Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ഭേദഗതി നിയമം റദ്ദാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കിയപ്പോൾ ബിജെപി അംഗം പോലും എതിർത്തില്ല; ഈ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാ പരമായോ നിലനിൽപ്പുമില്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പരസ്യമായി പ്രഖ്യാപിച്ചത് അനുചിതം; ഗവർണ്ണറെ മടക്കി വിളിക്കാൻ പ്രതിപക്ഷ നേതാവ് ഉയർത്തുന്നത് രാജഗോപാലിന്റെ മൗനം; ആരിഫ് മുഹമ്മദ് ഖാനെ തളയ്ക്കാൻ ബിജെപിയെ കൂട്ടുപിടിച്ച് ചെന്നിത്തല

പൗരത്വ ഭേദഗതി നിയമം റദ്ദാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കിയപ്പോൾ ബിജെപി അംഗം പോലും എതിർത്തില്ല; ഈ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാ പരമായോ നിലനിൽപ്പുമില്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പരസ്യമായി പ്രഖ്യാപിച്ചത് അനുചിതം; ഗവർണ്ണറെ മടക്കി വിളിക്കാൻ പ്രതിപക്ഷ നേതാവ് ഉയർത്തുന്നത് രാജഗോപാലിന്റെ മൗനം; ആരിഫ് മുഹമ്മദ് ഖാനെ തളയ്ക്കാൻ ബിജെപിയെ കൂട്ടുപിടിച്ച് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയും നിയമസഭയെ അവഹേളിക്കുകയും സഭയുടെ അന്തസ്സിനെ പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്യുന്ന സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മടക്കി വിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം നിയമസഭയിൽ കൊണ്ടു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി നിയമസഭാ ചട്ടം 130 പ്രകാരം സ്പീക്കർക്ക് നോട്ടീസ് നൽകും.

പാർലമെന്റ് പാസ്സാക്കിയ 2019 ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ 31.12.19ൽ കേന്ദ്ര സർക്കാരിനോട് പ്രമേയം വഴി ഏകകണ്ഠമായി അഭ്യർത്ഥിക്കുകയുണ്ടായി. സഭയിലെ ബിജെപി അംഗം പോലും ഇതിനെ എതിർത്ത് വോട്ട് ചെയ്തിരുന്നില്ല. എന്നാൽ ഈ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാ പരമായോ യാതൊരു നിലനിൽപ്പുമില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവർണർ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രമേയം പാസ്സാക്കുക വഴി നിയമസഭ അതിന്റെ സമയവും സംസ്ഥാനത്തെ ജനങ്ങളുടെ നികുതിപ്പണവും പാഴാക്കുകയാണെന്നും ഗവർണർ പറയുകയുണ്ടായി. ഇത് തികച്ചും അനുചിതമായ നടപടിയാണ്. സ്പീക്കറുടെ അനുമതിയോടെ സഭ ചർച്ച ചെയ്ത് ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തെ നിയമസഭയുടെ ഭാഗം കൂടിയായ സ്പീക്കർ പരസ്യമായി തള്ളിപ്പറഞ്ഞതിലൂടെ സഭയുടെ അന്തസ്സിനെ ചോദ്യം ചെയ്യുകയും അതിലൂടെ സഭയുടെ പ്രത്യേക അധികാര അവകാശങ്ങളെ ഹനിക്കുകയുമാണ് ഗവർണർ ചെയ്തിരിക്കുന്നതെന്ന് ചെന്നിത്തല പറയുന്നു.

ഇവിടെ ബിജെപി അംഗം രാജഗോപാലിന്റെ പിന്തുണയാണ് ചെന്നിത്തല ഉയർത്തിക്കാട്ടുന്നത്. പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാതെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയാണ് രാജഗോപാൽ ചെയ്തത്. താൻ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ പിന്നീട് പറയുകയും ചെയ്തു. ഇത് വീണ്ടും ചർച്ചയാക്കുകയാണ് ചെന്നിത്തല. കേരളത്തിലെ ബിജെപിക്ക് പോലും ഇല്ലാത്ത അഭിപ്രായമാണ് ഗവർണ്ണർ നടത്തുന്നതെന്ന വിമർശനമാണ് ചെന്നിത്തല ഉന്നയിക്കുന്നത്.

കേന്ദ്രം നിർമ്മിക്കുന്ന ഏത് നിയമത്തിലും അഭിപ്രായം പറയാനുള്ള അധികാരം നിയമസഭയ്ക്കുണ്ട്. നിയമസഭ സംസ്ഥാനത്തെ ജനങ്ങളാൽ തിരഞ്ഞടുക്കപ്പെടുന്ന ജനപ്രതിനിധികൾ അടങ്ങുന്ന സഭയായാണ്. ആ സഭ ഏകകണ്ഠമായി പാസ്സാക്കുന്ന പ്രമേയം സംസ്ഥാനത്തെ ജനങ്ങളുടെ അഭിപ്രായത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സഭയുടെ നടപടികളിൽ അതൃപ്തിയുണ്ടെങ്കിൽ അത് രേഖാമൂലം സഭയെ അറിയിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. അല്ലാതെ പരസ്യമായി മൈക്കിന് മുന്നിൽ നിന്ന് സഭയെ അവഹേളിക്കുകയല്ല വേണ്ടത്. നിയമസഭാ ചട്ടം 130 പ്രകാരമാണ് ഞാൻ സ്പീക്കർക്ക് നോട്ടീസ് നൽകുന്നത്. നിയമസഭാ ചട്ടം 284(5) അനുസരിച്ച് ഉന്നത സ്ഥാനീയരായ വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് Substantive motion ( സാരവത്തായ പ്രമേയം) ആവശ്യമുണ്ട്. അതനുസരിച്ചാണ് പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടുള്ളതെന്ന് ചെന്നിത്തല വിശദീകരിക്കുന്നു.

ഇതിന് മുൻപ് ഗവർണറെ തിരിച്ചു വിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം നിയമസഭയിൽ കൊണ്ടു വന്നിട്ടില്ല. എന്നാൽ ഗവർണറെ നീക്കം ചെയ്യുന്നതിന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാൻ നിയമസഭയ്ക്ക് പ്രമേയം കൊണ്ടു വരാമെന്ന് 1989 ൽ സ്പീക്കർ വർക്കല രാധാകൃഷ്ണന്റെ റൂളിങ് നിലനിൽക്കുന്നുണ്ട്.(2-2-1989). അതനുസരിച്ച് ഈ പ്രമേയം സഭയിൽ ചർച്ച ചെയ്യാവുന്നതാണ്. അന്ന് രാംദുലാരി സിൻഹയായിരുന്നു ഗവർണർ. കോഴിക്കോട് സർവ്വകലാശാലാ സെനറ്റിലേക്കുള്ള ക്യാബിനറ്റിന്റെ ശുപാർശ തള്ളി ഗവർണർ നിയമനം നടത്തിയതിനെതിരെയാണ് അന്നത്തെ സർക്കാർ പ്രമേയം കൊണ്ടു വന്നത്. അന്ന് ചാൻസലർ എന്ന നിലയ്ക്കുള്ള നടപടിയാലാണ് സഭ അതൃപ്തി രേഖപ്പെടുത്തിയത്. അന്നാണ് സ്പീക്കർ വർക്കല രാധാകൃഷ്ണൻ ഗവർണറെ നീക്കം ചെയ്യുന്നതിന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാനും പ്രമേയം കൊണ്ടു വരാൻ നിയമ സഭയ്ക്ക് അധികാരം ഉണ്ടെന്ന് റൂളിങ് നൽകിയത്.

ഭരണഘടനയുടെ 168 അനുഛേദപ്രകാരം ഗവർണർ സംസ്ഥാന നിയമസഭയുടെ ഭാഗമാണ്. ഭരണഘടനയുടെ 156(1) വകുപ്പനുസരിച്ച് രാഷ്ട്രപതിയുടെ pleasure ഉള്ളിടത്തോളം തന്റെ കാലാവധി സമയത്ത് ഗവർണർക്ക് അധികാരത്തിൽ തുടരാമെന്നാണ് പറയുന്നത്. അതിനാലാണ് ഗവർണറെ മടക്കിവിളിക്കണമെന്ന് രാഷ്ട്്രപതിയോട് അഭ്യർത്ഥിക്കുന്നത്. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസും സംസ്ഥാന ഗവർണറുമായിരുന്ന ജസ്റ്റീസ് പി.സദാശിവം കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. സംസ്ഥാന നിയമസഭക്ക് ഏത് നിയമത്തിനെതിരെയും അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനകത്ത് ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടിക്കടി വാർത്താ സമ്മേളനം നടത്തുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജസറ്റീസ് സദാശിവം ഗവർണറായിരുന്ന 5 വർഷവും മാധ്യമങ്ങളെ കണ്ടിരുന്നില്ല എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ പത്രക്കുറിപ്പിറക്കും. മുഖ്യമന്ത്രിയോട് ചോദിക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ നേരിട്ട് ചോദിക്കും എന്നാണ് ജസ്റ്റീസ് സദാശിവം പറഞ്ഞത്. പക്ഷേ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ ദിവസവും റോഡരുകിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയും സംസ്ഥാനത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അദ്ദേഹം സംസ്ഥാനത്തിന് ബാദ്ധ്യതയായി കഴിഞ്ഞിരിക്കുന്നു-ചെന്നിത്തല വിശദീകരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP