Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുപ്രീംകോടതിയെ വെട്ടാൻ ഉണ്ടാക്കിയ മെഡിക്കൽ കോളജ് ബില്ലിൽ സർക്കാരിന് തിരിച്ചടി; കരുണ, കണ്ണൂർ വിഷയത്തിൽ നിയമസഭ പാസാക്കിയ ബിൽ ഗവർണർ തിരിച്ചയച്ചു; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബില്ല് നിലനിൽക്കുകയില്ലെന്ന് സദാശിവത്തിന് നിയമോപദേശം; മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസായ ഗവർണറുടെ നടപടി ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്

സുപ്രീംകോടതിയെ വെട്ടാൻ ഉണ്ടാക്കിയ മെഡിക്കൽ കോളജ് ബില്ലിൽ സർക്കാരിന് തിരിച്ചടി; കരുണ, കണ്ണൂർ വിഷയത്തിൽ നിയമസഭ പാസാക്കിയ ബിൽ ഗവർണർ തിരിച്ചയച്ചു; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബില്ല് നിലനിൽക്കുകയില്ലെന്ന് സദാശിവത്തിന് നിയമോപദേശം; മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസായ ഗവർണറുടെ നടപടി  ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഒപ്പുവയ്ക്കാതെ തിരിച്ചയച്ചു. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബില്ല് നിലനിൽക്കുകയില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതേതുടർന്നു ഭരണഘടനയുടെ 200-ാം അനുഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത്. ഇന്ന് നിയമ സെക്രട്ടറി രാജ്ഭവനിലെത്തിയാണ് ഗവർണർക്ക് ബില്ല് കൈമാറിയത്.

ഭരണഘടനയുടെ 200-ാം അനുച്ഛേദം അനുസരിച്ചാണ് ഗവർണറുടെ നടപടി. 180 വിദ്യാർത്ഥികളുടെ മെഡിക്കൽ പ്രവേശനം ക്രമപ്പെടുത്താൻ ഭരണ - പ്രതിപക്ഷ ഐക്യത്തോടെ കൊണ്ടുവന്ന ബിൽ ഗവർണർ ഒപ്പുവയ്ക്കാതിരുന്നത് സർക്കാരിന് തിരിച്ചടിയായി. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കുറിപ്പോടെയാണ് ബിൽ ഗവർണർക്ക് അയച്ചിരുന്നത്. ബിൽ 'നിയമപരമായി നിലനിൽക്കുമോ എന്നകാര്യത്തിൽ സംശയമുണ്ട്' എന്ന കുറിപ്പായിരുന്നു അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റേത്. കോടതിയലക്ഷ്യ നടപടികൾ ഉണ്ടായാൽ സർക്കാർ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സർക്കാർ തിടുക്കത്തിൽ ബിൽ പാസാക്കാൻ ശ്രമിച്ചത്. വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവന്ന സർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശം ഉന്നയിച്ചിരുന്നു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങൾ ലംഘിച്ച് കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾ പ്രവേശനം നടത്തിയ നടപടി നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ വർഷത്തേക്ക് ഈ രണ്ടു കോളേജുകളിലേക്കുമുള്ള പ്രവേശനം കോടതി തടയുകയും ചെയ്തിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയും തള്ളിയിരുന്നു. ഈ വിധി മറികടക്കാനായിരുന്നു സർക്കാരിന്റെ നീക്കം. പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിൽ ഗവർണർ തിരിച്ചയയ്ക്കുകയാണെങ്കിൽ അപ്പോൾ ആലോചിച്ച് നിലപാടെടുക്കാമെന്ന ധാരണയിലായിരുന്നു സർക്കാർ.

ബിൽ വീണ്ടും സമർപ്പിച്ചാൽ സാധാരണഗതിയിൽ ബിൽ ഗവർണർ അംഗീകരിക്കുകയാണ് പതിവ്. അങ്ങനെവന്നാൽ സുപ്രീംകോടതിയിൽ നിന്നുള്ള നടപടി സർക്കാർ ഭയക്കുന്നുണ്ട്. ബിൽ അസാധുവാക്കുന്നതടക്കമുള്ള നടപടി കോടതിക്കു സ്വീകരിക്കാനാവും. കോടതി കർശനമായി വിലക്കിയിട്ടും നിലപാടുമായി മുന്നോട്ടുപോയ മന്ത്രിസഭയും ഉദ്യോഗസ്ഥരും കടുത്തവിമർശനം ഏറ്റുവാങ്ങേണ്ടിവരും. നേരത്തേ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളെ നിയന്ത്രിക്കാൻ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ കൊണ്ടുവന്ന ബിൽ കോടതി റദ്ദാക്കിയ ചരിത്രമുണ്ട്.

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ ചട്ടം ലംഘിച്ചു നടത്തിയ എംബിബിഎസ് പ്രവേശനം അംഗീകരിക്കാനായാണ് നിയമസഭ ബിൽ കൊണ്ടുവന്നത്. ഭരണ-പ്രതിപക്ഷങ്ങൾ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്. ഈ സർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതി വിമർശം ഉന്നയിച്ചിരുന്നു.

ഓർഡിനൻസിനെതിരേ നേരത്തെ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികൾ ഉണ്ടായാൽ സർക്കാർ നേരിടേണ്ടിവരുമെന്ന കുറിപ്പായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടേത്. ഈ കുറിപ്പും ഗവർണർക്കു കൈമാറിയിരുന്നു. ഗവർണർ തിരിച്ചയച്ച പശ്ചാത്തലത്തിൽ ബിൽ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കാനാണ് സാധ്യത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP