Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാന സർക്കാരിന്റെ അവകാശങ്ങളും അധികാരങ്ങളും വ്യക്തമാക്കുന്ന നിരവധി ഭരണഘടനാ വ്യവസ്ഥകൾ; അതിൽ വ്യക്തത വരുത്തുക എന്നതാണ് തന്റെ ലക്ഷ്യം; തന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ഗുരുതര ചട്ടലംഘനം എന്നും ഗവർണർ; സ്വന്തം സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത് ജനശക്തി വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ

സംസ്ഥാന സർക്കാരിന്റെ അവകാശങ്ങളും അധികാരങ്ങളും വ്യക്തമാക്കുന്ന നിരവധി ഭരണഘടനാ വ്യവസ്ഥകൾ; അതിൽ വ്യക്തത വരുത്തുക എന്നതാണ് തന്റെ ലക്ഷ്യം; തന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ഗുരുതര ചട്ടലംഘനം എന്നും ഗവർണർ; സ്വന്തം സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത് ജനശക്തി വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സംസ്ഥാന സർക്കാരുമായുള്ള തർക്കത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് ഗവർണർ. നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാരിന്റെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന നിലപാടിലാണ് ഗവർണർ. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് താനും സുപ്രീംകോടതിയെ സമീപിക്കും എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ജനശക്തി വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. ഗവർണറുടെ അഭിമുഖത്തിന്റെ പൂർണ രൂപം ആഴ്‌ച്ചപ്പതിപ്പ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. സാങ്കേതികമായി സംസ്ഥാന സർക്കാരിന്റെ അധിപൻ ഗവർണറാണ്. ആ അർത്ഥത്തിൽ സ്വന്തം സർക്കാരിനെതിരെ ഗവർണർ സുപ്രീംകോടതിയെ സമീപിക്കുന്നു എന്ന അസാധാരണ സംഭവത്തിനാണ് കേരളം സാക്ഷ്യം വഹിക്കുക.

സംസ്ഥാന സർക്കാരിന് അവകാശങ്ങളും അധികാരങ്ങളുമുള്ള നിരവധി ഭരണഘടന വ്യവസ്ഥകളുണ്ട്. എന്നാൽ അനുച്ഛേദം 166 പറയുന്നത് ഈ അവകാശങ്ങളുടെ വിനിയോഗം അതിന്റെ ഉപവകുപ്പ് പറയുന്നത് അനുസരിച്ച് മാത്രമെ പാടുള്ളൂവെന്നാണ്. അത് വ്യക്തമാക്കപ്പെടണമെന്നും അതിനെ സംഘർഷമായി കാണേണ്ടതില്ലെന്നും ഗവർണർ പറഞ്ഞു.

ബന്ധപ്പെട്ട ഫയലുകൾ തന്റെ മുന്നിൽ സമർപ്പിക്കാതെയാണ് സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം കോടതി മുന്മ്പാകെ അറിക്കുകയാണെന്നും ജനശക്തി ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗവർണർ വ്യക്തമാക്കുന്നു. അനുഛേദം 131 പ്രകാരം സംസ്ഥാന സർക്കാറിന് ഗവർണരുടെ അനുമതി കൂടാതെ പല അധികാരങ്ങളും അവകാശങ്ങളും വിനിയോഗിക്കാമെന്ന് അഭിപ്രായമുണ്ട്. എന്നാൽ 166ാം വകുപ്പ് പറയുന്നത് ഭരണനിർവഹണം നടക്കേണ്ടത് ചട്ടങ്ങൾ പ്രകാരമാണെന്നാണ്. നിലവിൽ ഇതിനെതിരെ ഉത്തരവുകൾ ഒന്നും നിലനിൽക്കുന്നില്ല. അതിനാൽ ഇതിൽ നിലപാട് അറിയിക്കാനുള്ള അവസരമാണ് ഇപ്പോൾ മുന്നിലുള്ളതെന്നും ഗവർണർ അഭിമുഖത്തിൽ വ്യക്തമാക്കി.

പൗരത്വ നിർണയം സംസ്ഥാന സർക്കാറിന്റെ അധികാരപരിധിയിൽ പെടുന്നതല്ല. ജനങ്ങളെ ബോധവൽക്കരിക്കാനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നത് എന്ന് വച്ചാൽ പോലും അതി ഒരിക്കലും രാഷ്ട്രീയ പ്രമേയമാവരുതായിരുന്നു. കേന്ദ്ര സർക്കാറിന്റെയല്ല, താൻ രാഷ്ട്ര പതിയുടെ പ്രതിനിധിയാണ്. ഭരണഘടനാ സംവിധാനം സംസ്ഥാന നിലനിൽക്കുന്നു എന്ന് ഉറപ്പ് വരുത്തുകയാണ് തന്റെ ഉത്തരവാദിത്വമെന്നും ഗവർണർ പറഞ്ഞു. ഈമാസം 29 ന് നിയമസഭയിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഗവർണർ സർക്കാരിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരുമായി ഗവർണർമാർ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും കോടതിയെ സമീപിക്കുന്നത് ഇതാദ്യമായാണെന്നാണ് സൂചന.

അതിനിടെ, പൗരത്വ നിയമത്തെ അനുകൂലിച്ചു കൊണ്ടും വികസന കാര്യത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിയും ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. പൗരത്വ നിയമ വിഷയത്തിൽ കേരള സർക്കാറും ഗവർണറും തമ്മിൽ തർക്കം ആരംഭിച്ച ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയും ആരിഫ് മുഹമ്മദ് ഖാനും ഒരേ വേദിയിലെത്തിയത്. മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്നാണ് ഗവർണർ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം പ്രശംസിച്ചു. ലോക കേരളസഭയിലൂടെ നിർണായക നേട്ടങ്ങൾ ഉണ്ടാക്കാൻ സംസ്ഥാനത്തിനായി. പ്രവാസി സമൂഹത്തിന് മികച്ച പിന്തുണയാണ് ലോക കേരള സഭ നൽകുന്നത്. ധാരാളം നിക്ഷേപങ്ങൾ ഉറപ്പിക്കാൻ കേരളത്തിന് കഴിഞ്ഞെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഗവർണറുടെ പ്രസംഗം.

എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നതാണ് മോദി സർക്കാരിന്റെ നയം. വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യ വൻശക്തിയായി മാറും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഈ മുന്നേറ്റങ്ങളുണ്ടെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്ത് പ്രൈമറിതലം മുതൽ നൽകുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തെക്കുറിച്ചും പൊതുജനാരോഗ്യ രംഗത്തെക്കുറിച്ചും ഗവർണർ പ്രസംഗത്തിൽ പരാമർശിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം എന്നിവയിൽ കേരളം മികച്ച നേട്ടം കൈവരിച്ചു. കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷനെയും വൈദ്യുത വാഹനങ്ങൾക്ക് നൽകുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ പുരോഗതിക്കായി മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ലോക കേരള സഭ പ്രവാസികൾക്ക് മികച്ച പിന്തുണയാണ് നൽകുന്നതെന്നും ഗവർണർ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനത്തെയും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും പൊതുജനാരോഗ്യ സേവനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചായിരുന്നു ഗവർണറുടെ റിപ്പബ്ലിക്ക് സന്ദേശമെന്നതും ശ്രദ്ധേയമായി. പീഡിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ജാതി മതി വർഗ വർണ ചിന്തകളുടെ പേരിൽ മാറ്റിനിർത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം. ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പീഡനമേറ്റവരുടെ അഭയകേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP