Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാജാസിൽ എല്ലാ സീറ്റുകളിലും വിജയം; ചങ്ങനാശ്ശേരി എസ്.ബി കോളേജ് കെ.എസ്.യുവിൽ നിന്ന് പിടിച്ചെടുത്തപ്പോൾ എൻഎസ്എസിലും തൂത്തുവാരി; അഞ്ച് ജില്ലകളിലെ കോളേജുകളിലും മൃഗീയ ഭൂരിപക്ഷവുമായി എസ്എഫ്‌ഐ; എംജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ തകർപ്പൻ വിജയം; എസ്എഫ്‌ഐ തീർന്നെന്ന് കരുതിയവർക്കുള്ള തിരിച്ചടിയെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്

മഹാരാജാസിൽ എല്ലാ സീറ്റുകളിലും വിജയം; ചങ്ങനാശ്ശേരി എസ്.ബി കോളേജ് കെ.എസ്.യുവിൽ നിന്ന് പിടിച്ചെടുത്തപ്പോൾ എൻഎസ്എസിലും തൂത്തുവാരി; അഞ്ച് ജില്ലകളിലെ കോളേജുകളിലും മൃഗീയ ഭൂരിപക്ഷവുമായി എസ്എഫ്‌ഐ; എംജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ തകർപ്പൻ വിജയം; എസ്എഫ്‌ഐ തീർന്നെന്ന് കരുതിയവർക്കുള്ള തിരിച്ചടിയെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിന്റെയും പൊലീസ് നിയമന തട്ടിപ്പിന്റെയും ഗുണ്ടായിസത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ എസ്എഫ്ഐ അതിന്റെ ചരിത്രത്തിൽ ഇല്ലാത്ത വിധം പ്രതിരോധത്തിൽ നിൽക്കുന്ന സമയമാണിത്. പക്ഷേ കേരളത്തിലെ കാമ്പസുകളിലെ രാഷ്ട്രീയ ബലാബലം നോക്കുമ്പോൾ എസ്എഫ്ഐ അജയ്യ ശക്തിയാണെന്ന് എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. സർവകലാശാലയ്ക്ക് കീഴിലെ 5 ജില്ലകളിലെ മഹാഭൂരിപക്ഷം കോജേളുകളിലും എസ്എഫ്‌ഐ വൻവിജയം നേടിയതായി സംഘടനാ ഭാരവഹികൾ അറിയിച്ചു. എറണാകളും മഹാരാജാസ് കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്‌ഐ വിജയിച്ച സംഘടന, ചങ്ങനാശ്ശേരി എസ്ബി കോളേജ് യൂണിയൻ കെഎസ്‌യുവിന്റെ കയ്യിൽനിന്ന് പിടിച്ചെടുത്തു. ചങ്ങനാശ്ശേരി എൻഎസ്എസിലും മുഴുവൻ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. എസ്.എഫ്.ഐയുടെ വിജയത്തിനായി പ്രവർത്തിച്ചവരെ അഭിവാദ്യം ചെയ്യുന്നതായും വലതുപക്ഷമാധ്യമങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ച എസ്എഫ്ഐയെ വിദ്യാർത്ഥികൾ ഹൃദയത്തിലേറ്റിയെന്നും സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു.

എറണാകുളം മഹാരാജാസ് ഉൾപ്പെടെ 13 കോളേജുകളിൽ മുഴുവൻ സീറ്റും എസ്എഫ്ഐക്കാണ്. 6 കോളേജുകളിൽ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. മഹാരാജാസ് കോളേജിൽ 14 സീറ്റിലും എസ്എഫ്‌ഐ വൻ ഭൂരിപക്ഷം നേടി. ചെയർപേഴ്‌സൺ സ്ഥാനാർത്ഥി വി ജി ദിവ്യക്ക് 1163 വോട്ടുലഭിച്ചു. വൈപ്പിൻ ഗവ. കോളേജ്, എസ്എൻഎം മാല്യങ്കര, പള്ളുരുത്തി സിയന്ന, ഇടക്കൊച്ചി അക്വിനാസ്, തൃപ്പൂണിത്തുറ ആർഎൽവി, സംസ്‌കൃത കോളേജ്, ഐരാപുരം എസ്എസ്വി, കവളങ്ങാട് എസ്എൻഡിപി കോളേജ്, കോതമംഗലം എൽദോ മാർ ബസേലിയോസ്, കോട്ടപ്പടി മാർ ഏലിയാസ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി, മണിമലക്കുന്ന് ഗവ. കോളേജ് എന്നിവിടങ്ങളിലാണ് മുഴുവൻ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചത്.

പത്തനംതിട്ട ജില്ലയിലും ഭൂരിഭാഗം കോളജുകൾ എസ്എഫ്‌ഐ യൂണിയൻ നേടി. എസ്ടിഎഎസ് പത്തനംതിട്ട, ചുട്ടിപ്പാറ കോളേജ്, എസ്എഎൽഎസ് ചുട്ടിപ്പാറ, എസ്എഎസ് കോന്നി, എസ്എൻഡിപി കോന്നി,സെന്റ് തോമസ് കോന്നി അടക്കമുള്ള കോജേളുകളിൽ എസ്എഫ്‌ഐക്കാണ് ജയം.ഇടുക്കിയിലും കോട്ടയത്തും കൂടുതൽ സീറ്റുകളിൽ വിജയിച്ച് ഇതേ സംഘടന തന്നെയാണ്.ശക്തമായ മത്സരം നടന്ന ചങ്ങനാശ്ശേരി. എസ്ബി കോളേജിൽ മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികൾ ജയിച്ചത് അഭിമാനമാണെന്ന് എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു. എൻഎസ്എസ് കോളേജിലും എസ്എഫ്‌ഐ മുഴുവൻ സീറ്റിലും വിജയിച്ചു. പായിപ്പാട് അമാൻ, അമര പി ആർഡിഎസ്, സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലും എസ്എഫ്‌ഐ വിജയിച്ചു.

അഭിമന്യുവിന്റെ കാമ്പസിൽ വർഗീയ ശക്തികൾക്ക് സ്ഥാനമില്ല എന്ന് അടിവരയിടുന്നതാണ് മഹാരാജാസിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. വി ജി ദിവ്യയാണ് ചെയർപേഴ്‌സൺ.വൈസ് ചെയർപേഴ്‌സൺ: എം ബി ലക്ഷ്മി, ജനറൽ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യൻ, യുയുസിമാർ: യു അരുന്ധതി ഗിരി, എ സി സബിൻദാസ്, മാഗസിൻ എഡിറ്റർ: കെ എസ് ചന്തു, ആർട്‌സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോൻ, ഏയ്ഞ്ചൽ മരിയ റോഡ്രിഗസ്.

എം.ജി സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ്. എസ്.എഫ്.ഐയുടെ വിജയത്തിനായി പ്രവർത്തിച്ചവരെ അഭിവാദ്യം ചെയ്യുന്നതായും വലതുപക്ഷമാധ്യമങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ച എസ്.എഫ്.ഐയെ വിദ്യാർത്ഥികൾ ഹൃദയത്തിലേറ്റിയെന്നും സച്ചിൻദേവ് പറഞ്ഞു.


സച്ചിൻദേവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

എം.ജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നുകൊണ്ടിരിക്കുന്നു....

കോട്ടയം ജില്ലയിൽ ആകെ 37 ക്യാമ്പസുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്... നടന്ന 37ക്യാമ്പസുകളിൽ 37ലും എസ്.എഫ്.ഐ വിജയിച്ചിരിക്കുന്നു

ഫ്രട്ടേണിറ്റിയും കെ.എസ്.യു വും എ.ബി.വി.പി യും വലത്പക്ഷ മാധ്യമങ്ങളും ചേർന്ന് പരാജയപ്പെടുത്താൻ പരിശ്രമിച്ച എറണാകുളം ലോ കോളേജും മഹാരാജാസും എസ്.എഫ്.ഐയെ വീണ്ടും ഹൃദയത്തിലേറ്റിയിരിക്കുന്നു...

'എസ്.എഫ്.ഐ ഇനിയില്ല 'എന്ന് അറിയാതെയെങ്കിലും വ്യാമോഹിച്ച് പോയവരുണ്ടെങ്കിൽ അവരോട് ഒന്ന് മാത്രം ഈ അവസരത്തിൽ പറയുന്നു...

'ആഞ്ഞുവീശിയ കൊടുങ്കാറ്റിനു പോലും അണയ്ക്കാനാവാത്ത അഗ്‌നിയെയാണ് നിങ്ങളെല്ലാം ചേർന്ന് ഇത്രനാൾ ഊതിക്കെടുത്താൻ ശ്രമിച്ചത്..'
അങ്ങനെയൊന്നും പതറിപോകുന്നവരുടെ പ്രസ്ഥാനമല്ല എസ്.എഫ്.ഐ....

നിങ്ങളൊരുക്കിയ മാധ്യമ മുറികളിലല്ല വിദ്യാർത്ഥികളുടെ ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ ..

എസ്.എഫ്.ഐ യുടെ വിജയത്തിനായി പൊരുതിയ സഖാക്കളെ അഭിവാദ്യം ചെയ്യുന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP