Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനമഹാത്രയ്‌ക്കെത്തിയ കെപിസിസി പ്രസിഡന്റിന് കാസർകോട്ട് നേരിടേണ്ടിവന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലിയുള്ള ഗ്രൂപ്പുതർക്കം; സീറ്റിന് അർഹതയുണ്ടെന്ന വാദവുമായി മുല്ലപ്പള്ളിയെ സമീപിച്ച് ഐ ഗ്രൂപ്പ്; പ്രശ്‌നത്തിൽ ഇടപെടാൻ താൽപര്യമില്ലെന്ന മട്ടിൽ ചരടുവലിയുമായി ഡിസിസിയിൽ ഭൂരിപക്ഷമുള്ള എ വിഭാഗവും; ലീഗിന്റെ കയ്യിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി തിരികെ വാങ്ങുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാകട്ടെയെന്ന് തന്ത്രപൂർവം ആശ്വസിപ്പിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ

ജനമഹാത്രയ്‌ക്കെത്തിയ കെപിസിസി പ്രസിഡന്റിന് കാസർകോട്ട് നേരിടേണ്ടിവന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലിയുള്ള ഗ്രൂപ്പുതർക്കം; സീറ്റിന് അർഹതയുണ്ടെന്ന വാദവുമായി മുല്ലപ്പള്ളിയെ സമീപിച്ച് ഐ ഗ്രൂപ്പ്; പ്രശ്‌നത്തിൽ ഇടപെടാൻ താൽപര്യമില്ലെന്ന മട്ടിൽ ചരടുവലിയുമായി ഡിസിസിയിൽ ഭൂരിപക്ഷമുള്ള എ വിഭാഗവും; ലീഗിന്റെ കയ്യിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി തിരികെ വാങ്ങുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാകട്ടെയെന്ന് തന്ത്രപൂർവം ആശ്വസിപ്പിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ

രഞ്ജിത്ത് ബാബു

കാസർഗോഡ്: കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രക്കിടയിലും കാസർഗോട്ടെ കോൺഗ്രസ്സിൽ ഗ്രൂപ്പ് തർക്കം സജീവം. മുസ്ലിം ലീഗ് കൈവശം വയ്ക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിന്റെ പേരിലാണ് എ, ഐ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമാവുന്നത്. മുസ്ലിം ലീഗിലെ എ.ജി.സി. ബഷീർ അധികാരമേറ്റ് ആദ്യത്തെ രണ്ട് വർഷം കഴിഞ്ഞാൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോൺഗ്രസ്സിന് കൈമാറണമെന്നായിരുന്നു നേരത്തെയുള്ള ധാരണ. അതേ ചൊല്ലിയാണ് കോൺഗ്രസ്സിൽ പാളയത്തിൽ പട ആരംഭിച്ചത്. ജനമഹായാത്ര കാഞ്ഞങ്ങാട് എത്തിയപ്പോൾ തർക്കം രൂക്ഷമായി. കാസർഗോഡ് നിന്നു തന്നെ ഐ ഗ്രൂപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എന്ന ആവശ്യവുമായി ഒരുവിഭാഗം മുല്ലപ്പള്ളിയെ സമീപിച്ചിരുന്നു.

എന്നാൽ ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിനിടയിൽ ഈ പ്രശ്നം ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ദോഷം അദ്ദേഹം പ്രവർത്തകരെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ജനമഹായാത്ര ജില്ല വിട്ട് പോകുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനം വേണമെന്ന് ഐ വിഭാഗം ആവശ്യമുയർത്തി. പിന്നീട് ചർച്ച ചെയ്യാമെന്ന നിലപാടിലുറച്ച് കെപിസിസി. പ്രസിഡണ്ട് നിന്നതോടെ തത്ക്കാലം ഐ ഗ്രൂപ്പ് ഒതുങ്ങുകയായിരുന്നു. മുസ്ലിം ലീഗ് നേതാവ് എ.ജി.സി. ബഷീർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തു നിന്ന് മാറിയാൽ ഐ ഗ്രൂപ്പിനാണ് ആ സ്ഥാനം നൽകേണ്ടി വരിക. അതുകൊണ്ടു തന്നെ എ ഗ്രൂപ്പും അവർക്ക് മേധാവിത്വമുള്ള ഡിസിസിയും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന ആരോപണവും ഐ ഗ്രൂപ്പ് ഉയർത്തുന്നു.

ജനമഹാ യാത്രയിൽ ഇരു വിഭാഗവും മത്സരിച്ചു തന്നെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. സാന്നിധ്യം കൊണ്ട് ആരാണ് കൂടുതൽ സജീവമെന്ന് അറിയിക്കാനുള്ള തന്ത്രമാണ് ഇതിന് പിറകിലെന്ന് സംശയിക്കുന്നു. അതിനിടെ കുറ്റിക്കോൽ മണ്ഡലം പ്രസിഡണ്ടിനെ മാറ്റിയതിനെ ചൊല്ലിയും ഡി.സി.സി. നേതൃത്വവുമായി അസ്വാരസ്യം നിലനിൽക്കുന്നുണ്ട്. സ്വീകരണ പരിപാടിക്കിടയിൽ ഡി.സി.സി. പ്രസിഡണ്ടിനെ വെല്ലുവിളിക്കുന്നതുവരെ കാര്യങ്ങളെത്തി. അതിനൊന്നും പ്രസിഡണ്ട് വഴങ്ങാത്തതിനാൽ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അങ്ങോട്ട് വന്നാൽ ബാക്കി അപ്പോൾ പറയാമെന്ന വാശിയിലാണ് പ്രാദേശിക നേതാക്കൾ മടങ്ങിയത്. തെരഞ്ഞെടുപ്പു കാലത്ത് ഇത് വെല്ലുവിളിയാകുമോ എന്ന ഭയവും നേതൃത്വത്തിനുണ്ട്.

ജില്ലയിൽ എ.ഗ്രൂപ്പ് നേതൃത്വം ഏകപക്ഷീയമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഐ. വിഭാഗം ആരോപിക്കുന്നു. പാർട്ടിക്ക് മുൻധാരണ പ്രകാരം ലഭിക്കേണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിക്ക് എ വിഭാഗം തുരങ്കം വെക്കുന്നതാണ് മുസ്ലിം ലീഗ് പദവി വിട്ടൊഴിയാൻ തയ്യാറാവാത്തതെന്ന് ഐ ഗ്രൂപ്പ് സംശയിക്കുന്നു. കോൺഗ്രസ്സിലെ ഭിന്നത യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡണ്ടായ എ.ജി.സി. ബഷീറിനെ പരസ്യമായി അവഹേളിക്കും വരെ കാര്യങ്ങളെത്തിയിട്ടുണ്ട്.

ഇതിന്റെ പേരിൽ കോൺഗ്രസ്സ് ജില്ലാ പഞ്ചായത്ത് അംഗം അർഷദ് വോർക്കാടിക്കെതിരെ മുസ്ലിം ലീഗ് പരാതി നൽകിയിരുന്നു. അക്കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം നടപടി സ്വീകരിക്കുകയോ മുസ്ലിം ലീഗിന് മറുപടി നൽകുകയോ ചെയ്തിട്ടില്ല. അതോടെ മുസ്ലിം ലീഗും കോൺഗ്രസ്സിലെ ഒരു വിഭാഗവും തമ്മിൽ അകൽച്ചയിലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലുടക്കി ഭിന്നത തുടരുന്നത് യു.ഡി.എഫിന്റെ ലോകസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളേയും ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP