Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഒരാൾ രാജ്യംവിട്ടു പോകണമെന്ന് പറയാൻ ആർക്കാണ് അധികാരം; കമൽ രാജ്യസ്‌നേഹിതന്നെയെന്നും ചെഗുവേരയുടെ ബൊളീവിയൻ ഡയറി വായിക്കണമെന്ന് ദശാബ്ദങ്ങൾക്കുമുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്; രാധാകൃഷ്ണന്റേത് വൈകാരിക പ്രകടനം മാത്രമെന്ന് ആവർത്തിച്ച് സികെപി  

ഒരാൾ രാജ്യംവിട്ടു പോകണമെന്ന് പറയാൻ ആർക്കാണ് അധികാരം; കമൽ രാജ്യസ്‌നേഹിതന്നെയെന്നും ചെഗുവേരയുടെ ബൊളീവിയൻ ഡയറി വായിക്കണമെന്ന് ദശാബ്ദങ്ങൾക്കുമുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്; രാധാകൃഷ്ണന്റേത് വൈകാരിക പ്രകടനം മാത്രമെന്ന് ആവർത്തിച്ച് സികെപി   

കണ്ണൂർ: രാജ്യംവിട്ടു പോകണമെന്ന് പറയാൻ ആർക്കാണ് അധികാരമെന്ന് ചോദിച്ചുകൊണ്ട് എ.എൻ. രാധാകൃഷ്ണനെ വീണ്ടും തള്ളിപ്പറഞ്ഞ് മുതിർന്ന ബിജെപി നേതാവ് സികെ പത്മനാഭൻ. കമലിനെയും ചെഗുവേരയേയും കുറിച്ചെല്ലാം താൻ ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയായ സികെ പത്മനാഭന്റെ പ്രതികരണം.

ഡിവൈഎഫ്‌ഐയുടെ അതിക്രമത്തോട് എതിർപ്പും വെറുപ്പുമൊക്കെയുണ്ട്. പക്ഷേ, ചെഗുവേരയെ വേറൊരു രീതിയിൽ കാണുന്നതിൽ പ്രതിഷേധമുണ്ട്. ചെഗുവേരയുടെ ജീവിതചരിത്രം പഠിക്കണമെന്ന് ഞാൻ ദശാബ്ദങ്ങൾക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. അന്ന് അതൊന്നും വിവാദമായിരുന്നില്ലല്ലോ. ചെഗുവേരയുടെ ബൊളീവിയൻ ഡയറി വായിക്കണമെന്ന് അന്നും പറഞ്ഞിട്ടുണ്ട്. എ.എൻ രാധാകൃഷ്ണൻ ഇപ്പോൾ പറഞ്ഞതിനെ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമായി കണ്ടാൽ മതി.

അത് പാർട്ടിയുടെ അഭിപ്രായമല്ല. ഇക്കാര്യത്തിൽ കുമ്മനം വ്യക്തമായ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. പാർട്ടിയുടെ അഭിപ്രായമല്ല, മറിച്ച് വ്യക്തിയുടെ അഭിപ്രായമാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ തന്നെ പറഞ്ഞുകഴിഞ്ഞു. ദേശീയ ഗാനം പാടരുതെന്ന് പറഞ്ഞിട്ടില്ല. കമൽ ദേശീയതലത്തിൽതന്നെ വലിയ സംഭാവനകൾ നൽകിയ സംവിധായകനാണ്. അദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തെ ചോദ്യംചെയ്യുന്നത് ശരിയല്ല.

രാജ്യം വിട്ടുപോകണമെന്നൊക്കെ പറയാനുള്ള അധികാരം ആർക്കാണ്. പാക്കിസ്ഥാനിലുള്ളവർ ഇങ്ങോട്ട് വരണമെന്നും അവരും ഈ രാഷ്ട്രത്തിന്റെ ഭാഗമാണെന്നുമുള്ള ചിന്താഗതിപോലും ഇപ്പോഴും പ്രബലമാണ്. എന്നിരിക്കെ ഇത്തരത്തിൽ അഭിപ്രായം പറയുന്നത് തെറ്റാണ് - സികെപി പറഞ്ഞു.

വിവാദം ഉണ്ടാക്കുക, വിവാദം കൊഴുപ്പിച്ച് കൊണ്ടുപോകുക, ഓരോരുത്തരും വൈകാരികമായി അഭിപ്രായപ്രകടനം നടത്തും. അത് ഓരോരുത്തരുടേയും ടെമ്പർ അനുസരിച്ചാണ്. അത് പൊതുസമൂഹം വിലയിരുത്തും. പൊതുസമൂഹത്തിന് അത്തരം കാര്യങ്ങൾ വിലയിരുത്താൻ കഴിയും. കേരളത്തിലെ ജനങ്ങൾക്ക് അതിനുള്ള ത്രാണിയുണ്ടെന്നും അത് മനസ്സിലാക്കിവേണം പൊതുവേദികളിൽ അഭിപ്രായം പറയാനെന്നും സികെപി പറഞ്ഞു.

ഇന്നലെയും കമലിനെയും എംടിയേയും ചെഗുവേരയെയുമെല്ലാം പരാമർശിച്ച് സികെപി പീപ്പിൾ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സമാനമായ തുറന്നുപറച്ചിൽ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നും പ്രതികരണം തേടിയ ചാനലുകളോട് സമാനമായ രീതിയിൽ പ്രതികരിച്ചത്.

എംടി ഹിമാലയ തുല്യനായ സാഹിത്യകാരനാണെന്നും രാജ്യസ്‌നേഹത്തിലൂന്നിയ ചിത്രങ്ങളെടുത്ത കമലിന്റെ ദേശസ്‌നേഹത്തെ ആരും ചോദ്യംചെയ്യേണ്ടെന്നും ഗാന്ധിയെപ്പോലെയുള്ള ചെഗുവേരയെ തള്ളിപ്പറയുന്നവർ ബൊളീവിയൻ ഡയറി വായിക്കട്ടെയെന്നുമായിരുന്നു ഇന്നലെ സികെപി പ്രതികരിച്ചത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലെ പല നേതാക്കളുടേയും അഭിപ്രായങ്ങളെ തള്ളി സികെപി ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയത്് വലിയ ചർച്ചയായി മാറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP