Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലീനം ചർച്ചകൾ നടന്ന എകെജി സെന്ററിന് സൗകര്യം പോരത്രേ..! നോട്ട് ദുരിതം ചർച്ച ചെയ്യാൻ സിപിഐ(എം) കേന്ദ്രക്കമ്മറ്റി യോഗം സ്ഥലം നിശ്ചയിച്ചത് പഞ്ചനക്ഷത്ര ഹോട്ടലിൽ! കട്ടൻചായ, പരിപ്പുവട യുഗത്തിൽ നിന്നും നക്ഷത്ര സംവിധാനത്തിലേക്ക് മാറി തൊഴിലാളിവർഗ്ഗ പാർട്ടി; വിമർശനവുമായി സൈബർ ലോകം

പ്ലീനം ചർച്ചകൾ നടന്ന എകെജി സെന്ററിന് സൗകര്യം പോരത്രേ..! നോട്ട് ദുരിതം ചർച്ച ചെയ്യാൻ സിപിഐ(എം) കേന്ദ്രക്കമ്മറ്റി യോഗം സ്ഥലം നിശ്ചയിച്ചത് പഞ്ചനക്ഷത്ര ഹോട്ടലിൽ! കട്ടൻചായ, പരിപ്പുവട യുഗത്തിൽ നിന്നും നക്ഷത്ര സംവിധാനത്തിലേക്ക് മാറി തൊഴിലാളിവർഗ്ഗ പാർട്ടി; വിമർശനവുമായി സൈബർ ലോകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് പിൻവലിക്കൽ നടപടിയുടെ ദുരിതം രാജ്യത്തെ നാട്ടുകാർ ഇപ്പോഴും പേറുകയാണ്. കള്ളപ്പണക്കാരെ തടയാൻ വേണ്ടി പ്രധാനമന്ത്രി നടത്തിയ തീരുമാനം കനത്ത തിരിച്ചടിയാണ് സമ്മാനിച്ചതെന്ന് ആവർത്തിച്ചു പറഞ്ഞ് തെരുവിൽ ഇറങ്ങിയവരിൽ മുൻപന്തിയിൽ നിൽക്കുന്നത് സിപിഐ(എം) പ്രവർത്തകരാണ്. നോട്ട് പിൻവലിക്കൽ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചിരുന്നു. ഈ ചങ്ങലയിൽ കണ്ണികളാകാൻ നേതാക്കളും അണികളും അടക്കം ലക്ഷങ്ങൾ തെരുവിൽ ഇറങ്ങി കൈകോർത്ത് പിടിക്കുകയും ചെയ്തു. എന്തായാലും അണികളെ അവരുടെ പാട്ടിന് വിട്ട് തെരുവിൽ ഇറങ്ങിയതിന്റെ ക്ഷീണം തീർക്കാൻ തന്നെയാണ് നേതാക്കളുടെ നീക്കമെന്ന് പറഞ്ഞാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. ഈ ആരോപണം ഉയരാൻ പ്രധാന കാരണം തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗത്തിന്റെ വേദി നിശ്ചയിച്ചതാണ്.

തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലാണ് സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗത്തിന്റെ വേദിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ സമിതിയിൽ ചർച്ച ചെയ്യുന്ന വിഷയമാണ് അതിലും രസകരം. നോട്ട് അസാധുവാക്കൽ നടപടിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ദുരിതത്തെ കുറിച്ചാണ് കേന്ദ്രകമ്മിറ്റിയിലെ പ്രധാന ചർച്ച. കേന്ദ്രസർക്കാറിനെ അടക്കം രൂക്ഷമായി വിമർശിക്കാൻ വേദിയാകുന്നതും തമ്പാനൂരിൽ സ്ഥിതി ചെയ്യുന്ന നക്ഷത്ര ഹോട്ടലായ ഹൈസിന്താണ്. കേന്ദ്രക്കമ്മറ്റിയിലെ പ്രധാന ചർച്ചയും പണം അസാധുവാക്കലും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തന്നെയാണെന്നിരിക്കെ യോഗത്തിനായി നക്ഷത്ര ഹോട്ടൽ തിരഞ്ഞെടുത്തതിന് എതിരെ അണികളിൽ അമർഷം രൂപപ്പെട്ടിട്ടുണ്ട്.

സിപിഎമ്മിന്റെ പ്ലീനം നടന്നപ്പോൾ ചർച്ചകളും മറ്റു കാര്യങ്ങളുമെല്ലാം നടന്നത് എകെജി സെന്ററിൽ വച്ചായിരുന്നു. എന്നാൽ, എയർകണ്ടിഷണർ അടക്കമുള്ള എല്ലാ സൗകര്യങ്ങളും അടങ്ങിയ ഇവിടുത്തെ സൗകര്യം പോരെന്ന് വച്ചാണ് സമ്മേളനം തമ്പാനൂരിലെ ഹൈസിന്ത് ഹോട്ടലിലേക്ക് നിശ്ചയിച്ചത്. ഇതിനായി ഹോട്ടലിന്റെ കൊട്ടാരസദൃശ്യമായ കോൺഫറൻസ് ഹാളാണ് ബുക്ക് ചെയ്തിട്ടുള്ളതും. ജനുവരി 6 മുതൽ 8 വരെ നടക്കുന്ന കേന്ദ്രക്കമ്മറ്റിക്ക് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്ന പോളിറ്റ് ബ്യൂറോ മീറ്റിങ് പക്ഷേ എകെജി സെന്ററിൽ നടക്കും.
അംഗങ്ങൾ താമസിക്കുന്ന സ്ഥലത്തു തന്നെ യോഗം ചേർന്നാൽ അതു സൗകര്യമായിരിക്കും എന്നതുകണ്ട് കേന്ദ്രകമ്മിറ്റി ഹൈസിന്ത് ഹോട്ടലിലെ ഹാൾ ബുക്ക് ചെയ്തത് എന്നാണ് നേതാക്കളുടെ പക്ഷം.

തിരുവനന്തപുരത്ത് വച്ച് സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത് ഇതാദ്യമായാണ്. സിപിഐ(എം) ഭരിക്കുന്ന സംസ്ഥാനം എന്ന നിലയിലാണ് കേന്ദ്ര കമ്മറ്റിയോഗം കേരളത്തിൽ വച്ചു ചേരാൻ തീരുമാനിച്ചിരിക്കുന്നതും. കോഴിക്കോട്ടും കൊച്ചിയിലും വച്ച് നേരത്തെ കേന്ദ്രകമ്മിറ്റി യോഗങ്ങൽ നടന്നിട്ടുണ്ട്. തിരുവനന്തപുരത്തു പാർട്ടി കോൺഗ്രസും പ്രത്യേക പ്ലീനം സമ്മേളനവും ചേർന്നപ്പോൾ അതോടനുബന്ധിച്ചു കേന്ദ്രകമ്മിറ്റി യോഗം നടന്നതു മാറ്റിവച്ചാൽ സിസി യോഗമായി മാത്രം നടക്കുന്നത് ആദ്യമാണ്. അതേസമയം രാജ്യം മുഴുവൻ നോട്ട് പ്രതിസന്ധിയിൽ വലയുമ്പോൾ അതിനെതിരെ പ്രതിഷേധിച്ച സിപിഐ(എം) തന്നെ നക്ഷത്ര ഹോട്ടലിൽ യോഗം സംഘടിപ്പിച്ച് സോഷ്യൽ മീഡിയയുടെ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്.

തൊഴിലാളി വർഗ്ഗപാർട്ടി മുതലാളികളുടെ സ്വന്തം പാർട്ടിയായി മാറുന്നു എന്നതിന്റെ തെളിവാണിതെന്ന വിധത്തിൽ മറ്റു പാർട്ടികളും വിഷയം ആഘോഷമാക്കി തുടങ്ങിയിട്ടുണ്ട്. പൊതുകനാൽ കൈയേറിയെന്ന ആരോപണം ഉയർന്ന ഹോട്ടൽ കൂടിയാണ് തമ്പാനൂരിലുള്ള ഹൈസിന്ത്. എന്നാൽ, അതൊന്നും വകവെക്കാതെ സർക്കാർ പരിപാടികൾ അടക്കം നടത്തുന്നത് ഇവിടെ വച്ചാണ്. എന്നാൽ എല്ലാ സൗകര്യങ്ങളമുള്ള എകെജി സെന്റർ ഉണ്ടായിരിക്കേ പഞ്ചനക്ഷത്ര ഹോട്ടലിനെ ഇതിനായി യോഗം ഹാളായി നിശ്ചയിച്ചതാണ് അണികളെയും ചൊടിപ്പിക്കുന്നത്.

കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം ജനുവരി 7 ന് നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്താണ് പൊതുസമ്മേളനം. വിവിധ ജില്ലകളിൽ നിന്നായി 50,000 പേർ പങ്കെടുക്കും. സമ്മേളനത്തിൽ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, പിണറായി വിജയൻ, പ്രകാശ് കാരാട്ട്, ബൃന്ദാകാരാട്ട്, ബിമൻബോസ് എന്നിവർ പങ്കെടുക്കും. ജനുവരി ഫെബ്രുവരി മാസങ്ങളിൽ സാധാരണഗതിയിൽ ഡൽഹിക്ക് പുറത്ത് നടക്കാറുള്ള കേന്ദ്രക്കമ്മറ്റിയോഗം.

കൊൽക്കത്തയോ ചെന്നൈയോ തെരഞ്ഞെടുക്കും എന്നിരിക്കെ ഇത്തവണ കേരളത്തിൽ നടത്താമോ എന്ന സംസ്ഥാന നേതാക്കളോട് കേന്ദ്രനേതാക്കൾ ചോദിക്കുകയായിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും പ്രധാന നേതാക്കൾ പങ്കെടുക്കുന്ന കേന്ദ്രക്കമ്മറ്റിയിലെ പ്രധാന ചർച്ച പണം അസാധുവാക്കലിന് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ഉത്തർപ്രദേശിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പും മറ്റുമാണ്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എകെ പത്മനാഭൻ, എംഎ ബേബി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള, സുർജ്യാകാന്ത് മിശ്ര, ഹന്നൻ മൊല്ല എന്നിവർ പങ്കെടുക്കും.

വി എസ്.അച്യുതാന്ദനുമായി ബന്ധപ്പെട്ട പൊളിറ്റ്ബ്യൂറോ കമ്മിഷൻ റിപ്പോർട്ട് അടക്കം ചർച്ച ചെയ്യുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിൽ നിന്നുള്ള സിപിഐ(എം) പ്രവർത്തകർ. ഇക്കാര്യത്തിൽ അഞ്ചിനു ചേരുന്ന പിബി യോഗം തീരുമാനിക്കുമെന്നാണ് സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP