Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏറെ കാലങ്ങൾക്ക് ശേഷം ഇ അഹമ്മദ് വീണ്ടും പൊതുവേദിയിൽ; റോഹിങ്ക്യൻ ജനതയ്ക്ക് യൂത്ത്‌ലീഗിന്റെ ഐക്യദാർഢ്യ വേദിയിലെ ഉദ്ഘാടകനായി; ഫലസ്തീനിനെ സഹായിച്ച പോലെ റോഹിങ്ക്യൻ ജനതയെയും സഹായിക്കണം; വംശീയ ഉന്മൂലനത്തിനെതിരെ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും അഹമ്മദ്

ഏറെ കാലങ്ങൾക്ക് ശേഷം ഇ അഹമ്മദ് വീണ്ടും പൊതുവേദിയിൽ; റോഹിങ്ക്യൻ ജനതയ്ക്ക് യൂത്ത്‌ലീഗിന്റെ ഐക്യദാർഢ്യ വേദിയിലെ ഉദ്ഘാടകനായി; ഫലസ്തീനിനെ സഹായിച്ച പോലെ റോഹിങ്ക്യൻ ജനതയെയും സഹായിക്കണം; വംശീയ ഉന്മൂലനത്തിനെതിരെ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും അഹമ്മദ്

കോഴിക്കോട്: റോഹിങ്ക്യൻ ജനതക്കെതിരെ നടക്കുന്ന ക്രൂരമായ വംശീയ ഉന്മൂലനത്തിനെതിരെ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം പി പറഞ്ഞു. റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി കോഴിക്കോട്ട് നടത്തിയ റാലിയെ തുടർന്നുള്ള യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മ്യാന്മാറിൽ റോഹിങ്ക്യൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാകാത്തതാണ്. ഈ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി അതിനെ ചെറുക്കേണ്ടതുണ്ട്്. ഫലസ്തീനിനെ സഹായിച്ച പോലെ ഇന്ത്യാ ഗവൺമെന്റും ഈ വിഷയത്തിൽ സഹായങ്ങൾ നൽകേണ്ടതുണ്ട്.

യൂറോപ്യൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും അവരുടെ സമാധാന സഹായ ദൗത്യങ്ങൾ നിർവ്വഹിക്കണം. വിശിഷ്യാ ഗൾഫ് രാഷ്ട്രങ്ങൾ തങ്ങളുടെ ചുമതല നിർവ്വഹിക്കണം. സമാധാനത്തിനു നൊബേൽ സമ്മാനം ലഭിച്ച ആങ്ങ് സാൻ സൂക്കി ഇതിനെതിരെ കണ്ണടക്കുകയും മൗനം പാലിക്കുകയും ചെയ്യുന്നത് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. തൊണ്ണൂറുകളിൽ പ്രക്ഷോഭമുണ്ടായപ്പോൾ അതിനെതിരെ ഓങ് സാൻ സൂചിയെ ഒറ്റക്കെട്ടായി അനുകൂലിച്ചവരാണ് മ്യാന്മാറിലെ ന്യൂനപക്ഷങ്ങൾ എന്നത് ഓർക്കാതെ പോകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. എം കെ മുനീർ എംഎ‍ൽഎ, മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറർ പി കെ കെ ബാവ, സെക്രട്ടറി എം സി മായിൻ ഹാജി, എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി, മുൻ ജനറൽസെക്രട്ടറി സി കെ സുബൈർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി കെ ഫിറോസ്, ട്രഷറർ എം എ സമദ് പ്രസംഗിച്ചു.

പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്ന റോഹിങ്ക്യൻ ജനതയുടെ രോധനങ്ങൾക്ക് ചെവികൊടുക്കാത്ത അന്താരാഷ്ട്ര ശക്തികളുടെ നിലപാടുകൾക്കെതിരെയുള്ള താക്കീതായി റാലി മാറി. ആട്ടിപ്പായിക്കപ്പെടുകയും കൊന്നുതള്ളുകയും ചെയ്യുന്ന നിരാലംബരായ സമൂഹത്തിന് നേരെ നടക്കുന്ന അവകാശ ധ്വംസനങ്ങൾക്കെതിരെ പ്രതിഷേധം അലയടിച്ച റാലി സർവസ്വവും നഷ്ടപ്പെട്ട ജനതയോടുള്ള ഐക്യപ്പെടലിന്റെ വിളംബരമായി. ഐക്യരാഷ്ട്ര സഭയുടെ നിസംഗത, ഓങ് സാൻ സൂചിയുടെ ദുരൂഹ മൗനം, പൗരത്വ നിഷേധം തുടങ്ങിയ വിഷയങ്ങളിൽ ചോദ്യശരങ്ങൾ ഉന്നയിച്ചുള്ള പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും റാലിയിൽ നിറഞ്ഞുനിന്നു.

കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച റാലി മൊഫ്യൂഷ്യൽ ബസ്സ് സ്റ്റാന്റ്മാവൂർ റോഡ് മാനാഞ്ചിറ വഴി മുതലക്കുളത്ത് സമാപിച്ചു. റാലിക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറർ എം എ സമദ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റുമാരായ അഡ്വ. സുൽഫീക്കർ സലാം, ഫൈസൽ ബാഫഖി തങ്ങൾ, പി ഇസ്മായിൽ, പി കെ സുബൈർ, പി എ അബ്ദുൽകരീം, പി എ അഹമ്മദ് കബീർ, സെക്രട്ടറിമാരായ മുജീബ് കാടേരി, പി ജി മുഹമ്മദ്, കെ എസ് സിയാദ്, ആശിഖ് ചെലവൂർ, വി വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അൻവർ സാദത്ത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എംപി നവാസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ, ജനറൽസെക്രട്ടറി കെ കെ നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP