Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ പ്രളയജലം കയറിയപ്പോൾ സിപിഎം ജില്ലാ നേതാവ് കുടുംബത്തെയും കൂട്ടി സർക്കാർ ഗസ്റ്റ് ഹൗസിലെ എസി റൂം കൈയടക്കിയെന്ന്; ദുരിതാശ്വാസത്തിനുള്ള സാധനങ്ങളുമായി വന്ന മന്ത്രിയും മുറി തുറന്നു കിട്ടാൻ മണിക്കൂറുകൾ കാത്തിരുന്നു; മുൻ കലക്ടറും ആർഡിഓയും മേശപ്പുറം പൂമെത്തയാക്കിയപ്പോൾ നേതാവ് ഫേസ്‌ബുക്കിലൂടെ തള്ളൽ നടത്തി; പത്തനംതിട്ടയിലെ സിപിഎമ്മിൽ പുതിയ വിവാദം

വീട്ടിൽ പ്രളയജലം കയറിയപ്പോൾ സിപിഎം ജില്ലാ നേതാവ് കുടുംബത്തെയും കൂട്ടി സർക്കാർ ഗസ്റ്റ് ഹൗസിലെ എസി റൂം കൈയടക്കിയെന്ന്; ദുരിതാശ്വാസത്തിനുള്ള സാധനങ്ങളുമായി വന്ന മന്ത്രിയും മുറി തുറന്നു കിട്ടാൻ മണിക്കൂറുകൾ കാത്തിരുന്നു; മുൻ കലക്ടറും ആർഡിഓയും മേശപ്പുറം പൂമെത്തയാക്കിയപ്പോൾ നേതാവ് ഫേസ്‌ബുക്കിലൂടെ തള്ളൽ നടത്തി; പത്തനംതിട്ടയിലെ സിപിഎമ്മിൽ പുതിയ വിവാദം

ആർ കനകൻ

തിരുവല്ല: പ്രളയജലം വീട്ടിൽ കയറിയപ്പോൾ പാവപ്പെട്ടവനും പണക്കാരനും ആദ്യം ഒന്നാം നിലയിലും അവിടെയും മുങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാമ്പിലും അഭയം തേടി. എന്നാൽ ഇവിടെ നിന്നുള്ള സിപിഎമ്മിന്റെ ജില്ലാ നേതാവ് ആകട്ടെ കുഞ്ഞുകുട്ടി പരാധീനങ്ങൾ അടക്കം സകലരുമായി സർക്കാർ ഗസ്റ്റ് ഹൗസിലെ എസി റൂമിൽ സുഖമായി കഴിഞ്ഞു. പകൽ സമയത്ത് വെള്ളപ്പൊക്ക ബാധിത മേഖലകളിൽ എത്തി നനഞ്ഞു നടന്ന് അതിന്റെ ചിത്രങ്ങൾ എഫ്ബിയിൽ പോസ്റ്റ് ചെയ്ത് 'നേതാവിന്റെ ത്യാഗം കണ്ടോ കൈയടിക്കടാ' എന്ന അടിക്കുറിപ്പും കൊടുത്ത ജില്ലാ നേതാവാണ് രാത്രിയിൽ ഗസ്റ്റ് ഹൗസിലെ എസിയുടെ തണുപ്പിൽ സുഖശയനം നടത്തിയത്.

മന്ത്രിയും ആർഡിഓയും മുൻ ജില്ലാ കലക്ടറും അടക്കമുള്ളവർ അവശ്യസാധനങ്ങൾ സൂക്ഷിക്കാൻ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ റൂം ഒന്നു തുറന്നു കിട്ടാൻ മണിക്കൂറുകൾ അലമുറയിടേണ്ടി വന്നു. പ്രളയ ജലം ഇറങ്ങിയതോടെ സിപിഎം നേതാവിന്റെ സുഖവാസം വിവാദമായി പൊങ്ങി വന്നിരിക്കുകയാണ്. പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും ഫ്രാക്ഷനുകളിലും ഇതേക്കുറിച്ച് രൂക്ഷമായ വാദപ്രതിവാദമാണ് നടക്കുന്നത്. റാന്നിക്കും ആറന്മുളയ്ക്കും ശേഷം പ്രളയ ജലം സംഹാര താണ്ഡവമാടിയത് അപ്പർ കുട്ടനാട്ടിലാണ്. ഇവിടെ തന്നെയാണ് സിപിഎം ജില്ലാ നേതാവിന്റെ വീട്.

വീട്ടിനുള്ളിലേക്ക് വെള്ളം കയറുന്നതിന് മുൻപ് തന്നെ നേതാവ് മാതാവ്, ഭാര്യ, മക്കൾ, സർക്കാർ ജോലിക്കാരനായ സഹോദരൻ, കുടുംബം എന്നിവർ സഹിതം തിരുവല്ല ഗസ്റ്റ് ഹൗസിലെ രണ്ടാം നമ്പർ ഏസി റൂമിൽ താമസം ആരംഭിച്ചു. സൗജന്യമായിട്ടാണ് താമസമെന്നാണ് ദോഷൈകദൃക്കുകൾ പറഞ്ഞു പരത്തുന്നത്. ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത തിരുവല്ല ആർഡിഓ സ്വന്തം ഓഫീസ് മേശയിലാണ് കിടന്നുറങ്ങിയത്. ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ എത്തിയ മുൻ പത്തനംതിട്ട കലക്ടറും കുടുംബശ്രീ ഡയറക്ടറുമായ എസ് ഹരികിഷോർ, ഡിഐജി ഷെഫിൻ അഹമ്മദ് എന്നിവർക്ക് സർക്കാർ ഗസ്റ്റ് ഹൗസിൽ റൂം ലഭിക്കാതെ സ്വകാര്യ ഹോട്ടലുകളിൽ മുറി തേടി ഓടേണ്ടി വന്നു.

അവിടെയും വളരെ പ്രയാസപ്പെട്ടാണ് ഇവർക്ക് റൂം കിട്ടിയത്. തിരുവല്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രി മാത്യു ടി. തോമസ് ദുരിതബാധിതർക്കുള്ള വസ്ത്രങ്ങളും മറ്റു സാധനങ്ങളും ടിബിയിൽ വയ്ക്കുന്നതിന് വേണ്ടി രാത്രിയിൽ വന്നപ്പോൾ അതൊന്ന് തുറന്നു കിട്ടാൻ വേണ്ടി മണിക്കൂറുകൾ അലമുറയിടേണ്ടി വന്നു. സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ പാർട്ടി ജില്ലാ നേതാവ് എന്ന ലേബലിൽ ദുരുപയോഗം ചെയ്തത് സിപിഎമ്മിനുള്ളിൽ തന്നെ വിവാദമായിരിക്കുകയാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സമിതിയിലേക്ക് കയറാൻ കാത്തു നിന്ന ഈ നേതാവിന് അന്ന് വിനയായത് എടിഎം തട്ടിപ്പായിരുന്നു.

ഇദ്ദേഹത്തെ ഒരു സംഘമാളുകൾ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയിരുന്നു. ഇത് എടിഎം തട്ടിപ്പായി വ്യാഖ്യാനിച്ച് നേതാവ് പൊലീസിൽ പരാതിയും നൽകി. ഈ സംഭവം വാർത്തയായതോടെയാണ് സംസ്ഥാന സമിതി അംഗം എന്ന സ്വപ്നം പൊലിഞ്ഞത്.

തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്‌ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP