Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇടത് സർക്കാരിൽ അഴിമതിക്കാർക്ക് സ്ഥാനമില്ല; തോമസ് ചാണ്ടിക്ക് എതിരെ നടപടി അനിവാര്യമെന്ന് സിപിഐ ദേശീയ നേതൃത്വം; ശതകോടീശ്വരനെ പൂട്ടാനുറച്ച് ഇടതു മുന്നണിയിലെ രണ്ടാമൻ; വെല്ലുവിളി പരാമർശത്തിൽ സിപിഎമ്മിനും അതൃപ്തി; ഗതാഗതമന്ത്രിക്ക് രാജി വയ്‌ക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

ഇടത് സർക്കാരിൽ അഴിമതിക്കാർക്ക് സ്ഥാനമില്ല; തോമസ് ചാണ്ടിക്ക് എതിരെ നടപടി അനിവാര്യമെന്ന് സിപിഐ ദേശീയ നേതൃത്വം; ശതകോടീശ്വരനെ പൂട്ടാനുറച്ച് ഇടതു മുന്നണിയിലെ രണ്ടാമൻ; വെല്ലുവിളി പരാമർശത്തിൽ സിപിഎമ്മിനും അതൃപ്തി; ഗതാഗതമന്ത്രിക്ക് രാജി വയ്‌ക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനജാഗ്രതാ യാത്രയ്ക്കിടെ സർക്കാരിനെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. എന്നാൽ ശാസനയിൽ കാര്യങ്ങൾ ഒതുക്കിയാൽ പോരെന്നാണ് സിപിഐയുടെ നിലപാട്. തോമസ് ചാണ്ടിയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് സിപിഐ ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. അധികാര ദുർവിനിയോടമാണ് നടന്നത്. അതുകൊണ്ട് തന്നെ കടുത്ത നടപടി വേണമെന്ന് സിപിഐ ദേശീയ സെക്രട്ടറി സുധാകർ റെട്ടി ആവശ്യപ്പെട്ടു. ഇടതുപക്ഷത്ത് അഴിമതിക്ക് സ്ഥാനമില്ലെന്നും അറിയിച്ചു. ഇതോടെ അടുത്ത ഇടതു മുന്നണി യോഗത്തിൽ മന്ത്രിയുടെ രാജി സിപിഐ ആവശ്യപ്പെടുമെന്ന് ഉറപ്പായി.

തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും സുധാകർ റെഡ്ഡി അറിയിച്ചു. ഇതോടെ ശാസനയിൽ കാര്യങ്ങൾ ഒതുങ്ങില്ലെന്ന് വ്യക്തമാകുകയാണ്. മന്ത്രിസഭാ യോഗത്തിനു ശേഷം മുറിയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചത്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ സ്വയം കുഴി കുത്തിച്ചാടാൻ ശ്രമിക്കുകയാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചെന്നാണ് സൂചന. തോമസ് ചാണ്ടിയുടെ നിലപാടിലുള്ള അതൃപ്തിയും മുഖ്യമന്ത്രി അറിയിച്ചു. ജനജാഗ്രതാ യാത്രയ്ക്കിടെ ആലപ്പുഴയിൽ നൽകിയ സ്വീകരണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വേദിയിലിരിക്കെയാണ് തോമസ് ചാണ്ടി വെല്ലുവിളി നടത്തിയത്.

തന്റെ കൈയേറ്റം തെളിയിക്കാൻ ധൈര്യമുണ്ടോ എന്നായിരുന്നു വെല്ലുവിളി. 42 പ്ലോട്ടുകൾ കൂടിയുണ്ടെന്നും അവയും നികത്താൻ മടിക്കില്ലെന്നും ചാണ്ടി പറഞ്ഞതിലുള്ള അതൃപ്തിയും മുഖ്യമന്ത്രി അറിയിച്ചു. ചാണ്ടിയുടെ പ്രസ്താനവയ്ക്കെതിരെ കാനവും രംഗത്തെത്തിയിരുന്നു. എന്നാൽ, തോമസ് ചാണ്ടിയുടെ കൈയേറ്റമോ ആലപ്പുഴ കളക്ടറുടെ അന്വേഷണ റിപ്പോർട്ടോ ഇന്നലെ നടന്ന മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല. ഈ സാഹചര്യത്തിലാണ് പ്രശ്‌നം ഇടതുമുന്നണിയോഗത്തിൽ നേരിട്ട് ഉന്നയിക്കാൻ സിപിഐ തീരുമാനിക്കുന്നത്. ഇതോടെ തോമസ് ചാണ്ടിക്ക് രാജി വയ്‌ക്കേണ്ടി വരുമെന്നാണ് സൂചന. ഇനിയും കായൽ ഭൂമി നികത്തുമെന്ന പ്രഖ്യാപനം സർക്കാരിന്റെ പ്രതിച്ഛായ തകർത്തുവെന്നാണ് ഉയരുന്ന വാദം.

തിങ്കളാഴ്ച ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലും തോമസ് ചാണ്ടിവിഷയം സി.പി.എം ചർച്ച ചെയ്യും. നേരത്തെ തോമസ് ചാണ്ടിയുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ തന്നെയാണ് സി.പി.എം വിഷയം ചർച്ച ചെയ്യുന്നത്. അടുത്ത ഇടതു മുന്നണിയോഗത്തിൽ വിഷയം അവതരിപ്പിച്ച് തോമസ് ചാണ്ടിയെ രാജിവയ്‌പ്പിക്കാനാകും നീക്കം. അതിനിടെയിൽ കോടതിയിൽ നിന്ന് അനുകൂല പരമാർശങ്ങൾ ഉണ്ടായാൽ മാത്രമേ തോമസ് ചാണ്ടിക്ക് മന്ത്രിയായി തുടരാൻ കഴിയൂ. ഇക്കാര്യം തോമസ് ചാണ്ടിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. നാക്ക് പിഴ ഇനി ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രിയെ തോമസ് ചാണ്ടി അറിയിച്ചിട്ടുണ്ട്.

തോമസ് ചാണ്ടി വിവാദത്തിൽ പരിഹാരനീക്കങ്ങൾക്ക് വഴങ്ങാതെ സിപിഐ നിൽക്കുന്നത് തന്നെയാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. റവന്യൂവകുപ്പിന്റെ ഒരു കാര്യത്തിലും അഡ്വക്കറ്റ് ജനറലിന് മേൽക്കൈ നൽകരുതെന്ന ഉറച്ച നിലപാടിലാണ് റവന്യൂമന്ത്രിയും സിപിഐ നേതൃത്വവും. ഇതിന്റെ പ്രത്യക്ഷപ്രകടനമാണ് ജനജാഗ്രതാ യാത്ര നയിക്കുന്ന കാനം രാജേന്ദ്രന്റെ ആവർത്തിച്ചുള്ള വിമർശനങ്ങൾ. സർക്കാരിനുമുകളിലല്ല ഒരു ഉദ്യോഗസ്ഥനുമെന്ന് കാനം വീണ്ടും ഓർമിപ്പിക്കുണ്ട്. തോമസ് ചാണ്ടിക്കെതിരായ കേസുകളിൽ എജി നിയോഗിച്ച സ്റ്റേറ്റ് അറ്റോർണി ഹാജരാകേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കും. മന്ത്രി നിർദ്ദേശിച്ച രഞ്ജിത് തമ്പാന് കേസ് കൈമാറാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെങ്കിൽ പുറത്തുനിന്ന് പ്രഗൽഭരായ അഭിഭാഷകരെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടും.

എജി തന്നെ ഹാജരാകട്ടെ എന്ന് നിർദ്ദേശം വന്നാൽ റവന്യൂമന്ത്രി പാർട്ടി നേതൃത്വവുമായി ആലോചിച്ച് നിലപാടെടുക്കും. എജിയുടേയും റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയുക്കും പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന വിലയിരുത്തലാണ് സിപിഐയ്ക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP