Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെവിന്റെ കൊലപാതകത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിലായി; ഇടതു എംഎൽഎയുടെ പോസ്റ്റ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നെന്ന് ആക്ഷേപം; 'തലകുനിച്ച് കേരളം' എന്ന രണ്ട് വാക്കിൽ പോസ്റ്റ് ഒതുക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് സിപിഎം അണികൾ

കെവിന്റെ കൊലപാതകത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിലായി; ഇടതു എംഎൽഎയുടെ പോസ്റ്റ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നെന്ന് ആക്ഷേപം; 'തലകുനിച്ച് കേരളം' എന്ന രണ്ട് വാക്കിൽ പോസ്റ്റ് ഒതുക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് സിപിഎം അണികൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോട്ടയത്തെ കെവിന്റെ കൊലപാതകവുമായി ബന്ധപെട്ട് ഇടത് എംഎ‍ൽഎ ചിറ്റയം ഗോപകുമാർ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു.പോസ്റ്റ് സർക്കാർ വിരുദ്ധമാണെന്ന അഭിപ്രായമാണ് പരക്കെ ഉയരുന്നതെങ്കിലും ഇത് സംബന്ധിച്ച് മറ്റ് വിശദീകരണങ്ങൾ ഒന്നും തന്നെ അടൂരിൽ നിന്നുള്ള സിപിഐ.എംഎ‍ൽഎ കൂടിയായ ചിറ്റയം ഗോപകുമാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.പോസ്റ്റിനെ സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഇടത് മുന്നണിക്കുള്ളിൽ പോര് രൂക്ഷമായിട്ടുണ്ട്.

സിപിഐ എമ്മിന്റെ പല നേതാക്കളും പോസ്റ്റിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.കെവിന്റെ മരണം രാഷ്ട്രീയമായി സർക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റി യു.ഡി.എഫും ബിജെപിയും രംഗം കൊഴുപ്പിക്കുന്നതിനിടെയാണ് സിപിഐ എം എൽ എയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.നിരവധി സംഘപരിവാർ പ്രവർത്തകർ ചിറ്റയത്തിന് പരസ്യപിന്തുണയുമായി നവമാധ്യമങ്ങളിൽ എത്തിയതോടെ സിപിഎം നേതാക്കളും പരസ്യ പ്രസ്താവനയ്ക്ക് നിർബ്ബന്ധിതരായി.പിണറായി വിജയൻ സർക്കാരിനെതിരെ സിപിഐയിലെ ഒരു വിഭാഗം നീക്കം നടത്തുന്നു എന്നത് മുൻപ് തന്നെ പരസ്യമായ രഹസ്യമാണ്.ലോ അക്കാഡമി വിഷയത്തിലും ജിഷ്ണു പ്രണോയി സംഭവത്തിലും സർക്കാരിനെതിരെ പരസ്യ നിലപാടുമായി സിപിഐയിലെ ഒരു വിഭാഗം രംഗത്തെത്തിയത് ഈ നീക്കത്തിന്റെ ഭാഗമായാണ്.ഇതിന്റെ ഭാഗമായാണ് ചിറ്റയത്തിന്റെ ഈ നീക്കം എന്നും സൂചനയുണ്ട്.

കെവിൻ വിഷയത്തിൽ രാഷ്ട്രീയ എതിരാളികളുടെ അക്രമണത്തിൽ സർക്കാർ കടുത്ത പ്രതിസന്ധി നേരിടുമ്പോൾ മുന്നണിയിലെ ഒരു എംഎ‍ൽഎ തന്നെ ഇത്തരം പ്രസ്താവനയുമായി രംഗത്തെത്തിയത് ഇടത് അണികളിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.കൊലയ്ക്ക് സാഹചര്യം സൃഷ്ടിച്ചത് പൊലീസിലെ ചിലരുടെ ഗുരുതരമായ കൃത്യവിലോപമാണെങ്കിലും യഥാർത്ഥ കാരണം ദുരഭിമാനമാണെന്ന വസ്തുത നിലനിൽക്കെ അതൊന്നും വ്യക്തമാക്കാതെ 'തലകുനിച്ച് കേരളം' എന്ന രണ്ട് വാക്കിൽ പോസ്റ്റ് ഒതുക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎം അണികളുടെ പക്ഷം.ഇത് വ്യക്തമാക്കുന്ന തരത്തിലുള്ള കമന്റുകൾ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.ഡി.ബൈജുവും അടൂർ ഏരിയാ സെക്രട്ടറി എസ്.മനോജും ചിറ്റയത്തിന്റെ പോസ്റ്റിൽ മറുപടിയായി നൽകിയിട്ടുമുണ്ട്.അനവസരത്തിലുള്ള പോസ്റ്റാണിതെന്ന വ്യക്തമായ മറുപടിയാണ് സിപിഎം നേതാക്കൾ രേഖപെടുത്തിയിരിക്കുന്ന മറുപടി.

45000 രൂപയ്ക്ക് കണ്ണട വാങ്ങിയതുമായു ബന്ധപെട്ട് ചിറ്റയം ഗോപകുമാർ അടുത്തിടെ വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.മുൻപ് സിപിഐ ജില്ലാ അസി.സെക്രട്ടറിയായിരുന്ന മനോജ് ചരളേൽ ചിറ്റയത്തിനെ ജാതീയമായി ആക്ഷേപിക്കുന്ന ഓഡിയോ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു.സംഭവം വിവാദമായതിനെ തുടർന്ന് താൽക്കാലികമായി മനോജ് ചരളേലിനെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നെങ്കിലും ഇത്തവണത്തെ സിപിഐ സമ്മേളനത്തിൽ വീണ്ടും മണ്ഡലം സെക്രട്ടറിയായി പ്രതിഷ്ഠിച്ചിട്ടുണ്ട്.സർക്കാരിനെതിരെയുള്ള എംഎ‍ൽഎയുടെ പടനീക്കം ജില്ലയിലെ ഇടത് മുന്നണിക്കുള്ളിൽ വിവാദം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP