Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുരുവായൂർ അർബൻ ബാങ്കിലെ നിയമന അഴിമതിയാരോപണം: ഡയറക്ടർമാരെ സംരക്ഷിച്ചുവെന്ന് ആരോപിച്ച് ടി എൻ പ്രതാപനെതിരെ പ്രചാരണം; സോഷ്യൽ മീഡിയയിൽ അഴിമതി ആളിക്കത്തിക്കാൻ ആഹ്വാനം ചെയ്ത ശേഷം ഓശാന പാടിയെന്നും വിമർശനം; ഗുരുവായൂർ നഗരസഭ കൗൺസിലർമാരും കോൺഗ്രസ് നേതാക്കളും പ്രതാപനെതിരെ രംഗത്ത്; തൃശൂരിൽ എതിർപ്രചാരണത്തെ എങ്ങനെ നേരിടണമെന്നറിയാതെ വിയർത്ത് പ്രതാപൻ

ഗുരുവായൂർ അർബൻ ബാങ്കിലെ നിയമന അഴിമതിയാരോപണം: ഡയറക്ടർമാരെ സംരക്ഷിച്ചുവെന്ന് ആരോപിച്ച് ടി എൻ പ്രതാപനെതിരെ പ്രചാരണം; സോഷ്യൽ മീഡിയയിൽ അഴിമതി ആളിക്കത്തിക്കാൻ ആഹ്വാനം ചെയ്ത ശേഷം ഓശാന പാടിയെന്നും വിമർശനം; ഗുരുവായൂർ നഗരസഭ കൗൺസിലർമാരും കോൺഗ്രസ് നേതാക്കളും പ്രതാപനെതിരെ രംഗത്ത്; തൃശൂരിൽ എതിർപ്രചാരണത്തെ എങ്ങനെ നേരിടണമെന്നറിയാതെ വിയർത്ത് പ്രതാപൻ

കെ എം അക്‌ബർ

തൃശൂർ: ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ നിയമന അഴിമതിയാരോപണത്തിൽ കൈക്കൊണ്ട നടപടി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപന് പാരയാവുന്നു. അഴിമതി നടത്തിയ ഡയറക്ടർമാരെ സംരക്ഷിക്കുന്ന പ്രതാപനെ പരാജയപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ നഗരസഭ കൗൺസിലർമാരും കോൺഗ്രസ് നേതാക്കളും പ്രചാരണം ആരംഭിച്ചു. വീടുകൾ കയറിയിറങ്ങി അർബൻ ബാങ്കിലെ നിയമന അഴിമതിയിൽ പ്രതാപൻ കൈക്കൊണ്ട നടപടികൾ അക്കമിട്ടു പറഞ്ഞാണ് പ്രചാരണം.

കോൺഗ്രസ് നടപടിക്ക് വിധേയരായ നഗരസഭ കൗൺസിലർമാരായ ബഷീർ പൂക്കോട്, വിനോദ്കുമാർ, പി എസ് പ്രസാദ് എന്നിവരാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഏതു വിധേനയും പ്രതാപനെ പരാജയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പ്രവർത്തനത്തിൽ വ്യക്തം. ഗുരുവായൂർ അർബൻബാങ്ക് അഴിമതി സമൂഹമാധ്യമങ്ങളിലടക്കം ആളിക്കത്തിക്കാൻ നിർദ്ദേശം നൽകിയശേഷം പിന്നീട് അഴിമതിക്കാർക്ക് ഓശാനപാടുകയാണ് ഡിസിസി പ്രസിഡന്റ് കൂടിയായ പ്രതാപൻ ചെയ്തതെന്നും തങ്ങളെ തെരുവിലിറക്കി അഴിമതിക്കാരെ വരുതിയിലാക്കി പണം പിടുങ്ങാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും ഇവർ ആരോപിച്ചു.

കോൺഗ്രസ് ഭരിക്കുന്ന ഗുരുവായൂർ അർബൻ ബാങ്കിൽ 11 തസ്തികകളിലേക്കുള്ള നിയമനത്തിൽ 30 ലക്ഷം വീതം കോഴ വാങ്ങിയെന്നാരോപണം ഉയർന്നപ്പോൾ തന്നെ കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി എ ഗോപപ്രതാപനേയും കൂട്ടി തങ്ങൾ ടി എൻ പ്രതാപന്റെ വീട്ടിലെത്തി സംഭവങ്ങൾ അറിയിച്ചിരുന്നതായി കൗൺസിലർ ബഷീർ പൂക്കോട് മറുനാടൻ മലയാളിയോട് പറഞ്ഞു. അഴിമതിക്കാർക്കെതിരേ സമരം നടത്താനും ഇത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കാനുമായിരുന്നു പ്രതാപൻ അന്ന് നൽകിയ നിർദ്ദേശം. ഇതേ തുടർന്ന് അഴിമതിക്കാർക്കെതിരേ സമരവുമായി തങ്ങൾ രംഗത്തെത്തി. ഇതിനിടയിൽ ടിഎൻ പ്രതാപൻ നയിച്ച തീരദേശ യാത്ര ആരംഭിക്കാനിരിക്കെ സമരം അവസാനിപ്പിക്കാനായിരുന്നു പ്രതാപന്റെ നിർദ്ദേശം. എന്നാൽ, ഇത് തങ്ങൾ അംഗീകരിച്ചില്ല. പിന്മാറിയില്ലെങ്കിൽ തങ്ങൾക്കെതിരേ നടപടിയെടുക്കുമെന്നായിരുന്നു അടുത്ത ഭീഷണിയെന്നും ജലീൽ പൂക്കോട് പറഞ്ഞു.

പ്രതാപൻ തൃശൂർ ഡിസിസി പ്രസിഡന്റായ ശേഷം പാർട്ടിയിൽ നിന്നും പ്രവർത്തകർ അകന്നു പോവുകയാണെന്നും പാർട്ടി നയിക്കാൻ പറ്റിയ ആളല്ല പ്രതാപനെന്ന് ഇതുവഴി തെളിഞ്ഞതായും ജലീൽ പറയുന്നു. ഇതിനിടെ ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് നൽകിയ വിപ്പ് ലംഘിച്ചെന്നാരോപിച്ച് വിനോദ്കുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

എന്നാൽ, ഗുരുവായൂർ അർബൻ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥിയായി വിനോദ്കുമാറിന്റെ ഭാര്യ മത്സരിക്കുന്നത് പരാമർശിച്ച് പ്രതാപൻ, വിനോദ്കുമാറിനെ ആക്ഷേപിക്കുകയും സ്ത്രീ വിരുദ്ധ പരാമർശം നടത്തുകയും ചെയ്തതിനെ തുടർന്ന് നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിനോദ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും ഇതുമൂലമാണ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിക്ക് മാറ്റമുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ടി എൻ പ്രതാപന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇതോടെ ഗുരുവായൂർ നഗരസഭയിലെ രണ്ട് കോൺഗ്രസ് കൗൺസിലർമാരായ ബഷീർ പൂക്കോട്, പ്രസാദ് പൊന്നരാശേരി എന്നിവരെ പാർട്ടിയിൽ നിന്നും കെപിസിസി. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും നഗരസഭ പ്രതിപക്ഷ നേതാവ് എ.പി.ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

പാർട്ടി നടപടിയെ വിർശിച്ച് പത്രപ്രസ്താവന ഇറക്കിയതിനാണ് ബാബുവിന് നോട്ടീസ് നൽകിയിരുന്നത്. ഇതെല്ലാം കഴിഞ്ഞ മാസം പിന്നീടും മുമ്പേയാണ് ലോക്സഭ സ്ഥാനാർത്ഥിയായി പ്രതാപന്റെ രംഗ പ്രവേശനം. ഇതോടെ നടപടിക്ക് വിധേയരായ കൗൺസിലർമാർ രണ്ടു കൽപ്പിച്ചിറങ്ങുകയായിരുന്നു. മണ്ഡലത്തിലെ കോൺഗ്രസ് വീടുകൾ കയറിയിറങ്ങിയാണ് ഇവർ പ്രതാപനെതിരേ പ്രചാരണം നടത്തുന്നത്. അർബൻ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് പ്രതാപൻ കൈക്കൊണ്ട നടപടിയെ കൂടാതെ എ സി ഹനീഫ വധവും ഇവർ പ്രതാപനെതിരേ ആയുധമാക്കുന്നുണ്ട്. കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് എ സി ഹനീഫയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആരോപണ വിധേയരേയും പ്രതികളേയും സംരക്ഷിച്ചത് പ്രതാപനാണെന്നാണ് ഇവർ ഉയർത്തുന്ന ആരോപണം.

കഴിഞ്ഞ ദിവസം സഹകരണ സംരക്ഷണ മുന്നണി സംഘടിപ്പിച്ച യോഗത്തിൽ ആദർശത്തിന്റെ പൊയ്മുഖത്തിനുള്ളിൽ അഴിമതിയുടെ വികൃതമുഖമുള്ളവർ പരാജയപ്പെടേണ്ടത് സമൂഹനന്മയുടെ ആവശ്യമാണെന്നായിരുന്നു വിലയിരുത്തൽ. അതേ സമയം, ഗുരുവായൂർ നഗരസഭ കൗൺസിലർമാരും കോൺഗ്രസ് നേതാക്കളും തനിക്കെതിരേ നടത്തുന്ന പ്രചാരണത്തെ എങ്ങനെ നേരിടുമെന്നറിയാതെ ഉഴലുകയാണ് സ്ഥാനാർത്ഥിയായ പ്രതാപനെന്നാണ് അടക്കം പറച്ചിൽ. ഏതു വിധേനയും ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാനിറങ്ങിയ പ്രതാപന് കോൺഗ്രസ് കൗൺസിലർമാരുടെ പ്രചാരണം തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP