Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിബിഐയിൽ ഉറച്ച് വി എസ്; പൊലീസ് അന്വേഷണം മതിയെന്ന് സിപിഐ(എം); ജ്യുഡീഷ്യൽ എൻക്വയറിയിൽ പിന്നോട്ടില്ലെന്ന് സിപിഐ; ബാർ കോഴ വിവാദത്തിൽ പരസ്പരം ഒളിയമ്പെറിഞ്ഞ് ഇടത് നേതാക്കൾ

സിബിഐയിൽ ഉറച്ച് വി എസ്; പൊലീസ് അന്വേഷണം മതിയെന്ന് സിപിഐ(എം); ജ്യുഡീഷ്യൽ എൻക്വയറിയിൽ പിന്നോട്ടില്ലെന്ന് സിപിഐ; ബാർ കോഴ വിവാദത്തിൽ പരസ്പരം ഒളിയമ്പെറിഞ്ഞ് ഇടത് നേതാക്കൾ

തിരുവനന്തപുരം: ബാർ ഉടമയിൽ നിന്ന് ധനമന്ത്രി കെ എം മാണി കൈക്കൂലി വാങ്ങിയെന്ന വാർത്ത പൊട്ടിത്തെറിയുണ്ടാക്കേണ്ടിയിരുന്നത് ഭരണ മുന്നണിയിലാണ്. എന്നാൽ തുടക്കത്തിലെ അപശബ്ദങ്ങൾ മറന്ന് മാണിയെ പിന്തുണയ്ക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഘടകകക്ഷികളും തീരുമാനിച്ചു. ഇതോടെ യുഡിഎഫിൽ തർക്കം തീർന്നു. ഇപ്പോൾ ബാർ കോഴ വിവാദം പുകയുന്നത് പ്രതിപക്ഷത്താണ്. ഏത് അന്വേഷണമാകും മാണിയെ കുടുക്കാൻ നല്ലത് എന്നതിനെ ചൊല്ലിയാണ് തർക്കം.

സിപിഎമ്മും വി എസ് അച്യുതാനന്ദനും ഈ പ്രശ്‌നത്തിലും രണ്ടു വഴിക്ക്. വിജലൻസ് അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് സിബിഐയിൽ എത്തി നിൽക്കുകയാണ് വി എസ്. ഈ നിർദ്ദേശങ്ങളെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. വിഎസിന്റെ സാന്നിധ്യത്തിൽ രണ്ട് മണിക്കൂർ ചർച്ച ചെയ്ത് പാർട്ടി തീരുമാനം എടുത്തു. വിജിലൻസും സിബിഐയും കൂട്ടിലടച്ച തത്തയാണ്. വേണ്ടത് പൊലീസ് അന്വേഷണം. സത്യസന്ധരായ ഉദ്യോഗസ്ഥർ ഇവിടെയുള്ളപ്പോൾ എന്തിന് സിബിഐ എന്ന ചോദ്യമാണ് സിപിഎമ്മിലെ പിണറായി വിഭാഗം ചോദിക്കുന്നത്. പ്രതിപക്ഷത്തെ രണ്ടാനായ സിപിഐയ്ക്ക വേണ്ടത് ജ്യൂഡീഷ്യൽ അന്വേഷണമാണ്. ആര് എന്ത് പറഞ്ഞാലും ഈ നിലപാടിൽ നിന്ന് പന്ന്യൻ രവീന്ദ്രന്റെ പാർട്ടിയും പിന്നോട്ട് പോകില്ല.

തന്റെ നിർദ്ദേശങ്ങൾ തള്ളി സിപിഐ(എം) സെക്രട്ടറിയേറ്റ് തീരുമാനം എടുത്തെങ്കിലും വിട്ടുകൊടുക്കാൻ വി എസ് തയ്യാറല്ല. തീരുമാനത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനാണ് തീരുമാനം. എന്തുകൊണ്ടാണ് താൻ സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുന്നതെന്ന് കാര്യകാരണ സഹിതം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് നീക്കം. സിബിഐ അന്വേഷണം തന്നെയാണ് നല്ലതെന്ന് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തി പാർട്ടി തീരുമാനത്തെ തിരുത്തിക്കാനാണ് ശ്രമം. അതിലുപരി കേന്ദ്ര ഘടകത്തിലെ ഭിന്നത അനുകൂലമാക്കുകയാണ് ലക്ഷ്യം.

തന്റെ വാക്കിന് വില നൽകാതെ ഏകപക്ഷീയമായ തീരുമാനങ്ങളുമായി സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്ന എന്ന ഗൗരവമേറിയ ആരോപണവും വി എസ് കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കും. ഇടതുമുന്നണി വിട്ടുപോയ സോഷ്യലിസ്റ്റ് ജനത, ആർ.എസ്‌പി എന്നീ കക്ഷികളെ തിരിച്ചു വിളിച്ച തന്റെ നിലപാടിനെ തള്ളിക്കളഞ്ഞ പിണറായിയുടെ നടപടിയിലും വി.എസിന് പ്രതിഷേധമുണ്ട്. മുന്നണി ശക്തിപ്പെടുത്താൻ വിട്ടുപോയ ഘടകക്ഷികളെ തിരികെ കൊണ്ടു വരണമെന്ന് കേന്ദ്ര നേതൃത്വം തന്നെ വ്യക്തമാക്കിയിരിക്കെ, തന്റെ നിലപാടുകളെ വകവയ്ക്കാത്ത സംസ്ഥാന നേതൃത്വത്തിന്റെ നടപടി ശരിയായില്ലെന്നും വി.എസും കേന്ദ്ര നേതാക്കളെ അറിയിക്കും.

പ്രശ്‌നം ചർച്ച ചെയ്യാൻ ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വി എസ് തന്റെ മുൻനിലപാടിൽ ഉറച്ചു നിന്നു. എന്നാൽ ആ നിലപാടിനെ പാടെ തള്ളുന്ന സമീനമാണ് സംസ്ഥാന പിണറായി വിജയൻ സ്വീകരിച്ചത്. കോഴ വിവാദത്തെ കുറിച്ച് സിബിഐ അന്വേഷണം വി എസ് ആവശ്യപ്പെട്ടത് വ്യക്തിപരമായ പ്രസ്താവനയായി കണ്ടാൽ മതിയെന്നും പിണറായി പറഞ്ഞു. ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടുകിട്ടാനുള്ള വൈഷമ്യം ചൂണ്ടിക്കാട്ടിയാണ് ആ മാർഗവും സിപിഐ(എം) തള്ളിയത്. മുൻകാലങ്ങളിൽ പല ജുഡീഷ്യൽ അന്വേഷണങ്ങളുടെ സ്ഥിതിയും പിണറായി പരാമർശിച്ചു.

എന്നാൽ സിപിഎമ്മിന്റെ തീരുമാനം വന്ന് നിമിഷങ്ങൾക്കുള്ളിൽ സിപിഐയും പ്രതികരിച്ചു. ജ്യൂഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ സംസ്ഥാന കൗൺസിൽ പ്രമേയം പാസാക്കി. ഇടതു മുന്നണി യോഗത്തിലും ഈ നിലപാട് ആവർത്തിക്കാനാണ് സിപിഐ നീക്കം. ഇതു മനസ്സിലാക്കിയാണ് വാർത്താ സമ്മേളനത്തിൽ സിപിഐയേയും പിണറായി വിജയൻ വിമർശിച്ചത്. സിപിഐയുടെ ആവശ്യം പരിഗണിച്ച് ഇടതുമുന്നണി യോഗം വിളിക്കുമെന്നും പറഞ്ഞു. എന്നാൽ പാർട്ടി തീരുമാനം പ്രഖ്യാപിച്ച സ്ഥിതിക്ക് പൊലീസിന്റെ പ്രത്യേക സംഘം ബാർ വിവാദം അന്വേഷിച്ചാൽ മതിയെന്ന നിലപാടിൽ പിണറായി ഉറച്ചു നിൽക്കും.

ഇടതു മുന്നണിയിലെ ചെറു കക്ഷികൾക്കും സിപിഎമ്മിനെ പിന്തുണയ്ക്കാതിരിക്കാൻ കഴിയില്ല. ബാർ വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ ആവശ്യവും ഇടതുപക്ഷ തീരുമാനത്തെ സ്വാധീനിക്കില്ല. അതുകൊണ്ട് തന്നെ സിപിഐ(എം) നിലപാട് ഇടതു തീരുമാനമായി മാറാനാണ് സാധ്യത. ഇതിനിടെയിൽ തർക്കത്തിന്റെ ഗുണമുണ്ടാക്കുന്നത് മാണിയും യുഡിഎഫുമാകുമെന്നതാണ് ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP