Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിപ്ലവാഭിവാദ്യങ്ങളുമായി സ്വാമി സന്ദീപാനന്ദഗിരിയും മാർ കൂറിലോസും; ബിജെപി വേരുറപ്പിക്കുമ്പോൾ സിപിഎമ്മിൽ നയംമാറ്റം

വിപ്ലവാഭിവാദ്യങ്ങളുമായി സ്വാമി സന്ദീപാനന്ദഗിരിയും മാർ കൂറിലോസും; ബിജെപി വേരുറപ്പിക്കുമ്പോൾ സിപിഎമ്മിൽ നയംമാറ്റം

കോട്ടയം: ആർഎസ്എസ്സിലേക്കും ബിജെപിയിലേക്കും പ്രവർത്തകർ കൂട്ടത്തോടെ ചേക്കേറുന്നതാണ് സിപിഐ(എം). സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇടത് ഐക്യത്തിനുവേണ്ടിയുള്ള വാദകോലാഹലങ്ങളിൽ കേരളത്തിലെ രണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങളും മുഴുകുമ്പോൾ, പാർട്ടി അംഗങ്ങളും പാർട്ടി കുടുംബങ്ങളും ബിജെപി ചേരിയിലേക്ക് ചേക്കേറുന്ന കാഴ്ച മലബാറിലുൾപ്പെടെ പ്രകടമായിക്കഴിഞ്ഞു.

വർഗീയ ചേരികളെന്ന് മുദ്രകുത്തി അകറ്റി നിർത്തിയിരുന്ന ബിജെപിക്ക് കേരളത്തിൽ സ്വീകാര്യത കൂടുന്നുണ്ടെന്ന വസ്തുത ഇപ്പോൾ പാർട്ടിക്കാർ പോലും അംഗീകരിച്ചുതുടങ്ങി. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന തന്ത്രമാണ് ഇപ്പോൾ പാർട്ടി പലേടത്തും സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രീകൃതമായൊരു നയമില്ലെങ്കിലും, പ്രാദേശികമായി നടപടികൾ കൈക്കൊള്ളാൻ തീരുമാനമുണ്ട്. അമ്പലക്കമ്മറ്റികളിലും പള്ളിക്കമ്മറ്റികളിലുമൊക്കെ മേധാവിത്വം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും അതിന്റെ ഭാഗമാണ്. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള ശോഭായാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചതും അതേ രീതിയിലുള്ള നീക്കങ്ങൾ തന്നെ.

പാർട്ടിയുടെ വ്യക്തമായ നയംമാറ്റം സൂചിപ്പിക്കുന്നതായിരുന്നു സിപിഐ(എം) പുതുപ്പള്ളി ഏരിയാസമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ. സ്വാമി സന്ദീപാനന്ദ ഗിരിയും ഗ്രിഗോറിയോസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയുമായിരുന്നു ചടങ്ങിലെ മുഖ്യാതിഥികൾ. കുറേ നാളായി സിപിഎമ്മിനോട് ചേർന്നാണ് സന്ദീപാനന്ദ ഗിരിയുടെ നീക്കങ്ങൾ.

സിപിഐ(എം) ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകളെ സ്വാമിയും അംഗീകരിക്കുന്നു. ഇതു തന്നെയാണ് പുതുപ്പള്ളി സമ്മേളനത്തിൽ സന്ദീപാനന്ദ ഗിരിയെ എത്തിച്ചത്. വിശ്വാസികളായ ഹിന്ദുക്കളെ സിപിഎമ്മിനൊപ്പം അടുപ്പിച്ച് നിർത്തുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്. കോട്ടയത്തെ ക്രൈസ്ത വോട്ടുകൾ ഗുണകരമാക്കുകയെന്നതാണ് ഗിഗോറിയോസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയുടെ സമ്മേളനത്തിലെ സാന്നിധ്യത്തിലൂടെ സിപിഐ(എം) ആഗ്രഹിക്കുന്നതും.

വർഗീയ വാദികൾ വളരുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ അലംഭാവം മുതലെടുത്താണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. സിപിഎമ്മുകാർ ഭഗവദ്ഗീതയും രാമായണവും പഠിക്കാൻ തയ്യാറാകണമെന്ന് സ്വാമി അഭിപ്രായപ്പെട്ടു. അവർ ഗീതയുടെയും രാമാണയത്തിന്റെയും അന്തഃസത്ത അറിയണം. ഉടമസ്ഥതാബോധം ഒഴിഞ്ഞവനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് . അവർക്ക് എല്ലാം പാർട്ടിയാണ്. ഇതുതന്നെയാണ് ഗീതയും പഠിപ്പിക്കുന്നത്. വേദാന്തം ഏറ്റവും അടുത്തുനിൽക്കുന്നത് കമ്മ്യൂണിസവുമായിട്ടാണ്. ഒരു കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ് തനിക്ക് ഗീത മനസ്സിലായതെന്നും സ്വാമി പറഞ്ഞു. ലാൽസലാം സഖാക്കളെ എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് സ്വാമി പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും.

മതത്തിന്റെ പ്രസക്തിയെക്കുറിച്ചാണ് നിരണം ഭദ്രാസനാഥിപൻ ഗ്രിഗോറിയോസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത സെമിനാറിൽ സംസാരിച്ചത്. മതേതര ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലായിരുന്നു സെമിനാർ. ''മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് പറഞ്ഞ മാർക്‌സ്, പ്രതീക്ഷ നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതീക്ഷയാണ് മതമെന്ന് പറഞ്ഞത് സൗകര്യപൂർവ്വം ചിലർ മറക്കുന്നുവെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. രാജ്യത്ത് കാവിവത്കരണമാണ് ഇപ്പോൾ നടക്കുന്നതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

മതവിശ്വാസികൾക്ക് സിപിഐ(എം) എതിരല്ലെന്ന് സന്ദേശം കൂടിയാണ് പുതുപ്പള്ളിയിൽ സിപിഐ(എം) നൽകുന്നത്. സംസ്ഥാന സമ്മേളനത്തിലും ഇതിന്റെ പുനരവതരിപ്പിക്കൽ ഉണ്ടായേക്കാം. അന്ധവിശ്വാസത്തിന് മാത്രമാണ് പാർട്ടി എതിര്. അമ്പലത്തിൽ പോകുന്നതും പള്ളിയിലെ പാർത്ഥനകളിൽ പങ്കെടുക്കുന്നതോ പാർട്ടി അനുഭാവിക്ക് ആകാരമെന്ന് സിപിഐ(എം) നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മാലയിട്ട് ശബരിമലയിൽ പോകുന്നത് പാർട്ടി വിരുദ്ധമല്ലെന്ന നിലപാട് പ്രഖ്യാപനത്തിന് പിന്നാലെയാണ് മത നേതാക്കളെ സമ്മേളനങ്ങളിലും സജീവമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP