Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ പ്രതിസന്ധിയിൽ ഉഴറുമ്പോൾ സെൽഫ് ഗോളടിച്ച് സിപിഎം; വി എസ് വെടിപൊട്ടിച്ചത് സമ്മേളനങ്ങളിൽ വിഭാഗീയത നിറയ്ക്കും; ആലപ്പുഴയിൽ വീണ കനലുകൾ സെക്രട്ടറി നിർണയത്തെയും ബാധിച്ചേക്കാം

സർക്കാർ പ്രതിസന്ധിയിൽ ഉഴറുമ്പോൾ സെൽഫ് ഗോളടിച്ച് സിപിഎം; വി എസ് വെടിപൊട്ടിച്ചത് സമ്മേളനങ്ങളിൽ വിഭാഗീയത നിറയ്ക്കും; ആലപ്പുഴയിൽ വീണ കനലുകൾ സെക്രട്ടറി നിർണയത്തെയും ബാധിച്ചേക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐ(എം) ജില്ലാസംസ്ഥാന സമ്മേളനങ്ങളിൽ ഇത്തവണയും വിഭാഗീയതയുടെ തർക്കങ്ങൾ നിറയും. ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാക്കുന്നത് പാർട്ടി പിടിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി മൂന്ന് ടേം പൂർത്തിയാക്കിയ പിണറായി വിജയൻ ഇത്തവണ സ്ഥാനം ഒഴിയും. ഈ സാഹചര്യത്തിൽ പുതിയ പാർട്ടി സെക്രട്ടറിയെ നിശ്ചയിക്കുമ്പോൾ സമ്മർദ്ദം ശക്തമാക്കാൻ കൂടിയാണ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ നീക്കം തുടങ്ങുന്നത്.

സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കമ്മീഷൻ വിസ്തരിക്കുന്നു. സർക്കാരാകട്ടെ ബാർ കോഴയിൽ ആടി ഉലയുന്നു. ഇതിനൊപ്പം കെബി ഗണേശ് കുമാർ പൊതുമരാമത്ത് വകുപ്പിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾ. മദ്യനയത്തിൽ കോൺഗ്രസിനുള്ള തമ്മിലടി രൂക്ഷം. ഇവയുടെ രാഷ്ട്രീയ നേട്ടം വേണ്ടെന്ന് വച്ചാണ് സിപിഐ(എം) നേതാക്കൾ പരസ്പരം ചെളി വാരി എറിയുന്നത്. അതുകൊണ്ട് തന്നെ ഈ വിഭാഗിയ തർക്കങ്ങളുടെ യഥാർത്ഥ നേട്ടം ലഭിക്കുക ഉമ്മൻ ചാണ്ടിക്കാകും. സിപിഐ(എം) സമ്മേളനകാലത്ത് സർക്കാരിന് സ്വൈര്യമായി ഭരണം നടത്താമെന്നാണ് അവസ്ഥ. ഇതിന്റെ സൂചനകൾ തന്നെയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഐ(എം) സംസ്ഥാന സെക്രട്ടരിയേറ്റും നൽകുന്നത്.

സിപിഎമ്മിലെ ഔദ്യോഗിക പക്ഷമാണ് വിഎസിന്റെ പ്രധാന ശത്രുവിനി. പാർട്ടിയുടെ എതിരാളി ആരെന്ന് പ്രസ്താവനയിലൂടെ സിപിഎമ്മും വ്യക്തമാക്കി കഴിഞ്ഞു. കൃഷ്ണ പിള്ള സ്മാരകം തകർത്തക്കേസിലെ പ്രതി കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരമുള്ള വ്യക്തിയാണെന്ന് പറഞ്ഞ് വിഎസിനെ പ്രകോപിപ്പിക്കുന്നതിൽ ഔദ്യോഗിക പക്ഷത്തിനും വ്യക്തമായ ഉദ്ദേശമുണ്ട്. വി എസ് അച്യുതാനന്ദന്റെ തെറ്റായ ഈ നിലപാട് പാർട്ടിക്ക് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ശരിയായ നിലപാട് സ്വീകരിക്കാൻ സഖാവ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ സിപിഐ(എം) സെക്രട്ടറിയേറ്റ് വ്യക്തമാക്കി കഴിഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി വിഎസിനുള്ള ഔദ്യോഗിക പക്ഷത്തിന്റെ താക്കീതായി തന്നെ വേണം ഇതിനെ വിലയിരുത്താൻ.

പുകഞ്ഞ കൊള്ളി പുറത്തെന്ന നിലപാടിലേക്ക് പിണറായി വിജയനെ അനുകൂലിക്കുന്നവർ എത്തും. വി എസ് നടത്തുന്ന ഒറ്റയാൻ നീക്കങ്ങൾക്ക് പിന്തുണ കിട്ടാതിരിക്കാനുള്ള തന്ത്രം കൂടിയാണ് ഇത്. എന്നാൽ സംസ്ഥാന നേതൃത്വത്തിനെതിരെ കൂടുതൽ നേതാക്കൾ തനിക്ക് പിന്തുണയുമായെത്തുമെന്ന പ്രതീക്ഷയിലാണ് വി എസ്. വിഭാഗീയത പൂർണ്ണമായും അവസാനിച്ചു എന്ന മട്ടിലാണ് കഴിഞ്ഞ തവണത്തെ സിപിഐ(എം) പാർട്ടി സമ്മേളനങ്ങൾ അവസാനിച്ചത്. പാർട്ടിയിൽ ഔദ്യോഗിക പക്ഷത്തിന് സമ്പൂർണ്ണ ആധിപത്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിണറായിയുടെ പിൻഗാമിയെ എളുപ്പത്തിൽ കണ്ടെത്താമെന്നായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ പ്രതീക്ഷ.

ഇതിനിടെയിലാണ് ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തകർന്നത്. കണ്ണൂരിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരെ കല്ലേറുണ്ടായ അതേ ദിവസമായിരുന്നു അതും. അതുകൊണ്ട് തന്നെ രാഷ്ട്രീയ ഗൂഡാലോചന സിപിഐ(എം) ഉയർത്തി. പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. എല്ലാം ഭരണത്തിലിരിക്കുന്ന കോൺഗ്രസിന്റെ തന്ത്രമായി വ്യാഖ്യാനിച്ചു. എന്നാൽ ആലപ്പുഴയിലെ പാർട്ടി വിഭാഗീയത കാര്യങ്ങൾ മാറ്റി മറിച്ചു. ടികെ പളനി കണക്കുകൂട്ടൽ തെറ്റിച്ച് രംഗത്തുവന്നു. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തരാണ് സ്മാരകം തകർത്തതെന്ന് സൂചന നൽകി ക്രൈംബ്രാഞ്ചിന് മൊഴിയും നൽകി. ഇതോടെ വിഷയം വി എസ് ഏറ്റെടുത്തു.

തനിക്ക് ഒപ്പം നിൽക്കുന്നവരെ പളനി ലക്ഷ്യമിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചറിഞ്ഞു. ലത്തീഷ് പി ചന്ദ്രൻ അടക്കമുള്ളവരെ പ്രതിയാക്കിയതിനെ വിമർശിച്ചു. എന്നാൽ വിഎസിനെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് നേതൃത്വം പ്രതികരിച്ചത്. കുറ്റപത്രത്തിൽപ്പെട്ട എല്ലാവരേയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതോടെ പാർട്ടി രാഷ്ട്രീയത്തിന് കൃഷ്ണപിള്ള സ്മാരകക്കേസിലെ താൽപ്പര്യം വ്യക്തമാവുകയും ചെയ്തു. ആലപ്പുഴയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുകയാണ്. ജി സുധാകരനെ അനുകൂലിക്കുന്നവർക്കാണ് ഭൂരിപക്ഷം. തോമസ് ഐസക്കും സിബി ചന്ദ്രബാബുവും സുധാകരനെ അനുകൂലിക്കുന്നില്ല. ഈ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കി ആലപ്പുഴയെ ഒപ്പം നിർത്താനാണ് വിഎസിന്റെ ശ്രമം. ഇതുമനസ്സിലാക്കിയാണ് കൃഷ്ണ പിള്ള സ്മാരകത്തിലെ വിഎസിന്റെ നിലപാടിനെ സുധാകരൻ പരസ്യമായി തള്ളിപ്പറഞ്ഞതും.

ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സമ്മേളനം. അതുകൊണ്ട് തന്നെ ജില്ലാ സമ്മേളനങ്ങളും ഇവിടെ നിന്നാണ് തുടക്കം. ഔദ്യോഗിക പക്ഷത്തിനെതിരെ ആലപ്പുഴയിലെ ജില്ലാ സമ്മേളനത്തിൽ ചലനമുണ്ടായാൽ അത് സംസ്ഥാന സമ്മേളനത്തിൽ വരെ പ്രതിഫലിക്കുമെന്നാണ് വി എസ് ക്യാമ്പിന്റെ പ്രതീക്ഷ. പിണറായിയുടെ പിൻഗാമിയാകാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരെയെല്ലാം തന്റെ പക്ഷത്തെ അണി നിരത്താനാണ് നീക്കം. പിണറായിക്ക് പിൻഗാമിയായി കോടിയേരി ബാലകൃഷ്ണൻ എത്തുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ക്യാമ്പ് പ്രചരിപ്പിക്കുന്നത്. എം എ ബേബിയെ സെക്രട്ടറിയായി ഉയർത്തിക്കാട്ടാനും ശ്രമിക്കും. എന്നാൽ വിഎസിന്റെ നീക്കങ്ങളോട് അനുകൂലമായി ബേബി പ്രതികരിക്കുന്നില്ല. ദേശീയ രാഷ്ട്രീയത്തിലേക്കാണ് ബേബിയുടെ കണ്ണ്. അങ്ങനെ വന്നാൽ എസ് രാമചന്ദ്രൻ പിള്ളയ്ക്ക് പോലും സെക്രട്ടറി പദത്തിൽ സാധ്യതയേറും.

വിഭാഗീയത അവസാനിപ്പിക്കണമെങ്കിൽ സർവ്വ സമ്മതനായി വ്യക്തി പാർട്ടി സെക്രട്ടറിയാകണമെന്ന സന്ദേശമാണ് വി എസ് പക്ഷം ഉയർത്തുക. ഏകപക്ഷീയമായി പുതിയ സെക്രട്ടറി എത്തുന്നത് ഗുണകരമാകില്ലെന്നും വ്യക്തമാക്കും. ജില്ലാ സമ്മേളനം മുതൽ തന്നെ ഈ ചർച്ച സജീവമാക്കും. ദേശീയ നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള വേദിയായി ജില്ലാ സമ്മേളനങ്ങൾ മാറ്റും. പരമാവധി സംസ്ഥാന സമ്മേളന പ്രതിനിധികൾ ഈ വികാരത്തെ അനുകൂലിക്കുന്നവരാകാനും ശ്രമിക്കും. അതിനിടെ കൃഷ്ണപിള്ള സ്മാരകത്തിൽ പരസ്യ പ്രസ്താവനകൾ ഉയർത്തി വിഎസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാകും പിണറായി പക്ഷത്തിന്റേയും ശ്രമം. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിഎസിന്റെ നടപടികൾ സമ്മേളന വേദിയിൽ അവരും ഉയർത്തും. അതുകൊണ്ട് തന്നെ ആരോപണ പ്രത്യാരോപണങ്ങളുടെ വേദിയായി സിപിഐ(എം) സമ്മേളനങ്ങൾ വരും ദിനങ്ങളിൽ മാറും.

ഇതിന്റെ തുടക്കമാണ് പളനിയുടെ ആരോപണങ്ങൾ. കൃഷ്ണ പിള്ളയുടെ സ്മാരകം തകർത്തതിന് പിന്നിൽ വി എസ് ആണെന്ന് പളനി ആരോപിച്ചു കഴിഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ തെളിവ് നൽകണം. വിഎസിനെതിരെ സംസ്ഥാന നേതൃത്വത്തിന് പളനി പരാതിയും നൽകും. ഈ പരാതിയാകും വിഎസിനെതിരെ വരും ദിനങ്ങളിൽ ഔദ്യോഗിക പക്ഷം ആയുധമാക്കുക. പരസ്യ പ്രസ്താവനകൾക്ക് കേന്ദ്ര നേതൃത്വത്തിന്റെ അച്ചടക്ക നടപടികൾ വി എസ് നേരിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിഎസിനെതിരെ പളനിയുടെ പരാതി ആയുധമാക്കി കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തും. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കൂടുതൽ ദുർബ്ബലമായ കേന്ദ്ര നേതൃത്വം കരുതലോടെ മാത്രമേ ഇക്കാര്യത്തിൽ പ്രതികിരക്കൂ. വിഎസിനെതിരെ നടപടിയെടുക്കുന്നത് തിരിച്ചടിയാകുമെന്ന് കേന്ദ്ര നേതൃത്വത്തിനും അറിയാം. അതുകൊണ്ട് തന്നെ വിഎസിനെ കൈവിടുന്ന ഫോർമുല കേന്ദ്ര നേതാക്കളും എടുക്കില്ല.

ഇതെല്ലാം മനസ്സിൽ വച്ച് തന്നെയാണ് വിഎസിന്റെ നീക്കവും. തന്നെ പാർട്ടി പുറത്താക്കില്ലെന്ന ഉത്തമവിശ്വാസത്തിൽ തന്നെയാണ് കുടത്ത നിലപാടിന് വി എസ് എത്തുന്നത്. അതുകൊണ്ട് തന്നെ വിഎസിന്റെ വാക്കുകളെ തള്ളി പുതിയ സെക്രട്ടറിയെ കണ്ടെത്താൻ കേന്ദ്ര നേതൃത്വം മുതിരില്ലെന്നാണ് പ്രതീക്ഷ. എന്നാൽ തന്റെ പിൻഗാമിയെ എന്തുവില കൊടുത്തും താൻ തന്നെ നിശ്ചയിക്കുമെന്ന ഉറച്ച നിലപാടിലാണ് പിണറായി വിജയനും. ഇതെല്ലാം കണ്ട് പ്രതീക്ഷയോടെ ഉമ്മൻ ചാണ്ടിയും.

സർക്കാരിനെതിരെ എന്ത് ആരോപണം സിപിഐ(എം) ഉയർത്തിയാലും അതൊക്കെ പാർട്ടിയിലെ തമ്മിലടി മറയ്ക്കാനാണെന്ന് ഉമ്മൻ ചാണ്ടിക്ക് പറയാം. ഇതോടൊപ്പം യോജിച്ച സമരങ്ങൾക്ക് സിപിഐ(എം) നേതാക്കളെ കിട്ടാത്ത അവസ്ഥയും വരും. സോളാർ വിഷയത്തിൽ മുഖ്യമന്ത്രിക്കും ബാർ കോഴ വിവാദത്തിൽ കെഎം മാണിക്കുമെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളും സിപിഎമ്മിലെ ഉൾപ്പാർട്ടി തർക്കങ്ങൾക്കിടെ പേരിന് മാത്രമുള്ള സമരമായും മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP