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശ്രീധരൻ പിള്ള കേസുകളുടെ തിരക്ക് മൂലം ബിജെപിയുടെ നേതൃയോഗത്തിൽ പോലും സ്ഥിരമായി എത്താറില്ല. ഈ തിരിക്ക് കാരണം തെരഞ്ഞെടുപ്പിന് ശേഷം ചെങ്ങന്നൂരിലും പിള്ള എത്തിയില്ലെന്നതാണ് വസ്തുത. എന്നിട്ടും ശ്രീധരൻ പിള്ളയെ ബിജെപി സ്ഥാനാർത്ഥിയാക്കി. കഴിഞ്ഞ തവണ ബിജെപി. സ്ഥാനാർത്ഥിയായി പി.എസ്.ശ്രീധരൻപിള്ള നേടിയ 42,000 വോട്ടുകൾ സംഘടനയുടെ വലിയ നേട്ടമായിരുന്നു. അത് നിലനിർത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ഇത് കുറയുമെന്ന ആശങ്ക ബിജെപിയിൽ സജീവമാണ്.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായർ എംഎൽഎയുടെ നിര്യാണത്തെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പറ്റിയ സ്ഥാനാർത്ഥികൾക്കായി കോൺഗ്രസും സിപിഎമ്മും തലപുകയ്ക്കുന്നതിനിടെയാണ് ബിജെപി അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കഴിഞ്ഞതെരഞ്ഞെടുപ്പിലും ശ്രീധരൻ പിള്ളയായിരുന്നു ബിജെപി. സ്ഥാനാർത്ഥി. ബി.ഡി.ജെ.എസ്. പിന്തുണയോടെ 42,682 വോട്ട് നേടിയ എൻ.ഡി.എ. മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്ത് കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനു 44,897 വോട്ടും വിജയിച്ച രാമചന്ദ്രൻ നായർക്ക് 52,880 വോട്ടും ലഭിച്ചു. 2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ. ഇതു കൊണ്ടാണ് ശ്രീധരൻ പിള്ള വീണ്ടും മത്സരിക്കാനെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP