Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബുലന്ദ്ഷഹറിൽ പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടുവന്നിട്ടതാര്? കശാപ്പ് ചെയ്താൽ പോലും യുപിയിൽ അവശിഷ്ടങ്ങൾ പ്രദർശിപ്പിക്കാൻ ആരുധൈര്യപ്പെടും? അഖ്‌ലഖ് വധക്കേസ് അന്വേഷിച്ച സുബോധ് കുമാർ സിങ്ങിനെ വകവരുത്താനും വർഗീയകലാപം അഴിച്ചുവിടാനുമായിരുന്നു അക്രമമെന്ന സംശയം ബലപ്പെടുന്നു; ബജ്‌റംഗദൾ ജില്ലാ നേതാവ് യോഗേഷ് രാജ് അടക്കം നാലുപേർ അറസ്റ്റിൽ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് യോഗി സർക്കാർ

ബുലന്ദ്ഷഹറിൽ പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടുവന്നിട്ടതാര്? കശാപ്പ് ചെയ്താൽ പോലും യുപിയിൽ അവശിഷ്ടങ്ങൾ പ്രദർശിപ്പിക്കാൻ ആരുധൈര്യപ്പെടും? അഖ്‌ലഖ് വധക്കേസ് അന്വേഷിച്ച സുബോധ് കുമാർ സിങ്ങിനെ വകവരുത്താനും വർഗീയകലാപം അഴിച്ചുവിടാനുമായിരുന്നു അക്രമമെന്ന സംശയം ബലപ്പെടുന്നു; ബജ്‌റംഗദൾ ജില്ലാ  നേതാവ് യോഗേഷ് രാജ് അടക്കം നാലുപേർ അറസ്റ്റിൽ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് യോഗി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ബുലന്ദ്ഷഹർ: യുപിയിലെ ബുലന്ദ്ഷഹറിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സുബോധ് കുമാർ സിങ് അടക്കം രണ്ടുപേർ അക്രമത്തിനിടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തു. മറ്റുനാലുപേർ കസ്റ്റഡിയിലുണ്ട്. ബജ്‌റംഗ്ദൾ ജില്ലാ നേതാവ് യോഗേഷ് രാജ് പിടിയിലായെന്നാണ് സൂചന. പ്രത്യേക സംഘത്തിന്റെ അന്വഷണത്തിന് പുറമേ ഇന്റലിജൻസിന്റെ അന്വേഷണവും മജിസ്‌ട്രേറ്റ്തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമത്തിൽ പങ്കാളികളായി 27 പേർക്കെതിരെയും, കണ്ടാലറിയാവുന്ന അറുപതോളം പേർക്കെതിരെയും പ്രഥമവിവരറിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. അക്രമത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തെന്നും, സുബോധ് കുമാറിനെ മറ്റുപൊലീസുകാർ എന്തുകൊണ്ട് ഒറ്റയ്ക്ക് വിട്ടുവെന്നും പ്രത്യേക സംഘം അന്വേഷിക്കും. പശുവധക്കേസിൽ അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകി ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ സുബോധ് കുമാർ സിങ് പരിശ്രമിച്ചിരുന്നു. എന്നാൽ, പ്രക്ഷോഭകാരികൾ അക്രമത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗ്രാമീണരുടെ പക്കൽ അനധികൃത ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിൽ പെട്ട ഒരു തോക്ക് ഉപയോഗിച്ചാണ് സുബോധിന്റെ തലയ്ക്ക് വെടിവച്ചതെന്നും പൊലീസ് പറഞ്ഞു.

തലക്ക് വെടിയേറ്റാണ് സുബോധ് കുമാർ കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചു. യോഗേഷ് രാജിന് പുറമെ അറസ്റ്റ് ചെയ്തവരിൽ ബിജെപി യൂത്ത് വിങ് അംഗമായ ശിഖർ അഗർവാൾ, വിഎച്ച്പി നേതാവ് ഉപേന്ദ്ര യാദവ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കലാപം നടത്തിയതിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെക്ഷൻ 302,307 വകുപ്പുകളാണ് യോഗേഷ് രാജിനെതിരെ ചുമത്തിയിരിക്കുന്നത്. കലാപത്തിനും കൊലപാതകത്തിനും നേരിട്ട് നേതൃത്വം നൽകിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കലാപത്തിന് പിന്നിൽ ബജ്‌റംഗദൾ, ബിജെപി, വിഎച്ച്പി, ശിവസേന, ഹിന്ദു യുവവാഹിനി പ്രവർത്തകരാണെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകും. തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് പശുക്കളുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതോടെ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ഇരുപതോളം പശുക്കളുടെ ശരീരാവശിഷ്ടങ്ങളാണ് കാണപ്പെട്ടത്. ഇതേ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അറസ്റ്റിലായിരിക്കുന്ന യോഗേഷ് രാജാണ് പശുവിനെ അറക്കുന്നത് കണ്ടെന്നു പറഞ്ഞ് ആദ്യം പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് ആറ് പേർ പശുവിനെ അറക്കുന്നത് കണ്ടതെന്നും തങ്ങൾ ഓടിച്ചെന്നപ്പോഴേക്കും അവർ രക്ഷപ്പെട്ടു കളഞ്ഞെന്നുമായിരുന്നു ഇയാൾ പരാതിയിൽ പറഞ്ഞത്.

സംഭവം ആസൂത്രിതം?

ദാദ്രിയിൽ 2015 ലുണ്ടായ അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ സുബോധ്് സിങ്ങിനെ കൊലപ്പെടുത്താൻ കലാപം ആസൂത്രണം ചെയ്തതാണെന്ന സംശയം ശക്തമാവുകയാണ്. അറസ്റ്റിലായിരിക്കുന്ന യോഗേഷ് രാജാണ് പശുവിനെ അറക്കുന്നത് കണ്ടെന്നു പറഞ്ഞ് ആദ്യം പൊലീസിൽ പരാതി നൽകിയെന്നതാണ ്‌സംശയത്തിന് വഴിവച്ചത്. ചോദ്യം ചെയ്യലിലാണ് പ്രധാന പ്രതിയായ യേഗേഷ് പശുക്കളെ കശാപ്പ് ചെയ്യുന്നതിന് താൻ ദൃക്സാക്ഷിയാണെന്ന് മൊഴി നൽകിയത്. പുലർച്ചെ കാട്ടിനു സമീപം ന്യൂനപക്ഷ സമുദായക്കാരായ ആറ് പേർ ചേർന്ന് പശുക്കളെ കൊല്ലുന്നത് കണ്ടു എന്നാണ് ഇയാളുടെ മൊഴി. കരിമ്പുപാടത്ത് കെട്ടിത്തൂക്കിയ നിലയിലായിരുന്നു പശുക്കളുടെ അവശിഷ്ടങ്ങൾ എന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ അധികൃതരിൽ ഒരാളായ തഹസിൽദാർ രാജ്കുമാർ പറയുന്നു.

രാവിലെ 11 മണിയോടെയാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. തലേദിവസം രാത്രിവരെ അവിടെ അങ്ങനെയൊന്നും കണ്ടിരുന്നില്ലെന്ന് സ്ഥലവാസികൾ ഉറപ്പിച്ചു പറയുന്നു. പശുക്കളെ കശാപ്പ് ചെയ്താൽ പോലും സംസ്ഥാനത്തെ സാഹചര്യം അറിയുന്ന ആരും അവശിഷ്ടങ്ങൾ പരസ്യമായി പ്രദർശിപ്പിക്കാൻ ധൈര്യപ്പെടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തടിച്ചുകൂടിയ ഹിന്ദു യുവവാഹിനി, ബജ് രംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ ഈ അവശിഷ്ടങ്ങൾ ട്രാക്ടറിൽ കയറ്റി അതുമായി ബുലന്ദ്ഷഹറിൽ ദേശീയപാത ഉപരോധിക്കുകയായിരുന്നു.

പ്രതിഷേധിക്കാൻ തിരഞ്ഞെടുത്ത സ്ഥലവും സമയവും സംശയാസ്പദം

പ്രതിഷേധിക്കാനായി തിരഞ്ഞെടുത്ത സ്ഥലവും സമയവും സംശയം കൂട്ടുന്നു. പ്രതിഷേധക്കാർ തമ്പടിച്ചതിനോട് ചേർന്ന് മുസ്ലിം പള്ളിയുണ്ടെന്നതും ദുരൂഹത വർധിപ്പിക്കുന്നു. ഇവിടെ പ്രത്യേക പ്രാർത്ഥനകൾക്കായി ലക്ഷക്കണക്കിനാളുകളാണ് തിങ്കളാഴ്ച എത്തിയത്. പള്ളിയിൽനിന്ന് മടങ്ങുന്നവർ വരുന്ന വഴിയിലാണ് ഗോസംരക്ഷകരെന്ന വ്യാജേന ആൾക്കൂട്ടം തടിച്ചുകൂടിയത്. സംഘർഷവും വർഗീയകലാപത്തിനുള്ള സാധ്യതയും മുന്നിൽക്കണ്ട് സുബോധ് കുമാർ അടങ്ങുന്ന പൊലീസ് സംഘം അവിടേക്ക് പാഞ്ഞെത്തുകയായിരുന്നു. സുബോധ് കുമാറും സംഘവും പ്രതിഷേധക്കാരുമായി സംസാരിച്ച് പ്രതിഷേധം തണുപ്പിക്കാൻ ശ്രമിച്ചു. പ്രശ്നം ഗ്രാമത്തിൽ തന്നെ പറഞ്ഞുതീർക്കാൻ ശ്രമിച്ചതായി തഹസിൽദാർ തന്നെ പറയുന്നു.

സുബോധിനെ പൊലീസുകാർ ഒറ്റപ്പെടുത്തി?

പൊലീസിന് നേർക്ക് വെടിവെപ്പുണ്ടാകുമ്പോൾ മറ്റ് പൊലീസുകാരിൽനിന്ന് സുബോധ് കുമാർ എങ്ങനെ ഒറ്റപ്പെട്ടു എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കുമെന്ന് പ്രത്യേക സംഘം അറിയിച്ചു. സുബോധ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഒരു സംഘം തടഞ്ഞ് കൊല്ലവനെ എന്ന് ആക്രോശിച്ചതായി വണ്ടി ഓടിച്ച ഡ്രൈവർ പറയുന്നു. സംഘർഷം തടയുക എന്നതായിരുന്നു സുബോധകുമാറിന്റെ ലക്ഷ്യം. പ്രക്ഷോഭകരോട് നേരിട്ട് സംസാരിക്കാൻ തയ്യാറായെങ്കിലും, അവർ കല്ലെറിയുകയായിരുന്നു. അതിനിടെ വളരെ ആസൂത്രിതമായി അദ്ദേഹത്തെ തനിച്ചാക്കി മറ്റ് പൊലീസുകാർ മാറിനിന്നതായി ദൃക്‌സാക്ഷികൾ മൊഴി നല്കിയിട്ടുണ്ട്. തുടർന്നായിരുന്നു അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഇടത് പുരികത്തിന് സമീപം തുളച്ചുകയറിയ വെടിയുണ്ടയാണ് തലയോട്ടി തകർന്നുള്ള മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സുബോദിന് നേരെ വെടിയുതിർത്തയാൾ മുൻ സെനികനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

2015 ൽ കോളിളക്കമുണ്ടാക്കിയ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സുബോധ് കുമാർ. എന്നാൽ, അന്വേഷണവുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തിനായില്ല. കേസ് അന്വേഷണം അധികൃതർ മറ്റൊരു പൊലീസുകാരനെ ഏൽപ്പിക്കുക മാത്രമല്ല, സുബോധ് കുമാറിനെ വാരാണസിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പശുക്കളുടെ കൊല ഉയർത്തി മറ്റൊരു വർഗീയ കലാപത്തിന് ലക്ഷ്യമിട്ടായിരുന്നോ അക്രമമെന്നും സംശയമുണ്ട്. സുബോധ് കുമാറിനെ വധിക്കുക എന്ന ഗൂഢാലോചന ഇതിന് പിന്നിലുണ്ടായിരുന്നോ എന്ന സംശയവും ബലപ്പെടുന്നു.

സുബോധ് തികഞ്ഞ മതേതരവാദി

വർഗീയ സംഘർഷമുണ്ടാകുമെന്ന ഭയന്നാണ് സുബോധ് കുമാറും പൊലീസ് സംഘവും ഉടനടി സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയത്. പ്രക്ഷോഭകാരികളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ആൾക്കൂട്ടം അതിന് വഴങ്ങാതെ കല്ലെറിയുകയായിരുന്നു. തികഞ്ഞ മതേതരവാദിയായിരുന്നു തന്റെ അച്ഛനെന്ന് സുബോധിന്റെ മകൻ അഭിഷേക് പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങുമ്പോഴാണ് അഭിഷേക് ദുരന്ത വാർത്ത അറിയുന്നത്. മതത്തിന്റെ പേരിലുള്ള അക്രമങ്ങളെ പ്രോൽസാഹിപ്പിക്കാത്ത നല്ലൊരു പൗരനാകണമെന്നാണ് അച്ഛൻ ആഗ്രഹിച്ചതെന്ന് മകൻ പറഞ്ഞു.

ഹിന്ദു-മുസ്ലിം ലഹളയിലാണ് ഇന്ന് എന്റെ അച്ഛന് ജീവൻ നഷ്ടമായത്. നാളെ ആരുടെ അച്ഛനായിരിക്കും ജീവൻ നഷ്ടപ്പെടുക,അഭിഷേക് ചോദിച്ചു. സുബോധ്കുമാറിന്റെ കുടുംബത്തിന് യുപി സർക്കാർ 40 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപ സുബോധിന്റെ മാതാപിതാക്കൾക്കും ലഭിക്കും. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ആരോപണവുമായി യോഗിയുടെ എതിരാളികൾ

സർക്കാർ പിന്തുടരുന്ന തെറ്റായ നയങ്ങൾ മൂലമാണ് സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായതെന്നും, കഴിഞ്ഞ ഏതാനും വർഷങ്ങളായി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ബിജെപി പ്രയോഗിച്ച ആൾക്കൂട്ട ആക്രമണങ്ങളാണ് ഇപ്പോൾ സർക്കാർ നേരിടുന്നതെന്നും ബിഎസ്‌പി നേതാവ് മായാവതി പറഞ്ഞു. നേരത്തെ ദളിതരെയും പിന്നോക്കക്കാരെയും മുസ്ലീങ്ങളെയും മാത്രം ആക്രമിച്ചിരുന്നു വലതുപക്ഷ ഹിന്ദുകേഡറുകളുടെ മേൽ ബിജെപിക്ക് നിയന്ത്രണം നഷ്ടമായി എന്നതിന്റെ സൂചനയാണ് അക്രമമെന്നും അവർ പറഞ്ഞു. സംഘർഷമുണ്ടായ സ്ഥലത്ത് ന്യൂനപക്ഷ സാന്നിധ്യമില്ലാത്തതിനാൽ, പശുക്കളുടെ അവശിഷ്ടങ്ങൾ ആരാണ് സ്ഥലത്തുകൊണ്ടുവന്നിട്ടതെന്ന് അന്വേഷിക്കണമെന്ന് സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ ആവശ്യപ്പെട്ടു. അഖ്‌ലഖ് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും ആരാണ് ഇത്തരത്തിൽ നിയമം കൈയിലെടുക്കാൻ ആൾക്കൂട്ടത്തിന് അധികാരം നൽകുന്നതെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു.

ബുലന്ദ്ഷഹറിൽ, സഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ആയിരത്തിലേറെ കലാപ വിരുദ്ധസേനയെയും, 500 ലേറെ ദ്രുതകർമസേനയെയും നിയോഗിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP