Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിൽ പോയി കരുത്തു വീണ്ടെടുത്ത രാഹുൽ ഗാന്ധിയുടെ മുഖത്ത് കരിവാരിത്തേച്ച് ഉമ്മൻ ചാണ്ടിയും കൂട്ടരും; ബിജെപിക്കെതിരെ ആഞ്ഞടിക്കുന്ന രാഹുലിനെ നിശബ്ദനാക്കി സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; നേതാക്കളെ അടിയന്തിരമായി ഡൽഹി വിളിപ്പിച്ച് ഹൈക്കമാൻഡ്; പുതിയ കെപിസിസി അധ്യക്ഷൻ കളങ്കിതനാകില്ലെന്ന് ഉറപ്പിച്ച് നേതൃത്വം

അമേരിക്കയിൽ പോയി കരുത്തു വീണ്ടെടുത്ത രാഹുൽ ഗാന്ധിയുടെ മുഖത്ത് കരിവാരിത്തേച്ച് ഉമ്മൻ ചാണ്ടിയും കൂട്ടരും; ബിജെപിക്കെതിരെ ആഞ്ഞടിക്കുന്ന രാഹുലിനെ നിശബ്ദനാക്കി സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; നേതാക്കളെ അടിയന്തിരമായി ഡൽഹി വിളിപ്പിച്ച് ഹൈക്കമാൻഡ്; പുതിയ കെപിസിസി അധ്യക്ഷൻ കളങ്കിതനാകില്ലെന്ന് ഉറപ്പിച്ച് നേതൃത്വം

തിരുവനന്തപുരം: കോൺഗ്രസിനെ ദേശീയതലത്തിൽ വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അമേരിക്കയിൽ നിന്നും തിരികെ നാട്ടിലെത്തിയ രാഹുൽ അധികം താമസിയാതെ തന്നെ പാർട്ടിയുടെ അധ്യക്ഷ പദവി സോണിയ ഗാന്ധിയിൽ നിന്നും ഏറ്റെടുത്തേക്കും എന്നാണ് അറിയുന്നത്. പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസിന് പുതിയ മുഖം നൽകാൻ വേണ്ടി ശ്രമിച്ചു വരികയായിരുന്നു. ഗുജറാത്തിൽ അടക്കം പര്യടനം നടത്തിയ രാഹുലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതും. എന്നാൽ, പാർട്ടിയുടെ കരുത്ത് വീണ്ടെടുക്കാൻ ശ്രമിക്കുന്ന രാഹുലിന്റെ മുഖത്ത് കേരളത്തിലെ കോൺഗ്രസുകാർ ശരിക്കും കരിവാരിത്തേച്ചു.

ഇന്നലെ സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് ദേശീയ നേതൃത്വത്തിനും കൂടി തിരിച്ചടിയായി മാറി. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ ഉമ്മൻ ചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കൾ ബലാത്സംഗക്കേസിലടക്കം പ്രതിയാകുന്നത് ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചയായിട്ടുണ്ട്. സ്ത്രീപീഡനവും അഴിമതിയും ബലാത്സംഗവുമുള്ള കേസ് ദേശീയതലത്തിൽ ബിജെപിയടക്കമുള്ളവർ വിഷയമാക്കിയിട്ടുമുണ്ട്. രാഹുലിന്റെ വിശ്വസ്തനായ കെ സി വേണുഗോപാലും ബലാത്സംഗ കേസ് പ്രതിയാണ്. ഈ ആരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ ബിജെപി കോൺഗ്രസിനെതിരെ വീണ്ടും ആക്രമണത്തിന് തയ്യാറെടുത്തിരിക്കയാണ്.

ഈ സാഹചര്യത്തിലാണ് ശക്തമായ ഇടപെടലുകൾ നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡും രാഹുൽ ഗാന്ധിയും തീരുമാനിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിയടക്കമുള്ളവർ പ്രതിയായ സാഹചര്യത്തിൽ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതും കോൺഗ്രസിനെ വട്ടം കറക്കുന്ന ചോദ്യമാണ്. സോളാർ കേസിൽ നേതാക്കൾ പരസ്യപ്രതികരണം നടത്തുന്നതിന് ഇപ്പോൾ തന്നെ ഹൈക്കമാൻഡ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് കടുത്ത നടപടികളുണ്ടാകുമെന്നതിന്റെ സൂചനയാണ്. തലമുതിർന്ന നേതാക്കൾക്ക് ഇനി രണ്ടാമതൊരു ഊഴം ഇല്ലെന്നാണ് അറിയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് വിളിപ്പിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സൻ, സുധീരൻ,വി.ഡി.സതീശൻ എന്നിവർ ഡൽഹിയിലേക്ക് പോകും. കേരള നേതാക്കളുമായി രാഹുൽ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. എ.കെ.ആന്റണിയും മുകുൾ വാസ്‌നിക്കും ചർച്ചയിൽ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച. സോളാർ ജുഡീഷ്യൽ റിപ്പോർട്ടും സംഘടനാവിഷയങ്ങളും ചർച്ചയാകുമെന്ന കാര്യം ഉറപ്പാണ്.

അതേസമയം സോളാർ റിപ്പോർട്ട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം .കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ചേരും. രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ കേന്ദ്ര നേതാക്കളെ കാണും. രാഹുൽ ഗാന്ധിയെയും കാണാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഗുജറാത്തിൽനിന്നും ഡൽഹിയിൽ ഇന്ന് മടങ്ങിയെത്തുന്ന രാഹുലിനെ കാണാനുള്ള സമയം തേടിയിട്ടുണ്ട്.

റിപ്പോർട്ടിലെ വിവരങ്ങൾ പൂർണമായും മനസിലാക്കിയാൽ മാത്രമേ നിയമപരമായി മുന്നോട്ടുപോകാൻ സാധിക്കു. അതിനാൽ തന്നെയാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ ആരോപണവിധേയരായ നേതാക്കൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നേതാക്കൾക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ആലോചനകൾക്കായാണ് രാഷ്ട്രീയ കാര്യസമിതി ചേരുന്നത്.

സോളാർ സംഭവത്തിൽ നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതോടെ മുൻകൂർ ജാമ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ യു.ഡി.എഫ് നീക്കവുമുണ്ട്. പ്രതിസ്ഥാനത്ത് വരുന്ന നേതാക്കളിൽ ആരെങ്കിലും ഹൈക്കോടതിയെ സമീപിക്കുന്നതായിരിക്കും ഉചിതമെന്ന ഉപദേശം നിയമ കേന്ദ്രങ്ങളിൽ നിന്നും യു.ഡി.എഫിന് കിട്ടിക്കഴിഞ്ഞു. നിരവധി കേസുകളിൽ പ്രതിയായി ആൾമാറാട്ടം നടത്തുന്ന സരിതയുടെ മൊഴി വിശ്വാസത്തിലെടുത്ത് നടപടി സ്വീകരിക്കുന്നത് ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്സ് നേതൃത്വവും വ്യക്തമാക്കി.

ബലാത്സംഗ കേസ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവരുടെ പേരിൽ ഒരിക്കലും നില നിൽക്കില്ലന്ന് തന്നെയാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ച ശേഷമേ കമ്മിഷനെതിരായി നിലപാട് സ്വീകരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി. കേസിനെ രാഷ്ട്രീയപരമായി നേരിടാനാണ് തീരുമാനം. ഹൈക്കമാന്റിനെ ഇതു സംബന്ധിച്ച കാര്യങ്ങൾ എ.കെ.ആന്റണിയും കെപിസിസി അദ്ധ്യക്ഷനും ധരിപ്പിച്ചിട്ടുണ്ട്.

മുതിർന്ന നേതാക്കൾ ഒന്നടങ്കം അറസ്റ്റിലായി അഴിക്കുള്ളിലാകുന്ന അവസരം ഏത് വിധേയനേയും ഒഴിവാക്കാൻ ആവശ്യമെങ്കിൽ സുപ്രീം കോടതിയിൽ നിന്നും മുതിർന്ന അഭിഭാഷകരെ തന്നെ കൊണ്ടുവരാനാണ് തീരുമാനം. സർക്കാറിന്റെ പുതിയ നിലപാടിന്റെ പശ്ചാത്തലത്തിൽ സരിത വീണ്ടും കോൺഗ്രസ്സ് നേതാക്കളുടെ മകൻ ഉൾപ്പെടെ കൂടുതൽ പേർക്കെതിരെ പരാതിയുമായി രംഗത്തു വരുന്നതിനെയും അതീവ ഗൗരവമായാണ് കോൺഗ്രസ്സ് നേതൃത്വം കാണുന്നത്. ഈ ഒരു സാഹചര്യത്തിൽ സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഏത് വിധേയനേയും ലഭ്യമാക്കുന്നതിനായുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. സർക്കാർ നൽകിയില്ലങ്കിൽ റിപ്പോർട്ടിനായി കോടതിയെ സമീപിക്കാനാണ് നീക്കം.

അതേസമയം കേസിൽ നടപടി വേഗത്തിലാക്കാൻ സർക്കാരും ഒരുങ്ങുകയാണ്. അന്വേഷണ സംഘം വിപുലീകരിച്ച് ഉടൻതന്നെ ഉത്തരവ് ഉണ്ടാകുമെന്നാണ് അറിയുന്നത്. ഉമ്മൻ ചാണ്ടി നേരിട്ടു പണം കൈപ്പറ്റിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയെ ക്രിമിനൽ കേസിൽ നിന്നു രക്ഷിക്കാൻ ശ്രമിച്ചെന്നും കമ്മീഷൻ റിപ്പോർട്ട് ചെയ്തതിനാലാണ് അവർ അടക്കം യുഡിഎഫ് നേതാക്കൾക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. കമ്മീഷന്റെ പത്തു കണ്ടെത്തലുകളും അവയുടെ അടിസ്ഥാനത്തിലുള്ള നിയമോപദേശങ്ങളും കൈക്കൊണ്ട നടപടികളും ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. നടപടി റിപ്പോർട്ട് സഹിതം ആറു മാസത്തിനകം റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജയിൽ വകുപ്പുകളിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചു പഠിക്കാൻ വിരമിച്ച ജഡ്ജി ജസ്റ്റീസ് സി.എൻ രാമചന്ദ്രൻനായരെയും നിയമിച്ചു.

അതേസമയം സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലൻസ്, ക്രിമിനൽ കേസ് അന്വേഷണ ഉത്തരവുകൾ ഇന്നിറങ്ങും. പ്രത്യേക സംഘത്തെ രൂപീകരിച്ചാലുടൻ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കും. നിലവിലെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റുംപോലുള്ള കടുത്ത നടപടികളിലേക്കു കടക്കു.

ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. ഇന്നുതന്നെ അന്വേഷണ സംഘം രൂപീകരിച്ചു ഉത്തരവിറക്കി നടപടികൾ വേഗത്തിലാക്കാനാണു പൊലീസിന്റെ ആലോചന. ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന്മേലുള്ള നിയമോപദേശ പ്രകാരം മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും പ്രത്യേകം കേസുകളെടുക്കണം. എന്നാൽ നിലവിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ സോളർ കേസുകളുണ്ട്.

വിചാരണയിലേക്കു കടക്കാറായവ വീണ്ടും അന്വേഷിക്കാനാണ് നിലവിലെ നിർദ്ദേശം. അതിനാൽ അവയുടെയടക്കം കേസ് ഡയറികൾ പരിശോധിച്ചശേഷമാവും എത്ര കേസുകൾ രജിസ്റ്റർ ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം തീരുമാനിക്കുക. കേസെടുത്താലുടൻ ചോദ്യം ചെയ്യലിലേക്കു കടക്കണം. സരിതയുടെ 2013ലെ കത്താണ് മാനഭംഗക്കേസിനെ അടിസ്ഥാനമെന്നതിനാൽ ആദ്യംതന്നെ സരിതയുടെ മൊഴിേരഖപ്പെടുത്തണം. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന സൂചനയാണു സരിത നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP