Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐ(എം) വിഭാഗീയ ശൈലിയിൽ മാറ്റം: ജില്ലാ നേതാക്കൾ തീരുമാനങ്ങളെ സ്വാധീനിക്കുന്നു; പിണറായി-വി എസ് ചേരിതിരിവ് ആലപ്പുഴയിലും വയനാട്ടിലും പ്രതിഫലിച്ചില്ല

സിപിഐ(എം) വിഭാഗീയ ശൈലിയിൽ മാറ്റം: ജില്ലാ നേതാക്കൾ തീരുമാനങ്ങളെ സ്വാധീനിക്കുന്നു; പിണറായി-വി എസ് ചേരിതിരിവ് ആലപ്പുഴയിലും വയനാട്ടിലും പ്രതിഫലിച്ചില്ല

തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗിയതയ്ക്ക് പുതിയ മുഖം വരുന്നു. സംസ്ഥാനതലത്തിൽ കേന്ദ്രീകരിച്ചിരുന്ന വിഭാഗിയ സ്വഭാവത്തിന് ജില്ലാ പരിവേഷം വരുന്നുവെന്നതാണ് സൂചന. സിപിഎമ്മിലെ വിഭാഗിയതകൾക്ക് എന്നും ആശയപരമായ നിലപാട് ഉണ്ടായിരുന്നു. എന്നാൽ വി എസ് അച്യുതാനന്ദനും പിണറായി വിജയനും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ് വിഭാഗിയതയിൽ പ്രതിഫലിപ്പിച്ചത്. ഇതു തന്നെയാണ് പുതിയ മാറ്റത്തിന് കാരണവും.

സിപിഎമ്മിൽ രണ്ടു സംസ്ഥാന നേതാക്കളെ കേന്ദ്രീകരിച്ചുള്ള വിഭാഗീയത ഇപ്പോഴുമുണ്ട്. വിഎസും പിണാറായിയും രണ്ടു വഴിക്കാണ്. എന്നാൽ വി എസ് ഉയർത്തുന്ന മുദ്രാവാക്യങ്ങളോട് ജില്ലാ നേതാക്കൾക്ക് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെയാണ് സംസ്ഥാനതലത്തിലെ വിഭാഗീയത സിപഎമ്മിൽ നിന്ന് പതുകെ വിട്ടുമാറുന്നത്. ആലപ്പുഴ, വയനാട് ജില്ലാ സമ്മേളനങ്ങളിൽ ഇത് വ്യക്തമാവുകയും ചെയ്തു. എന്നാൽ ജില്ലകളിലെ പ്രധാന നേതാക്കളുടെ നിയന്ത്രണത്തിലേക്ക് ജില്ലാ സമ്മേളനങ്ങൾ നീങ്ങുന്നു എന്ന സൂചന രണ്ടു സമ്മേളനങ്ങളും നൽകുകയും ചെയ്തു.

സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കും താൽപ്പര്യത്തിനുമപ്പുറം ജില്ലയിലെ പ്രധാന നേതാക്കളുടെ തീരുമാനങ്ങളാണ് ആലപ്പുഴ മ്മേളനങ്ങളിൽ നടപ്പായത്. ആലപ്പുഴയിൽ പാർട്ടിയുടെ അവസാനവാക്ക് താൻ തന്നെയാണെന്ന് തെളിയിക്കാൻ ജി. സുധാകരനായി. സിബി ചന്ദ്രബാബുവിനെ മാറ്റി സജി ചെറിയാനെ ജില്ലാ സെക്രട്ടറിയാക്കിയത് സുധാകരന്റെ ഒറ്റയാൻ നീക്കമാണ്. വയനാട്ടിൽ സികെ ശശീന്ദ്രൻ കരുത്ത് കാട്ടി. പഴയ വി എസ് പക്ഷക്കാരനാണെങ്കിലും നിലവിൽ സ്വതന്ത്രമായാണ് ശശീന്ദ്രൻ നിലകൊള്ളുന്നത്. ശശീന്ദ്രന് പിന്നിലാണ് വയനാട് എന്നും സമ്മേളനത്തിലൂടെ വ്യക്തമായി.

വി എസ് പക്ഷ മേധാവിത്വം മൂന്ന് ഏരിയകളിൽ മാത്രമായി ചുരുങ്ങിയ ആലപ്പുഴയിൽ ഔദ്യോഗികപക്ഷ ചേരികൾ തമ്മിലുള്ള മേൽക്കോയ്മയ്ക്കുവേണ്ടിയുള്ള മൽസരമാണ് നടന്നത്. ജില്ലയിലെ മറ്റു നേതാക്കളിൽനിന്ന് വ്യത്യസ്തമായി എല്ലാക്കാലവും വി എസ് വിരുദ്ധ ചേരിയിൽ ഉറച്ചു നിന്ന സി.ബി. ചന്ദ്രബാബുവിന്റെ ജില്ലാ സെക്രട്ടറി സ്ഥാനം സംരക്ഷിക്കാനും സംസ്ഥാന നേതൃത്വത്തിനായില്ല. സുധാകരനുമായുള്ള ഭിന്നതയാണ് ചന്ദ്രബാബുവിന് വിനയായത്. മൂന്ന് ടേം സെക്രട്ടറി സ്ഥാനമെന്ന നിബന്ധനയുള്ളതിനാൽ സാധാരണ ഗതിയിൽ അതുവരെ സെക്രട്ടറിമാരെ തുടരാൻ അനുവദിക്കും. എന്നാൽ സുധാകരന്റെ മനസ്സ് അറിഞ്ഞ് അത്തരം ഇടപെടലും സിപിഐ(എം) സംസ്ഥാന നേതൃത്വം വേണ്ടെന്ന് വച്ചു.

കോഴിക്കോടും കണ്ണൂരും എറണാകുളത്തും പത്തനംതിട്ടയിലും കൊല്ലത്തുമെല്ലാം ഇത്തരം ജില്ലാ സമവാക്യങ്ങൾ തന്നെയാകും നിർണ്ണായകം. സമ്മേളനത്തിലെ കാര്യങ്ങളിൽ ജില്ലയിലെ നേതാക്കൾ തീരുമാനം എടുക്കും. മത്സരം ഒഴിവാക്കണമെന്ന് മാത്രമേ സംസ്ഥാന നേതൃത്വം ആവശ്യപ്പെടൂ എന്നാണ് സൂചന. ഔദ്യോഗിക പക്ഷത്തെ നേതാക്കൾ തമ്മിൽ സ്ഥാനമാനങ്ങൾക്കായി മത്സരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്. ഔദ്യോഗികപക്ഷത്തെ ചേരിതിരിവ് ശക്തമായ ആലപ്പുഴ ജില്ലാസമ്മേളനത്തിലെ മാതൃക വരുംദിവസങ്ങളിൽ മറ്റ് ജില്ലാ സമ്മേളനങ്ങളെയും സ്വാധീനിക്കുമെന്നാണ് സൂചന.

ആലപ്പുഴയിൽ സംസ്ഥാന നേതാക്കളായ എ. വിജയരാഘവനും എളമരം കരീമും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളെ പ്രത്യേകം വിളിച്ച് അഭിപ്രായം തേടിയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തിയത്. ഈ രീതി സിപിഎമ്മിൽ പതിവുള്ളതല്ല. മലപ്പുറം ജില്ലാസമ്മേളനം നാളെയും പത്തനംതിട്ട ജില്ലാസമ്മേളനം മറ്റന്നാളും ആരംഭിക്കും. മൂന്നു തവണ തുടർച്ചയായി സെക്രട്ടറി സ്ഥാനം വഹിച്ചവർ ഒഴിയണമെന്ന തീരുമാനപ്രകാരം പത്തനംതിട്ടയിൽ ജില്ലാ സെക്രട്ടറി അനന്തഗോപനു പകരം ആളെ കണ്ടെത്തേണ്ടിവരും. അവിടെയും പുതിയ സെക്രട്ടറിയുടെ കാര്യത്തിൽ ഔദ്യോഗികപക്ഷത്ത് സമവായം ആയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP