Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസിനെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ നിന്ന് ഒഴിവാക്കി; സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സിസി തീരുമാനിക്കും; സെക്രട്ടറിയറ്റിൽ മൂന്നു പുതുമുഖങ്ങൾ

വി എസിനെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ നിന്ന് ഒഴിവാക്കി; സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സിസി തീരുമാനിക്കും; സെക്രട്ടറിയറ്റിൽ മൂന്നു പുതുമുഖങ്ങൾ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെയും പി കെ ഗുരുദാസനെയും ഒഴിവാക്കി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് പുനഃസംഘടിപ്പിച്ചു. പുതുതായി മൂന്ന് അംഗങ്ങളെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി. വി എസിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്ന കാര്യം കേന്ദ്രകമ്മിറ്റിക്കു വിട്ടു.

പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ അധ്യക്ഷതയിൽ എ കെ ജി സെന്ററിൽ ഇന്നു ചേർന്ന യോഗമാണ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്. എം എം മണി, ടി പി രാമകൃഷ്ണൻ, കെ ജെ തോമസ് എന്നിവരാണ് പുതുതായി സെക്രട്ടറിയറ്റിലെത്തിയത്.

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പി കരുണാകരൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, എം വി ഗോവിന്ദൻ, വി വി ദക്ഷിണാമൂർത്തി, എളമരം കരീം, ബേബി ജോൺ, ആനത്തലവട്ടം ആനന്ദൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള എം എ ബേബി എന്നിവർ പങ്കെടുത്തു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാന സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ വി എസിനെ പാർട്ടിയുടെ ഏതു ഘടകത്തിൽ ഉൾപ്പെടുത്തണമെന്നതിനെ സംബന്ധിച്ചുള്ള തീരുമാനമെടുക്കാനാണ് കേന്ദ്ര കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. പുതിയ കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവ് മാത്രമാണ് അദ്ദേഹം.

സംസ്ഥാന സമിതി യോഗങ്ങളിൽനിന്ന് തുടർച്ചയായി വിട്ടുനിൽക്കുന്ന വി എസ് ശനിയാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ, കേന്ദ്രനേതാക്കൾ ചേർന്ന് വി എസിനോട് സമിതിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.

ജനറൽ സെക്രട്ടറിയായശേഷം യെച്ചൂരി ആദ്യമായാണ് കേരളത്തിൽ എത്തിയത്. പാർട്ടിയുടെ ശക്തികേന്ദ്രമായ കേരളത്തിലെ സംഘടനാപ്രശ്‌നങ്ങൾ, മുന്നണി വിപുലീകരണം അടക്കമുള്ള വിഷയങ്ങളിലെ ചർച്ചയിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി.

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഇടതുമുന്നണി യോഗവും ശനിയാഴ്ച ചേരുന്നുണ്ട്. അരുവിക്കര സീറ്റ് ഏത് പാർട്ടിക്ക് എന്ന കാര്യത്തിൽ ധാരണ വന്നേക്കും. ബാർ കോഴ അടക്കം വിഷയങ്ങളിൽ പുതിയ തെളിവുകൾ പുറത്തുവരുകയും രണ്ട് എംഎൽഎമാർ പുറത്തുപോയതോടെ യു.ഡി.എഫ് സർക്കാർ കൂടുതൽ ദുർബലമാവുകയും ചെയ്ത സാഹചര്യത്തിൽ സർക്കാറിനെതിരായ സമരം ശക്തിപ്പെടുത്താനും ഇടതുമുന്നണി യോഗത്തിൽ തീരുമാനമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP