Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മന്ത്രിയായപ്പോൾ മരുമകളെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ച് പാർട്ടിയുടെ മാനംകെടുത്തി; മകനെ നിയമിക്കാൻ ഇപി ജയരാജനെ സമ്മർദ്ദം ചെലുത്തി സർക്കാറിന്റെ ഇമേജ് കളഞ്ഞു; അനർഹമായ പ്രമോഷൻ കിട്ടി അധികാര സ്ഥാനങ്ങൾ കീഴടക്കിയ പി കെ ശ്രീമതിക്കെതിരെ പൊതുവികാരം; സംഘടനാ നടപടി ഉണ്ടാകുമെന്ന് സൂചന; തുടർപ്രമോഷനുകളെയും ബാധിക്കും

മന്ത്രിയായപ്പോൾ മരുമകളെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ച് പാർട്ടിയുടെ മാനംകെടുത്തി; മകനെ നിയമിക്കാൻ ഇപി ജയരാജനെ സമ്മർദ്ദം ചെലുത്തി സർക്കാറിന്റെ ഇമേജ് കളഞ്ഞു; അനർഹമായ പ്രമോഷൻ കിട്ടി അധികാര സ്ഥാനങ്ങൾ കീഴടക്കിയ പി കെ ശ്രീമതിക്കെതിരെ പൊതുവികാരം; സംഘടനാ നടപടി ഉണ്ടാകുമെന്ന് സൂചന; തുടർപ്രമോഷനുകളെയും ബാധിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാക്കാലത്തും സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ ഭാഗമായിരുന്നു പി കെ ശ്രീമതി ടീച്ചർ. അധികാര കേന്ദ്രങ്ങളുമായി അടുപ്പം പുലർത്തിവന്നു എന്നതു കൊണ്ട് മാത്രമാണ് അവർ അധികാരത്തിന്റെ പടവുകൾ ചവിട്ടിക്കയറിയതും. എന്നാൽ, ഇപ്പോൾ ഇ പി ജയരാജന്റെ വീഴ്‌ച്ചക്ക് കാരണക്കാരിയായതും ശ്രീമതി ആണെന്നതാണ് കണ്ണൂരിലെ സഖാക്കൾ തന്നെ അടക്കം പറയുന്നത്. ശ്രീമതിയുടെ മകൻ സുധീറിനെ നിയമിച്ചതിന് പിന്നിലെ പ്രേരകശക്തി ശ്രീമതി തന്നെയാണെന്നാണ് എല്ലാവരും കരുതുന്നത്. ഇതോടെ എല്ലാ സ്ഥാനങ്ങളും നൽകിയ ശ്രീമതി പാർട്ടിയെ ചതിച്ചു എന്ന വികാരം ശക്തമാണ്. മുമ്പ് മന്ത്രിയായിരുന്നപ്പോൾ തന്നെ ഇത്തരമൊരു വിവാദത്തിൽ ചാടിയ ശ്രീമതി അതിൽ നിന്നും പഠിക്കാതെ വീണ്ടും വിവാദത്തിൽ ചാടുകയായിരുന്നു.

എം വി രാഘവന്റെ കാലം മുതലാണ് പി കെ ശ്രീമതിയെന്ന് വനിതാ നേതാവിന്റെ പേര്് കേരളം കേട്ടു തുടങ്ങിയത്. എംവിആറിനോടുള്ള അടുപ്പം അന്ന് അവരുടെ രാഷ്ട്രീയ വളർച്ചയ്ക്ക് ഗുണകരമാകുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ പാർട്ടിയിൽ പിന്നും പുറത്താക്കിയതോടെ നായനാരുടെ പക്ഷത്തായി അവർ. പിൽക്കാലത്ത് പിണറായി പക്ഷത്തേക്ക വന്നതോടെയാണ് അവർ വീണ്ടും കരുത്തായതും. ഇപ്പോൾ സംസ്ഥാനത്തെ വനിതാ നേതാക്കളിൽ ഒന്നാമതായാണ് ശ്രീമതിയുടെ സ്ഥാനം. എന്നിട്ടും ബന്ധുക്കൾക്ക് വേണ്ടി പാർട്ടിയെ ചതിച്ചു എന്നതാണ് ശ്രീമതിക്കെതിരായി പൊതുവികാരം.

ഇന്നലെ സെക്രട്ടറിയേറ്റ് യോഗത്തിൽ അവർ തെറ്റുകൾ ഏറ്റുപറഞ്ഞത് രൂക്ഷ വിമർശനം ഉയരുമെന്ന ഘട്ടത്തിൽ തന്നെയാണ്. സംഭവിച്ചത് പിഴവാണെന്ന് മനസിലായെന്നും ഇനി ആവർത്തിക്കില്ല എന്നും സെക്രട്ടേറിയേറ്റ് യോഗത്തിൽ ശ്രീമതി പറഞ്ഞു. സിപിഐ(എം). കേന്ദ്രകമ്മിറ്റി അംഗങ്ങളായ മന്ത്രി ഇ.പി. ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. നിയമനങ്ങളിൽ ജാഗ്രതക്കുറവുണ്ടായെന്നു കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ അറിയിച്ചു. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്.

ജാഗ്രത കാട്ടിയില്ലെന്നു മുതിർന്ന നേതാക്കളും കുറ്റപ്പെടുത്തി. എ.കെ.ബാലൻ, എളമരം കരീം, പി.കെ.ഗുരുദാസൻ തുടങ്ങിയവരാണ് വിമർശനം ഉന്നയിച്ചത്. വിജിലൻസ് ക്ലിയറൻസ് ഇല്ലാതെയാണ് സുധീറിന്റെ നിയമനമെന്നും അതിനാലാണ് മുഖ്യമന്ത്രിയുടെ അറിവില്ലാതെ പോയതെന്നും ജയരാജൻ യോഗത്തിൽ വിശദീകരിച്ചു. അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ സർക്കാരിനും പാർട്ടിക്കുമേറ്റ ആഘാതത്തിൽ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ(എം). ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി നടപടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇ. എം.ഡി. സ്ഥാനത്തേക്ക് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയും സിപിഐ(എം). കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ നിയമിക്കുകയായിരുന്നു. വിവാദത്തെ തുടർന്ന് സുധീറിനെ ഒഴിവാക്കുകയും എം. ബീനയ്ക്ക് പകരം ചുമതല നൽകുകയും ചെയ്തു. സുധീറിനെ നിയമിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും നിയമനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി.

അതേസമയം തനിക്കെതിരെ വർഷങ്ങൾക്കുമുമ്പ് ഉണ്ടായ മറ്റൊരു നിയമനവിവാദത്തിന് മറുപടിയുമായി ശ്രീമതി രംഗത്തുവന്നിരുന്നു. പാർട്ടിയുടെ അറിവോടെയായിരുന്നു തന്റെ മരുമകളെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതെന്നാണ് ഫേസ്‌ബുക്കിലൂടെ ശ്രീമതി അറിയിച്ചത്. വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ അവർ പോസ്റ്റ് നീക്കുകയും ചെയ്തു. ഇതിൽ പിണറായി വിജയന് കടുത്ത അതൃപ്തിയുണ്ട് താനും.

ശ്രീമതിയുടെ മകന്റെ കാര്യത്തിൽ നിയമപരമായ സാധ്യതപോലും നോക്കാതെയാണ് നിയമന ഉത്തരവ് നൽകിയതെന്നായിരുന്നു പാർട്ടി സമിതിയുടെ നിലപാട്. ജയരാൻെ തന്റെ സുഹൃദ് വലയത്തിലുള്ള ഒരു സ്ഥാപനത്തിെന്റ ചീഫ് എക്‌സിക്യൂട്ടിവ് പദവിയാണ് സുധീറിന്റെ നിയമനത്തിന് യോഗ്യതയായി ചൂണ്ടിക്കാട്ടിയത്. അതാവട്ടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിെന്റ മാനദണ്ഡം നിശ്ചയിക്കുന്ന 'റിയാബി'െന്റ ഉപാധിക്ക് വിരുദ്ധമായിരുന്നു.

ജയരാജന്റെ ഭാര്യാ സഹോദരിയാണ് പി.കെ. ശ്രീമതി. വി എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.കെ. ശ്രീമതി, മകൻ സുധീർ നമ്പ്യാരുടെ ഭാര്യ ധന്യ.എം. നായരെ പേഴ്‌സണൽ സ്റ്റാഫിലെടുത്തത് ഓർമിപ്പിക്കുന്ന വിവാദം. ശ്രീമതി തന്റെ അഡിഷണൽ പിഎ ആയിട്ടാണ് ധന്യയെ അന്ന് നിയമിച്ചത്. പാർട്ടിക്കുള്ളിലെ ഒരു വിഭാഗം അന്ന് എതിർത്തു. പൊതു സമൂഹത്തിലും ശ്രീമതിയുടെ നടപടി അവമതിപ്പുണ്ടാക്കി. മുൻ കോൺഗ്രസ് മന്ത്രിമാർ മക്കളെയും ബന്ധുക്കളെയും നിയമിച്ചത് ചൂണ്ടിക്കാട്ടി ശ്രീമതി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ധന്യയെ ഒഴിവാക്കേണ്ടിവന്നു.

ശ്രീമതി ആരോഗ്യ മന്ത്രിയായിരിക്കെ സുധീർ നമ്പ്യാരും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേർന്ന് മരുന്നുകളുടെ വിതരണ കമ്പനിയുണ്ടാക്കിയതും വിവാദമായിരുന്നു. സുധീർ നമ്പ്യാരെ പ്രധാനപ്പെട്ട സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാക്കുക വഴി പി.കെ. ശ്രീമതി ചെയ്തത് ജയരാജനും ആവർത്തിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കണ്ണൂർ എംപിയായ ശ്രീമതിയുടെ മകന്റെ നിയമനം ഇതിനോടകെ തന്നെ സിപിഎമ്മിൽ വലിയ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എംകെ ദാമോധരനെ നിയമിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കരുതെന്ന് പാർട്ടി നിർദ്ദേശിക്കുകയും ചെയ്തു. അതിന് വിരുദ്ധമാണ് സുധീർ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ സുപ്രധാന സ്ഥാപനത്തിൽ എംഡിയാക്കിയത്.

പാർട്ടി പ്രവർത്തകരെയോ ഭരണ പരിചയമുള്ള പാർട്ടി അനുഭാവികളെയോ ആണ് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുന്നത്. പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് അംഗീകാരവും സഹായവും ആയിരുന്നു. അടുത്ത ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ സാധാരണ എടുക്കാറില്ല. എന്നാൽ ആരോഗ്യ മന്ത്രിയായിരിക്കെ പി.കെ ശ്രീമതി കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ചു. തന്റെ മകന്റെ ഭാര്യയെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിച്ചുകൊണ്ടാണ് മന്ത്രി കീഴ് വഴക്കം ലംഘിച്ചത്. പരമരഹസ്യമായിരുന്നു നിയമനം. നേരത്തെ മന്ത്രിയുടെ ഓഫീസിലെ ക്ലർക്കായിരുന്നു ധന്യ. ഇവർ മന്ത്രിയുടെ മരുമകളായതുകൊണ്ട് ഓഫീസിലേക്ക് സാധാരണ വരാറിയിരുന്നു. അതുകൊണ്ട് തന്നെ ധന്യയെ ആരും ശ്രദ്ധിച്ചില്ല. എന്നാൽ ധന്യയെ പേഴ്‌സണൽ പ്രെമോഷൻ നൽകിയതോടെ ഒരു വിഭാഗം സിപിഐ(എം) പ്രവർത്തകർ തന്നെ വിവാദം മൂർച്ഛിച്ചു.

ആരോഗ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ തന്നെ ശ്രീമതി ടീച്ചർ ഏക മകൻ സുധീറിന്റെ ഭാര്യ ധന്യ എം.നായരെ തന്റെ പേഴ്‌സണൽ സ്റ്റാഫിൽ ക്ലാർക്കായി നിയമിച്ചു. പിന്നീട് മരുമകളെ പേഴ്‌സണൽ അസിസ്റ്റന്റാക്കി കൊണ്ട് പ്രമോഷനും നൽകി. പതിനേഴായിരം രൂപയാണ് ശമ്പളം. രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ പെൻഷന് അർഹത നേടും. ഇതിനുള്ള തന്ത്രമാണ് നടന്നത്. മകന്റെ ഭാര്യയാണെന്ന കാര്യം മറച്ചുവച്ചാണ് ധന്യയെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചത്. ഔദ്യോഗിക രേഖയിൽ ധന്യയുടെ വിലാസം ആരാധനാ ഹൗസ്, തളാപ്പ്, കണ്ണൂർ എന്നായിരുന്നു. ഇത് ധന്യയുടെ സ്വന്തം വീട്ടിലെ വിലാസമായിരുന്നു. മന്ത്രി ശ്രീമതിയുടെ വീട് പഴയങ്ങാടി നെരുവമ്പ്രത്തും. സാധാരണ സിപിഐ(എം) മന്ത്രിമാർ പേഴ്‌സണൽ സ്റ്റാഫിൽ പാർട്ടി നിർദ്ദേശിക്കുന്ന സജീവപ്രവർത്തകരെയാണ് നിയമിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു അന്ന് നിയമനം വിവാദമായത്.

ഔദ്യോഗിക വസതിയായ സാനഡുവിൽ ഭർത്താവിനോടും മകനോടുമൊപ്പമാണ് ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ താമസിച്ചിരുന്നത്. മകന്റെ ഭാര്യ ധന്യയുടെ താമസവും ഇവിടെ തന്നെ. പാർട്ടി പ്രവർത്തനവുമായി കാര്യമായി ബന്ധങ്ങളൊന്നുമില്ലാത്ത മകന്റെ ഭാര്യയെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ ശ്രീമതിക്കെതിരേ പാർട്ടിക്കുള്ളിലും പുറത്തും ശക്തമായ എതിർപ്പ് ഉയർന്നു. ഇത് പ്രതിപക്ഷവും ആയുധമാക്കി. ഇതിന് ശേഷമായിരുന്നു ഒഴിവാക്കൽ.

ശ്രീമതിയെ കണ്ണൂർ ലോക്‌സഭയിൽ മത്സരിപ്പിച്ചതും ജയിപ്പിച്ചതും ഇപി ജയരാജന്റെ ഇടപെടലുകളുടെ കൂടി ഫലമായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ച് ശ്രീമതി പാർലമെന്റിലെത്തി. ഇതോടെ അവർ കേരള രാഷ്ട്രീയത്തിൽ നിന്ന് മാറുകയും ചെയ്തു. ലോക്‌സഭയിൽ മത്സരിച്ചില്ലായിരുന്നുവെങ്കിൽ നിയമസഭയിലേക്ക് ശ്രീമതി മത്സരിക്കാൻ സാധ്യതയുമുണ്ടായിരുന്നു. ഇത്രയേറെ കാര്യങ്ങൽ ചെയ്ത പി കെ ശ്രമതിയെ ഇനി കാത്തിരിക്കുന്നത് പടിയിറക്കങ്ങളുടെ കാലമാണ്. സംഘടനാപരമായ തരംതാഴ്‌ത്തൽ അവരെ കാത്തിരിപ്പുണ്ട് എന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP