Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

സിപിഎമ്മിലെത്തിയ പത്മകുമാർ കണ്ണൂരിൽ ആർഎസ്എസ് തന്ത്രങ്ങളൊരുക്കിയ നേതാവ്; അടുത്ത ലക്ഷ്യം ശോഭ സുരേന്ദ്രനും സി കെ പത്മനാഭനും ഉൾപ്പെട്ട മുൻനിരക്കാരെ; വലവീശാൻ ഇടനിലക്കാരായ ഒകെ വാസുവും സുധീഷ് മിന്നിയും; സിപിഐ(എം) തന്ത്രത്തെ പ്രതിരോധിക്കാൻ കരുതലോടെ ബിജെപിയും

സിപിഎമ്മിലെത്തിയ പത്മകുമാർ കണ്ണൂരിൽ ആർഎസ്എസ് തന്ത്രങ്ങളൊരുക്കിയ നേതാവ്; അടുത്ത ലക്ഷ്യം ശോഭ സുരേന്ദ്രനും സി കെ പത്മനാഭനും ഉൾപ്പെട്ട മുൻനിരക്കാരെ; വലവീശാൻ ഇടനിലക്കാരായ ഒകെ വാസുവും സുധീഷ് മിന്നിയും; സിപിഐ(എം) തന്ത്രത്തെ പ്രതിരോധിക്കാൻ കരുതലോടെ ബിജെപിയും

തിരുവനന്തപുരം: കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റെടുത്തശേഷം ബിജെപി-ആർഎസ്എസ് നേതൃത്വത്തിൽനിന്ന് പിരിഞ്ഞുപോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഒരു വർഷം മുമ്പ് കേട്ടിരുന്ന പേരുകളിൽ പ്രമുഖർ കണ്ണൂരിൽ സംഘപരിവാറിന്റെ കരുത്തനായ ഒ കെ വാസു, സംഘ പ്രചാരകൻ എന്ന് വിശേഷിക്കപ്പെടുന്ന സുധീഷ് മിന്നി എന്നിവരായിരുന്നുവെങ്കിൽ ഇപ്പോൾ പുതിയ പേരുകൾ പുറത്തുവരികയാണ്.

നാല് ദശാബ്ദത്തിലേറെയായി സംസ്ഥാനത്ത് ആർഎസ്എസിന്റെ പ്രചാരകനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ പി പത്മകുമാറിനെ അടർത്തിയെടുത്ത് കൂടെക്കൂട്ടിയതിലൂടെ സിപിഐ- എം തങ്ങളുടെ 'രാഷ്ട്രീയ ഓപ്പറേഷന്' തുടക്കം കുറിച്ചിരിക്കുകയാണ്. 'പ്രായാധിക്യം' കൊണ്ട് ആർഎസ്എസുകാർ 'പുറംതള്ളിയ, തള്ളാനൊരുങ്ങുന്ന' രഹസ്യപ്രചാരകന്മാരെ തേടിയുള്ള സിപിഐ- എമ്മിന്റെ കരുനീക്കത്തിന് വിജയത്തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നാൽപതു വർഷത്തിലേറെയായി തുടരുന്ന സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് സിപിഐ-എമ്മിൽ ചേർന്നു പ്രവർത്തിക്കാനുള്ള പി പത്മകുമാറിന്റെ പ്രഖ്യാപനം ആർഎസ്എസ്-ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്. അതായത് കേരളത്തിൽ ആദ്യമായി ബിജെപിക്ക് ഒരു സീറ്റ് നേടിക്കൊടുത്ത നേമം മണ്ഡലത്തിലെ പ്രചാരണത്തിന് കടിഞ്ഞാൺ പിടിച്ച ആളിനെ അടർത്തിയെടുത്ത് തങ്ങളുടെ രാഷ്ട്രീയദൗത്യം പൂർത്തിയാക്കിയ സിപിഐ -എം അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.

പൊതുസമൂഹത്തിലേക്ക് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സെക്രട്ടറിയെന്ന നിലയിലാണ് പത്മകുമാർ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ആർ എസ് എസിലെ മുൻ നിര നേതാവായിരുന്നു തൊണ്ണൂറുകളിൽ പത്മകുമാർ. സിപിഎമ്മുമായി സംഘർഷം സജീവമാകുമ്പോൾ കണ്ണൂർ ജില്ലയുടെ ആർ എസ് എസിന്റെ അമരത്ത് പത്മകുമാറായിരുന്നു. പത്മകുമാറും ഒകെ വാസുവും ചേർന്നാണ് അന്ന് കണ്ണൂരിൽ പിരവാർ തന്ത്രങ്ങൾ ആവിഷ്‌കരിച്ചതും നടപ്പാക്കിയതും. കണ്ണൂരും കാസർഗോഡും ആർഎസ്എസിനെ നയിച്ച പരിചയം തന്നെയാണ് പത്മകുമാറിന്റെ കരുത്ത്. ഇവിടുത്തെ ആർ എസ് എസ് രഹസ്യങ്ങൾ പോലും പത്മകുമാറിലൂടെ സിപിഎമ്മിന് കിട്ടും. കുമ്മനം രാജശേഖരന്റെ വിശ്വസ്തനായും പത്മകുമാർ അറിയപ്പെട്ടിരുന്നു. ഈ ബന്ധമാണ് കുമ്മനം ഹിന്ദു ഐക്യവേദിയിലേക്ക് പത്മകുമാറിനെ കൊണ്ടുവരാനും കാരണം. അതുകൊണ്ട് തന്നെ സംസ്ഥാനത്തുടനീളം അറിയപ്പെടുന്ന ആർ എസ് എസ് നേതാവിനെതാണ് സിപിഐ(എം) റാഞ്ചിയതെന്നാണ് വിലയിരുത്തൽ.

പി പത്മകുമാറിന്റെ വേർപിരിയൽ 40 കഴിഞ്ഞ ആർഎസ്എസ് പ്രചാരകർക്ക് ഒരു പ്രോത്സാഹനമാകുമെന്നാണ് സിപിഐ- എം ധാരണ. ഈ ധാരണ മുൻനിർത്തി 14 ജില്ലകളിലുമുള്ള 40-25 കഴിഞ്ഞ ആർഎസ്എസ് പ്രചാരകരെ സിപിഐ- എം നോട്ടമിട്ടുകഴിഞ്ഞു. പുതിയ ആശയങ്ങളുള്ള ചെറുപ്പക്കാർ എന്തിനും തയാറായി ഈ സ്ഥാനത്തേയ്ക്ക് മത്സരിക്കുമ്പോൾ പ്രായംചെന്ന പ്രചാരകരെ വിചാരകേന്ദ്രത്തിലേക്ക് ഒതുക്കിയിരുത്താനാണ് ആർഎസ്എസ് തീരുമാനം. കണ്ണൂരിൽ ഒ കെ വാസുമാസ്റ്ററും, സുധീഷ് മിന്നിയുമാണ് ഈ നിരയിൽ ആദ്യം സിപിഐ-എമ്മിനോട് ഒപ്പം ചേർന്നത്. സിപിഐ- എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ വർഗ്ഗശത്രുവായ ഒ കെ വാസുവിന്റെ കൂറുമാറ്റം ആർഎസ്എസിന് കനത്ത തിരിച്ചടിയായി. കണ്ണൂരിൽ ആർഎസ്എസിന്റെ മാത്രം കണ്ണൂർ അമ്പാടിമുക്കിൽ പി ജയരാജനും വാസുമാസ്റ്ററും ചേർന്ന് സിപിഐ- എമ്മിന്റെ കൊടി ഉയർത്തിയത് ബിജെപിക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേറ്റ കനത്ത തിരിച്ചടിയായിരുന്നു. വാസു മാസ്റ്ററുടെ വീടുനുനേരെയുണ്ടായ ബോംബേറിനെ ആർഎസ്എസിന്റെ 'പകപോക്കൽ' എന്ന രീതിയിലാണ് സിപിഐ- എം ചിത്രീകരിക്കുന്നത്.

1948ൽ ഗാന്ധിവധത്തിനുശേഷം നിരോധിക്കപ്പെട്ട ആർഎസ്എസിന് ഒളിവിൽ രാഷ്ട്രീയപ്രവർത്തനം നടത്താനായിരുന്നു വിധി. അതോടെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് അവർ അധികാരത്തിൽ കേറാൻ മത്സരിച്ചുകൊണ്ടേയിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതായതിനാൽ ആർഎസ്എസ് തങ്ങളുടെ പ്രവർത്തനം രഹസ്യമാക്കി മുന്നോട്ടുകൊണ്ടുപോയി. അതോടെ ആർഎസ്എസ് ജില്ലാ നേതാക്കന്മാരെല്ലാം 'മാരീചന്മാരെ'പ്പോലെ പൊതുജനങ്ങൾക്കിടയിൽ അറിയപ്പെടാതെ മറഞ്ഞിരുന്ന് രാഷ്ട്രീയപ്രവർത്തനം നിയന്ത്രിക്കുകയാണ്. കഴിഞ്ഞ 42 വർഷമായി കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ആർഎസ്എസ് പ്രചാരകനായി സംഘത്തിന്റെ വളർച്ചയ്ക്കുവേണ്ടി തന്റെ ചോരയും നീരും ഉഴിഞ്ഞുവച്ചുവെന്നും, പ്രായമായി എന്നുതോന്നിയപ്പോൾ ആർഎസ്എസ് തന്നെ ഉപേക്ഷിച്ചുമെന്നുള്ള വെളിപ്പെടുത്തലുമായാണ് പത്മകുമാർ സിപിഐ- എമ്മിന്റെമടയിൽ എത്തിയിരിക്കുന്നത്. ഭരണം കൈയിലുള്ളതിനാൽ കേരളത്തിൽ കഴിഞ്ഞ 40 വർഷത്തിനിടയിൽ നടന്ന വിവിധ രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെ ആയുധമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സിപിഐ- എം.

തലസ്ഥാന ജില്ലയിൽ മാത്രം അഞ്ചോളം മുൻ ആർഎസ്എസ് പ്രചാരകരെ സിപിഐ- എം തങ്ങളുടെ വശത്താക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട് എന്നാണ് സൂചന. അതേസമയം ശോഭ സുരേന്ദ്രൻ, സി കെ പത്മനാാഭൻ തുടങ്ങിയവർ ബിജെപിവിട്ട് സിപിഐ- എമ്മിലേക്ക് ചേക്കാറാൻ ഒരുങ്ങുന്നുവെന്ന് വാർത്തകൾ പരന്നിരുന്നു. സുധീഷ് മിന്നി, ഒ കെ വാസു എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കം എന്നും സൂചനയുണ്ടായിരുന്നു. എന്നാൽ തന്നെ അതിനുകിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ ഫേസ്‌ബുക്കിലൂടൈ തുറന്നടിച്ചു. പക്ഷേ സികെപി ഉൾപ്പെടെ മറ്റുള്ള നേതാക്കൾ ഇപ്പോഴും മൗനത്തിലാണ്. അതിനിടെ നേതാക്കളുടെ മാറ്റം ബിജെപിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ കരുതലുകളെടുക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു.

സിപിഐ- എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനൊപ്പം വാർത്താസമ്മേളനത്തിലൂടെയണ് പി പത്മകുമാർ തന്റെ പാർട്ടി മാറ്റം പ്രഖ്യാപിച്ചത്. കരമന മേലാറന്നൂർ സ്വദേശിയായ 52 കാരൻ പത്താം വയസ്സിൽ ശാഖയിൽ പോയിത്തുടങ്ങിയതോടെയാണ് ആർഎസ്എസിൽ ആകൃഷ്ടനായത്. തുടർന്ന് ആർഎസ്എസ് കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂർ താലൂക്ക് പ്രചാരക്, കൊല്ലം ജില്ലാ പ്രചാരക്, കണ്ണൂർ -കാസർകോട് ജില്ലകൾ ചേർന്ന വിഭാഗ് പ്രചാരക്, തിരുവനന്തപുരം കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ് എന്നീ സ്ഥാനങ്ങൾക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറിയായിരിക്കെ അതിന്റെ സംസ്ഥാന സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ ബിജെപി മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആർഎസ്എസ് നിയോഗിച്ച മുഖ്യ ചുമതലക്കാരിൽ പ്രധാനിയുമായിരുന്നു. ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകളും കൊലപാതകരാഷ്ട്രീയവും മാനവീകതയിലേക്ക് മടങ്ങാനുള്ള അടങ്ങാത്ത ആഗ്രഹമാണ് സിപിഐ- എമ്മിനൊപ്പം ചേരാൻ പ്രേരണയായതെന്ന് വാർത്താസമ്മേളനത്തിൽ പത്മകുമാർ പറഞ്ഞു. സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ല. ആർഎസ്എസ് നേതാക്കളായിരുന്ന ഒ കെ വാസുവും സുധീഷ് മിന്നിയുമെല്ലാം സ്വീകരിച്ച പാതയിലേക്ക് തന്റെ മനസും ഏറെ നാളായി സഞ്ചരിക്കുകയായിരുന്നു.

ഒടുവിൽ നോട്ട് നിരോധന വിഷയത്തിൽ സംഘപരിവാരം സ്വീകരിച്ച നിലപാട് കൂടിയായപ്പോൾ ഇനിയും സഹിക്കാനാവില്ലെന്ന് ഉറപ്പിച്ചു. സഹകരണ പ്രസ്ഥാനത്തെയും കേരള സമൂഹത്തെയും സമ്പൂർണ തകർച്ചയിലേക്ക് തള്ളിവിടുമ്പോൾ രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് കേരളം ഒന്നാകെ ഒന്നായി നിൽക്കവെ അപശബ്ദവുമായി നിലകൊള്ളുന്ന ഒ രാജഗോപാൽ എംഎൽഎയുടെയും കുമ്മനം രാജശേഖരന്റെയുമെല്ലാം നിലപാടുകൾ നാടിനെ സ്‌നേഹിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ല. സിപിഐ- എമ്മിനൊപ്പം നിന്ന് ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾക്കുവേണ്ടി പേരാടുമെന്ന് പത്മകുമാർ പറഞ്ഞു.

തലസ്ഥാന ജില്ലയിലെ മുതിർന്ന ആർഎസ്എസ് നേതാക്കളിൽ ഒരാളായ പത്മകുമാറിന്റെ രാഷ്ട്രീയമാറ്റം കേരളം മുഴുവൻ തങ്ങൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്നാണ് സിപിഐ- എം ചിന്തിക്കുന്നത്. സുധീഷ് മിന്നി, ഒ കെ വാസു എന്നിവർക്കൊപ്പം പത്മകുമാറിനേക്കൂടി വിനിയോഗിച്ച് അവശരും, അനഭിമതരുമായ പഴയ ആർഎസ്എസ് നേതാക്കളെ കൂടെക്കൂട്ടാനാണ് സിപിഐ- എം നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP