Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാലിന്യനിർമ്മാർജ്ജനത്തിന് സിപിഐ(എം) മാതൃക; കുടുംബശ്രീ മാതൃകയിലൂടെ നേട്ടമുണ്ടാക്കാൻ മാർക്സിസ്റ്റ് പാർട്ടി; മാലിന്യ നിർമ്മാർജ്ജന ബോധവൽക്കരണത്തിൽ രാഷ്ട്രീയമില്ലെന്ന് പിണറായി

മാലിന്യനിർമ്മാർജ്ജനത്തിന് സിപിഐ(എം) മാതൃക; കുടുംബശ്രീ മാതൃകയിലൂടെ നേട്ടമുണ്ടാക്കാൻ മാർക്സിസ്റ്റ് പാർട്ടി; മാലിന്യ നിർമ്മാർജ്ജന ബോധവൽക്കരണത്തിൽ രാഷ്ട്രീയമില്ലെന്ന് പിണറായി

ആലപ്പുഴ: സാമൂഹിക വിഷയങ്ങളിൽ സജീവമാവുകയെന്ന പാർട്ടി കോൺഗ്രസ് നിർദ്ദേശത്തിന്റെ ഭാഗമായി മാലിന്യനിർമ്മാർജ്ജനമെന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ അടുപ്പിക്കാനാണ് സിപിഐ(എം) ശ്രമം. കുടുംബശ്രീയുടെ മാതൃകയിൽ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമെന്ന ആശയത്തിന് വലിയ പ്രാധാന്യം കിട്ടുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിപത്തായി ഇതിനെ കണ്ട് പരിഹാര നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയാണ് സിപിഐ(എം). ഇതിനായി ആലപ്പുഴയിൽ നടന്ന ഏകദിന സെമിനാർ ശ്രദ്ധേയമായി.

ഉറവിട മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള ആശയരൂപീകരണത്തിനായുള്ള സിപിഐ(എം) സെമിനാറിൽ നിർദ്ദേശങ്ങളുമായി പാർട്ടി എംഎ‍ൽഎമാർ. മാലിന്യ സംസ്‌കരണത്തിന് കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് സിപിഎമ്മിന്റെ ഉറവിട മാലിന്യ സംസ്‌കരണ സെമിനാറിൽ ഉയരുന്ന നിർദ്ദേശം. സിപിഐ(എം) മുന്നിൽനിൽക്കുന്നതിന്റെ പേരിൽ ഇതിൽ രാഷ്ട്രീയം കാണേണ്ടെന്ന് നയപ്രഖ്യാപനത്തിൽ പാർട്ടി സെക്രട്ടറി പിണറായി വിജയൻ വ്യക്തമാക്കി. അതിനിടെ മാലിന്യ സംസ്‌കരണത്തിന് സർക്കാർ സഹായമൊന്നും ലഭിക്കുന്നില്ലെന്ന രാഷ്ട്രീയ വിമർശനവും സെമിനാറിൽ ഉയർന്നു കഴിഞ്ഞു. എ.കെ.ജി പഠന ഗവേഷണ കേന്ദ്രമാണ് സെമിനാർ നടത്തിയത്. 

സമഗ്രമായ മാലിന്യനിർമ്മാർജന പദ്ധതിയാണ് സിപിഐ(എം) ഏറ്റെടുക്കുന്നത്. വീടുകളിലെ മാലിന്യം അവിടെതന്നെ സംസ്‌കരിക്കാൻ മൂർത്തമായ നടപടികൾ വേണം. ഓരോ വീട്ടിലും ഓരോ പ്രദേശത്തും ചെയ്യേണ്ട കാര്യങ്ങളാകും ഉയർത്തിക്കാട്ടുക. അടുത്ത കുറച്ചുമാസങ്ങളിൽ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ധാരാളം യൂണിറ്റുകളുണ്ടാകും. ഇവയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജനങ്ങൾക്ക് നല്ല അവബോധം പകർന്നുനൽക്കാനാകണം. ഓരോ പ്രദേശത്തും ഇതിനായി വിദഗ്ധസമിതികൾ രൂപീകരിക്കാനാണ് സിപിഐ(എം) തീരുമാനം.

ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിൽ സംഘടിപ്പിച്ച ഏകദിന സെമിനാറിൽ ഇതുസംബന്ധിച്ച പദ്ധതികൾ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. സെമിനാർ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഈ ബഹുജനപ്രസ്ഥാനത്തിൽ എല്ലാവിഭാഗം ജനങ്ങളും സംഘടനകളും പങ്കാളികളാകണമെന്ന് പിണറായി അഭ്യർത്ഥിച്ചു. തിരുവനന്തപുരത്ത് ചേർന്ന സിപിഐ(എം) സംസ്ഥാന സമ്മേളനവും പാലക്കാട് നടന്ന പാർട്ടി പ്ലീനവും മാലിന്യസംസ്‌കരണ പ്രശ്‌നങ്ങൾ സമഗ്രമായി ചർച്ച ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് സെമിനാർ. കേരള വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സിപിഐ(എം) പഠനകോൺഗ്രസുകളുടെ പിന്തുടർച്ചയായാണ് സെമിനാർ സംഘടിപ്പിച്ചതെന്നും പിണറായി വ്യക്തമാക്കി.

തുടർന്ന് വിവധ എംഎ‍ൽഎമാർ റിപ്പോർട്ടിങ്ങ് നടത്തി. സംസ്ഥാന സർക്കാരിനെ വിമർശിച്ചാണ് വി ശിവൻകുട്ടി നിലപാട് വിശദീകരിച്ചത്. സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി. ശുചിത്വമിഷനിൽ രണ്ടു വർഷത്തോളമായി ഫയലുകൾ തീർപ്പാക്കാത്ത സ്ഥിതിയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായി മാത്രം കാണാതെ മാലിന്യസംസ്‌കരണം എല്ലാവരുടെയും ഉത്തരവാദിത്തമായി കാണണം. മാലിന്യപ്രശ്‌നം നല്ല ബോധവൽക്കരണ പ്രവർത്തനമായി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ആവിഷ്‌കരിക്കണമെന്ന് ആർ രാജേഷ് എംഎൽഎ ആവശ്യപ്പെട്ടു.

കേരളത്തിൽ ഉള്ളതിനേക്കാളും ജനങ്ങൾ എത്തുന്ന തീർത്ഥാടന കേന്ദ്രമായ ശബരിമലയിലെ മാലിന്യപ്രശ്‌നം കേരളത്തെ മൊത്തത്തിൽ ബാധിക്കുന്നതാണ്. ഇത് പരിഹരിക്കാൻ നടപടി വേണം. ആധുനിക മാലിന്യങ്ങളായ മൊബൈൽ ഫോണുകൾ, പ്ലാസ്റ്റിക് കൂടുകൾ എന്നിവ സംസ്‌കരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം. മാലിന്യ സംസ്‌കരണത്തിനുള്ള അവബോധ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ നടത്തണമെന്ന് മുൻ സ്പീക്കർ കൂടിയായ കെ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

അറവുശാലകൾ, കോഴിക്കച്ചവടക്കാർ, ഫാമുകൾ എന്നിവയ്ക്ക് ലൈസൻസ് കൊടുക്കുമ്പോൾ മാലിന്യ സംസ്‌കരണ സംവിധാനം നിർബന്ധമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചീകരണം രാത്രിയിൽ നടത്താനുള്ള നടപടി സ്വീകരിക്കണം. പൊതുസ്ഥാപനങ്ങൾ മാലിന്യസംസ്‌കരണത്തിന് മാതൃകയാവണമെന്നും ഇതിനായി ആരോഗ്യകരമായ മൽസരങ്ങൾ ഏർപ്പെടുത്തണമെന്നും എ പ്രദീപ്കുമാർ എംഎൽഎ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP