Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിവാദ ജർമൻയാത്ര: മന്ത്രി കെ.രാജുവിന് സിപിഐയുടെ പരസ്യ ശാസനയും താക്കീതും; രാജു ചെയ്തത് തെറ്റ്; ഔദ്യോഗിക പരിപാടിക്കല്ലാതെ മന്ത്രിമാർ വിദേശത്ത് പോകുന്നതിൽ ഔചിത്യമില്ലെന്ന് പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്; മറ്റ് സിപിഐ മന്ത്രിമാരുടെ വിദേശയാത്രയും നിയന്ത്രിക്കുമെന്ന് കാനം രാജേന്ദ്രൻ; ചീഫ് വിപ്പ് സ്ഥാനം പാർട്ടിയുടെ അജണ്ടയിലില്ലെന്നും സംസ്ഥാന സെക്രട്ടറി

വിവാദ ജർമൻയാത്ര: മന്ത്രി കെ.രാജുവിന് സിപിഐയുടെ പരസ്യ ശാസനയും താക്കീതും; രാജു ചെയ്തത് തെറ്റ്; ഔദ്യോഗിക പരിപാടിക്കല്ലാതെ മന്ത്രിമാർ വിദേശത്ത് പോകുന്നതിൽ ഔചിത്യമില്ലെന്ന് പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്; മറ്റ് സിപിഐ മന്ത്രിമാരുടെ വിദേശയാത്രയും നിയന്ത്രിക്കുമെന്ന് കാനം രാജേന്ദ്രൻ; ചീഫ് വിപ്പ് സ്ഥാനം പാർട്ടിയുടെ അജണ്ടയിലില്ലെന്നും സംസ്ഥാന സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാദമായ ജർമൻ യാത്രയുടെ പേരിൽ മന്ത്രി കെ.രാജുവിന് സിപിഐയുടെ പരസ്യശാസനയും താക്കീതും. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. കെ.രാജു ചെയ്തത് തെറ്റാണെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വിദേശയാത്രയിൽ മന്ത്രി ഔചിത്യം കാണിക്കണമായിരുന്നു. ഔദ്യോഗിക പരിപാടിക്കല്ലാതെ മന്ത്രിമാർ വിദേശത്ത് പോകുന്നതിൽ ഔചിത്യമില്ലെന്നും കാനം പറഞ്ഞു. പ്രളയമുണ്ടാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയിൽ നിന്നും പാർട്ടിയിൽ നിന്നും മതിയായ അനുമതി വാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ യാത്രയ്‌ക്കൊരുങ്ങിയത്. എന്നാൽ സാഹചര്യം മനസിലാക്കി അദ്ദേഹം പ്രവർത്തിക്കണമായിരുന്നു. സിപിഐയുടെ മറ്റ് മന്ത്രിമാരുടെ വിദേശയാത്രയും നിയന്ത്രിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഇനി പാർട്ടി മന്ത്രിമാർ വിദേശയാത്ര നടത്തരുത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐയുടെ എല്ലാ ജനപ്രതിനിധികളും ഒരു മാസത്തെ ശമ്പളം നൽകും. പാർട്ടി മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരും ഒരു മാസത്തെ ശമ്പളം ഘട്ടം ഘട്ടമായി നൽകും. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന്റെ തിരക്കിലാണ് മുഖ്യമന്ത്രിയും സർക്കാരും. അതിനിടയിൽ മറ്റ് വിവാദങ്ങൾക്ക് സ്ഥാനമില്ല. അണക്കെട്ട് തുറന്നതുമായുണ്ടായ വിവാദങ്ങൾ ഇപ്പോൾ അനുചിതമാണ്. കേരളത്തിനായി കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് വിപ്പ് സ്ഥാനം സിപിഐയുടെ ഇപ്പോഴത്തെ അജണ്ടയിൽ ഇല്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി അറിയിച്ചു.

മന്ത്രിസഭയിൽ സിപിഐക്ക് നാല് മന്ത്രിമാരാണുള്ളത്. പ്രളയദുരന്തരക്ഷാപ്രവർത്തനത്തിൽ, റവന്യൂ വകുപ്പിന്റെ ചുമതലയുള്ള സിപിഐയുടെ ചന്ദ്രശേഖരനെ സഹായിക്കാതെയാണ് വനംമന്ത്രിയായ രാജു ജർമനിയിലേക്ക് പോയത്. പ്രവാസി മലയാളി സംഘടനയുടെ പരിപാടിക്ക് സിപിഐയുടെ മന്ത്രിയായ വി എസ് സുനിൽകുമാറിനേയും ക്ഷണിച്ചിരുന്നു. എന്നാൽ പ്രളയത്തിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് സുനിൽകുമാർ യാത്ര റദ്ദാക്കി. ജർമനി യാത്രയിൽ കെ.രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളിയിരുന്നു. തെറ്റുപറ്റിയില്ലെന്ന മന്ത്രിയുടെ വാദം നിലനിൽക്കുന്നതല്ലെന്ന് നേതൃത്വം വ്യക്തമാക്കി. കാനം നേരിട്ട് രാജുവിനെ അതൃപ്തി അറിയിക്കുകയും ചെയ്തു.

എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നാണ് രാജു മടങ്ങി എത്തിയ ശേഷം നൽകിയ വിശദീകരണം. പ്രശ്നമില്ലാത്ത സമയത്താണ് പോയതെന്നും പറയുന്നു. എന്നാൽ സ്വാതന്ത്ര്യ ദിന പരേഡിൽ തന്നെ പ്രളയത്തിന്റെ സ്വഭാവം ചൂണ്ടിക്കാട്ടി രാജു സംസാരിച്ചിരുന്നു. അതിനാൽ ഈ വാദവും വിലപ്പോയില്ല. മടങ്ങിയെത്തിയ മന്ത്രിയുടെ പ്രസ്താവന പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും വിലയിരുത്തലുണ്ടായി. ജർമൻ യാത്രയ്ക്ക് പാർട്ടി അനുമതി നൽകിയത് ഒരുമാസം മുൻപാണ്. യാത്രക്കു മുൻപുണ്ടായ അസാധാരണസാഹചര്യം പരിഗണിക്കണമായിരുന്നു എന്ന് പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പോകുന്നതിന് മുമ്പ് പാർട്ടിയോട് ആലോചിക്കണമായിരുന്നു.

അത് ചെയ്യാതെ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയ രാജുവിനെതിരെ ശക്തമായ നടപടിവേണമെന്നായിരുന്നു സിപിഐയിലെ മുതിർന്ന നേതാക്കളുടെ നിലപാട്. ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നിർവാഹകസമിതി അനുവാദം നൽകി. സംസ്ഥാന കൗൺസിൽ അംഗമാണു രാജു. എന്നാൽ അതിനുശേഷം സ്ഥിതിഗതികൾ മാറിയതു മന്ത്രി കണക്കിലെടുത്തില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തിൽ ചില ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച മന്ത്രി കുറച്ചുദിവസം താൻ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണു നാടുവിട്ടത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നുവെങ്കിലും അതും അവഗണിച്ചു.

യാത്ര തിരിക്കുന്നതിനു മുമ്പായി സിപിഐ നേതൃത്വത്തെയോ പാർട്ടി സെന്ററിനെയോ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ എന്തെങ്കിലും പുനരാലോചന വേണമോയെന്നും മന്ത്രി ചോദിച്ചില്ല. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിവരമറിഞ്ഞ് എത്രയും വേഗം തിരിച്ചെത്താൻ രാജുവിനോട് ആവശ്യപ്പെടുകയായിരുന്നു. ദേശീയ മാധ്യമങ്ങളിലും വാർത്തയായതിനെത്തുടർന്നു ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി കേരള നേതാക്കളോടു വിവരം തേടി.

താൻ പോയ സമയത്തു കാര്യമായ പ്രകൃതിക്ഷോഭമില്ലായിരുന്നുവെന്നണ് രാജുവിന്റെ അവകാശവാദം. (പെരുമഴ രണ്ടാമതും ശക്തമായത് 14 നായിരുന്നു. മന്ത്രി പുറപ്പെട്ടത് 15 ന് രാത്രിയും). താൻ 15ന് കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷമാണു പോയത്. ആദ്യമുണ്ടായ പ്രകൃതിക്ഷോഭത്തിനു ശേഷം വെള്ളം കുറഞ്ഞുവന്ന സമയമായിരുന്നു അതെന്നു രാജു പറഞ്ഞു. ലോക മലയാളി കൗൺസിലിന്റെ സമ്മേളനം മൂന്നുമാസം മുമ്പ് നിശ്ചയിച്ചതാണ്. മലയാളികൾ തന്നെയാണ് അതു സംഘടിപ്പിക്കുന്നത്. അവരുടെ പ്രിയപ്പെട്ടവർ ഇവിടെയുണ്ടല്ലോ. അതുകൊണ്ട് അതിൽ പങ്കെടുക്കുന്നത് ന്യായമായ ആവശ്യമായിട്ടാണു കരുതിയത്. എന്നാൽ പെട്ടെന്നു സ്ഥിതിഗതികൾ മാറി. അതു മുൻകൂട്ടി കണക്കിലെടുക്കാനായില്ല. ആ സാഹചര്യത്തിലാണു തിരിച്ചുവന്നത്. പാർട്ടിയോടും മുഖ്യമന്ത്രിയോടും അനുമതി വാങ്ങിയാണു പോയതെന്ന് രാജു വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP