Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദ്വൈവാരികയിലുള്ളത് അവാസ്തവമായ കാര്യങ്ങൾ; ലക്ഷ്യം പാർട്ടിയെ കരിവാരിത്തേക്കലും തന്നെ അപമാനിക്കലും; ജനശക്തിയുടേത് പാഴ് വേലയെന്ന് വ്യക്തമാക്കി വി എസ് അച്യുതാനനന്ദൻ; വിവാദമൊഴിഞ്ഞ ആശ്വാസത്തിൽ സിപിഐ(എം)

ദ്വൈവാരികയിലുള്ളത് അവാസ്തവമായ കാര്യങ്ങൾ; ലക്ഷ്യം പാർട്ടിയെ കരിവാരിത്തേക്കലും തന്നെ അപമാനിക്കലും; ജനശക്തിയുടേത് പാഴ് വേലയെന്ന് വ്യക്തമാക്കി വി എസ് അച്യുതാനനന്ദൻ; വിവാദമൊഴിഞ്ഞ ആശ്വാസത്തിൽ സിപിഐ(എം)

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആളാകെ മാറിയിരിക്കുന്നു. സിപിഎമ്മിനേയോ സംസ്ഥാന നേതൃത്വത്തേയോ പ്രതിക്കൂട്ടിലാക്കുന്നതൊന്നും വി എസ് ഇനി ചെയ്യില്ല. പാർട്ടിയെ തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുക മാത്രമാണ് വിഎസിന്റെ ലക്ഷ്യം. ജനശക്തിയിൽ വ്ന്ന അഭിമുഖത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് വി എസ് എത്തുമ്പോൾ അത് ആശ്വാസമാകുന്നത് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിനാണ്. പാർട്ടിയേയും തന്നേയും അകറ്റാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് വി എസ് വ്യക്തമാക്കി. പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടിൽ നിന്നും വി എസ് പിന്മാറുന്നതിന്റെ വ്യക്തമായ സൂചയനാണ് പുതിയ പ്രസ്താവന. പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുടെ ഇടപെടൽ ഫലം കാണുന്നതിന്റെ നേർ ചിത്രം കൂടിയാണ് ഇത്.

താനുമായി നടത്തിയ അഭിമുഖമെന്നു പറഞ്ഞ് ഒരു ദ്വൈവാരിക പ്രസിദ്ധപ്പെടുത്തിയ ചില കാര്യങ്ങൾ ചില മാദ്ധ്യമങ്ങളിൽ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. തികച്ചും അവാസ്തവമായ കാര്യങ്ങളാണ് ഈ വാർത്തകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രമുള്ളപ്പോൾ സിപിഐ എമ്മിനെ കരിവാരിത്തേക്കാനും,തന്നെ അപമാനിക്കുന്നതിനുമായി കരുതിക്കൂട്ടി നടത്തുന്നതാണ് ഇത്തരം പ്രചാരണങ്ങൾ. ഈ കള്ളപ്രചാരവേല ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം. പാർട്ടി സംസ്ഥാന നേതൃത്വവും താനും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഈ പാഴ് വേലയെന്നും വി എസ് പറഞ്ഞു.

ജനശക്തി വാരികയിലെ വി എസ് അച്യൂതാനന്ദന്റെ അഭിമുഖം വിവാദമായതോടെ പരിശോധിക്കാൻ സിപിഐ(എം) സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. വിഎസിൽ നിന്ന് വിശദീകരണവും തേടാനായിരുന്നു തീരുമാനം. ജനശക്തി പാർട്ടി വിരുദ്ധ പ്രസിദ്ധീകരണമാണെന്നാണ് സിപിഐ(എം) നിലപാട്. ഈ വാരികയ്ക്ക് അഭിമുഖം അനുവദിച്ച എംഎ ബേബിയിൽ നിന്നും പാർട്ടി വിശദീകരണം തേടിയിരുന്നു. സമാനരീതിയിലാകും വിഎസിനോടും കാര്യങ്ങൾ ചോദിക്കുക. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് സാഹച്യത്തിൽ വിവാദം വഷളാകാതെ നോക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് പ്രസ്താവനയിലൂടെ അഭിമുഖത്തെ വി എസ് തള്ളിപ്പറഞ്ഞത്. ഇതോടെ സിപിഎമ്മിനെതിരെ ഈ വിവാദം രാഷ്ട്രീയ ആയുധമാക്കില്ലെന്ന് സിപിഐ(എം) ഉറപ്പിക്കുകയാണ്. വിഎസിന്റെ പുതിയ നിലപാടിനോട് ജനശക്തിയും പ്രതികരിക്കുന്നില്ല.

പാർട്ടിനേതൃത്വം വരുത്തിയ തെറ്റുകൾ മൂലം ഇടതുപക്ഷത്തിന് ക്ഷീണമുണ്ടായിട്ടുണ്ടെന്നും അതെല്ലാം തിരുത്തി മുന്നോട്ടുപോകാനുള്ള ശ്രമമാണ് ഇപ്പോൾ തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദൻ പറഞ്ഞതായായിരുന്നു ജനശക്തിയുടെ അഭിമുഖം. അതുപോലെ 2006ലെയും 2011ലെയും തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകരുതെന്ന് പാർട്ടിയിലെ ചിലർ വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിനേതൃത്വത്തെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ലെന്നും വി എസ്. പറയുന്നു. ഇതൊന്നും ഇനി സിപിഐ(എം) ഗൗരവത്തോടെ എടുക്കില്ല. എന്നാൽ സിപിഐ(എം). വിമതരെ അനുകൂലിക്കുന്ന പ്രസിദ്ധീകരണമായി അറിയപ്പെടുന്ന 'ജനശക്തി'ക്ക് പാർട്ടി നേതാക്കൾ അഭിമുഖം നൽകുന്നത് ശരിയല്ല. ഈ സാഹചര്യമാണ് സിപിഐ(എം) വിശദീകരണം ചോദിക്കുക. അഭിമുഖം നൽകിയിട്ടില്ലെന്നാകും വിഎസിന്റെ മറുപടി.

നേരത്തെ ജനശക്തി വാരിക പാർട്ടി വിരുദ്ധ പ്രസിദ്ധീകരണമാണെന്നും, വി എസ്. ജനശക്തിക്കു നൽകിയ അഭിമുഖം പരിശോധിക്കുമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രസിദ്ധീകരണങ്ങൾക്കു നേതാക്കൾ അഭിമുഖം നൽകുന്നതു പരിശോധിക്കും. എം.എ. ബേബി അഭിമുഖം നൽകിയതിനു വിശദീകരണം ചോദിച്ചിരുന്നു. ബേബി പറഞ്ഞതിൽ പാർട്ടി നിലപാടിനു വിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ല. വി എസ്. ഇപ്പോൾ നൽകിയ അഭിമുഖത്തിൽ എന്തൊക്കെയാണ് ഉള്ളതെന്നു പരിശോധിച്ചശേഷമേ പ്രതികരിക്കാൻ കഴിയൂ-കോടിയേരി പറഞ്ഞു. ഇതിന് തൊട്ടു പിന്നാലെയാണ് വിഎസിന്റെ വിശദീകരണം എത്തിയത്. ഇതിൽ തന്നേയും സംസ്ഥാന നേതതൃത്വത്തേയും തെറ്റിക്കാനുള്ള പാഴ് വേലയെന്ന് വി എസ് തന്നെ പറയുന്നു. അതുകൊണ്ട് തന്നെ വിവാദം അവസാനിക്കുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ.

ജനശക്തി വാരികയ്ക്ക് വിഎസുമായി എന്നും നല്ല ബന്ധമുണ്ടെന്നായിരുന്നു വിലയിരുത്തൽ. ഇത്തരം ആരോപണങ്ങളെ വി എസ് ഒരിക്കലും തള്ളിപ്പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ അഭിമുഖവും വിവാദത്തിന് തുടക്കമിട്ടത്. വർഗീയ പാർട്ടികളുമായി കൂട്ടുചേരാൻ നേതാക്കളിൽ ചിലർ ശ്രമിച്ചതിന്റെ ഫലമായി തിരഞ്ഞെടുപ്പുകളിൽ തോൽവി പറ്റിയിട്ടുണ്ടെന്ന തുറന്ന സമ്മതിക്കൽ എന്ന മട്ടിലായിരുന്നു അഭിമുഖം പ്രസിദ്ധീകരിച്ചത്. വർഗീയപാർട്ടികളുമായി കൂട്ടുകൂടാൻ പാടില്ലെന്ന കമ്മ്യൂണിസ്റ്റ്ധാരണയ്ക്ക് വിരുദ്ധമായി, മദനിയെപ്പോലെയുള്ളവരുടെ പാർട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ മതേതര ജനവിഭാഗങ്ങളുടെ എതിർപ്പുണ്ടായി. ഇതു തോൽവിക്ക് കാരണമായെന്നും വി എസ് പറഞ്ഞതായി ജനശക്തി വിശദീകരിച്ചിരുന്നു.

''ഇടതുപക്ഷത്തിനൊപ്പം ശക്തമായി നിലയുറപ്പിച്ച പാർട്ടികളെ ഒഴിവാക്കുകയും വർഗീയശക്തികളെ എടുക്കുകയും ചെയ്തതിന്റെ ഫലമായി തോൽവിയുണ്ടായി. 2004ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ 20സീറ്റിൽ 18സീറ്റിലും എൽ.ഡി.എഫ്. ജയിച്ചു. അതേസമയം, വർഗീയശക്തികളുമായുള്ള കൂട്ടുകെട്ടും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനതാദളിനെ ഒഴിവാക്കിയതിന്റെയും ഫലമായി 2009ൽ അതു നാലായി ചുരുങ്ങി. ഈ തരത്തിലുള്ള തെറ്റുകൾ വിമർശപരമായി പരിശോധിക്കുകയും ഇനി ഉണ്ടാകാൻ പാടില്ലെന്ന കർശനനിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.''എന്നായിരുന്നു അഭിമുഖം.

സിപിഐ(എം)., സിപിഐ.,ആർ.എസ്‌പി., ജനതാദൾ എന്നീ നാലുപാർട്ടികൾ യോജിച്ചാണ് 2004ൽ 18 സീറ്റ് നേടിയത്. 2014ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്‌പി. പോയി. എ.ഐ.സി.സി. അംഗത്തിന് പത്തനംതിട്ടയിൽ സീറ്റ്‌കൊടുത്തു. ഇപ്പോൾ ജനതാദൾ, ആർ.എസ്‌പി. എന്നീ പാർട്ടികൾ നമ്മുടെ കൂടെയില്ല. ഉള്ളത് സിപിഐ.യും സിപിഎമ്മും മാത്രമാണെന്നും അഭിമുഖത്തിൽ പറയുന്നു. ഇതെല്ലാമാണ് വി എസ് നിഷേധിക്കുന്നത്. അതു തുണയാകുന്നത് സിപിഎമ്മിനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP