Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശ തെരഞ്ഞെടുപ്പിന് സമയക്രമമായി; വോട്ടെടുപ്പ് നവംബർ രണ്ടിനും അഞ്ചിനും; വോട്ടെണ്ണൽ ഏഴിന്; തെരഞ്ഞെടുപ്പ് നടക്കുക 21,671 സ്ഥാനങ്ങൾക്ക്; ഫോട്ടോ പതിച്ച വോട്ടർകാർഡും നിർബന്ധം; നോട്ടയെ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം; ഇന്നു മുതൽ മാതൃകാ പെരുമാറ്റ ചട്ടവും

തദ്ദേശ തെരഞ്ഞെടുപ്പിന് സമയക്രമമായി; വോട്ടെടുപ്പ് നവംബർ രണ്ടിനും അഞ്ചിനും; വോട്ടെണ്ണൽ ഏഴിന്; തെരഞ്ഞെടുപ്പ് നടക്കുക 21,671 സ്ഥാനങ്ങൾക്ക്; ഫോട്ടോ പതിച്ച വോട്ടർകാർഡും നിർബന്ധം; നോട്ടയെ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം; ഇന്നു മുതൽ മാതൃകാ പെരുമാറ്റ ചട്ടവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നവംബർ രണ്ടിനും അഞ്ചിനും നടക്കും. നവംബർ ഏഴിനാണ് വോട്ടെണ്ണൽ.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലാണ് നവംബർ രണ്ടിന് വോട്ടെടുപ്പ് നടക്കുക. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറ ജില്ലകളിൽ അഞ്ചിനും വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്തെ 21,671 തദ്ദേശ സീറ്റുകളിലേക്കുമുള്ള വോട്ടെണ്ണൽ നവംബർ ഏഴിന് നടക്കും. നവംബർ 15ന് മുമ്പ് ഭരണ സമിതികൾ അധികാരമേൽക്കുന്ന തരത്തിലാണ് നടപടിക്രമം പ്രഖ്യാപിച്ചത്. ശക്തമായ ത്രികോണ മത്സരമൊരുക്കി തദ്ദേശം പിടിക്കാനുള്ള തന്ത്രങ്ങളുമായി കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങലെല്ലാം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സജീവമായി.

941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും 86 മുൻസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 21871 സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനായി 35,000 പോളിങ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ന് മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ കെ.ശശീധരൻ നായർ അറിയിച്ചു. ജനങ്ങളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങൾ അധികാരത്തിൽ ഇരിക്കുന്നവർ നടത്താൻ പാടില്ല. പ്രചരണത്തിനായി സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഫ്‌ലക്‌സ് ബോർഡുകൾ കഴിയുന്നതും ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അഭ്യർത്ഥിച്ചു. പൂർണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് ഇത്തവണ വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്. നിഷേധ വോട്ടായ നോട്ട ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്ഥാനാർത്ഥികളുടെ ചിത്രവും ഇല്ല.

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഉപയോഗിച്ചാകും വോട്ടെടുപ്പ്. കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ഒരാൾക്ക് ഒരു വോട്ടാകും രേഖപ്പെടുത്തേണ്ടത്. എന്നാൽ ഗ്രാമങ്ങളിൽ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തല തെരഞ്ഞെടുപ്പുകളിൽ വെവ്വേറെ വോട്ട് ചെയ്യണം. ഇതിനുവേണ്ടി പ്രത്യേക സൗകര്യം വോട്ടിങ് മിഷിനിൽ ഉണ്ടാകും. ഫോട്ടോ പതിച്ച വോട്ടർ പട്ടികയും നിർബന്ധമാക്കും. വോട്ടർ പട്ടികയിൽ പ്രവാസികൾക്കും ഭിന്നലിംഗക്കാർക്കും പേര് ഉൾപ്പെടുത്തുന്നതിന് സൗകര്യമുണ്ടായിരിക്കും. വോട്ടർ പട്ടികയിൽ പ്രവാസികൾക്കും ഭിന്നലിംഗക്കാർക്കും പേര് ഉൾപ്പെടുത്തുന്നതിന് സൗകര്യമുണ്ടായിരിക്കും. ത്രിതല പഞ്ചായത്തുകളിലെ സംവരണപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിട്ടുണ്ട്. 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം സ്ത്രീകൾക്കാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലാ പഞ്ചായത്തുകളാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 67 എണ്ണവും സ്ത്രീകൾക്കു സംവരണം ചെയ്തു. 941 ഗ്രാമ പഞ്ചായത്തുകളിലെ 417 പ്രസിഡന്റ് സ്ഥാനവും സ്ത്രീകൾക്കാണ്.

ശബരിമല തീർത്ഥാടനം കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം. നവംബർ 15ന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് അതുകൊണ്ടാണ്. മെച്ചപ്പെട്ട സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ഘട്ടമായി വോട്ടടെപ്പ് നടത്തുന്നത്. ഇതിന് ജില്ലകളെ തെരഞ്ഞെടുത്ത രീതിയും അങ്ങനെയാണ്. തെക്കൻ ജില്ലകളിൽ അക്രമ സാധ്യത കുറവാണ്. എന്നാൽ കണ്ണൂരും കാസർഗോഡും അടങ്ങിയ വടക്കൻ ജില്ലകളിൽ കരുതൽ ഏറെ വേണം. ഈ സാഹചര്യത്തിലാണ് മൂന്ന് തെക്കൻ ജില്ലകൾക്കൊപ്പം നാല് വടക്കൻ ജില്ലകളെ തെരഞ്ഞെടുത്തത്. പൊലീസിന്റെ കാര്യക്ഷമമായ വിന്യാസത്തിന് ഇതിലൂടെ കഴിയും. ബിഹാർ തെരഞ്ഞെടുപ്പായതിനാൽ കേന്ദ്ര സേനയെ വിട്ടുകിട്ടാനുള്ള ബുദ്ധിമുട്ട് കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും തികഞ്ഞ പ്രതീക്ഷയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമുള്ളതിനാൽ തദ്ദേശ ഫലം ഇടത്-വലത് മുന്നണികൾക്ക് നിർണ്ണായകമാണ്. കേരളം പിടിക്കാൻ ഒരുങ്ങുന്ന ബിജെപിക്കും കണക്കുകൂട്ടലുകൾ തെറ്റുന്നില്ലെന്ന് ഉറപ്പിക്കാൻ തദ്ദേശത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കണം. രാഷ്ട്രീയ പാർട്ടിയുമായി എസ്എൻഡിപി എത്തുന്ന സാഹചര്യവും ഉണ്ട്. ഈ രാഷ്ട്രീയ കാലാവസ്ഥയിൽ കേരളത്തിലുടനീളം ശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതു കൊണ്ട് തന്നെ തീപാറും പ്രചരണമാകും നടക്കുക. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും യുഡിഎഫ് പ്രചരണത്തിൽ ഉയർത്തും. അഴിമതിയും കെടുകാര്യസ്ഥതയും ഇടതു പക്ഷവും എണ്ണിയെണ്ണി പറയും. ബിജെപിയാകട്ടെ നരേന്ദ്ര മോദി സർക്കാരിന്റെ മികവാകും ഉയർത്തുക.

അതുകൊണ്ട് തന്നെ പ്രാദേശിക വിഷയങ്ങൾ മാത്രമാകില്ല തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക. സ്ഥാനാർത്ഥി നിർണ്ണയം ഉൾപ്പെടെയുള്ളവയിൽ പിഴവ് വരാതെ കേരളത്തിന്റെ തദ്ദേശ മനസ്സ് പിടിക്കാനാണ് പടയൊരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP