Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂർ കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്റെ അവസരം വിനിയോഗിക്കാനാകാത്തത് കോൺഗ്രസിനുള്ളിലെ അധികാരമോഹം; കെ സുധാകരൻ എംപിയും ഡെപ്യുട്ടി മേയർ പി കെ രാഗേഷും തമ്മിലുള്ള ശത്രുത തീർന്നിട്ടും കോർപ്പറേഷൻ ഭരണം തിരിച്ചു പിടിക്കാനാകാതെ ഐക്യ ജനാധിപത്യ മുന്നണി

കണ്ണൂർ കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്റെ അവസരം വിനിയോഗിക്കാനാകാത്തത് കോൺഗ്രസിനുള്ളിലെ അധികാരമോഹം; കെ സുധാകരൻ എംപിയും ഡെപ്യുട്ടി മേയർ പി കെ രാഗേഷും തമ്മിലുള്ള ശത്രുത തീർന്നിട്ടും കോർപ്പറേഷൻ ഭരണം തിരിച്ചു പിടിക്കാനാകാതെ ഐക്യ ജനാധിപത്യ മുന്നണി

രഞ്ജിത് ബാബു

കണ്ണൂർ: കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ട് കെ. സുധാകരൻ എംപി.യും കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷും തമ്മിലുള്ള ശത്രുത അലിഞ്ഞ് തീർന്നിട്ടും കോർപ്പറേഷൻ ഭരണം യു.ഡി.എഫിന് തിരിച്ച് പിടിക്കാൻ പ്രതിസന്ധികളേറെ. കൗൺസിലിലെ കോൺഗ്രസ്സിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഒരു നേതാവ് രാഗേഷിനെ തിരിച്ച് കൊണ്ടു വന്ന് യു.ഡി.എഫ് കോർപ്പറേഷൻ പിടിക്കുന്നതിനെ അണിയറയിലൂടെ എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്നാണ് ആരോപണം. അദ്ദേഹത്തിന് കൂട്ടായി ഒരു മുൻ ഡി.സി.സി. പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും കൂടിയുണ്ടെന്നാണ് വിവരം. പി.കെ. രാഗേഷ് യു.ഡി.എഫിന്റെ ഡപ്യൂട്ടി മേയർ സ്ഥാനത്ത് എത്തിച്ചേർന്നാൽ ഭാവിയിൽ തങ്ങളുടെ സ്ഥാനമാനങ്ങളെ ബാധിക്കും എന്ന ഭയത്തിലാണ് ഈ നേതാക്കൾ.

രാഗേഷ് കോർപ്പറേഷൻ ഡപ്യൂട്ടി മേയർ സ്ഥാനത്ത് വരുന്നതോടെ പാർട്ടിയിലും ശക്തിയാർജ്ജിക്കും. അതോടെ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ രാഗേഷ് ശക്തനാവുകയും പാർട്ടി നേതൃത്വത്തിൽ എത്തുകയും ചെയ്യും. മാത്രമല്ല പള്ളിക്കുന്ന് മണ്ഡലത്തിൽ രാഗേഷിന് ഒട്ടേറെ പ്രവർത്തകരും അനുയായികളുമുണ്ട്. ഇതെല്ലാം അണികൾ കാര്യമായി ഇല്ലാത്ത നേതാക്കൾക്ക് രാഗേഷിന്റെ തിരിച്ച് വരവ് ഇഷ്ടപ്പെടുന്നില്ല. മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിലുള്ള പ്രശ്നങ്ങൾ ഏതാണ്ട് പരിഹരിക്കപ്പെടുകയും ആദ്യത്തെ ആറ് മാസം മേയർ പദവി കോൺഗ്രസ്സിനും പിന്നീടുള്ള ആറ് മാസം മുസ്ലിം ലീഗിനും നൽകാമെന്ന ധാരണ വരെയെത്തിയിരുന്നു. എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ എൽ.ഡി.എഫിൽ നിന്നും ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫിന് കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ല.

കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫ് ഭരണം കൊണ്ടു വരാൻ രാഗേഷ് പൂർണ്ണ സമ്മതം നൽകിയതോടെയാണ് കോൺഗ്രസ്സിനകത്തു നിന്നും ചില അപസ്വരങ്ങൾ പുറത്ത് വരുന്നത്. പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും പിരിച്ചു വിട്ട രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരെ തിരിച്ചെടുക്കണമെന്ന ആവശ്യം ഇപ്പോൾ കുത്തിപൊക്കിയതിന് പിന്നിലും കോൺഗ്രസ്സിലെ ചിലരാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ഇപ്പോൾ ബാങ്കിന്റെ ഭരണ സമിതി അംഗം പോലുമല്ലാത്ത താൻ എങ്ങിനെയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുക എന്ന രാഗേഷ് പറയുന്നു. സിപിഎം. വോട്ട് നേടി ഡപ്യൂട്ടി മേയറായ രാഗേഷ് ആദ്യം രാജി വെക്കണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നുണ്ട്. അതിനുള്ള മറുപടി രാഗേഷ് പറയുന്നത് ഇങ്ങിനെ. തന്റെ വോട്ട് വാങ്ങി വിജയിച്ച കോൺഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ആദ്യം രാജി വച്ചാൽ താനും അത് പിൻതുടരാമെന്നാണ് രാഗേഷിന്റെ നിലപാട്.

യു.ഡി.എഫിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കേണ്ട കണ്ണൂർ കോർപ്പറേഷൻ എൽ.ഡി.എഫിന്റെ കൈകളിലെത്തിയത് നേതൃത്വം പരിശോധിക്കണമെന്നാണ് രാഗേഷ് പറയുന്നത്. ഏകകണ്ഠമായി വാർഡുകളിൽ നിശ്ചയിച്ച സ്ഥാനാർത്ഥികളെ വെട്ടിമാറ്റി സ്വന്തക്കാരുടെ പേര് ഉൾപ്പെടുത്തിയതാണ് എല്ലാറ്റിനും കാരണം. മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി സുമ ബാലകൃഷ്ണന് വോട്ട് ചെയ്യാതിരുന്നത് നിലപാടുകളുടെ പേരിൽ തന്നെയാണ്. ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പമാണ് താൻ നിന്നത്. കോർപ്പറേഷൻ ഭരണ മാറ്റത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ചർച്ച ചെയ്തിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം അട്ടിമറിച്ചതിന് പിന്നിലും കോൺഗ്രസ്സ് നേതാക്കളായിരുന്നുവെന്ന് രാഗേഷ് ആരോപിക്കുന്നു. ഈ സംഭവത്തോടെ ഒരു വർഷം മാത്രം കാലാവധിയുള്ള കോർപ്പറേഷന് ഭരണമാറ്റം വീണ്ടും നീണ്ടു പോവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP