Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി ഇടപെടൽ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയ പാർട്ടികൾ; തെരഞ്ഞെടുപ്പ് കാലത്ത് എന്തുപറഞ്ഞാലും വിവാദമാകും എന്നു കണ്ട് മൗനം പാലിച്ച് നേതാക്കൾ; നവേത്ഥാന മതിൽ തീർത്ത സിപിഎം പുരോഗമന നിലപാട് സ്വീകരിച്ചാൽ കാന്തപുരം എതിരാകും; മുസ്ലിംലീഗും കോൺഗ്രസും സമസ്തക്കൊപ്പം നിന്നാൽ ഇരട്ടത്താപ്പ് പറഞ്ഞ് ബിജെപി മുതലെടുക്കും: തൽക്കാലം വാമൂടി രക്ഷപെടാൻ രാഷ്ട്രീയ നേതാക്കൾ

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി ഇടപെടൽ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയ പാർട്ടികൾ; തെരഞ്ഞെടുപ്പ് കാലത്ത് എന്തുപറഞ്ഞാലും വിവാദമാകും എന്നു കണ്ട് മൗനം പാലിച്ച് നേതാക്കൾ; നവേത്ഥാന മതിൽ തീർത്ത സിപിഎം പുരോഗമന നിലപാട് സ്വീകരിച്ചാൽ കാന്തപുരം എതിരാകും; മുസ്ലിംലീഗും കോൺഗ്രസും സമസ്തക്കൊപ്പം നിന്നാൽ ഇരട്ടത്താപ്പ് പറഞ്ഞ് ബിജെപി മുതലെടുക്കും: തൽക്കാലം വാമൂടി രക്ഷപെടാൻ രാഷ്ട്രീയ നേതാക്കൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വീണ്ടും ഇടപെടുമ്പോൾ രാഷ്ട്രീയപാർട്ടികൾക്ക് മൗനം, ലോകസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അനുകൂലമായും, പ്രതികൂലമായും പ്രതികരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കണക്ക് കൂട്ടിയാണ്, ഇടത്-വലത് മുന്നണികൾ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പരസ്യമായ നിലപാട് എടുത്താൽ മതിയെന്നാണ് നേതാക്കളുടെ തീരുമാനം. എന്നാൽ ഗത്യന്തരമില്ലാതെ പ്രതികരിക്കേണ്ടി വന്നാൽ ഏകപക്ഷീയമായ പ്രതികരണം നടത്താതിരിക്കാനും നേതാക്കൾ പ്രത്യേകം ശ്രദ്ധിക്കും.

മുസ്ലിംപള്ളികളിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നത് എ.പി, ഇ.കെ സുന്നി വിഭാഗങ്ങളാണ്. കേരളത്തിലെ പ്രബല വോട്ടുബാങ്കായ ഇക്കൂട്ടരെ പിണക്കാതിരിക്കാനാണിപ്പോൾ സിപിഎം അടക്കം വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത്. നേരത്തെ സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നത് സുന്നിമതവിഭാഗങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിലവിൽ എ.പി വിഭാഗം സുന്നികളുടെ പിന്തുണ എൽ.ഡി.എഫിന് ലഭ്യമാകുമെന്ന സാഹചര്യം നിലനിൽക്കെ വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന നിലപാടാണ് സിപിഎം.

എന്നാൽ മുസ്ലിംലീഗിന്റെ ശക്തിയായ ഇ.കെ വിഭാഗം സുന്നികൾ യു.ഡി.എഫിനൊപ്പമുള്ളതിനാൽ വിഷയത്തിൽ എതിവായ പ്രസ്താവന നടത്തിയാൽ ഇത് തിരിച്ചടിയാകുമെന്ന കണക്ക്കൂട്ടലും കോൺഗ്രസ് നേതാക്കൾക്കുണ്ട്, പള്ളികളിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇ.കെ സമസ്തയുടെ നിലപാടിനൊപ്പംതന്നെയാണ് നേരത്തെ മുതൽ മുസ്ലിംലീഗ്, വിശ്വാസപരമായ കാര്യങ്ങളിൽ വിശ്വാസികളാണ് അഭിപ്രായം പറയേണ്ടതെന്നും അവിശ്വസികൾ അഭിപ്രായം പറയേണ്ടതില്ലെന്നും നേരത്തെ കോടിയേരിയുടെ പ്രസ്താവനക്കെതിരെ മുസ്ലിംലീഗ് രംഗത്തുവന്നിരുന്നു. സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് കോടിയേരി നടത്തിയ പ്രസ്താവനക്കെതിരെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദാണ് രംഗത്തുവന്നിരുന്നത്.

എന്നാൽ നിലവിൽ സ്ത്രീപ്രവേശന വിഷയത്തിൽ സമസ്തയെ തൃപ്തിപ്പെടുത്തുന്ന തീരുമാനം പരസ്യമായി എടുത്താൽ ഇത് ആർഎസ്എസ്-ബിജെപി ദേശീയതലത്തിൽ തന്നെ ലീഗിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുമെന്ന കണക്ക്കൂട്ടലും ലീഗിനുണ്ട്, നേരത്തെ ലീഗ് പതാകയെ പാക്കിസ്ഥാൻ പതാകയായി ചിത്രീകരിച്ചതും, രാഹുൽഗാന്ധി വയനാട് മത്സരിക്കുന്നത് ദേശീയശ്രദ്ധ ആകർഷിക്കുന്നതിനാലും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലപാടുകൾ പറയുന്നത് സൂക്ഷിച്ചുവേണമെന്ന് നേതാക്കളോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നതു ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇന്നലെ സുപ്രീം കോടതി കേന്ദ്രസർക്കാരിനും വഖഫ് ബോർഡിനും മുസ്ലിം വ്യക്തി നിയമ ബോർഡിനും നോട്ടീസയച്ചത്. ശബരിമല സ്ത്രീപ്രവേശനവിഷയത്തിലെ വിധി നിലനിൽക്കുന്നതുകൊണ്ടു മാത്രമാണ് ഹർജിയിൽ വാദം കേൾക്കുന്നതെന്നും പരിഗണിച്ചതെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ച് ഏഴ് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്.

ഇന്ത്യയിലെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ 14, 15,21, 25, 29 തുടങ്ങിയ അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങളുടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി പുനെ സ്വദേശികളായ മുസ്ലിം ദമ്പതിമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷകൻ അഷുതോഷ് ദുബെയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.

പുനെയിലെ മുഹമ്മദീയ ജുമാ മസ്ജിദിൽ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്ന് കാണിച്ചാണ് ഇവർ ഹർജി നൽകിയത്, സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും പള്ളിയിൽ സ്ത്രീപ്രവേശനം അനുവദിക്കാനാവില്ലെന്നാണ് മറുപടി ലഭിച്ചതെന്നു ഹർജിയിൽ പറയുന്നു. ശബരിമല വിധി ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപ്പിച്ചത്. ഖുറാനോ പ്രവാചകനോ സ്ത്രീകൾക്ക് പള്ളിപ്രവേശനം വിലക്കിയതായുള്ള രേഖകളില്ലെന്നും സ്ത്രീകൾക്ക് പുരുഷന്മാരെപോലെ ആരാധിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നുമാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തോട് യോജിപ്പില്ലെന്നുംസ്വന്തം ഭവനങ്ങളിലാണ് പ്രാർത്ഥന നടത്തേണ്ടതെന്നുമാണ് എ.പി- ഇ.കെ സുന്നികളുടെ നിലപാട്, നിലവിൽ ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങളാണ് മുസ്ലിംവിഭാഗങ്ങളിൽ സ്ത്രീകൾക്ക് പള്ളിയിൽ പ്രാർത്ഥിക്കാൻ സൗകര്യം നൽകുന്നത്.പള്ളികളിൽ പ്രാർത്ഥന നടത്തേണ്ടത് പുരുഷന്മാരാണ്.

പ്രവാചകന്റെ കാലം മുതൽ പിന്തുടരുന്നതാണിത്. സ്ത്രീപ്രവേശനമെന്ന വാദം സമസ്ത അംഗീകരിക്കുന്നില്ല. ശരിഅത്ത് നിയമങ്ങൾ മുറുകെ പിടിച്ചേ സമസ്ത മുന്നോട്ടുപോവൂ. ശബരിമല വിഷയത്തിലടക്കം കോടതിയുടെ ഇടപെടൽ ശരിയാണെന്ന് തോന്നുന്നില്ല. വിശ്വാസങ്ങളുടെ കാര്യത്തിൽ മതനേതാക്കൾ പറയുന്നതാണ് അംഗീകരിക്കേണ്ടത്. വിശ്വാസങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുക്കണം. ഇതിൽ കോടതി ഇടപെടുന്നത് ശരിയല്ല. ബ്രിട്ടീഷ് ഭരണകാലം മുതൽ വ്യക്തിനിയമങ്ങൾ അംഗീകരിക്കപ്പെടുന്നുണ്ട്. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലിമായാലും വിശ്വാസപരമായ കാര്യങ്ങൾ ആചരിക്കാൻ അനുമതി വേണം. പള്ളിപ്രവേശനത്തിൽ സുപ്രീംകോടതിയിൽ നിന്ന് വിശ്വാസത്തിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ നിലപാട് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP