Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേവസ്വം ബോർഡ് വടി കൊടുത്ത് അടി വാങ്ങരുതെന്ന് പറഞ്ഞത് അഴകൊഴമ്പൻ നിലപാട് എടുക്കുന്ന പത്മകുമാറിനുള്ള താക്കീത്; പത്തനംതിട്ടയിലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തന്ത്രി കുടുംബത്തെ വെല്ലുവിളിച്ചതും സർക്കാർ പിന്നോട്ടില്ലെന്ന കൃത്യമായ സൂചന; ക്രമസമാധാനം വിലയിരുത്താൻ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയോടെ പിന്നിൽ അണിനിരക്കാൻ പാർട്ടിയും; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളെ അനുനയിപ്പിക്കാൻ സത്യവാങ്മൂലവുമായി വീടുകളിലേക്ക് സിപിഎം

ദേവസ്വം ബോർഡ് വടി കൊടുത്ത് അടി വാങ്ങരുതെന്ന് പറഞ്ഞത് അഴകൊഴമ്പൻ നിലപാട് എടുക്കുന്ന പത്മകുമാറിനുള്ള താക്കീത്; പത്തനംതിട്ടയിലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തന്ത്രി കുടുംബത്തെ വെല്ലുവിളിച്ചതും സർക്കാർ പിന്നോട്ടില്ലെന്ന കൃത്യമായ സൂചന; ക്രമസമാധാനം വിലയിരുത്താൻ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയോടെ പിന്നിൽ അണിനിരക്കാൻ പാർട്ടിയും; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളെ അനുനയിപ്പിക്കാൻ സത്യവാങ്മൂലവുമായി വീടുകളിലേക്ക് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഒന്നാം ഘട്ടത്തിൽ തങ്ങൾ വിജയിച്ചു എന്ന് അവകാശപ്പെടുകയാണ് ബിജെപി നേതാക്കൾ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലചവിട്ടാൻ എത്തിയ സ്ത്രീകൾ എത്തിയിട്ടും അവരെ പിന്തിരിപ്പിക്കാനായത് തങ്ങളുടെ നേട്ടമാണെന്ന് ബിജെപി വിലയിരുത്തുന്നു. എന്നാൽ, എല്ലാം ചെയ്തത് അയ്യപ്പഭക്തരാണെന്നാണ് ഇവർ പറയുന്നത്. അത് സുപ്രീംകോടതി വിധിയുടെ ലംഘനമാകാതിരിക്കാനുള്ള ഒരു മുൻകരുതലായാണ് വിലയിരുത്തുന്നത്.

അതിനിടെ ദുബായ് സന്ദർശനത്തിന് ശേഷം നാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ സർക്കാർ പിന്നോട്ടില്ലെന്ന കൃത്യമായ നിലപാട് തന്നെ വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് എതിരു നിൽക്കുന്നവരെ മുഖവിലക്കെടുക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തുവന്നതോടെ സിപിഎമ്മും പിണറായിക്ക് പിന്നിൽ അണിനിരക്കാൻ തയ്യാറെടുത്തിരിക്കയാണ്. ഈ വിഷയത്തിൽ ദേവസ്വം ബോർഡ് പുനപ്പരിശോധനാ ഹർജി നൽകേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചിരിക്കുന്നത്. വെറുതേ വടി കൊടുത്ത് അടിവാങ്ങരുതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെ ലക്ഷ്യമിട്ട് തന്നെയാണ്. സർക്കാർ നയം തന്നെയാകണം ബോർഡിന്റെതെന്ന താക്കീത് കൂടിയായി ഇത്.

പുനഃപരിശോധനാ ഹർജി അടക്കമുള്ള കാര്യങ്ങളിൽ നിലപാടിൽ പത്മകുമാറിന് മുഖ്യമന്ത്രിയോട് എതിർപ്പുണ്ടായിരുന്നു. എന്നാൽ, ആ എതിർപ്പ് വകവെക്കില്ലെന്നാണ് ഇന്ന് പത്തനംതിട്ടയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതും.. വൻ ജനാവലിയെ സാക്ഷിയാക്കി തന്നെയായിരുന്നു ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ മുഖ്യമന്ത്രിയുടെ വിശദീകരണ റാലിയും. തന്ത്രികുടുംബത്തെ നേരിട്ട് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. അത് സർക്കാർ നിലപാട് അടിവരയിട്ട് വ്യക്തമാക്കുന്നതു കൂടിയായി. അടുത്ത മാസം വീണ്ടും നട തുറക്കുമ്പോൾ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. ഇക്കാര്യങ്ങൾ അടക്കം ചർച്ച ചെയ്യുന്നതിനായി നാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. ശബരിമലയിലെ സുരക്ഷാ കാര്യങ്ങൾ അടക്കം ഈ യോഗത്തിൽ ചർച്ചയാകും.

അതിനിടെ വിശ്വാസികളുടെ എതിർപ്പ് മറികടക്കാൻ പാർട്ടി തലത്തിലും സിപിഎം നടപടി കൈക്കൊള്ളുന്നുണ്ട്. വിശ്വാസികളെ അനുനയിപ്പിക്കാൻ സത്യവാങ്മൂലവുമായി വീടുകളിലേക്ക്. യുവതിപ്രവേശ വിഷയത്തിൽ പാർട്ടിയും സർക്കാരും കടുംപിടിത്തം കാട്ടിയിട്ടില്ലെന്നു സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം സാക്ഷിയാക്കി വിശദീകരിക്കാനാണു പാർട്ടി തീരുമാനം. സത്യവാങ്മൂലത്തിന്റെ പൂർണരൂപം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് എല്ലാവർക്കും വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ശബരിമലയിൽ സ്ത്രീകളടക്കം എല്ലാ തീർത്ഥാടകർക്കും സുരക്ഷയൊരുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ പകർപ്പും വിതരണം ചെയ്യാൻ ആലോചനയുണ്ട്. അടുത്തമാസം ആദ്യമാണു സംസ്ഥാന വ്യാപകമായി ഗൃഹസമ്പർക്ക പരിപാടി നടത്തുക. സർക്കാർ എടുത്തുചാട്ടം കാണിച്ചെന്ന പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ശക്തമായ സാഹചര്യത്തിൽ അനുനയത്തിന്റെ ഭാഷയിലേക്കു പാർട്ടിയും സർക്കാരും മാറിയിട്ടുണ്ട്.

യുവതിപ്രവേശ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് ഹിന്ദുധർമ ശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യമുള്ളവർ, അഴിമതിരഹിത പ്രതിച്ഛായയുള്ളവർ, സാമൂഹിക പരിഷ്‌കരണ രംഗത്തു സജീവമായവർ തുടങ്ങിയവരെ ഉൾപ്പെടുത്തി പ്രത്യേക കമ്മിഷനെ നിയോഗിച്ചു തെളിവെടുപ്പു നടത്തണമെന്നു വി എസ് സർക്കാരിന്റെ കാലത്തു നൽകിയ സത്യവാങ്മൂലത്തിൽ നാലാമത്തെ ഖണ്ഡികയിലൂടെ സർക്കാർ ബോധിപ്പിച്ചുവെന്നാണു പാർട്ടി വിശദീകരിക്കാൻ പോകുന്നത്. അതേ സത്യവാങ്മൂലമാണ് ഇത്തവണയും നൽകിയത്.

സ്ത്രീകൾക്കു തുല്യാവകാശം ലഭിക്കണമെന്ന വാദത്തോടു സർക്കാരിനു യോജിപ്പാണ്. എന്നാൽ, ശബരിമല വിഷയത്തിൽ നിലവിൽ പ്രത്യേക സംവിധാനമുണ്ട്. അതിൽ മാറ്റം വരുത്തണമെങ്കിൽ വിദഗ്ധരടങ്ങിയ കമ്മിഷൻ വേണമെന്നും സർക്കാർ വാദിച്ചുവെന്നും വിശദീകരിക്കും. ശബരിമല യുവതീപ്രവേശനം പാടില്ലെന്ന് ഇ.കെ നായനാർ സർക്കാരിന്റെ കാലത്തു ഹൈക്കോടതി വിധിച്ചപ്പോൾ അതിനെതിരെ സർക്കാർ അപ്പീൽ പോകാതെ ആ വിധി നടപ്പാക്കുകയാണു ചെയ്തെന്നതും ഗൃഹസമ്പർക്ക പരിപാടിയിൽ വിശദീകരിക്കും.

ഇന്ന് പത്തനംതിട്ടയിലെ എൽഡിഎഫ് വിശദീകരണ യോഗം വിജയം കണ്ടുവെന്നാണ് വിലയിരുത്തുന്നത്. സ്ത്രീ പ്രവേശ വിഷയം പറഞ്ഞ് ശബരിമലയെ തകർക്കുകയെന്ന ലക്ഷ്യം സംഘപരിവാറിന് ഉണ്ട്. കേരളത്തിൽ ഒരു വർഗീയ ധ്രുവീകരണം നടത്താനാണ് അവർ ശ്രമിക്കുന്നത്. എല്ലാ വിശ്വാസികൾക്കും സംരക്ഷണം നൽകും. എന്റെ വിശ്വാസം മാത്രമേ പാടൂള്ളൂ, ഞാൻ വിശ്വസിക്കുന്ന മതം മാത്രമേ പാടുള്ളു എന്ന നിലപാട് അനുവദിക്കില്ല. നവോത്ഥാന പാരമ്പര്യം ശരിയായ നിലയിൽ ഉള്ളതുകൊണ്ടാണ് കേരളത്തിന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ മാറ്റം ഉള്ളത്. ഈ മാറ്റം ഉൾക്കൊള്ളാനാവാത്തവരുണ്ട്. അവർ കേരളത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണ്. ഈ നീക്കം ശക്തമായി തടഞ്ഞേ മതിയാകൂ. ഇക്കാര്യമാണ് മുഖ്യമന്ത്രി യോഗത്തിൽ അടിവരയിട്ടു വ്യക്തമാക്കിയത്.

തന്ത്രി കുടുംബത്തിനെതിരെ രൂക്ഷ വിമർശവും അദ്ദേഹം ഉന്നയിച്ചു. നെഷ്ഠിക ബ്രഹ്മചാരിയായ ദേവന്മാരുണ്ട്. ഇല്ല എന്നല്ല പറയുന്നത്. വിശ്വാസികൾക്കിടയിൽ അങ്ങനെയൊരു നിലയുണ്ട്. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണം. വിവാഹം കഴിക്കാൻ പാടില്ല. എന്നാൽ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവർക്കും അറിയാമല്ലോ. ഗൃഹസ്ഥാശ്രമത്തിന്റെ കാര്യമല്ല താൻ പറയുന്നത്. അതിനപ്പുറം കടന്ന് വ്യഭിചാരത്തിലേക്ക് പോയ സംഭവമല്ലേ എറണാകുളത്ത് നടന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ലോകനാർകാവ് കടത്തനാട്ട് രാജാവ് എല്ലാവർക്കും തുറന്നുകൊടുത്തു. പട്ടികജാതി, പട്ടികവർഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും. അപ്പോൾ അടെയുള്ള ഇവിടുത്തെ തന്ത്രിയെപ്പോലെയുള്ളവർ ക്ഷേത്രം പൂട്ടി സ്ഥലംവിട്ടു. അയാൾ പോയ പോക്കിന് കടത്തനാട്ട് രാജാവ് വേറെ ആളെവച്ചു. ഇത്രയുമൊക്കെയേ തന്ത്രിക്ക് അധികാരമുള്ളൂ. തങ്ങളുടെ കോന്തലയിൽ കെട്ടുന്ന താക്കോലിലാണ് അധികാരം മുഴുവൻ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP