Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്തെ ചുവപ്പിക്കാൻ വീണ്ടും സിപിഐ(എം); വിമതരെ കൂട്ടുപിടിച്ച് നേട്ടമുണ്ടാക്കാൻ ഇടതുപക്ഷം; പാലോളിയുടെ നേതൃത്വത്തിൽ തിരൂരിൽ ചേർന്ന രഹസ്യയോഗത്തിൽ പങ്കെടുത്തതു ലീഗിലും കോൺഗ്രസിലും ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ

മലപ്പുറത്തെ ചുവപ്പിക്കാൻ വീണ്ടും സിപിഐ(എം); വിമതരെ കൂട്ടുപിടിച്ച് നേട്ടമുണ്ടാക്കാൻ ഇടതുപക്ഷം; പാലോളിയുടെ നേതൃത്വത്തിൽ തിരൂരിൽ ചേർന്ന രഹസ്യയോഗത്തിൽ പങ്കെടുത്തതു ലീഗിലും കോൺഗ്രസിലും ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ

മലപ്പുറം: തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് മലപ്പുറത്തെ മു്സ്ലീം ലീഗ് കോട്ടകൾ പിടിച്ചെടുക്കാൻ ഇടതുപാളയത്തിൽ കരുനീക്കം തുടങ്ങി. സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽ രഹസ്യയോഗം ചെർന്നത്. യു.ഡി.എഫിൽ അസംതൃപ്തരായ മുതിർന്ന നേതാക്കളെ പ്രത്യേകം ക്ഷണിച്ചുവരുത്തിയായിരുന്നു യോഗം. ലീഗുമായി ഇടഞ്ഞു നിൽക്കുന്ന ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽനിന്നുള്ള കോൺഗ്രസ്, ലീഗ് നേതാക്കളായിരുന്നു യോഗത്തിൽ പങ്കെടുത്തത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടമുണ്ടാക്കാനായി ഇടതുപക്ഷം നോട്ടമിടുന്നത് ഏറെയും യു.ഡി.എഫിൽ ഇടഞ്ഞു നിൽക്കുന്നവരെയാണ്. ജില്ലയിൽ യു.ഡി.എഫ് ഭരണം കയ്യാളുന്ന വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുതലെടുക്കാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി ആദ്യപടിയെന്നോണം ഓരോ കേന്ദ്രങ്ങളിലും യു.ഡി.എഫിലെ അസംതൃപ്തരെ ഒരുമിച്ചുകൂട്ടി നേതാക്കളുമായി ആശയവനിമയം നടത്തുകയും ചില വാഗ്ദാനങ്ങൾ നൽകുകയുമാണ് ചെയ്യുന്നത്. തുടർന്ന് ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ജനപിന്തുണ പിടിച്ചുപറ്റുകയുമാണ് ലക്ഷ്യം.

ലോക്‌സഭയിലേക്ക് ഇടതുസ്വതന്ത്രനായി പൊന്നാനി മണ്ഡലത്തിൽ മത്സരിച്ച മുൻ കെപിസിസി അംഗം വി.അബ്ദുറഹിമാൻ, 2011ൽ താനൂർ നിയോജക മണ്ഡലത്തിൽ അബ്ദുറഹിമാൻ രണ്ടത്താണിയോടു മത്സരിച്ച സിപിഐ(എം) താനൂർ ഏരിയാ സെക്രട്ടറി കൂടിയായ ഇ. ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗത്തിന്റെ അണിയറ പ്രവർത്തനങ്ങളും ചരടുവലികളും നടന്നത്. തിരൂർ, താനൂർ, തിരൂരങ്ങാടി, കോട്ടക്കൽ തുടങ്ങിയ നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവരാണ് പ്രധാനമായും യോഗത്തിനെത്തിയത്. ഓരോ പ്രദേശത്തുനിന്നും വന്നവർക്കായി പ്രത്യേകം മീറ്റിങ്ങുകളായിരുന്നു നടന്നത്.

ഇവരെ ഇടതിനോടൊപ്പം നിർത്തി അർഹമായ പരിഗണന നൽകി മലപ്പുറം ചുവപ്പിക്കുകയാണ് സിപിഎമ്മി്‌ന്റെ ലക്ഷ്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ലീഗ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരേ പരസ്യമായി രംഗത്തുവന്ന പൊന്മുണ്ടം പഞ്ചായത്തിൽ നിന്നുള്ളവരും പലോളിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിനു മുമ്പ് ലീഗിനെതിരേ രംഗത്തുവന്നതിന് ഇവരെ പാർട്ടിയിൽനിന്നു പുറത്താക്കാൻ കോൺഗ്രസ് നേതൃത്വം അന്നു നിർബന്ധിതരായിരുന്നു. മുൻ ഡിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. സമാനമായി ലീഗിനെതിരേ വിവിധ പഞ്ചായത്തുകൾ രംഗത്തുവന്നിരുന്നു.

പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള തലങ്ങൾ ലീഗ് സ്വന്തമായി കൈപ്പിടിയിലൊതുക്കുന്നതാണ് കോൺഗ്രസ് പ്രവർത്തകർക്ക് ലീഗുമായുള്ള മുറുമുറുപ്പിന്റെ പ്രധാന കാരണം. തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷസ്ഥാനത്തെച്ചൊല്ലിയും സമിതികളിലെ പദവിയെച്ചൊല്ലിയും ലീഗ്- കോൺഗ്രസ് പോര് മലപ്പുറത്തെ സ്ഥിരം കാഴ്ചയാണ്. ലീഗുമായുള്ള സഖ്യം തങ്ങളുടെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നു മനസിലാക്കി ഉയർന്ന സ്ഥാനങ്ങൾ കൈവരിക്കുന്നതിനായി പലയിടങ്ങളിലും കോൺഗ്രസ് ഇടതുപക്ഷവുമായി ഭരണം കയ്യാളുന്നുണ്ട്.

എന്നാൽ കോൺഗ്രസ് ഇല്ലെങ്കിലും ഒറ്റയ്ക്ക് നിന്നാൽ മലപ്പുറത്ത് തൂത്തുവാരുമെന്ന ഹുങ്കിലാണ് മുസ്ലിം ലീഗും. ജില്ലയിലെ പതിനാറു നിയമസഭാ സീറ്റുകളിൽ പന്ത്രണ്ടും മുസ്ലിം ലീഗിനാണ് എന്നത് അവരുടെ ആത്മവിശ്വാസത്തിന്റെ ആഴം കൂട്ടുന്നു. അതേസമയം ഓരോ തെരഞ്ഞെടുപ്പിലും സിപിഐ(എം) ഉൾപ്പടെയുള്ള ഇടതുപാർട്ടികൾ മലപ്പുറത്ത് പതിനെട്ടടവുകളും പയറ്റാറുണ്ട്. അടവുകളിലെ പാളിച്ചയും മികച്ച സ്ഥാനാർത്ഥികളില്ലാത്തതും ഇടതുപക്ഷത്തിന് തിരിച്ചടിയാകാറാണ് പതിവ്.

എന്നാൽ പതിവിനു വ്യത്യസ്തമായി അടവുകളും അടിവലികളുമായി സിപിഐ(എം) മലപ്പുറത്ത് നേരത്തേ തന്നെ കച്ചമുറുക്കിയിരിക്കുകയാണ്. ലീഗ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ലീഗിന് എക്കാലവും തിരിച്ചടി സമ്മാനിക്കുന്നത് സ്വന്തം പാളയത്തിൽനിന്നു തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ലീഗിൽനിന്നുതന്നെയാണ് ഏറ്റവും കൂടുതൽ വിമത സ്ഥാനാർത്ഥികൾ ഉണ്ടാവാറുള്ളത്. ഇതിനു പുറമെ കൊണ്ടോട്ടി, കോട്ടക്കൽ, തിരൂർ, താനൂർ, വള്ളിക്കുന്ന് തുടങ്ങിയ മണ്ഡലങ്ങളിലെ വിവിധയിടങ്ങളിൽ ലീഗ്-കോൺഗ്രസ് ഭിന്നത രൂക്ഷവുമാണ്. ഇടതുപാളയത്തിലേക്ക് വന്ന വി. അബ്ദുറഹിമാന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഇടതു പക്ഷത്തിനുവേണ്ടിയുള്ള ചരടുവലികൾ നടത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നു മുതിർന്ന കോൺഗ്രസ്, ലീഗ് നേതാക്കളെ ഇടതുപാളയത്തിലേക്ക് എത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.

ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്നോണമാണ് പാലോളി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന രഹസ്യയോഗം. കഴിഞ്ഞ ദിവസം നടന്ന രഹസ്യ യോഗത്തിൽ ഏറ്റവും ശ്രദ്ധേയമായത് തിരൂർ നഗരസഭയിലെ അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു എന്നതാണ്. കൂടാതെ മുപ്പതോളം മുതിർന്ന നേതാക്കളും പങ്കെടുത്തിരുന്നു. പങ്കെടുത്തവരിലധികവും കോൺഗ്രസുകാരായിരുന്നു. പാർട്ടിയുമായി കലഹത്തിൽ കഴിയുന്ന ചില ലീഗ് നേതാക്കളും കൂട്ടത്തിലുണ്ടായിരുന്നു. ഇവിടെനിന്നും കൂടുതൽ പേരെ തനിക്കൊപ്പം നിർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തിരൂർ നഗരസഭയുടെ മുൻ വൈസ് ചെയർമാൻ കൂടിയായ വി.അബ്ദുറഹിമാൻ.

ജില്ല രൂപീകരിച്ചതു മുതൽ ഭരണം കയ്യാളുന്ന മുസ്ലിം ലീഗ് വികസന കാര്യത്തിൽ പത്തു വർഷം പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തതെന്ന് യോഗം വിലയിരുത്തി. ജില്ലയോടുള്ള റെയിൽവെ അവഗണന, പുഴ സംരക്ഷണം, സ്റ്റേഡിയം നിർമ്മാണം,ആശുപത്രി തുടങ്ങിയ വികസന വിഷയങ്ങളിൽ ബഹുജന പങ്കാളിത്തത്തോടെ വിവിധ കൂട്ടായ്മകൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. വരും ദിവസങ്ങളിൽ കൂട്ടായ്മകളിലൂടെ ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടു ചേർന്ന് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം തിരൂർ പൂങ്ങോട്ടുകുളത്തെ ആഡംബര മീറ്റിങ് ഹാളായ ബിയാൻകോ കാസ്റ്റിലിലായിരുന്നു രഹസ്യയോഗം ചേർന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP