Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം ലക്ഷ്യമിടുന്നത് ലീഗിന്റെ രണ്ട് സീറ്റുകൾ ഒഴികെ പതിനെട്ടും പിടിക്കാൻ; ബിജെപിയുടെ ലക്ഷ്യം തിരുവനന്തപുരം; കോൺഗ്രസിനുമുണ്ട് 16 സീറ്റ് ലക്ഷ്യം; ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവേ കേരളത്തിലെ മൂന്ന് മുന്നണികളും ഉഷാറാകുന്നു; ഒടുവിൽ ഉണർന്ന കോൺഗ്രസ് തിരക്കിട്ട നീക്കത്തിൽ

സിപിഎം ലക്ഷ്യമിടുന്നത് ലീഗിന്റെ രണ്ട് സീറ്റുകൾ ഒഴികെ പതിനെട്ടും പിടിക്കാൻ; ബിജെപിയുടെ ലക്ഷ്യം തിരുവനന്തപുരം; കോൺഗ്രസിനുമുണ്ട് 16 സീറ്റ് ലക്ഷ്യം; ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവേ കേരളത്തിലെ മൂന്ന് മുന്നണികളും ഉഷാറാകുന്നു; ഒടുവിൽ ഉണർന്ന കോൺഗ്രസ് തിരക്കിട്ട നീക്കത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ രാഷ്ട്രീയ അങ്കത്തിനായി ചുവടുറപ്പിച്ച് കേരളത്തിലെ മൂന്ന് മുന്നണികളും. കഴിഞ്ഞ തവണ നേടിയ തിളക്കമാർന്ന വിജയം ഇത്തവണയും നേടാൻ തിരക്കിട്ട ചർച്ചയിലാണ് ഇടതുപക്ഷം. ലീഗിന്റെ 18 സീറ്റുകൾ ഒഴികെ മറ്റെല്ലാ സീറ്റുകളും തങ്ങളോട് അടുപ്പിക്കാനുള്ള തിരക്കിട്ട നീക്കം എൽ.ഡി.എഫ് തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായി മുന്നണി വിപുലീകരണമുൾപ്പടെ നടത്തി ചെറിയ കക്ഷികളെ തങ്ങൾക്കൊപ്പം നിർത്താൻ എൽ.ഡിഎഫ് ശ്രമിക്കുന്നത്. കേരള കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗത്തെയും മറ്റ് ചെറിയ കക്ഷികളേയും ഒപ്പം കൂട്ടാൻ സിപിഐ പച്ചക്കൊടി വീശിയതോടെ കാര്യങ്ങൾ എളുപ്പമായ സന്തോഷത്തിലാണ് സിപി.എം.

ബിജെപിയുടെ ഏക ലക്ഷ്യം തിരുവനന്തപുരത്തും പാലക്കാട്ടും തങ്ങളുടെ സാന്നിധ്യം അറിയിക്കുക എന്നതാണ്. കെ.സുരേന്ദ്രൻ നിശ്ചിത ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ വീണ്ടും ഒരു ബലപരീക്ഷണം ആലോചനയിലുണ്ട് ബിജെപി. മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് നിർത്തി വിജയിപ്പിക്കാനുള്ള പദ്ധതി ആലോചനയിലുണ്ട്. എന്നാൽ ഇവിടെ എൻ.ടി രമേശോ, മറ്റാരെങ്കിലുമോ പട്ടികയിൽ വന്നേക്കാം.

കോൺഗ്രസ് സ്ഥാർത്ഥിയായി ശശി തരൂർ തന്നെയാണെന്നതാണ് ബിജെപിയുടെ പ്രതീക്ഷകൾ തകർക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു സജ്ജമാകാൻ ഒരു ദിവസം നീളുന്ന ചർച്ചകളിലേക്കു യുഡിഎഫ് നേതൃത്വവും മുന്നോട്ട് പോയിക്കഴിഞ്ഞു. ഇതിനായി നെയ്യാർഡാമിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ഏഴിനു രാവിലെ പത്തിനു മുന്നണി നേതൃയോഗം ചേരാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്.

സിപിഎമ്മും ബിജെപിയും തിരഞ്ഞെടുപ്പു തയ്യാറെടുപ്പിലേക്കു കടന്നിരിക്കെ കൂടുതൽ ഗൗരവത്തോടെ അതിനെ സമീപിക്കാനാണു സമയമെടുത്തുള്ള കൂടിയാലോചന. ലോക്സഭാ തിരഞ്ഞെടുപ്പ് ദേശീയതരത്തിൽ കോൺഗ്രസിന്റെ പ്രതിച്ഛായ പ്രശ്നം കൂടിയാണ്. പാർലമെന്റിൽ തങ്ങളുടെ അംഗബലം തെളിയിക്കുക എന്നത് വെല്ലുവിളി ഉയർത്തുന്ന കാര്യമായതിനാൽ തന്നെ തിരഞ്ഞെടുപ്പിനെ വളരെ ജാഗ്രതയോടെ കെപിസിസി നേതൃത്വം വീക്ഷിക്കുകയാണ്. കോൺഗ്രസും മുസ്ലിംലീഗും അടക്കമുള്ള കക്ഷികൾ ആദ്യവട്ട ഒരുക്കം തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടും എഐസിസി നേതൃത്വത്തിനു കെപിസിസി കൈമാറി. നിലവിലെ 12 സീറ്റ് നിലനിർത്തി കൂടുതൽ നേടിയെടുക്കാനാവുമെന്ന പ്രതീക്ഷയാണു സംസ്ഥാന നേതൃത്വം കേന്ദ്രത്തോടു പ്രകടിപ്പിച്ചിരിക്കുന്നത്.

2009ൽ നേടിയ 16 സീറ്റെന്ന ലക്ഷ്യമാണു നേതൃത്വത്തിന്. നിലവിലുള്ള 12 എംപിമാരും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മണ്ഡലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിൽ ആരൊക്കെ മത്സരരംഗത്തുണ്ടാകുമെന്ന അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാവും. ജില്ല, മണ്ഡലം തലത്തിൽ യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള ചർച്ച യോഗത്തിലുണ്ടാകും. ആദ്യഘട്ടമായി ജില്ലാതല ജാഥകൾ പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കാനുള്ള ആലോചനകളും ഒപ്പമുണ്ട്. കഴിഞ്ഞതവണ നിലനിർത്തിയ മതിപ്പുള്ള സ്ഥാനാർത്ഥികളെ തന്നെ ഇത്തവണ രംഗത്തിറക്കാൻ സാധ്യത ഏറെയും. കെ.സി വേണുഗോപാൽ ആലപ്പുഴ ലോക്സഭാ സീറ്റിൽ വീണ്ടും മത്സരിക്കും. ചില കക്ഷികളുടെ എൽഡിഎഫ് പ്രവേശന നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ട്. ആർ.എസ്‌പി അടക്കമുള്ള കക്ഷികളെ തങ്ങളുടെ നിരയിൽ നിന്ന് വേരോടെ പിഴുത് മാറ്റാനുള്ള എൽ.ഡി.എഫ് നീക്കത്തിനെ ചെറുക്കാനും നീക്കമുണ്ട്. ആർ.എസ്‌പി വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ എൻ.കെ പ്രേമചന്ദ്രൻ വീണ്ടും കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഷിബു ബേബിജോണിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം മറയ്ക്കാൻ തത്കാലം ലോക്സഭാ സീറ്റ് പരിഗണന വന്നേക്കില്ല. ആർ.എസ്‌പിയിലെ കോവൂർ കുഞ്ഞുമോന് എതിരായ പാനലിനെ യു.ഡി.എഫ് തങ്ങളുടെ പക്ഷത്ത് തന്നെ മുറുക്കി വരിഞ്ഞ് നിർത്തിയിട്ടുമുണ്ട്.

മടങ്ങിവന്ന കേരള കോൺഗ്രസി(എം)നു പഴയ സ്ഥാനങ്ങൾ മടക്കിനൽകുന്നതിലെ അന്തിമ തീരുമാനവും യോഗത്തിലുണ്ടാകും. കോട്ടയം, പത്തനംതിട്ട സീറ്റുകളും യുഡിഎഫ് ചെയർമാൻ സ്ഥാനവുമാണ് മാണി ആവശ്യപ്പെടുന്നത്. പത്തനംതിട്ട സീറ്റ് കൊടുക്കില്ലെന്ന കാര്യം ഉറപ്പാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ കൺവീനർ പദവിയുമാണു കെ.എം.മാണി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ അനുകൂല നിലപാട് കോൺഗ്രസ് കഴിഞ്ഞ യോഗത്തിൽതന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ എറണാകുളത്തെ പദവി വിട്ടുതരാൻ കഴിയില്ലെന്നു ജേക്കബ് ഗ്രൂപ്പ് അപ്പോൾ വ്യക്തമാക്കി. മാണി മുന്നണി വിട്ടപ്പോൾ അവർ വഹിച്ച ഈ പദവികൾ മറ്റു കക്ഷികൾക്കു വീതം വച്ചതിനാൽ അവരുമായി ഉഭയകക്ഷി ചർച്ച നടത്തി പരിഹാരമുണ്ടാക്കാനാണു കോൺഗ്രസ് ശ്രമം.

നെയ്യാർഡാമിൽ ഏഴിനു ചേരുന്ന യുഡിഎഫ് നേതൃയോഗത്തിനു മുമ്പായി പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ സംസ്ഥാന നേതൃത്വം. രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്ന സൂചന ശക്തമാണ്. ഇക്കാര്യത്തിലെ അനിശ്ചിതത്വം ലോക്സഭാ തയ്യാറെടുപ്പിനെ ബാധിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ഹൈക്കമാൻഡിനെ അറിയിച്ചു. കേരള നേതാക്കൾ യോജിച്ചൊരു പേരു പറയാത്തതാണു ഹൈക്കമാൻഡ് തീരുമാനം വൈകിക്കുന്നത് എന്നാണു സൂചന. മുല്ലപ്പള്ളി രാമചന്ദ്രൻ, വി.ഡി.സതീശൻ, കെ.വി.തോമസ്, കെ.സുധാകരൻ, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരിലൊരാൾ പ്രസിഡന്റായി വരാനാണ് എല്ലാ സാധ്യതയും.

ജൂലായ് 20നകം മുഴുവൻ ജില്ലകളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ കെപിസിസി നേതൃത്വം നിർദ്ദേശിച്ചെങ്കിലും, ആഗസ്റ്റായിട്ടും മിക്ക ജില്ലയിലും ചർച്ചയിലേക്ക് പോലും കടക്കാതെ ജില്ലാ നേതൃത്വങ്ങൾ ഇപ്പോഴും വലയുകയാണ്. ബൂത്ത് കമ്മിറ്റികളെ പൂർണമായി സജ്ജീകരിച്ച് വിപുലമായ പ്രവർത്തക യോഗങ്ങൾ വിളിച്ചുചേർക്കാനായിരുന്നു കഴിഞ്ഞ കെപിസിസി ഭാരവാഹി യോഗത്തിലെ തീരുമാനം. പ്രവർത്തകയോഗം നടന്നത് കോട്ടയം ജില്ലയിൽ മാത്രം. ബൂത്ത് കമ്മിറ്റികളുടെ രൂപീകരണക്കാര്യത്തിൽ ആശാവഹമായ പുരോഗതിയുണ്ടായതുകൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിലും. കെപിസിസി പ്രസിഡന്റ് നിയമനക്കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം സംഘടനാപ്രവർത്തനങ്ങളിൽ നിഴലിച്ചുവെന്നാണ് പൊതു വിലയിരുത്തൽ.

പുതിയ കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം ഏതുനിമിഷവും സംസ്ഥാന നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്. പ്രസിഡന്റിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കുമെന്ന അഭ്യൂഹമാണ് ശക്തം. തലസ്ഥാന ജില്ലയിലുൾപ്പെടെ ബൂത്ത് കമ്മിറ്റി രൂപീകരണ ചർച്ച പോലും കാര്യമായി നടക്കുന്നില്ല. പത്തോളം ജില്ലകളിൽ സ്ഥിതി സമാനമാണ്. ബൂത്ത് കമ്മിറ്റി രൂപീകരണം ഏറക്കുറെ മുന്നോട്ട് പോയ ജില്ലകളിൽ പലേടത്തും ഗ്രൂപ്പ് തർക്കം രൂക്ഷമായിരുന്നു. തർക്കം പരിഹരിച്ച് മുന്നോട്ട് പോകാനായ കൊല്ലത്ത് 90 ശതമാനത്തോളം ബൂത്ത് കമ്മിറ്റികൾ നിലവിൽ വന്നുകഴിഞ്ഞിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും പങ്കെടുക്കുന്ന പ്രവർത്തകയോഗങ്ങളാണ് ജില്ലകളിൽ വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. എന്നാൽ ജൂലായ് 14ന് കോട്ടയത്ത് ചേർന്ന കൺവെൻഷനിൽ ഹസൻ പങ്കെടുത്തില്ല. യു.ഡി.എഫ് ഏകോപന സമിതിയുടെ ഒരു ദിവസം നീളുന്ന യോഗം ഏഴിന് ചേരാനിരിക്കെ, യു.ഡി.എഫ് ഉന്നതാധികാരസമിതിയിൽ നിന്നുള്ള വി എം. സുധീരന്റെ രാജി വെച്ചതും കെപിസിസി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP