Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലമുറ മാറ്റമെന്ന ആവശ്യം കോൺഗ്രസ്സിൽ ശക്തിപ്രാപിക്കുന്നു; എ ഐ ഗ്രൂപ്പുകളിൽ യുവനേതാക്കൾ സുധീര പക്ഷത്തേക്ക്; നിഷ്പക്ഷരായ നേതാക്കളുടെ പിന്തുണയും സുധീരന്; അഴിച്ചുപണിയിൽ ഇരു ഗ്രൂപ്പുകളുടേയും ശക്തി ചോർന്നു: ഇനി മുമ്പിൽ നിൽക്കുന്നത് സുധീരൻ തന്നെ

തലമുറ മാറ്റമെന്ന ആവശ്യം കോൺഗ്രസ്സിൽ ശക്തിപ്രാപിക്കുന്നു; എ ഐ ഗ്രൂപ്പുകളിൽ യുവനേതാക്കൾ സുധീര പക്ഷത്തേക്ക്; നിഷ്പക്ഷരായ നേതാക്കളുടെ പിന്തുണയും സുധീരന്; അഴിച്ചുപണിയിൽ ഇരു ഗ്രൂപ്പുകളുടേയും ശക്തി ചോർന്നു: ഇനി മുമ്പിൽ നിൽക്കുന്നത് സുധീരൻ തന്നെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം കെപിസിസി പ്രസിഡന്റ് വി എം.സുധീരന്റെ തലയിൽ കെട്ടിവയ്ക്കാനും അദ്ദേഹത്തെ മറിച്ചിട്ട് ഉമ്മൻ ചാണ്ടിയെ പുതിയ പ്രസിഡന്റാക്കാനുമുള്ള നീക്കങ്ങൾ പാളിയതോടെ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നു. ഇനി സുധീരൻ തന്നെയാണ് അധികാരകേന്ദ്രമെന്ന് ഹൈക്കമാൻഡിൽ നിന്ന് കഌയർ സിഗ്നൽ ലഭിച്ചതോടെ ഐ എ ഗ്രൂപ്പുകളിൽ നിന്ന് സുധീരൻ പക്ഷത്തേക്ക് യുവനേതാക്കളുടെ പ്രവാഹം തുടങ്ങിയിരിക്കുകയാണ്.

രണ്ടുദിവസം നെയ്യാർ ഡാമിൽ നടന്ന പരാജയ അവലോകന യോഗത്തിനുശേഷം പരാജയഭാരം സുധീരന്റെ തലയിൽ കെട്ടിവച്ച് പകരം ഉമ്മൻ ചാണ്ടിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം സമ്മാനിക്കണമെന്നായിരുന്നു എ-ഐ അജൻഡ. ഐ ഗ്രൂപ്പിന് പ്രതിപക്ഷ നേതൃസ്ഥാനം നൽകുന്നതിനായി ഉമ്മൻ ചാണ്ടി സർവാത്മനാ പിന്തുണ പ്രഖ്യാപിച്ചതും ചെന്നിത്തലയെ അദ്ദേഹം തന്നെ നിർദേശിച്ചതും ഈ ധാരണയുടെ അടിസ്ഥാനത്തിൽ ആയിരുന്നു എന്നാണ് സൂചനകൾ.

പക്ഷെ, ഇതു തിരിച്ചറിഞ്ഞ സുധീരൻ നെയ്യാർ ഡാമിലെ തോൽവി അവലോകനത്തിനു തൊട്ടു പിന്നാലെ ആദ്യം ഡൽഹിയിലെത്തി രാഹുലിനെ സന്ദർശിച്ചതോടെ ഐ-എ ഗ്രൂപ്പുകളിലെ മുതിർന്ന നേതാക്കളുടെ മലർപ്പൊടി സ്വപ്‌നങ്ങൾ തകർന്നു. ഇതിനു പിന്നാലെ ഉമ്മൻ ചാണ്ടിക്കുവേണ്ടി വാദിക്കാൻ തിരുവഞ്ചൂരും നേതൃമാറ്റം വേണമെന്നു പറയാൻ യൂത്ത് കോൺഗ്രസ് സംഘവുമെല്ലാം ഹൈക്കമാൻഡിനു മുന്നിൽ എത്തിയെങ്കിലും രാഹുൽഗാന്ധി അതിനൊന്നും ചെവികൊടുത്തില്ല. ഇതിനു പിന്നാലെ തിരഞ്ഞെടുപ്പിന് മുമ്പെന്നപോലെ ഉമ്മൻ ചാണ്ടി-ചെന്നിത്തല-സുധീരൻ ത്രയത്തെ വിളിപ്പിച്ച് കാര്യങ്ങൾ പഴയപടി തുടരട്ടെയെന്നും നേതൃമാറ്റം ഇല്ലെന്നും വ്യക്തമാക്കിയതോടെ സൂധീരൻ മേൽക്കൈ ഉറപ്പിച്ചു.

ഇതോടെയാണ് ഇനി ഹൈക്കമാൻഡിന്റെ ഗുഡ്ബുക്കിൽ എത്തിപ്പെടാൻ സുധീരൻ തന്നെ ശരണമെന്നുറപ്പിച്ച് തലമുറമാറ്റം ആവശ്യപ്പെട്ടിരുന്ന ഇരു ഗ്രൂപ്പുകളിലെയും യുവ നേതാക്കൾ സുധീരനെത്തന്നെ അഭയം പ്രാപിച്ചുതുടങ്ങിയത്. അടുത്തു നടക്കാൻ പോകുന്ന കെപിസിസി-ഡിസിസി പുനഃസംഘടനകളിൽ സ്വന്തം സ്ഥാനം ഉറപ്പാക്കാനാണ് പുതിയ നീക്കങ്ങൾ. ഇനി സുധീരൻ കനിഞ്ഞാലേ സ്ഥാനമാനങ്ങൾ ഉറപ്പാക്കാനാകൂ എന്ന പ്രചാരണവും ഇതിനിടെ ശക്തമായിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു രണ്ടുദിവസം നീണ്ടുനിന്ന കെപിസിസി. ക്യാമ്പ് എക്‌സിക്യൂട്ടീവിൽ സുധീരനെതിരെ ആസൂത്രിതമായ ആക്രമണം നടന്നത്. ഇതിന് മുന്നിൽ നിന്ന ഗ്രൂപ്പ് മാനേജർമാരാണ് പുതിയ അന്തരീക്ഷത്തിൽ വെട്ടിലായത്. സുധീരനെതിരെ ശക്തമായ വിമർശനം കെപിസിസി ക്യാമ്പിലുണ്ടായെന്ന പ്രചരണം നടത്തിയാൽ അദ്ദേഹത്തെ മാറ്റുമെന്ന പ്രതീക്ഷയ്ക്കു വിരുദ്ധമായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.

ഡൽഹിയിൽ ചർച്ചയ്ക്കായി മൂന്ന് നേതാക്കളെയും രാഹുൽഗാന്ധി വിളിപ്പിച്ചതിനു പിന്നാലെ സുധീരനെതിരെ ശക്തമായ പരസ്യനിലപാടുമായി എം.എം.ഹസ്സനും ജോസഫ് വാഴയ്ക്കനും കെ. സുധാകരനും രംഗത്തുവന്നതും സുധീരനെ മാറ്റുമെന്ന മുൻവിധിയോടെ ആയിരുന്നു. എന്നാൽ രാഹുൽഗാന്ധിയുമായും സോണിയയുമായും ചർച്ച നടത്തിയ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ ആവശ്യം ഉന്നയിച്ചില്ല. തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർത്ഥി നിർണയത്തിൽ ബലംപിടിച്ച ഉമ്മൻ ചാണ്ടിക്കും സ്വന്തക്കാർക്കുവേണ്ടി വാദിച്ച ചെന്നിത്തലയ്ക്കും തോൽവിയുടെ ന്യായം വിശദീകരിക്കാനായില്ല. അതേസമയം, അഴിമതിക്കാരെ മത്സരിപ്പിക്കരുതെന്ന് അവസാന നിമിഷംവരെ ബലംപിടിച്ച സുധീരന് തലയുയർത്തി നിൽക്കാനുമായി. ഏതായാലും പ്രധാന ആവശ്യമായ നേതൃമാറ്റക്കാര്യം ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഉന്നയിക്കാതിരുന്നതോടെ ഇവിടെ ഗ്രൂപ്പ് മാനേജർമാരാണ് വെട്ടിലായത്.

ഇതോടെ പരാജയത്തിന്റെ യഥാർത്ഥകാരണങ്ങൾ പരിശോധിക്കാതെ സുധീരനെ മാറ്റുകയെന്ന അജണ്ട സെറ്റുചെയ്ത് നീങ്ങിയതിൽ ഇപ്പോൾ ഗ്രൂപ്പുകൾക്കുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുന്നു. സുധീരൻ പ്രസിഡന്റായി രണ്ടുവർഷമേ ആയിട്ടുള്ളൂ എന്നതിനാൽ അദ്ദേഹം മാത്രമാണ് പരാജയകാരണം എന്നത് അംഗീകരിക്കാനാവില്ലെന്ന വാദങ്ങൾ ഇരു ഗ്രൂപ്പുകളിലും ഉയർന്നുതുടങ്ങി. ഗ്രൂപ്പുകളിലാണ് നേതൃമാറ്റം വേണ്ടതെന്നും മുതിർന്ന നേതാക്കളും മത്സരിച്ചു തോറ്റവരും അടുത്ത തലമുറയ്ക്കായി മാറിക്കൊടുക്കണമെന്നും ആവശ്യം ശക്തമാകുകയാണ്. ഒരർത്ഥത്തിൽ സുധീരൻ ആഗ്രഹിച്ച മാറ്റമാണ് ഇപ്പോൾ പാർട്ടിയിൽ സംഭവിക്കുന്നത്. സുധീരനെതിരെ നേതൃമാറ്റം എന്ന ആവശ്യം ഉന്നയിച്ചവർ സ്വന്തം ഗ്രൂപ്പിൽ നിന്ന് തലമുറ മാറ്റമെന്ന വാദത്തെ നേരിടുന്ന സ്ഥിതിയാണിപ്പോൾ.

ജനവിരുദ്ധമായ നയങ്ങൾ കൈക്കൊണ്ടപ്പോൾ അത് തിരുത്താൻ സുധീരൻ ഉണ്ടായിരുന്നതുകൊണ്ടാണ് അൽപമെങ്കിലും പാർട്ടിക്ക് മുഖം രക്ഷിക്കാനായെന്നും ഇപ്പോൾ വാദമുയരുന്നു. എന്തായാലും പാർട്ടി പുനഃസംഘടനയ്ക്ക് സുധീരന് സർവാധികാരവും ഹൈക്കമാൻഡ് നൽകിക്കഴിഞ്ഞു. സുധീരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫലത്തിൽ അദ്ദേഹത്തെ സർവാധികാരിയാക്കി ഡൽഹിയിൽ നിന്ന് മടക്കിയെത്തിക്കുകയായിരുന്നു ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും.

അതിനാൽത്തന്നെ ഇഷ്ടമുള്ളവരെയെല്ലാം പാർട്ടി സ്ഥാനങ്ങളിൽ കൊണ്ടുവരാൻ സുധീരന്് കഴിയുമെന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പാർട്ടിയിൽ നിഷ്പക്ഷമായി നിൽക്കുന്നവർക്കും തലമുറമാറ്റം ആവശ്യപ്പെടുന്നവർക്കും പുതിയ സാഹചര്യം ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെയും രമേശിന്റെയൂം വിശ്വസ്തരായി നിന്ന പലരും ഇപ്പോൾ സുധീരപക്ഷത്തേക്ക് പതിയെ നീങ്ങുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP