Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂട്ടായ്മയും കൂട്ടും വേണം; ചുമതലകളിലെ വീഴ്ചകളിൽ വിട്ടുവീഴ്ച വേണ്ട; മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോഗ്യകരമാകണം; പൊലീസ് സേനയിൽ ചേരുന്നവർക്ക് ചുമതലകളെ കുറിച്ച് ബോധമുണ്ടാകണം: മേലുദ്യോഗസ്ഥരുടെ പെരുമാറ്റം ചർച്ചയാക്കിയ ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി

കൂട്ടായ്മയും കൂട്ടും വേണം; ചുമതലകളിലെ വീഴ്ചകളിൽ വിട്ടുവീഴ്ച വേണ്ട; മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോഗ്യകരമാകണം; പൊലീസ് സേനയിൽ ചേരുന്നവർക്ക് ചുമതലകളെ കുറിച്ച് ബോധമുണ്ടാകണം: മേലുദ്യോഗസ്ഥരുടെ പെരുമാറ്റം ചർച്ചയാക്കിയ ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ഒന്നരമാസത്തിനിടെ, സംസ്ഥാനത്ത് നാല് പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. അടൂർ കെഎപി ബറ്റാലിയനിലെ വനിതാ കോൺസ്റ്റബിൾ ഹണി രാജ് (27) ഓഗസ്റ്റ് 22 നാണ് ആത്മഹത്യ ചെയ്തത്. ഓഗസ്റ്റ് 20 നാണ് ആലുവ തടിയിട്ട പറമ്പ് പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ പി.സി ബാബു വീട്ടിൽ തൂങ്ങിമരിച്ചത്. ഓഗസ്റ്റ് 8 നാണ് ആലുവ ചെങ്ങമനാട് പൊലീസ് സ്;റ്റേഷനിലെ എഎസ്‌ഐ പൗലോസ് ജോണിനെ പൊലീസ് ക്വാർട്ടേഴിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരനായ കുമാർ ജൂലായ് 25 നാണ് ജീവനൊടുക്കിയത്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദമാണ് ബാബുവിന്റെയും പൗലോസിന്റെയും കുമാറിന്റെയും ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് സേനാംഗങ്ങളുടെ മാനസിക് സംഘർഷം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്.

പൊലീസ് സേനാംഗങ്ങൾക്കിടയിൽ കൂടുവരുന്ന മാനസിക സംഘർഷവും ആത്മഹത്യാ പ്രവണതയും തടയുന്നതിനു തൊഴിലിടത്തിൽ കൂടുതൽ സൗഹാർദപരമായ അന്തരീക്ഷം ഉണ്ടാകണമെന്നു പിണറായി വിജയൻ പറഞ്ഞു. പൊലീസ് സേനാംഗങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി ഇടപെടാൻ മേലുദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും പ്രൊഫഷനൽ സമീപനം ആവശ്യമാണ്. നല്ല കൂട്ടായ്മയും സൗഹൃദാന്തരീക്ഷവും ഉണ്ടെങ്കിൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ പോലും പരിഹരിക്കാൻ കഴിയും.

മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോഗ്യകരമായിരിക്കണം. മോശമായ പെരുമാറ്റം ഒരുഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. ചുമതലയിൽ വീഴ്ച വരുമ്പോൾ സ്വാഭാവികമായും മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാകും. അക്കാര്യത്തിൽ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ടതില്ല. എന്നാൽ സേനാംഗങ്ങളുടെ വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്‌നങ്ങൾ ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു പരിഹരിക്കാൻ ശ്രമിക്കണം. ജില്ലാ പൊലീസ് മേധാവിയും മുകളിലുള്ള ഉദ്യോഗസ്ഥരും തമ്മിൽ കൃത്യമായ ആശയവിനിമയം ഉണ്ടാകണം. പൊലീസ് സേനയിൽ ചേരുന്നവർക്ക് അവരുടെ ചുമതലകളെപ്പറ്റി നല്ല ബോധമുണ്ടാകണം.

ഉത്തരവാദിത്തം വളരെ വലുതാണെന്ന് അവർ മനസ്സിലാക്കണം. കുടുംബത്തെ വിട്ട് ജോലി ചെയ്യേണ്ട സാഹചര്യം എപ്പോഴും ഉണ്ടാകാം. ഇതൊക്കെ മാനസിക സംഘർഷത്തിലേക്കു പോകാതിരിക്കാൻ മേലുദ്യോഗസ്ഥർ ശ്രദ്ധിക്കണം. സേനാംഗങ്ങൾക്കെതിരെ ആരോപണം ഉണ്ടായാൽ അതു സംബന്ധിച്ച അന്വേഷണം അനന്തമായി നീണ്ടുപോകരുത്. പൊലീസിനെതിരെ ഉയരുന്ന ആക്ഷേപങ്ങളിൽ കഴമ്പുണ്ടെങ്കിൽ മാത്രമേ സർക്കാർ ചെവി കൊടുക്കൂ. ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. അർഹതപ്പെട്ട പ്രമോഷൻ കൃത്യസമയത്തു നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. അർഹത നേടിയെടുക്കാൻ കോടതിയിൽ പോകേണ്ട സ്ഥിതിയുണ്ടാകരുത്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ ധാരാളമായി പൊലീസിലേക്കു വരികയാണ്. സേനയെ സംബന്ധിച്ച് ഇത് അഭിമാനകരമാണ്. ഇത്തരം ഉദ്യോഗസ്ഥരുടെ കഴിവുകൾ നല്ല നിലയിൽ പ്രയോജനപ്പെടുത്തണം. അവർക്ക് തൊഴിലിൽ പ്രോത്സാഹനം നൽകണം. അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ സേനയാണ് കേരള പൊലീസ്. കുറ്റാന്വേഷണത്തിലും ക്രസമാധാനപാലനത്തിലും വലിയ മികവു പുലർത്തുന്നുണ്ട്. സ്ത്രീസൗഹാർദപരമായ നിലപാടാണ് പൊലീസിനുള്ളത്. ഇതൊക്കെയാണെങ്കിലും പൊലീസിന്റെ പ്രതിച്ഛായ മോശമായി ചിത്രീകരിക്കാൻ നിക്ഷിപ്ത താൽപര്യക്കാർ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ തെറ്റു ചെയ്യുന്നവരോട് ഒരു വിട്ടുവീഴ്ചയും പൊലീസിനുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേനാംഗങ്ങൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ സംഘടനാ നേതൃത്വം ഇടപെടണമെന്ന് കണ്ണൂരിൽ സമാപിച്ച കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ പൊലീസ് വലിയ പഴി കേട്ടു. സേനയിലെ ഒരു വിഭാഗത്തിന്റെ നെറികേടുകൾക്ക് മുഴുവൻ പേരും പഴി കേൾക്കുകയാണ്. പൊലീസിന്റെ പ്രതിച്ഛായ തകർക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സംഘടനാ നേതാക്കളുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടാകണം.തൊഴിലിടങ്ങളിലെ മാനസിക പീഡനം കാരണം ജീവൻ നഷ്ടപ്പെടുത്താതിരിക്കാൻ സംഘടന അതീവ ജാഗ്രതയോടെ പ്രവർത്തിക്കണം.തൊഴിൽപരമായ കാര്യങ്ങൾ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന സാഹചര്യങ്ങൾ പരിശോധിച്ച് പരിഹരിക്കണമെന്നും പ്രതിനിധികൾ പറഞ്ഞു.ചില മേലുദ്യോഗസ്ഥരുടെ അമിതാധികാര പ്രവണത പൊലീസുദ്യോഗസ്ഥരെ കൂടുതൽ മാനസിക സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടുന്നുണ്ടെന്നും അസോസിയേഷൻ വിലയിരുത്തിയിരുന്നു.

ഐപിഎസ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. മാനസിക സംഘർഷത്തിന് പുറമേ മേലുദ്യോഗസ്ഥരുടെ പെരുമാറ്റവും ചർച്ചയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP