Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഎംപി സിപിഎമ്മിൽ ലയിക്കുമോ? സിപിഎമ്മിനെ ലയന സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്; ലയിക്കുമ്പോഴുള്ള സ്ഥാനമാനത്തെ ചൊല്ലി തർക്കം രൂക്ഷം

സിഎംപി സിപിഎമ്മിൽ ലയിക്കുമോ? സിപിഎമ്മിനെ ലയന സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്; ലയിക്കുമ്പോഴുള്ള സ്ഥാനമാനത്തെ ചൊല്ലി തർക്കം രൂക്ഷം

തിരുവനന്തപുരം: ഇടതുപക്ഷ സഹയാത്രികരായ സിഎംപി സിപിഎമ്മിൽ ലയിക്കുമെന്ന് റിപ്പോർട്ട്. സിഎംപി നേതാക്കൾ തന്നെ സിപിഎമ്മിനെ ലയന സന്നദ്ധത അറിയിച്ചു. സിപിഎമ്മിൽ നിന്ന് അനുകൂലമായ മറുപടിയും ലഭിച്ചതായാണ് വിവരം. അതേസമയം നേതാക്കൾക്കിടയിൽ സ്ഥാനമാനങ്ങൾ ചൊല്ലിയുള്ള തർക്കം കീറാമുട്ടിയായതായാണ് സൂചന.

ലയിക്കുമ്പോൾ വിവിധ ഘടകങ്ങളിലേക്കു പരിഗണിക്കേണ്ട രണ്ടായിരത്തോളം സംസ്ഥാനജില്ലാതല നേതാക്കളുടെ പട്ടികയും സിഎംപി നേതൃത്വം തയാറാക്കി. ഒരു മാസം മുമ്പു നടന്ന സിഎംപി സംസ്ഥാന പഠനക്യാംപിൽ ഇതായിരുന്നു മുഖ്യ ചർച്ചാവിഷയം. സിപിഎമ്മിൽ ലയിച്ചാൽ തങ്ങൾ തഴയപ്പെടുമോയെന്ന ആശങ്ക പലരും പങ്കുവച്ചതോടെ ചർച്ച വഴിമുട്ടി. സിപിഐയിൽ ലയിക്കുന്നതാകും നല്ലതെന്ന അഭിപ്രായവും ചിലർ പങ്കുവച്ചു. എന്നാൽ നേതൃത്വത്തിലെ പ്രബല വിഭാഗം സിപിഎമ്മിന്റെ ഭാഗമാകണമെന്ന അഭിപ്രായക്കാരാണ്.

ലയിച്ചാൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർക്കു സിപിഎമ്മിന്റെ വിവിധ ഘടകങ്ങളിൽ സ്ഥാനം കിട്ടണമെന്ന കാര്യമാണു കീറാമുട്ടി. ഇക്കാര്യത്തിൽ ഉറപ്പാണു സിപിഎമ്മിനോടു തേടിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോടും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും സിഎംപി ജനറൽ സെക്രട്ടറി കെ.ആർ.അരവിന്ദാക്ഷനടക്കമുള്ളവർ സംസാരിച്ചതായാണു വിവരം.

പാതിവഴിയിൽ പല ലയന നീക്കങ്ങൾ

ബദൽരേഖാ വിപ്ലവത്തിന്റെ പേരിൽ സിപിഎമ്മിൽനിന്നു പുറത്തായശേഷം എം വി രാഘവന്റെ നേതൃത്വത്തിലാണ് 1986ൽ സിഎംപി രൂപീകരിച്ചത്. തുടർന്നു യുഡിഎഫിലെ ഘടകകക്ഷിയായി മാറിയ പാർട്ടി എംവിആർ രോഗഗ്രസ്തനായ നാളുകളിൽ പ്രതിസന്ധിയിലായി. എംവിആറിനെ അടുപ്പിക്കാൻ സി.പി.എം നേതൃത്വം ശ്രമിച്ചുവെങ്കിലും അദ്ദേഹം തീർത്തും അവശനായിരുന്നു. കെ.ആർ.അരവിന്ദാക്ഷന്റെയും സി.പി.ജോണിന്റെയും നേതൃത്വത്തിൽ രണ്ടായി പിളർന്ന സിഎംപിയിലെ അരവിന്ദാക്ഷൻ വിഭാഗമാണ് ഇപ്പോൾ സിപിഎമ്മിന്റെ ഭാഗമാകാൻ ആലോചിക്കുന്നത്.

നേരത്തേ കെ.ആർ.ഗൗരിയമ്മയുടെ ജെഎസ്എസിനെ സിപിഎമ്മിൽ ലയിപ്പിക്കാൻ നീക്കം നടന്നുവെങ്കിലും അവസാനനിമിഷം ഗൗരിയമ്മ പിന്മാറി. തുടർന്നു ജെഎസ്എസ്‌സിഎംപി ലയന ആലോചന നടന്നെങ്കിലും അതും പാതിവഴിയിൽ മുടങ്ങി. സിഎംപിക്ക് ഒരു എംഎൽഎയുണ്ട്. ചവറയെ പ്രതിനിധീകരിക്കുന്ന കെ.വിജയൻപിള്ള. പാർട്ടി സിപിഎമ്മിൽ ലയിച്ചാൽ നിയമസഭയിലെ സി.പി.എം അംഗബലം 66 ആകും.

സി.പി.എം വിടുമ്പോൾ അരവിന്ദാക്ഷൻ കോട്ടയം ജില്ലാ കമ്മിറ്റിയംഗം

സിഎംപി ജനറൽ സെക്രട്ടറി കെ.ആർ.അരവിന്ദാക്ഷൻ 1986ൽ സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയംഗമായിരിക്കുമ്പോഴാണ് പാർട്ടി വിടുന്നത്. സിഎംപി സംസ്ഥാനകമ്മിറ്റിയംഗമായ എംപി ജയപ്രകാശ് അന്ന് വൈക്കം ഏരിയാകമ്മിറ്റിയംഗമായിരുന്നു. മറ്റൊരു സംസ്ഥാനകമ്മിറ്റിയംഗം സിഎസ്.ശ്രീധരൻ സിപിഎമ്മിന്റെ പാലാ ഏരിയാകമ്മിറ്റി അംഗവും.

സിഎംപിയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസ് സംബന്ധിച്ച് അരവിന്ദാക്ഷൻ വിഭാഗവും സിപി ജോൺ വിഭാഗവും തമ്മിൽ കേസ് നടക്കുകയാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ഓഫിസുകൾ തങ്ങളുടെ കൈവശമാണെന്ന് ജനറൽ സെക്രട്ടറി കെ.ആർ.അരവിന്ദാക്ഷൻ പറയുന്നു. ലയനശേഷം സിഎംപി നേതാക്കൾക്ക് സിപിഎമ്മിൽ ഏത് ഘടകത്തിൽ തിരിച്ചെത്താമെന്നതിനെപ്പറ്റി തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് സിഎംപി കൈമാറിയ പട്ടികയിൽ സി.പി.എം തീരുമാനമെടുത്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP