Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതാ സാന്നിധ്യമായി കൊല്ലത്തു ബിന്ദു കൃഷ്ണ; ആലപ്പുഴയിൽ എം ലിജു; തൃശൂരിൽ ടി എൻ പ്രതാപൻ; കോഴിക്കോട്ടു ടി സിദ്ദിഖ്; കണ്ണൂരിൽ സതീശൻ പാച്ചേനി: യുവാക്കൾക്കു പ്രാതിനിധ്യം നൽകി ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക; ഐ ഗ്രൂപ്പിനു മേൽക്കൈ

വനിതാ സാന്നിധ്യമായി കൊല്ലത്തു ബിന്ദു കൃഷ്ണ; ആലപ്പുഴയിൽ എം ലിജു; തൃശൂരിൽ ടി എൻ പ്രതാപൻ; കോഴിക്കോട്ടു ടി സിദ്ദിഖ്; കണ്ണൂരിൽ സതീശൻ പാച്ചേനി: യുവാക്കൾക്കു പ്രാതിനിധ്യം നൽകി ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക; ഐ ഗ്രൂപ്പിനു മേൽക്കൈ

ന്യൂഡൽഹി: യുവാക്കൾക്കു പ്രാധാന്യം നൽകി സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക എഐസിസി പ്രഖ്യാപിച്ചു. ഗ്രൂപ്പു സമവാക്യങ്ങൾ നോക്കിയല്ല അധ്യക്ഷരെ തെരഞ്ഞെടുക്കുന്നത് എന്നാണു ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നതെങ്കിലും ഒറ്റനോട്ടത്തിൽ ഐ വിഭാഗത്തിനു മേൽക്കൈ ഉള്ള പട്ടികയാണ് ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനം ബിന്ദു കൃഷ്ണയ്ക്കു നൽകിയതിലൂടെ ഇക്കുറി വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത്തവണ കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരിൽ വനിതാ പ്രാതിനിധ്യമുണ്ടാകുമെന്ന് ഹൈക്കമാൻഡ് നേരത്തേതന്നെ അറിയിച്ചിരുന്നു. രണ്ടു സ്ഥാനങ്ങൾ വേണമെന്നാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ബിന്ദു കൃഷ്ണയിൽ മാത്രം ഒതുക്കുകയായിരുന്നു.

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്‌പ്പല്ല ഹൈക്കമാൻഡ് നടത്തിയതെന്ന അവകാശവാദമുണ്ടെങ്കിലും കൂടുതൽ അധ്യക്ഷന്മാരെയും കൈക്കലാക്കി ഐ ഗ്രൂപ്പു മേധാവിത്വം നേടി. മുൻ ഡിസിസി അധ്യക്ഷന്മാരെ വീണ്ടും ആ പദവിയിലേക്കു പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നേരത്തേ നിർദ്ദേശിച്ചിരുന്നു. അതിനാൽ തന്നെ പുതുമുഖങ്ങൾ പട്ടികയിൽ എത്തി.

നാലിടങ്ങളിൽ മാത്രമാണ് എ ഗ്രൂപ്പിനു സാന്നിധ്യം അറിയിക്കാനായത്. കോട്ടയത്തു ജോഷി ഫിലിപ്പും മലപ്പുറത്തു വി വി പ്രകാശും കോഴിക്കോട്ട് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ എന്നറിയപ്പെടുന്ന ടി സിദ്ദിഖും കാസർകോട്ടെ ഹക്കിം കുന്നേലുമാണ് എ ഗ്രൂപ്പിന്റെ പ്രതിനിധികൾ. തിരുവനന്തപുരത്തു നെയ്യാറ്റിൻകര സനലും കൊച്ചിയിൽ പി ജെ വിനോദും വി കെ സുധീരൻ പക്ഷത്തുനിന്നു പ്രസിഡന്റുമാരായി. മുൻ മേയർ ടോണി ചമ്മിണി ഉയർത്തിയ വെല്ലുവിളികൾ മറികടന്നാണു നിലവിൽ ഡെപ്യൂട്ടി മേയറായ വിനോദ് പ്രസിഡന്റായത്. എ ഗ്രൂപ്പുമായും ഐ ഗ്രൂപ്പുമായും വി എം സുധീരനുമായും അടുത്ത ബന്ധമുള്ള ടി എൻ പ്രതാപൻ മാത്രമാണ് സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ പരിഗണിക്കപ്പെട്ടത്.

കൊല്ലം ഡിസിസി പ്രസിഡന്റാകാൻ ഉമ്മൻ ചാണ്ടിയുടെ അടുത്തയാളായ പി സി വിഷ്ണുനാഥും ശ്രമിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലാണു ബിന്ദുവിനു തുണയായത്. മഹിളാ കോൺഗ്രസ് ദേശീയ ഉപാധ്യക്ഷയായ ബിന്ദുവിനെ നിർദ്ദേശിച്ചതു രാഹുലാണെന്നാണു വിവരം. ഐ ഗ്രൂപ്പിന്റെ ശക്തരായ നേതാക്കളായ സതീശൻ പാച്ചേനി കണ്ണൂരിലും ഇബ്രാഹിം കുട്ടി കല്ലാർ ഇടുക്കിയിലും എം ലിജു ആലപ്പുഴയിലും ഐ സി ബാലകൃഷ്ണൻ വയനാട്ടിലും അധ്യക്ഷ പദവിയിൽ എത്തി. പത്തനംതിട്ടയിൽ ബാബു ജോർജും പാലക്കാട്ട് വി കെ ശ്രീകണ്ഠനും ഐ ഗ്രൂപ്പിനു കരുത്തുപകരും.

ഡിസിസി അധ്യക്ഷന്മാർ ഇവരാണ്:

  • തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ
  • കൊല്ലം: ബിന്ദു കൃഷ്ണ
  • പത്തനംതിട്ട: ബാബു ജോർജ്
  • ആലപ്പുഴ: എം.ലിജു
  • ഇടുക്കി: ഇബ്രാഹിം കുട്ടി കല്ലാർ
  • കോട്ടയം: ജോഷി ഫിലിപ്പ്
  • എറണാകുളം: പി.ജെ.വിനോദ്
  • തൃശ്ശൂർ: ടി.എൻ. പ്രതാപൻ
  • പാലക്കാട്: വി.കെ. ശ്രീകണ്ഠൻ
  • മലപ്പുറം: വി.വി. പ്രകാശ്
  • കോഴിക്കോട്: ടി.സിദ്ദിഖ്
  • കണ്ണൂർ: സതീശൻ പാച്ചേനി
  • വയനാട്: ഐ.സി.ബാലകൃഷ്ണൻ
  • കാസർകോട്: ഹക്കിം കുന്നേൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP