Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്ങന്നൂരിൽ അടിതെറ്റിയതോടെ കലാപക്കൊടി ഉയർത്തി യൂത്തന്മാർ; കാറ്റനുകൂലമായിട്ടും കപ്പൽ കരയ്‌ക്കെത്തിക്കാനാവാത്ത പ്രതിപക്ഷ നേതാവ് ശൈലി മാറ്റണമെന്ന് എ ഗ്രൂപ്പ്; തോൽവിക്ക് കാരണം ഗ്രൂപ്പ് കളിയാണെന്ന് തുറന്നടിച്ച് വി എം.സുധീരൻ; പി.ജെ.കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കുന്നതിനെതിരെ ഹൈക്കമാൻഡിന് പരാതി; ജൂൺ 11 ന് കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗം ചേരുമ്പോൾ കോൺഗ്രസിൽ തലമുറമാറ്റത്തിനായി മുറവിളിയും

ചെങ്ങന്നൂരിൽ അടിതെറ്റിയതോടെ കലാപക്കൊടി ഉയർത്തി യൂത്തന്മാർ; കാറ്റനുകൂലമായിട്ടും കപ്പൽ കരയ്‌ക്കെത്തിക്കാനാവാത്ത പ്രതിപക്ഷ നേതാവ് ശൈലി മാറ്റണമെന്ന് എ ഗ്രൂപ്പ്; തോൽവിക്ക് കാരണം ഗ്രൂപ്പ് കളിയാണെന്ന് തുറന്നടിച്ച് വി എം.സുധീരൻ; പി.ജെ.കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കുന്നതിനെതിരെ ഹൈക്കമാൻഡിന് പരാതി; ജൂൺ 11 ന് കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗം ചേരുമ്പോൾ കോൺഗ്രസിൽ തലമുറമാറ്റത്തിനായി മുറവിളിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും വരെ നിശ്ശബ്ദരായിരുന്ന നേതാക്കന്മാരെല്ലാം കൂടുപൊട്ടിച്ച് കടുത്ത വിമർശനങ്ങളുമായി വാളെടുത്തിരിക്കുകയാണ്, കോൺഗ്രസിൽ.ചെങ്ങന്നൂരിലെ തോൽവിക്ക് കാരണം പാർട്ടിയിലെ ഗ്രൂപ്പ് കളിയാണെന്ന് പറഞ്ഞ വി എം. സുധീരൻ ഇത്തരം പ്രവണതകൾക്ക് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു. ചെങ്ങന്നൂരിലെ തോൽവിക്ക് കാരണം എ, ഐ ഗ്രൂപ്പ് തർക്കമാണെന്നാണ് സുധീരൻ ഉദ്ദേശിച്ചത്.

'കോൺഗ്രസിലെ ചില നേതാക്കൾ പാർട്ടിയേക്കാൾ ഗ്രൂപ്പ് താത്പര്യങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത്. പാർട്ടി നേതാക്കന്മാരുടെ ഈ ശൈലി മാറ്റണം. ആത്മാർത്ഥതയും അർഹതയുമുള്ള സാധാരണ കോൺഗ്രസ് പ്രവർത്തകരെ പാർട്ടി അവഗണിക്കുകയാണ്. തങ്ങളുടെ താത്പര്യങ്ങൾക്ക് വഴങ്ങാത്തവരെ ഗ്രൂപ്പ് മാനേജർമാർ തഴയുകയാണ്. ഇതിന് മാറ്റം വരണം. സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ സ്ഥാനം നൽകണം. ഗ്രൂപ്പിനേക്കാൾ പാർട്ടിയാണ് പ്രധാനമെന്ന് നേതാക്കൾ മനസിലാക്കണം. പാർട്ടിയില്ലെങ്കിൽ ഗ്രൂപ്പില്ല. താൻ പറഞ്ഞത് എല്ലാവർക്കും മനസിലാകുമെന്നും എന്നാൽ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഇല്ലെന്നും സുധീരൻ വ്യക്തമാക്കി. വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ചെങ്ങന്നൂരിലേറ്റ തോൽവി വേദനിപ്പിക്കുന്നു,സുധീരൻ പറഞ്ഞു.

ചെങ്ങന്നൂരിലെ തോൽവി ചർച്ച ചെയ്യാൻ കോൺഗ്രസ് അടിയന്തര യോഗമൊന്നും ചേരുന്നില്ല. ഈ മാസം പതിനൊന്നിനാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നത്.സുധീരനെ പോലെ പരസ്യമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാത്ത പലരും യോഗത്തിൽ ആഞ്ഞടിച്ചേക്കും.അതിനിടെ പുതിയ തലമുറയ്ക്ക് അവസരം നൽകുന്നില്ലെന്നും പഴയ തലമുറ കടിച്ചുതൂങ്ങുകയാണെന്നുമുള്ള ആക്ഷേപവുമായി യൂത്ത് കോൺഗ്രസ് -കെഎസ് യു നേതാക്കൾ ആവശ്യപ്പെട്ടുകഴിഞ്ഞു. റിജിൽ മാക്കുട്ടി തന്റെ ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

'ചെങ്ങന്നൂരിൽ പാർട്ടിയെ ബാധിച്ച നിപ വൈറസ്സിനെ ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിപ കൂട്ടമായി പിടികൂടുമെന്ന് നേതാക്കൾ മനസ്സിലാക്കുന്നത് നന്നായിരിക്കും. ചെങ്ങന്നൂർ തോൽവി സാധാരണ തോൽവി അല്ല. ഇന്നലെകളിൽ യു.ഡി.എഫ് നെ സഹായിച്ച എല്ലാം ഘടകങ്ങളും ഒരു പോലെ അകന്നിരിക്കുന്നു. ഒരു കഴിവും ഇല്ലാത്തവരെ പാർട്ടിയുടെ താക്കോൽ സ്ഥാനത്ത് നിർത്തിയതിൽ എല്ലാം നേതാക്കൾക്കും പങ്ക് ഉണ്ട്.

വി എം സുധീരനും അതിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ കാലത്തും അദ്ദേഹത്തിന്റെതായ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മെറിറ്റ് നോക്കിയല്ല പലരെയും അദ്ദേഹം കൊണ്ടുവന്നത്. കെപിസിസി പ്രസിഡന്റായ സമയത്ത് ശ്രീ വി എം സുധീരൻ ഒരു പ്രതിപക്ഷ നേതാവിന്റെറോൾ ആണ് കൈകാര്യം ചെയ്തത്. ബാർ വിഷയത്തിൽ ഒക്കെ എടുത്ത നിലപാട് എല്ലാം തലത്തിലും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിന്റെ ഒക്കെ പേരിൽ നേതാക്കളെ സംശയത്തിന്റെ മുന്നിൽ നിർത്തിയതിൽ നിന്ന് പാർട്ടിക്ക് ഉണ്ടായ തിരിച്ചടി ചെറുതല്ല എന്ന് അങ്ങ്ഇനിയെങ്കിലും മനസ്സിൽ ആക്കണം. ഇടതുപക്ഷം വന്നപ്പോൾ പെട്ടിക്കട അനുവദിക്കുന്നത് പ്പോലെയാ ബാർ അനുവദിച്ചത്. അതിനു ശേഷം
നടന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ ഭൂരിപക്ഷം 20,000 കവിഞ്ഞു.' അതേസമയം, ചെങ്ങന്നൂരിലെ തോൽവി മുന്നറിയിപ്പാണെന്നും പാർട്ടി നേതാക്കന്മാർ അവസരവാദികൾക്കും മത സാമുദായിക സംഘടനകൾക്കും പിറകേ പോകുന്നത് നിറുത്തണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടു.ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് സംഘടന അഴിച്ചുപണിയണമെന്നും കെഎസ് യു ആവശ്യപ്പെടുന്നുണ്ട്.

അനുകൂല സാഹചര്യമുണ്ടായിട്ടും വിജയിക്കാനാകാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് കാട്ടി പാർട്ടി അധ്യക്ഷൻ രാഹുലിന് പരാതി എത്തിക്കഴിഞ്ഞു.സംഘടനാപരമായ ദൗർബല്യവും തോൽവിക്ക് കാരണമായതായി പരാതിയിൽ പറയുന്നു. താഴേത്തട്ടിലുള്ള പ്രചാരണം ഫലപ്രദമാകാത്തത് യുഡിഎഫ് പരാജയത്തിന് കാരണമായി വിലയിരുത്തിയിട്ടുണ്ട്.സ്ഥാനാർത്ഥിയായിരുന്ന ഡി വിജയകുമാറും ഇക്കാര്യം പരസ്യമായി ഉന്നയിച്ചു.. പല ബൂത്തുകളിലും ഏജന്റുമാർ പോലുമില്ലായിരുന്നുവെന്ന പരാതിയും ഉയർന്നിട്ടിട്ടുണ്ട്. 90 ശതമാനം ബൂത്തു പ്രസിഡന്റുമാരേയും തിരഞ്ഞെടുത്തെന്ന് കെപിസിസി പ്രസിഡന്റ് അവകാശപ്പെടുമ്പോഴും ഈ തിരഞ്ഞെടുപ്പ് എങ്ങുമെത്തിയിട്ടില്ല എന്നതാണ് വാസ്തവം.പാർട്ടിയെ ഏകോപിപ്പിക്കുന്നതിൽ പ്രതിപക്ഷ നേതാവ് പരാജയപ്പെടുന്നുവെന്ന് വിമർശനമാണ് എ ഗ്രൂപ്പ് ഉയർത്തുന്നത്. ശൈലി മാറ്റത്തിലൂടെ നേതൃമാറ്റമാണ് എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പി.ജെ.കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിലും യുവനേതാക്കൾ പ്രതിഷേധിക്കുന്നുണ്ട്. ഇതിലുള്ള പരാതി ഹൈക്കമാൻഡിന്റെ പക്കൽ എത്തിക്കഴിഞ്ഞു.

തോൽവിയോടെ പുതിയ കെപിസിസി പ്രസിഡന്റിനെ അടുത്തയാഴ്ച തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. കെപിസിസി പ്രസിഡന്റ്, മുന്നണി കൺവീനർ, രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥി ഈ മൂന്നും ചേർത്ത് ഒന്നിച്ച് പ്രഖ്യാപനം വരാനാണ് സാധ്യത.
ഗ്രൂപ്പിന്റെ നോമിനിയായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരാണ് എ വിഭാഗം മുന്നോട്ടുവച്ചിരിക്കുന്നത്. ഇതോടൊപ്പം പി.സി വിഷ്ണുനാഥിന്റെ പേരും പരിഗണനയിൽ വന്നേക്കാം. ഐ ഗ്രൂപ്പിൽ നിന്ന് വി ഡി സതീശൻ, കെ. സുധാകരൻ എന്നീ പേരുകൾ നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്.കെ.സുധാകരൻ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കിൽ അദ്ദേഹം മുന്നണി കൺവീനറാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP