Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ചെഞ്ചോര പൊൻകതിരായ' നേതാവ് കളമൊഴിഞ്ഞതോടെ തന്ത്രങ്ങളുടെ കലവറ ഒഴിഞ്ഞു; കണ്ണൂർ കോർപറേഷൻ എൽഡിഎഫിന്റെ കൈപ്പിടിയിൽ നിന്ന് വഴുതിയതോടെ പാർട്ടിയിൽ മുറുമുറുപ്പ്; പി.കെ.രാഗേഷിനെ വരുതിയിൽ നിർത്തിയുള്ള പി.ജയരാജന്റെ പഴയകളികൾ ഇന്ന് സുഖമുള്ള ഓർമകൾ മാത്രം; ലോക്‌സഭാതിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് പോയതും കിട നിൽക്കുന്ന നേതാക്കളില്ലാത്തത് കാരണം; സിപിഎം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചർച്ച: 'വല്ലാതെ മിസ് ചെയ്യുന്നു ജയരാജൻ സ്റ്റൈൽ'

'ചെഞ്ചോര പൊൻകതിരായ' നേതാവ് കളമൊഴിഞ്ഞതോടെ തന്ത്രങ്ങളുടെ കലവറ ഒഴിഞ്ഞു; കണ്ണൂർ കോർപറേഷൻ എൽഡിഎഫിന്റെ കൈപ്പിടിയിൽ നിന്ന് വഴുതിയതോടെ പാർട്ടിയിൽ മുറുമുറുപ്പ്; പി.കെ.രാഗേഷിനെ വരുതിയിൽ നിർത്തിയുള്ള പി.ജയരാജന്റെ പഴയകളികൾ ഇന്ന് സുഖമുള്ള ഓർമകൾ മാത്രം; ലോക്‌സഭാതിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് പോയതും കിട നിൽക്കുന്ന നേതാക്കളില്ലാത്തത് കാരണം; സിപിഎം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചർച്ച: 'വല്ലാതെ മിസ് ചെയ്യുന്നു ജയരാജൻ സ്റ്റൈൽ'

രഞ്ജിത്ത് ബാബു

 കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ എൽ.ഡി.എഫിന്റെ കൈപ്പിടിയിൽ നിന്നും ഒഴിവാകുമ്പോൾ മുൻ സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ തന്ത്രങ്ങളെക്കുറിച്ച് ചർച്ചയാവുന്നു. ദിവസങ്ങൾക്കകം കണ്ണൂർ കോർപ്പറേഷൻ ഭരണം സിപിഎമ്മിന് നഷ്ടപ്പെടാനുള്ള സാഹചര്യമൊരുങ്ങിയിരിക്കയാണ്. കോൺഗ്രസ്സ് വിമതൻ പി.കെ. രാഗേഷിന് ഡപ്യൂട്ടി മേയർ സ്ഥാനം നിലനിർത്തിക്കൊണ്ട് കോൺഗ്രസ്സിനോ മുസ്ലിം ലീഗിനോ മേയർ പദവി ആറ് മാസം വീതം പങ്കിട്ടെടുക്കാനാണ് തീരുമാനം. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 27 വീതം തുല്യ സീറ്റ് വന്ന സാഹചര്യത്തിൽ കോർപ്പറേഷൻ പിടിക്കാൻ ആദ്യം തന്ത്രങ്ങൾ മെനഞ്ഞത് അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജനാണ്.

കോൺഗ്രസ്സ് നേതാവ് കെ.സുധാകരനുമായി കടുത്ത അഭിപ്രായ ഭിന്നതയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുകയും ജയിക്കുകയും ചെയ്ത പി.കെ. രാഗേഷിനെ തെരഞ്ഞെടുപ്പ് വിധി വരും മുമ്പ് തന്നെ പി.ജയരാജൻ എൽ.ഡി.എഫിന് അനുകൂലമാക്കി നിർത്തിയിരുന്നു. അങ്ങിനെ രാഗേഷിനെ മുന്നിൽ നിർത്തി കണ്ണൂർ കോർപ്പറേഷൻ പിടിച്ചെടുക്കുകയായിരുന്നു. രാഗേഷിനെ അനുനയിപ്പിച്ച് കൊണ്ടു വരാൻ യു.ഡി.എഫ് ശ്രമിക്കുന്നതിന് മുമ്പ് തന്നെ ജയരാജൻ എല്ലാം ഒരുക്കി നിർത്തിയിരുന്നു. പ്രതിപക്ഷത്തും ബിജെപി.യിലുമുള്ള ജില്ലയിലെ പ്രാദേശിക തലത്തിലുള്ള പ്രവർത്തകരെ സിപിഎം. ലേക്ക് ആകർഷിച്ച് വരുത്തുകയും പി.ജയരാജന്റെ കാലത്ത് പതിവായിരുന്നു. എന്നാൽ അത്തരം നീക്കങ്ങളെല്ലാം പാർട്ടിയിൽ അസ്തമിച്ചിരിക്കയാണ്.

സിപിഎം. ന്റെ സജീവ പ്രവർത്തകർ മാത്രമുള്ള ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ അടുത്ത ദിവസങ്ങളിലായി ഇത്തരം ചർച്ച പൊടിപൊടിക്കുകയാണ്. കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി..കെ. രാഗേഷ് കോൺഗ്രസ്സ് പക്ഷത്ത് പോയാൽ ചില അട്ടിമറി നീക്കങ്ങളിലൂടെ ഇയാളെ പുറത്താക്കാനുള്ള ശ്രമം ജയരാജൻ അണിയറയിൽ ഒരുക്കിയിരുന്നു. രാഗേഷിനെതിരെ അവിശ്വാസം കൊണ്ടു വരാനും കോൺഗ്രസ്സ് പക്ഷത്തു നിന്നും ഒരാളെ സിപിഎം. ലെത്തിച്ച് ഡപ്യൂട്ടി മേയറാക്കി മാറ്റാനും ശ്രമം നടത്തിയിരുന്നു. ഈ നീക്കം മണത്തറിഞ്ഞാണ് രാഗേഷ് നേരത്തെ ചേരിമാറുന്നതിൽ നിന്നും പിൻതിരിഞ്ഞത്.

എന്നാൽ അടുത്ത കാലത്തായി എല്ലാം നോക്കി നിൽക്കുന്ന അവസ്ഥയിലേക്കാണ് പാർട്ടി നീങ്ങുന്നതെന്ന് അണികൾ പറയുന്നു. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പി.കെ. ശ്രീമതി ടീച്ചറുടെ വിജയത്തിനും ജയരാജന്റെ സംഘടനാ പ്രവർത്തനം കാരണമായിരുന്നു. ഇത്തവണ ജയരാജൻ വടകരയിലേക്ക് മത്സരിക്കാൻ പോവുകയും പകരം അദ്ദേഹത്തിന്റെ ശൈലിയിൽ പ്രവർത്തിക്കാൻ തക്ക നേതാക്കളില്ലാത്തതും കണ്ണൂർ സീറ്റ് നഷ്ടപ്പെടാൻ പ്രധാന കാരണമായി അണികൾ കാണുന്നു. കോൺഗ്രസ്സിന്റെ കുത്തകയായിരുന്ന കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചതും ജയരാജന്റെ സംഘടനാ മികവിന് ഉദാഹരണമാണ്. കടന്നപ്പള്ളിയോ അദ്ദേഹത്തിന്റെ പാർട്ടിയോ വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ വിജയ പ്രതീക്ഷ വച്ചു പുലർത്തിയിരുന്നില്ല. എന്നാൽ എല്ലാം ജയരാജൻ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു. നിലവിൽ പാർട്ടിയിൽ ജയരാജന്റെ പ്രവർത്തന മികവിന് അനുസരിച്ചുള്ള സ്ഥാനം നൽകപ്പെട്ടിട്ടില്ല. ഇതെല്ലാം അണികൾക്കിടയിൽ ചർച്ച നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP