Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാരായിക്ക് കൈകൊടുക്കാൻ ഫസലിന്റെ സഹോദരനും; കാസർകോഡ് ബിജെപിയെ വേണ്ടെന്ന് വച്ച് സിപിഐ(എം); ജില്ലാ പഞ്ചായത്തിൽ ഇടതും വലതും ഒപ്പത്തിനൊപ്പം; പഞ്ചായത്തിൽ മുൻതൂക്കം ഇടതിന്, ബിജെപിക്കും നേട്ടം

കാരായിക്ക് കൈകൊടുക്കാൻ ഫസലിന്റെ സഹോദരനും; കാസർകോഡ് ബിജെപിയെ വേണ്ടെന്ന് വച്ച് സിപിഐ(എം); ജില്ലാ പഞ്ചായത്തിൽ ഇടതും വലതും ഒപ്പത്തിനൊപ്പം; പഞ്ചായത്തിൽ മുൻതൂക്കം ഇടതിന്, ബിജെപിക്കും നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിൽ ഏഴുവീതം ഇടത് വലത് മുന്നണികൾ സ്വന്തമാക്കി. കാസർഗോഡ്, വയനാട്, മലപ്പുറം, എറണാകുളം, ഇടക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിലാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, ആളപ്പുഴ, കൊല്ലം, തിരുവനന്തപുരം, ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് പ്രസിഡന്റ് സ്ഥാനം പിടിച്ചത്.

കാസർഗോഡ് ലീഗിലെ എ.സി.ജി ബഷീർ
കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ മുസ്‌ലിം ലീഗിന്റെ എ.ജി.സി ബഷീർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് എട്ട് അംഗങ്ങളും എൽ.ഡി.എഫിന് ഏഴ് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. രണ്ട് ബിജെപി. അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതാണ് ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് അധികാരത്തിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തത്. മുസ്ലിംലീഗിലെ എ.ജി.സി ബഷീറാണ് പ്രസിഡന്റ്. രണ്ടു വർഷത്തേയ്ക്കാണ് ബഷീർ പ്രസിഡന്റാവുക. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബഷീറിന് എട്ടും സിപിഎമ്മിന്റെ വി.പി.പി.മുസ്തഫയ്ക്ക് ഏഴും വോട്ടാണ് ലഭിച്ചത്.

നേരത്തെ ബിജെപി.യുടെ രണ്ടംഗങ്ങൾ സിപിഐ(എം). സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് സിപിഐ(എം) കഴിഞ്ഞ ദിവസം തന്നെ നിലപാട് കൈക്കൊണ്ടിരുന്നു. ബിജെപി.യുടെ പിന്തുണയോടെ ജയിച്ചാൽ രാജിവയ്ക്കുമെന്നും സിപിഐ(എം). പറഞ്ഞിരുന്നു. ഇതിനുശേഷം വ്യാഴാഴ്ച കാലത്താണ് ബിജെപി. നിലപാട് മാറ്റിയത്. ജില്ലാ പഞ്ചായത്തിൽ ഭരണസ്തംഭനം ഉണ്ടാവരുതെന്ന് കരുതിയാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ബിജെപി. പറഞ്ഞു.

കണ്ണൂരിൽ കാരായി
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സിപിഎമ്മിന്റെ കാരായി രാജൻ ജില്ലാ പ്രസിഡന്റായി. 24 അംഗ ജില്ലാ പഞ്ചായത്തിൽ കാരായി രാജന് 15 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫിന്റെ തോമസ് വർഗീസ് ഒമ്പത് വോട്ട് നേടി. ഫസൽ വധക്കേസിൽ പ്രതിയായ കാരായി രാജൻ തെരഞ്ഞെടുപ്പിൽ വാട്‌സ് അപ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെയാണ് വോട്ട് തേടിയത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാരായി രാജനെ കൊല്ലപ്പെട്ട ഫസലിന്റെ സഹോദരൻ നേരിട്ടെത്തി അഭിനന്ദിച്ചു. വോട്ടെടുപ്പിനിടെ പഞ്ചായത്തിലെത്തിയ ഫസലിന്റെ സഹോദരൻ അബ്ദുറഹ്മാൻ ഫലപ്രഖ്യാപനം അറിഞ്ഞയുടൻ കാരായിക്ക് അരികിലെത്തി തന്റെ അഭിനന്ദനം അറിയിക്കുകയായിരുന്നു. ഫസൽ വധക്കേസിൽ പ്രതിയായ തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരനെയും അബ്ദുറഹ്മാൻ ഇന്നലെ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു. ഫസൽ വധക്കേസിൽ പ്രതിചേർക്കപ്പെട്ട കാരായി രാജൻ നിരപരാധിയാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിജയത്തിൽ അഭിനന്ദിക്കാൻ താൻ നേരിട്ടെത്തിയതെന്നും ഫസലിന്റെ സഹോദരൻ പറഞ്ഞു.

ശരിയായ നിലയിൽ കേസ് അന്വേഷിച്ചാൽ യഥാർത്ഥ പ്രതികളെ പിടികൂടാനാകുമെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു. ഫസൽവധക്കേസിൽ ജാമ്യത്തിൽ കഴിയുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

വയനാട്ടിൽ കോൺഗ്രസിലെ ടി.ഉഷാകുമാരിയാണ് പ്രസിഡന്റ്. കോഴിക്കോട്ട് സിപിഎമ്മിലെ ബാബു പറശ്ശേരി പ്രസിഡന്റായി. ആലപ്പുഴയിൽ സിപിഎമ്മിലെ ജി. വേണുഗോപാലാണ് അധ്യക്ഷൻ. തൃശൂരിൽ സിപിഐ.യിലെ ഷീല വിജയകുമാറാണ് അധ്യക്ഷ. തിരുവനന്തപുരത്ത് സിപിഎമ്മിലെ വി.കെ.മധുവാണ് പ്രസിഡന്റ്. കൊല്ലത്ത് സിപിഐ.യിലെ ജഗദമ്മ ടീച്ചറാണ് അധ്യക്ഷ. കോട്ടയത്ത് കോൺഗ്രസിലെ ജോഷി ഫിലിപ്പും പത്തനംതിട്ടയിൽ കോൺഗ്രസിലെ അന്നപൂർണാദേവിയും എറണാകുളത്ത് കോൺഗ്രസിലെ ആശന സനലും ഇടുക്കിയിൽ കൊച്ചുത്രേസ്യ പൗലോസും പ്രസിഡന്റുമാരായി. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഇടതുപക്ഷത്തെ അഡ്വ. കെ ശാന്തകുമാരിയും വിജയിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന്റെ എ.പി ഉണ്ണിക്കൃഷ്ണൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 32 അംഗ ജില്ല പഞ്ചായത്തിൽ യു.ഡി.എഫിന് 27 ഉം എൽ.ഡി.എഫിന് അഞ്ചും സീറ്റുകളാണ് ലഭിച്ചത്.

പഞ്ചായത്തിൽ മുൻതൂക്കം ഇടതിന്, ബിജെപിക്കും നേട്ടം

സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയക്ക് വൻ നേട്ടം. ആകെയുള്ള 941 പഞ്ചായത്തുകളിൽ വ്യാഴാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിൽ 544 ഇടത്തും എൽഡിഎഫിനാണ് പ്രസിഡന്റ് പദവി. ക്വാറം തികയാതെയും ഭരണസമിതിയുടെ കാലാവധി അവസാനിക്കാത്തതിനാലും തെരഞ്ഞെടുപ്പുനടക്കാത്ത പഞ്ചായത്തുകൾ ഉണ്ട്.

കൊല്ലം ജില്ലയിൽ ആകെയുള്ള 68 പഞ്ചായത്തുകളിൽ 65ലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിൽ 57 പഞ്ചായത്തും എൽഡിഎഫിനാണ്. യൂഡിഎഫിന് 7 പഞ്ചായത്തുണ്ട്. അതേസമയം രണ്ടിടത്ത് സംവരണ സീറ്റിലേക്ക് എൽഡിഎഫിന് അംഗമില്ലാത്തതിനാൽ യുഡിഎഫ് അംഗമാണ് പ്രസിഡന്റായത്. മൂന്ന് പഞ്ചായത്തിൽ ഭരണസമിതി കാലാവധി ഡിസംബറിലാണ് അവസാനിക്കുക. അതിനുശേഷം മാത്രമെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കൂ.

കോട്ടയത്ത് ആകെ 71 പഞ്ചായത്തിൽ 65 ഇടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. എൽഡിഎഫിന് 25ഉം യുഡിഎഫിന് 40ഉം പഞ്ചായത്തുണ്ട്. ആറ് പഞ്ചായത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. തീക്കോയി, മേലുകാവ് പഞ്ചായത്തുകളിൽ തർക്കത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. നവംബർ മൂപ്പത് വരെ കാലാവധിയുള്ള തലനാട്, പട്ടാമ്പി, മരങ്ങാട്ടുപള്ളി, ചെമ്പ് എന്നീ പഞ്ചായത്തുകളിൽ ഡിസംബർ ഒന്നിനാണ് തെരഞ്ഞെടുപ്പ്.

ഇടുക്കിയിൽ ആകെ 52 പഞ്ചായത്തിൽ എൽഡിഎഫിന് 23ഉം യുഡിഎഫിന് 28ഉം പഞ്ചായത്ത് ലഭിച്ചു. പത്തനംത്തിട്ടയിൽ ആകെ 53 പഞ്ചായത്തിൽ 51 ഇടത്താണ് ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഒരിടത്ത് തർക്കംമൂലം മാറ്റിവച്ചു. മറ്റൊരു പഞ്ചായത്തിന്റെ കാലാവധി നവംബർ 30നാണ് അവസാനിക്കുന്നത്. ശേഷിച്ച പഞ്ചായത്തുകളിൽ 28 എൽഡിഎഫിനാണ്. 20 യുഡിഎഫ്. രണ്ട് ബിജെപി, ഒന്ന് സ്വതന്ത്രർ.

കാസർകോട് 38 ഗ്രാമ പഞ്ചായത്തുകളിൽ 15 എൽഡിഎഫ് പ്രസിഡന്റുമാരും 17 യുഡിഎഫ് പ്രസിഡന്റുമാരും അഞ്ചിൽ ബിജെപി പ്രസിഡന്റുമാരും തെരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് എളേരിയിൽ കോൺഗ്രസ് വിമതർക്കാണ് ഭരണം. പിലിക്കോട്, ചെറുവത്തൂർ, കയ്യൂർചീമേനി, കിനാനൂർ കരിന്തളം, മടിക്കൈ, വെസ്റ്റ് എളേരി, കോടോംബേളൂർ, പനടത്തടി, അജാനൂർ, പുല്ലൂർപെരിയ,പള്ളിക്കര, ബേഡഡുക്ക, കുറ്റിക്കോൽ, പുത്തിഗെ, ദേലമ്പാടി എന്നിവിടങ്ങളിലാണ് എൽഡിഎഫ് പ്രസിഡന്റുമാർ വിജയിച്ചത്. തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ്, ബളാൽ, കള്ളാർ, ഉദുമ, ചെമ്മനാട്, ചെങ്കള, ബദിയടുക്ക, മുളിയാർ, കുമ്പടാജെ, മൊഗ്രാൽപുത്തൂർ, കുമ്പള, മേംഗൽപാടി, മഞ്ചേശ്വരം, മീഞ്ച, വോർക്കാടി എന്നിവയാണ് യുഡിഎഫ് വിജയിച്ചത്. ഇതിൽ നാലിടത്ത് കോൺഗ്രസിനും 13 പഞ്ചായത്തിൽ മുസ്ലിംലീഗിനുമാണ് സ്ഥാനം. മധൂർ, കാറഡുക്ക, ബെള്ളൂർ, എന്മകജെ, പൈവളിഗെ എന്നിവിടങ്ങിലാണ് ബിജെപി ജയിച്ചത്. മുളിയാറിൽ യുഡിഎഫും, എന്മകജെയിൽ ബിജെപിലും നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റായത്.

പാലക്കാട് ആകെ 88ൽ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്ന 86ൽ 68 പഞ്ചായത്ത് എൽഡിഎഫിനും 18 യുഡിഎഫിനും ലഭിച്ചു. വടകരപതി പഞ്ചായത്തിൽ കൂടതൽ സീറ്റ് നേടിയ കനാൽ കൂട്ടായ്മ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒപ്പം നിന്നു. വയനാട് ആകെ 23 പഞ്ചായത്തിൽ 21 ഇടത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. 16 എൽഡിഎഫും അഞ്ചെണ്ണം യുഡിഎഫും നേടി.

കണ്ണൂരിൽ 71 പഞ്ചായത്തിൽ 52ഉം എൽഡിഎഫ് നേടി. 18 എണ്ണം യുഡിഎഫിനാണ്. കേളകം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കയാണ്. തിരുവനന്തപുരത്ത് ആകെ 73 ൽ 50 ൽ എൽഡിഎഫും 20 യുഡിഎഫും നേടി. മൂന്നിടത്ത് ബിജെപിക്കാട് അധ്യക്ഷസ്ഥാനം. ആലപ്പുഴയിൽ ആകെ 72ൽ എൽഡിഎഫ് 45 എൽഡിഎഫും യുഡിഎഫ് 24ഉം നേടി. ബിജെപിക്ക് നാല് പഞ്ചായത്തുണ്ട്. രണ്ടിടത്ത് നറക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയത്

എറണാകുളത്ത് 82ൽ പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് നടന്ന 76ൽ എൽഡിഎഫിന് 40ഉം യുഡിഎഫിന് 34ഉം പഞ്ചായത്ത് ലഭിച്ചു. ആറിടത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിൽ അഞ്ചിടത്ത് നവംബർ 30 വരെ കാലാവധിയുണ്ട്. വേങ്ങോല പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. പട്ടികജാതി അംഗം എൽഡിഎഫിൽനിന്ന് മാത്രമെയുള്ളൂ അതിനാൽ യുഡിഎഫ് വിട്ടുനിന്നതിനാൽ ക്വോറം തികഞ്ഞില്ല. നാളെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫ് അംഗം പ്രസിഡന്റാകും. കിഴക്കമ്പലത്ത് ടൊന്റി 20യും ഇലഞ്ഞി പഞ്ചായത്തിൽ കോൺഗ്രസിനെ തോൽപ്പിച്ച് കേരള കോൺഗ്രസും പ്രസിഡന്റ് പദം നേടി.

മലപ്പുറത്ത് 94 പഞ്ചായത്തിൽ 28 എണ്ണം എൽഡിഎഫിനും 46എണ്ണം യുഡിഎഫിനുമാണ്. മൂന്നിടത്ത് സ്വതന്ത്രമുന്നണി ജയിച്ചു. ഒരിടത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. 16 പഞ്ചായത്തുകളിൽ ഭരണസമിതിയുടെ കാലാവധി അവസാനിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.തൃശൂരിൽ ആകെ 86 പഞ്ചായത്തിൽ 65എണ്ണം എൽഡിഎഫിനും 15എണ്ണം യുഡിഎഫിനും ബിജെപിക്ക് ഒരു പഞ്ചായത്തുമാണുള്ളത്. അഞ്ചിടത്ത് കാലാവധി നവംബർ മുപ്പതിനാണ് അവസാനിക്കുക.

കോഴിക്കോട് ആകെ 70 പഞ്ചായത്തിൽ എൽഡിഎഫ് 43 ഇടത്തും യുഡിഎഫ് ആർഎംപി സഖ്യം 20 ഇടത്തും വിജയിച്ചു. രണ്ട് പഞ്ചായത്തുകളിൽ ഇന്ന് തെരഞ്ഞെടുപ്പുനടന്നില്ല. അഞ്ച് പഞ്ചായത്തുകൾ ഭരണസമിതിയുടെ കാലാവധി അവസാനിക്കാത്തതിനാലും ഇന്ന് തെരഞ്ഞെടുപ്പ് നടന്നില്ല.

ബ്ലോക്കിലും ഇടതുപക്ഷം
സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തിൽ 152ൽ 101ലും എൽഡിഎഫ് പ്രസിഡന്റുമാർ ചുമതലയേറ്റു. കൊല്ലത്തും കണ്ണൂരും എല്ലാ ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫിനാണ്. കൊല്ലത്തും കണ്ണൂരും 11 വീതം ബ്ലോക്കിൽ എല്ലാം എൽഡിഎഫ് നേടി.

കോട്ടയത്ത്11 ബ്ലോക്കിൽ എൽഡിഎഫിന് 2 ഉം യുഡിഎഫിന് 9 ഉം ലഭിച്ചു. പത്തനംത്തിട്ട എട്ട് ബ്ലോക്കിൽ പറക്കോട്, റാന്നി, പന്തളം ബ്ലോക്കുകൾ എൽഡിഎഫിനാണ്. അഞ്ചെണ്ണം യുഡിഎഫിനും. പാലക്കാട് ആകെ13 ബ്ലോക്കിൽ 11 എണ്ണം എൽഡിഎഫിനും 2എണ്ണം യുഡിഎഫിനും ലഭിച്ചു. വയനാട് ബ്ലോക്ക് 4 ബ്ലോക്കിൽ എൽഡിഎഫിന് ഒന്നും യുഡിഎഫിന് മുന്നും ലഭിച്ചു. തൃശൂരിൽ 16ൽ 13 എൽഡിഎഫിനും മൂന്നെണ്ണം യുഡിഎഫിനുമാണ്.

കാസർകോട് ആറ് ബ്ലോക്ക് പഞ്ചായത്തിൽ നാലിൽ എൽഡിഎഫ് പ്രസിഡന്റുമാർ വിജയിച്ചു. നീലേശ്വരം, പരപ്പ, കാഞ്ഞങ്ങാട്, കാറഡുക്ക എന്നിവയാണ് എൽഡിഎഫ് പ്രസിഡന്റുമാർ വിജയിച്ചത്. കാസർകോട്, മഞ്ചേശ്വരം ബ്ലോക്കിൽ യുഡിഎഫ് വിജയിച്ചു. തിരുവനന്തപുത്ത് 11 ബ്ലോക്കിൽ എട്ടെണ്ണം എൽഡിഎഫിനും മൂന്നെണ്ണം യുഡിഎഫിനാണ്. ആലപ്പുഴയിൽ 12 ബ്ലോക്കിൽ എൽഡിഎഫിന് 9 ബ്ലോക്കും യുഡിഎഫിന് മൂന്നും ലഭിച്ചു.

എറണാകുളത്ത് 14 ബ്ലോക്കിൽ 9 എണ്ണം യുഡിഎഫും 5 എണ്ണം എൽഡിഎഫും നേടി. മലപ്പുറം ആകെ 15 ബ്ലോക്കിൽ യുഡിഎഫ് 13 ഇടത്തും 2 ഇടത്ത് എൽഡിഎഫും വിജയിച്ചു. തൃശൂരിൽ ആകെ 16 ബ്ലോക്കിൽ 13 എൽഡിഎഫും 3 യുഡിഎഫും നേടി. കോഴിക്കോട് ആകെ 12 ബ്ലോക്കിൽ എട്ടെണ്ണം എൽഡിഎഫിനും നാലെണ്ണം യുഡിഎഫിനുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP