Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വല്യേട്ടൻ തുനിഞ്ഞുതന്നെ! മുന്നണി വിപുലീകരണം അനിവാര്യം; മാണിയെ എടുക്കേണ്ടെന്ന സിപിഐയുടെ എതിർപ്പ് കണക്കിലെടുക്കേണ്ട; അന്തിമതീരുമാനം ഇടതുമുന്നണി ചർച്ചയ്ക്ക് ശേഷം; പി.ജയരാജൻ ഗുരുതര വ്യക്തിപ്രഭാവ കാഴ്ചപ്പാടിലേക്ക് വഴുതിപ്പോയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനം; മാണിയെ ഇടതുമുന്നണിയിൽ വേണ്ടെന്ന ഉറച്ച നിലപാടുമായി സിപിഐ കരട് പ്രമേയം

വല്യേട്ടൻ തുനിഞ്ഞുതന്നെ! മുന്നണി വിപുലീകരണം അനിവാര്യം; മാണിയെ എടുക്കേണ്ടെന്ന സിപിഐയുടെ എതിർപ്പ് കണക്കിലെടുക്കേണ്ട; അന്തിമതീരുമാനം ഇടതുമുന്നണി ചർച്ചയ്ക്ക് ശേഷം; പി.ജയരാജൻ ഗുരുതര വ്യക്തിപ്രഭാവ കാഴ്ചപ്പാടിലേക്ക് വഴുതിപ്പോയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനം; മാണിയെ ഇടതുമുന്നണിയിൽ വേണ്ടെന്ന ഉറച്ച നിലപാടുമായി സിപിഐ കരട് പ്രമേയം

ആർ.പീയൂഷ്

തൃശൂർ: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സിപിഐക്കും പൊലീസ് വകുപ്പിനും ശക്തമായ വിമർശനം.സിപിഐയുടെ പരസ്യ നിലപാടുകൾ മുന്നണിയെ ദുർബലമാക്കുകയാണ്. തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ മന്ത്രിമാരുടെ മന്ത്രിസഭാ ബഹിഷ്‌കരണം തെറ്റായ നിലപാടായിരുന്നു. മന്ത്രിസഭയിൽ സിപിഎമ്മും, സിപിഐയും തമ്മിൽ ഭിന്നതയുണ്ടെന്ന മോശം പ്രതിച്ഛായ സൃഷ്ടിക്കാൻ ഈ നിലപാട് വഴിവച്ചു.

മുന്നണി വിപുലീകരണത്തിൽ സിപിഐയുടെ എതിർപ്പ് കണക്കിലെടുക്കേണ്ടതില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇടതുമുന്നണിയിലെ ചർച്ചയ്ക്ക് ശേഷമായിരിക്കും. മുന്നണി വിപുലീകരണം അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുപി.ജയരാജൻ ഗുരുതര വ്യക്തിപ്രഭാവ കാഴ്ചപ്പാടിലേക്ക് വഴുതിപ്പോയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനം

മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്ന സിപിഐ മന്ത്രിമാരുടെ നടപടി സിപിഎമ്മിനും മുന്നണിക്കും ക്ഷീണമുണ്ടാക്കി. തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന കാര്യം സിപിഐയേയും അറിയിച്ചിരുന്നതാണ്. എന്നാൽ, അത് ചെവിക്കൊള്ളാതെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പൊതുജനമദ്ധ്യത്തിൽ സിപിഎമ്മിനെ ചെറുതാക്കി കാണിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.

തങ്ങൾ മാത്രമാണ് ശരിയെന്ന് സ്ഥാപിക്കാനുള്ള ശ്രമം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു. ഇത് സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്ന തോന്നൽ ജനങ്ങളിലും പ്രതിപക്ഷത്തിനും ഇടയിൽ ഉണ്ടാക്കി. രാഷ്ട്രീയ എതിരാളികൾ ഇത് സർക്കാരിനെതിരെ ആയുധമാക്കുകയും ചെയ്തു. സർക്കാരിനെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുന്ന നടപടി ആയിരുന്നു ഇതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു

സിപിഐയുടെ പല നിലപാടുകളും എൽ.ഡി.എഫിനെ പ്രതിസന്ധിയിൽ ആക്കുന്നതായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. സിപിഎമ്മിലോ മുന്നണിയിലോ ആലോചിക്കാത്ത വിഷയങ്ങളെ കുറിച്ച് പരസ്യമായി പ്രസ്താവന നടത്തി മുന്നണിക്ക് അവമതിപ്പുണ്ടാക്കുകയാണ് സിപിഐ ചെയ്യുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

സിപിഐ എടുത്ത നടപടി അപക്വമെന്ന് നേരത്തെ തന്നെ കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചിരുന്നു. മുന്നണി സംവിധാനത്തിൽ ഇത്തരം നിലപാടാണോ എടുക്കേണ്ടത് എന്ന് ചോദിച്ച കോടിയേരി മുഖം നഷ്ടപ്പെട്ട യുഡിഎഫിന് സിപിഐയുടെ നിലപാട് സഹായകമായെന്നും സംസ്ഥാന സമ്മേളനത്തിന് മുമ്പ് തന്നെ പറഞ്ഞിരുന്നു.

സിപിഐ നിലപാട് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാമായിരുന്നു എന്നും മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നെങ്കിൽ രാജിക്കാര്യം സിപിഐയെ അറിയിച്ചേനെ എന്നും കോടിയേരി പറഞ്ഞു. രാജി സ്വന്തം ശ്രമത്താലെന്ന് വരുത്താൻ ശ്രമിച്ച സിപിഐ മുന്നണി മര്യാദ ലംഘിച്ചു. വിമർശനം മറുപക്ഷത്തിനും കയ്യടി ഞങ്ങൾക്കുമെന്ന നിലപാട് തെറ്റാണെന്നും കോടിയേരി പറഞ്ഞിരുന്നു.സിപിഐയുമായി ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്.ഭരണം മാറിയിട്ടും പൊലീസിനെ മാറ്റാൻ കഴിഞ്ഞിട്ടില്ല. പൊലീസിന്റെ ഭരണത്തിൽ ജാഗ്രത വേണം. പൊലീസിൽ വിവിധ രാഷ്ട്രീയ താൽപര്യങ്ങൾ ഉള്ളവരുടെ സാന്നിധ്യമുണ്ട്.ഇവരുടെ ഇടപെടലുകളാണ് സർക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നത്.ഭരണം മാറി ഒരു വർഷം പിന്നിട്ടിട്ടും അത് അറിഞ്ഞില്ലെന്ന മട്ടിലാണ് ഒരു വിഭാഗം പൊലീസുകാരുടെ പ്രവർത്തനം. പൊലീസിനെ മാറ്റുന്നതിൽ ആഭ്യന്തരവകുപ്പിനും വീഴ്ച വന്നിട്ടുണ്ട്.

മന്ത്രിമാരുടെ പ്രവർത്തനത്തിന് മാർഗരേഖ കൊണ്ടുവരുമെന്ന് സിപിഎം പ്രവർത്തനറിപ്പോർട്ട്. സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കാൻ നിരീക്ഷണം വരും. മന്ത്രിമാർ അഞ്ചുദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്നും റിപ്പോർട്ട് പറയുന്നു.

അതസമയം, കേരള കോൺഗ്രസിനെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കേണ്ടെന്നു സിപിഐ. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിലാണ് ഉറച്ച നിലപാട് സിപിഐ സ്വീകരിച്ചത്. ഇടതുമുന്നണി പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്നു പിന്നോട്ടു പോകുമ്പോൾ വിമർശിക്കുമെന്നും സിപിഐ വ്യക്തമാക്കി. കൊലപാതകം ആരു നടത്തിയാലും സിപിഐ എതിരാണെന്നും പ്രമേയം പറയുന്നു.

ഇതിനിടെ, മാണിക്കെതിരെ മുൻപ് ഇടതുമുന്നണി പുറത്തിറക്കിയ ലഘുലേഖ, നവമാധ്യമങ്ങളിൽ വ്യാപകമായി സിപിഐ പ്രചരിപ്പിച്ചു. തൃശൂർ സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ മാണിയെ പങ്കെടുപ്പിക്കുന്നതാണു സിപിഐയെ ചൊടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP